ഉയരം 166 സെമീ. അപ്പോൾ ഐഡിയൽ ഭാരം എത്ര? സെന്റിമീറ്ററിലുള്ള ഉയരത്തിൽ നിന്നു 100 കുറച്ചാൽ കിട്ടുന്നതാണ് ഐഡിയൽ ശരീരഭാരം. ഉത്തരം 66. പക്ഷേ, ഭാരം ഐഡിയൽ ആയതു കൊണ്ട് മാത്രം ഫിറ്റ്നസ് നേടി എന്നു കരുതല്ലേ. ഫിറ്റ്നസ് അതുക്കും മേലെയാണ്. ലൈഫ്‌സ്റ്റൈലിന്റെ ഭാഗമായി വേണം ഡയറ്റിനെയും വ്യായാമത്തെയും സമീപിക്കാൻ.
∙ വൈറ്റമിൻ ചെക്കപ് വർഷത്തിലൊരിക്കൽ ചെയ്യാം. അ യൺ, കാത്സ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ ബി 12 എന്നിവ രക്തപരിശോധനയിലൂടെ വിലയിരുത്താം. അപര്യാപ്തത ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകാം.
∙ പല തരം ഡയറ്റിങ് രീതികൾ പിന്തുടരുന്നവർ പോഷകക്കുറവുകൾ വരാതെ നോക്കണം. ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ ഡയറ്റ് പാലിച്ചാൽ ആരോഗ്യവും അഴകും ടോപ് സ്കോറിൽ തന്നെ നിൽക്കും.
∙ എല്ലാ ദിവസവും ഒരു മുട്ട, ഒരു പിടി നട്സും വിത്തുകളും, ഏതെങ്കിലും ഒരു പഴം, കാൽ കപ്പ് കട്ടത്തൈര്, 100 ഗ്രാം ഇലക്കറികൾ എന്നിവ കഴിക്കുന്നതു നല്ലതാണ്. മൂന്നു ലീറ്റർ വെള്ളവും കുടിക്കാം.
∙ മുട്ടയിൽ പ്രോട്ടീന്‍ ഏറെയുണ്ട്. ബയോട്ടിൻ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെ ബുദ്ധിക്ക് ഉണർവു തരുന്ന, ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം പരിപാലിക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നട്സും വിത്തുകളും കഴിച്ചാൽ നല്ല കൊഴുപ്പും നാരുകളും ലഭിക്കും. ശാരീരിക പ്രവർത്തനങ്ങൾക്കു നല്ല കൊഴുപ്പ് ആവശ്യമാണ്. ഫ്രൂട്സ് കഴിക്കുക വഴി വൈറ്റമിൻസ്, മിനറൽസ്, ഫൈബർ എന്നിവയായി. കട്ടത്തൈര് പ്രോബയോട്ടിക് ഫൂഡ് ആണ്. ഇത് ഉദാരാരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റ്സും പോഷകങ്ങളും നിറഞ്ഞവയാണ് ഇലക്കറികൾ. ശരീരത്തിനു വേണ്ട ജലാംശം നിലനിർത്തുന്നതു യൗവനത്തിനുള്ള ഫോർമുലയാണ്.
∙ പേശീ വളർച്ചയ്ക്കും പേശീശോഷണം പരിഹരിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. കോശങ്ങളെ ഉന്മേഷത്തോടെ നിലനിർത്തിയില്ലെങ്കിൽ പ്രായാധിക്യം പെട്ടെന്നു കടന്നുകൂടാം. എല്ലാ നേരത്തെയും ആ ഹാരത്തിൽ ഒരു പ്രോട്ടീൻ വിഭവം ഉൾപ്പെടുത്തിക്കോളൂ.
∙ തിരക്കും സമ്മർദങ്ങളും കൂടിവരുന്ന ജീവിതഘട്ടങ്ങളിലേക്കാണു ചുവടുവയ്പ്പ്. മാനസികാരോഗ്യത്തിനും മുൻതൂക്കം നൽകണം. സെലിനിയം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ മിനറലുകൾക്ക് മൂഡ് സ്വിങ്സ് തടയാനാകും. തക്കാളി, കൂൺ, ഏത്തപ്പഴം, ഇലക്കറികൾ എന്നിവയാണു സ്രോതസ്സ്.
∙ മാനസികാരോഗ്യം കാക്കുന്നതിൽ പ്രധാനിയായ ഫോളേറ്റ് ലഭിക്കാൻ ഇലക്കറികൾ, ബീൻസ് വർഗങ്ങൾ, മുളപ്പിച്ച പയറു വർഗങ്ങൾ എ ന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയ മത്തി, ചൂര, ബദാം, വോൾനട്ട്, ഒലിവ് ഓയിൽ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും മനസ്സിനെ ഉഷാറാക്കും.
അടിമുടി കിടിലം
∙ എല്ലു സൂപ്പ്, തൊലിയോടു കൂടിയ ചിക്കനും മീനും, മുട്ട വെള്ള എന്നിവ കൊളാജൻ ഉൽപാദനത്തിനു സഹായിക്കും. ബ്രോക്ക്‌ലി, കോളിഫ്ലവർ, നട്സ്, അവക്കാഡോ എന്നിവ ഗ്ലൂട്ടാത്തിയോൺ ഉൽപാദനം കൂട്ടും.
∙ പുളിയുള്ള പഴങ്ങളും ബെറി വർഗങ്ങളും ഇലക്കറികളും വഴി കൊളാജനും ഗ്ലൂട്ടാത്തിയോണും സ്വാഭാവികമായി തന്നെ ശരീരത്തിലുണ്ടാകും.
∙ മധുരം കുറയ്ക്കുന്നത് ‘പ്രായം കുറയ്ക്കും.’ പൊതുവായുള്ള ആരോഗ്യത്തിനും മധുരം ഒഴിവാക്കുന്നതാണ് നല്ലത്.
∙ ശരീരം വിശ്രമിക്കുന്ന സമയത്താണു ചർമ കോശങ്ങൾ കേടുപാടുകൾ തീർത്തു പുതുജീവൻ നേടുന്നത്. കൊളാജൻ ഉൽപാദനം കൂടുന്നതും ഉറക്കത്തിലാണ്. ഏഴ് - ഒൻപതു മണിക്കൂർ ഉറക്കം യുവത്വത്തിനു ബൂസ്റ്റർ ആണ്.
∙ ഇരട്ടത്താടിയും തൂങ്ങിയ കവിളും പ്രായം കൂടുതൽ തോന്നിപ്പിക്കും. ഇവ ഇല്ലാതാക്കാൻ ഫേഷ്യൽ മസാജ് അല്ലെങ്കിൽ ഫെയ്സ് യോഗയെ കൂട്ടുപിടിക്കാം. വിദഗ്ധരിൽ നിന്നു പരിശീലിച്ചശേഷം മാത്രം പതിവായി ചെയ്യുക.
∙ 30 കഴിഞ്ഞാൽ സ്ട്രെച്ചിങ് വ്യായാമങ്ങൾ പതിവാക്കാം. സന്ധികളുടെ വഴക്കത്തിനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സ്ട്രെച്ചിങ് സഹായിക്കും. എന്നും രാവിലെ അഞ്ചു മിനിറ്റ് മാറ്റിവച്ചാൽ മതി. ആം സ്വിങ്സ്, സൈഡ് റീച്ച്, ഹിപ് റൊട്ടേഷൻ എന്നിങ്ങനെ സിംപിൾ വാം അപ് സ്ട്രെച്ചിൽ തുടങ്ങി ഹാം സ്ട്രിങ് സ്ട്രെച്, ബട്ടർഫ്ലൈ സ്ട്രെച് എന്നിങ്ങനെ അഡ്വാൻസ്ഡ് ആകാം.
∙ ഹൃദയത്തെ ഹാപ്പിയാക്കാൻ ദിവസം അരമണിക്കൂർ നടക്കാം. കാർഡിയോ അഥവാ എയറോബിക് വ്യായാമമാണ് നടപ്പ്, ഓട്ടം, നീന്തൽ, സൈക്ലിങ് പോലെയുള്ളവ. ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും.
∙ പേശീശോഷണം, വീഴ്ചകളും ഒടിവുകളുമുണ്ടാകാനും ജീവിതശൈലി രോഗങ്ങൾ ബാധിക്കാനുമൊക്കെ കാരണമാകും. അതിനാൽ പേശികൾ ബലപ്പെടുത്തുന്ന സ്ട്രെങ്ത് ട്രെയ്നിങ് എക്സർസൈസ് പ്രധാനമാണ്. പുഷ് അപ്, പുൾ അപ്, സ്ക്വാട്, പ്ലാങ്ക്, വെയ്റ്റ് ട്രെയ്നിങ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യാം. മാത്രമല്ല, ആകൃതിയൊത്ത ശരീരം സ്വന്തമാക്കാനും സ്ട്രെങ്ത് ട്രെയ്നിങ് സഹായിക്കും.
∙ വ്യായാമം ശീലമാക്കുന്നതിലൂടെ എൻഡോർഫിൻ എ ന്ന ഹാപ്പി ഹോർമോൺ ശരീരത്തിൽ ഉൽപാദിക്കപ്പെടും. ഇതു സമ്മർദങ്ങളെ കാറ്റിൽ പറത്തും.
∙ ബ്രെസ്റ്റ് സാഗിങ് ഒഴിവാക്കി മാറിടത്തിന്റെ ഭംഗി കാക്കാനുള്ള വ്യായാമങ്ങളും ചെയ്തു തുടങ്ങാം. ആം സർക്കിൾസ്, വാൾ പുഷ് അപ്, ചെസ്റ്റ് ഫ്ലൈ, കോബ്ര സ്ട്രെച്, പ്ലാങ്ക് എന്നിവ മാറിടം അപ്‌ലിഫ്റ്റ് ചെയ്യാൻ ഒപ്പം നിൽക്കും.