സൗന്ദര്യസംരക്ഷണത്തിൽ ഇഷയുടെ സീക്രട്ട്സ് എന്തൊക്കെയാണ്?
അങ്ങനെ പ്രത്യേകിച്ചു രഹസ്യങ്ങളൊന്നുമില്ല. ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുദ്ധമായ വെളിച്ചെണ്ണ മതി. കുളിക്കുന്നതിനു മുൻപു മുഖത്തും കൈകാലുകളിലും വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യും.
വെളിച്ചെണ്ണ മാത്രമായോ, ചെറിയുള്ളി, കറിവേപ്പില എന്നിവ ചേർത്തു കാച്ചിയ എണ്ണയോ തലയിൽ പുരട്ടി കുളിക്കുന്നതും മുടിക്കു മിനുസവും കരുത്തും നൽകും. കഞ്ഞിവെള്ളം ഉപയോഗിച്ചു തലമുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗം ആയുർവേദമാണെന്നാണ് ഞാൻ കരുതുന്നത്. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കും. നന്നായി വെള്ളം കുടിക്കും, മുടങ്ങാതെ വ്യായാമം ചെയ്യും, കൃത്യ സമയത്ത് ഉറങ്ങും. ഇതു നാലുമാണു ഞാൻ നിർബന്ധമായി പാലിക്കുന്ന ചർമസംരക്ഷണ രീതികൾ. കഴിഞ്ഞ പത്തു വർഷമായി യോഗ പരിശീലിക്കുന്നുണ്ട്. യോഗയും കളരിയും ഒരുപരിധിവരെ എന്നെ സഹായിക്കുന്നുണ്ടു കേട്ടോ.
ക്രാഷ് ഡയറ്റ് വേണ്ട
വേഗത്തിൽ വണ്ണം കുറയ്ക്കാം, ഭാരം കൂട്ടാം എന്നൊക്കെ പറയുന്ന ഡയറ്റ് രീതികളും ജ്യുസും കണ്ടാൽ ആ ഭാഗത്തേക്കു നോക്കാനേ പാടില്ലെന്നാണ് ഇഷ പറയുന്നത്. ‘‘ക്രാഷ് ഡയറ്റ് എന്ന പേരിൽ ആളുകൾ എന്തൊക്കെയോ പിന്തുടരുകയാണ്. വിദഗ്ധ നിർദേശപ്രകാരമല്ലെങ്കിൽ ഇത്തരം കാര്യങ്ങൾക്കു മുതിരാതിരിക്കുക.
ആരോഗ്യത്തിന്റെ കലവറയാണ് കേരളത്തിന്റെ ഭക്ഷണ രീതി. പ്രോട്ടീൻ, വൈറ്റമിൻ, പ്രീ ബയോട്ടിക്സ്, പ്രോ ബയോട്ടിക്സ് തുടങ്ങി ശരീരത്തിനും തലമുടിക്കുമാവശ്യമായ എല്ലാം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്. അതുപേക്ഷിച്ച് ജങ്ക് ഫൂഡിന് പിന്നാലെ പോകരുത് എന്നൊരപേക്ഷകൂടിയുണ്ട്.’’