ADVERTISEMENT

ഗർഭകാലത്ത് ചർമപ്രശ്നങ്ങളോർത്തുള്ള ടെൻഷൻ സാധാരണമാണ്. അൽപം സൗന്ദര്യപരിപാലന വഴികൾ പരീക്ഷിക്കാമെന്നു തോന്നിയാലും ഇടംവലം നോക്കാതങ്ങു ചെയ്യാൻ പറ്റില്ലല്ലോ. കുഞ്ഞുസേഫ് ആണോ എന്ന ചിന്തയാകും ആദ്യം മനസ്സിൽ വരുന്നത്. അതുകൊണ്ട് എന്തൊക്കെയാണ് സേഫ് അല്ലാത്തതെന്നു മനസ്സിലാക്കാം.  

ഗർഭിണി ഹെയർ കളർ ചെയ്താൽ

ഹെയർ കളറിൽ പ്രത്യേകിച്ച് ഹെയർ ഡൈകളിൽ ആരോഗ്യത്തിനു ഹാനികരമായ ബെൻസീൻ, അമോണിയ, പിപിഡി എന്നിങ്ങനെയുള്ള ഘടകങ്ങളുണ്ട്. ഇവ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെന്നതിന് പഠനങ്ങളുടെ അടിസ്ഥാനമൊന്നുമില്ല. എങ്കിലുംആരോഗ്യത്തിനു മോശമായവയെ മാറ്റിനിർത്തുന്നതാകും അഭികാമ്യം.

നാചുറല്‍ ഹെയർ കളർ എന്നെഴുതിയത് എല്ലാം അത്ര  ‘നാചുറൽ’ ആകണമെന്നില്ല. നര മറയ്ക്കാൻ തൽക്കാലം വീട്ടുമുറ്റത്തെ മൈലാഞ്ചിയും നീലയമരിയും മതി. അകാലനര മൂലം ആത്മവിശ്വാസമില്ലാതെ ഗർഭകാലത്തു വിഷാദത്തിന് അടിമപ്പെടുന്നവരുണ്ട്. അത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാകാം എന്നോർക്കുക.

സൺസ്ക്രീൻ മറക്കരുത്

ഗർഭകാലത്തെ ഒട്ടുമിക്ക ചർമപ്രശ്നവും പിഗ്‌മന്റേഷൻ സംബന്ധമായുള്ളതാണ്. ഹോർമോൺ വ്യതിയാനം ഇതിനൊരു കാരണമാണ്.   ചർമം സെൻസിറ്റിവ് ആകുന്നതിനാൽ നേരിയ സൂര്യപ്രകാശം പോലും കരിവാളിപ്പുണ്ടാക്കാം.

ഇതിനെല്ലാം ഒരു പരിധി വരെ മറ തീർക്കാൻ സൺസ്ക്രീനിനു കഴിയും. പുറത്തു പോകുന്നുണ്ടെങ്കിലും ഇ ല്ലെങ്കിലും മൂന്നു – നാലു മണിക്കൂർ ഇടവേളയിൽ സൺ സ്ക്രീൻ ഉപയോഗിക്കാം. എസ്പിഎഫ് 30 എങ്കിലുമുള്ളവ വേണം. ബ്രോഡ് സ്പെക്ട്രം, PA++, വാട്ടർ റസിസ്റ്റന്റ്, ബ്ലൂ ലൈറ്റ് ഫിൽറ്റര്‍ എന്നിവ ചേരുന്ന സൺസ്ക്രീൻ ഡോക്ടറുടെ നിർദേശത്തോടെ തിരഞ്ഞെടുക്കാം.

ചർമം ഇപ്പോൾ വെളുപ്പിക്കേണ്ട

ഗർഭകാലത്ത് ഉപയോഗിക്കുകയേ ചെയ്യരുതെന്ന് അടിവരയിട്ടു പറയാവുന്ന ഒന്നാണ് റെറ്റിനോയിക് ആസിഡ്/റെറ്റിനോൾ/റെറ്റിനോയ്ഡ്.

ചർമത്തിലെ കൊളാജൻ ഉൽപാദനം കൂട്ടുന്നതു വഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ അ കറ്റാനും പിഗ്‌മന്റേഷൻ പരിഹരിക്കാനുമാണ് റെറ്റിനോയ്ഡ് ഉപയോഗിക്കുന്നത്.

ഗർഭസ്ഥ ശിശുവിനു വൈകല്യമുണ്ടാക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഇവ ഗുളികയായി കഴിക്കുന്നതും ചർമത്തിൽ പുരട്ടുന്നതും ഒഴിവാക്കുക. ഗർഭധാരണത്തിന് ഒരുങ്ങുമ്പോഴേ ഉപയോഗം നിർത്താം. ഗർഭിണിയാണെന്ന് അറിയാതെ  ഇതുപയോഗിച്ചിരുന്നു എന്നിരിക്കട്ടെ. ടെൻഷൻ വേണ്ട.

അഞ്ചു - 11 ആഴ്ച വരെയുള്ള സമയത്താണ് കുഞ്ഞിന്റെ അവയവങ്ങൾ വളർന്നു തുടങ്ങുക. അതിനു മുൻപുള്ള ഉപയോഗം അത്ര പ്രശ്നമല്ല. ആവശ്യമെങ്കിൽ ഫീറ്റൽ മെഡിസിൻ വിദഗ്ധനെ കണ്ടു വിശദ പരിശോധന നടത്തി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാം.

ചർമം വെളുപ്പിക്കും എന്ന് അവകാശപ്പെടുന്ന ഒരുൽപന്നവും ഈ സമയത്ത് വേണ്ട. ഇവയിലെ ഹൈഡ്രോക്വിനോൺ പോലുള്ള ഘടകങ്ങൾ ദോഷകരമാണ്.

കോസ്മെറ്റിക് ചികിത്സ വേണ്ട

കോസ്മെറ്റിക് ട്രീറ്റ്മെന്റ്സ് ഗർഭകാലത്ത് സുരക്ഷിതമല്ല. ലേസർ, ബോട്ടോക്സ്, ഫില്ലേഴ്സ് എന്നിവയൊന്നും വേണ്ട. ചർമസംരക്ഷണത്തിനായി പലതരം കെമിക്കൽ പീലുകളുണ്ട്. ഇവയോടും നോ പറഞ്ഞോളൂ...

ഗർഭകാലത്തെ മുഖക്കുരു, കരിവാളിപ്പ്, സ്കിൻ ടാഗ്സ് എന്നിങ്ങനെയുള്ള ചർമപ്രശ്നങ്ങൾ  പ്രസവശേഷം മൂന്നു മുതൽ ആറു മാസങ്ങൾക്കുള്ളിൽ മാറും. ഇതു പരിഹരിക്കാൻ ഗർഭകാലത്തു കോസ്മെറ്റിക് ചികിത്സയ്ക്കു പിന്നാലെ പായേണ്ട.

നിർബന്ധമായി ചെയ്യേണ്ടവ

∙ വെള്ളം നന്നായി കുടിക്കണം.‌ ചർമം സെൻസിറ്റീവ് ആകുന്ന സമയം കൂടിയായതിനാൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്.

∙ പഴങ്ങളും പഴച്ചാറുകളും  ആഹാരശീലത്തിൽ ഉൾപ്പെടുത്തണം.  ഒരു നെല്ലിക്ക ദിവസവും കഴിക്കാം. വൈറ്റമിൻ സി കലവറയായ നെല്ലിക്ക രോഗപ്രതിരോധ ശക്തിക്കും ചർമകാന്തിക്കും നല്ലതാണ്.

∙ മുഖം കഴുകിയശേഷം അമർത്തി തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കുക. മുഖത്തു പതിവായി മോയിസ്ചറൈസർ പുരട്ടാം.

∙ ഫ്രിജിൽ വച്ചു തണുപ്പിച്ച കുക്കുമ്പർ കഷണങ്ങൾ മുഖത്തു വയ്ക്കുന്നതു ചർമത്തിനു സുഖം പകരും.

∙ കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞിന്റെ ചർമം വെളുക്കില്ല. പക്ഷേ, മികച്ച ആ ന്റി ഓക്സിഡന്റ് ഘടകങ്ങളുള്ളതിനാൽ അമ്മയുടെ ചർമത്തിനു തെളിച്ചം ലഭിക്കും.

∙ കരിവാളിപ്പ് അകറ്റാൻ മഞ്ഞൾ നല്ലതാണ്. പക്ഷേ, മഞ്ഞൾ ചിലരുടെ ചർമത്തെ ഫോട്ടോ സെൻസിറ്റീവ് ആക്കാം. ഇതുമൂലം സൂര്യരശ്മികളേറ്റുള്ള കരിവാളിപ്പു കൂടാം. ശ്രദ്ധയോടെ ഉപയോഗിക്കുക.

∙ ഇനി ഒന്നു ഫ്രഷ് ആകണമെന്നു തോന്നിയാൽ മാസത്തില്‍ ഒരിക്കൽ മസാജിങ്ങും ഫെയ്സ് മാസ്കും ഉൾപ്പെടുന്ന സാധാരണ ഫേഷ്യൽ ചെയ്യാം. റിലാക്സേഷൻ കൊതിക്കുമ്പോൾ പെഡിക്യൂറും മാനിക്യൂറും കൂടി ചെയ്തോളൂ.

സ്ട്രെച്ച് മാർക്സ് വരാതിരിക്കുമോ?

കുഞ്ഞു വളരുന്നത് അനുസരിച്ചു വയറു വലുതാകും. ചർമം വലിയും. ചർമത്തിലെ കൊളാജൻ പൊട്ടിപ്പോകും. ഇതു കൂട്ടിയോജിപ്പിക്കൽ സാധ്യമല്ല. അ തുകൊണ്ടുതന്നെ പാടുകൾ മായാതെ അവശേഷിക്കും. ജീനും ഹോർമോണും സ്ട്രെച്ച് മാർക്സ് നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

സ്ട്രെച്ച് മാർക്സ് വരാൻ സാധ്യത കൂടുതലുള്ള വയറിലും തുടയിലും നിതംബത്തിലും ആദ്യ മാസം മുതൽ രാവിലെയും രാത്രിയും വെളിച്ചെണ്ണ പുരട്ടാം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വെളിച്ചെണ്ണ ചർമം വലിയുമ്പോഴുണ്ടാകുന്ന ചൊറിച്ചിൽ അകറ്റും, ചർമത്തിനു സ്വാസ്ഥ്യം പകരും. കൊക്കോ ബട്ടറും ഷിയ ബട്ടറും ചർമത്തിനിണങ്ങുന്ന മോയിസ്ചറൈസറും പുരട്ടാവുന്നതാണ്. സ്ട്രെച്ച് മാർക്സിന്റെ തീവ്രത കുറയ്ക്കാനായേക്കും.

പ്രസവശേഷം വ്യായാമം ചെയ്തു ശരീരം ടോൺ ചെയ്തെടുക്കുമ്പോൾ സ്ട്രെച്ച് മാർക്സ് അധികം പ്രകടമാകാത്ത രീതിയിലാകും.

English Summary:

Pregnancy skincare focuses on addressing common skin concerns during pregnancy. It's crucial to understand safe skincare practices and what to avoid to ensure both maternal and fetal well-being.

ADVERTISEMENT