ADVERTISEMENT

കൊറിയൻ പിള്ളേരുടെ ഗ്ലാസ് സ്കിന്നിന്റെ രഹസ്യം റൈസ് വാട്ടർ ആണെന്നു കേട്ടപ്പോൾ കേരളത്തിലെ പിള്ളേര് ‘നമ്മുടെ കഞ്ഞിവെള്ളമോ’ എന്ന് അതിശയിച്ചു. പിന്നെ, അടുക്കളയിലെത്തി ‘ഇത്തിരി കഞ്ഞിവെളളമുണ്ടോ, എടുക്കാൻ’ എന്ന ചോദ്യം പതിവാക്കി. ഈ റൈസ് വാട്ടർ മുഖത്തും മുടിയിലും പുരട്ടി ഗ്ലോ അപ് ചെയ്യുന്ന ജെൻ സി കൊച്ചുമക്കളെ നോക്കി 50 കൊല്ലം മുൻപത്തെ മധുരപതിനാറുകാരികൾ പറയുന്നുണ്ട്. ‘ഇതിലെന്താ, ഇത്ര പുതുമ. മുടിക്കു തിളക്കം കൂട്ടാനും ഉള്ളു തോന്നിക്കാനും ഞങ്ങളൊക്കെ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുമായിരുന്നല്ലോ.’ എന്ന്. ചർമത്തിനു മിനുക്കം കിട്ടാനും പാടുകൾ അകലാനും അരി കുതിർത്ത വെള്ളവും കഞ്ഞിവെള്ളവും അവർ മുഖത്തും പുരട്ടുമായിരുന്നു.

കോശനിർമാണത്തിനും ചർമത്തിന്റെ ഇലാസ്തികതയ്ക്കും സഹായിക്കുന്ന ഇനോസിറ്റോൾ, മുടിക്കും ചർമത്തിനും ആരോഗ്യം നൽകുന്ന പ്രോട്ടീന്റെ ബിൽഡിങ് ബ്ലോക് ആയ അമിനോ ആസിഡ്, ചർമത്തിനു പുതുജീവൻ നൽകുന്ന വൈറ്റമിൻ ബി, ഇ, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റുന്ന ആന്റി ഓക്സിഡന്റ്സ് ഇവയെല്ലാം അടങ്ങിയ കഞ്ഞിവെള്ളം പ്രകൃതിദത്തമായ സീറം ആണ്. കെമിക്കൽ ഫോർമുലയില്ല, പ്രിസർവേറ്റീവ് ഇല്ല. സൂപ്പർ ന്യൂട്രിയന്റ്സ് മാത്രം. അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് ചെയ്തശേഷം വേണേ ഏതു സൗന്ദര്യക്കൂട്ടും പരീക്ഷിക്കാൻ.

ADVERTISEMENT

റൈസ് വാട്ടർ മൂന്നു തരം

സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന റൈസ് വാട്ടർ കഞ്ഞിവെള്ളം മാത്രമല്ല. മൂന്നു ഭാവത്തിലുണ്ട് അരിയുടെ ഗുണങ്ങളടങ്ങിയ വെള്ളം. ഇവ തയാറാക്കാൻ ഓർഗാനിക് അരി തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ...

ADVERTISEMENT

അരി കുതിർത്ത വെള്ളം: അരി ഒരുവട്ടം നന്നായി കഴുകി രണ്ടിരട്ടി വെള്ളത്തിൽ ഒരു മണിക്കൂർ കുതിർക്കുക. ശേഷം കൈ കൊണ്ടു ഞെരടി അരിച്ചെടുക്കുക. ഈ റൈസ് വാട്ടർ ചില്ലുകുപ്പിയിലാക്കി അടച്ചു മൂന്നു ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാം.

അരി വെന്ത വെള്ളം: നമ്മുടെ കഞ്ഞിവെള്ളമാണിത്. അരി വേവിച്ചശേഷം ഉൗറ്റിയെടുത്ത കഞ്ഞിവെള്ളവും രണ്ടു ദിവസം ഫ്രിജിൽ സൂക്ഷിച്ചു സൗന്ദര്യ പരിപാലനത്തിനായി ഉപയോഗിക്കാം.

ADVERTISEMENT

ഫെർമെന്റഡ് റൈസ് വാട്ടർ : അരി കുതിർത്തെടുത്തു തയാറാക്കുന്ന വെള്ളം 24 മണിക്കൂർ പുറത്തു വച്ചു പുളിപ്പിച്ചെടുക്കുന്നതാണ് ഫെർമെന്റഡ് റൈസ് വാട്ടർ. ഇതും ഫ്രിജിൽ സൂക്ഷിക്കാം. ഇരട്ടി വെള്ളം ചേർത്തു ചർമത്തിന്റെയും മുടിയുടെയും അഴകു കൂട്ടാൻ ഉപയോഗിക്കാം.

ചർമത്തിന്റെ ചങ്ക്

∙ ടോണറായി മുഖത്തു പുരട്ടാൻ നല്ലതാണ് അരി കുതിർത്ത വെള്ളം.

∙30 കഴിഞ്ഞവർ അരി കുതിർത്ത വെള്ളം പതിവായി മുഖത്തു പുരട്ടാം. ഇതിലെ ആന്റി ഓക്സിഡന്റ്സ് ഫ്രീ റാഡിക്കിൾസിനെ യുദ്ധം ചെയ്തു തോൽപിച്ചു ചർമത്തിൽ ചുളിവുകൾ വരാതെ കാക്കും.

∙ അരി കുതിർത്ത വെള്ളം സ്പ്രേ ബോട്ടിലിലാക്കാം. ഇൻസ്റ്റന്റ് ഹൈഡ്രേഷൻ വേണമെന്നുള്ളപ്പോൾ ഇതു മുഖത്തേക്ക് സ്പ്രേ ചെയ്യുക.

∙ കഞ്ഞിവെള്ളത്തിലോ അരി കുതിർത്ത വെള്ളത്തിലോ മുക്കിയ ഷീറ്റ് മാസ്ക് മുഖത്തണിയാം. 15 മിനിറ്റിനു ശേഷം മാസ്ക് മാറ്റി മുഖം കഴുകാം. രാത്രി ഉറങ്ങും മുൻപുള്ള ബ്രൈറ്റനിങ് മാസ്ക് ആണിത്.

∙ വെയിലേറ്റു ചർമം അസ്വസ്ഥമായാൽ തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകിയാൽ മതി.

∙ കഞ്ഞിവെള്ളം ഐസ് ട്രേയിലാക്കി വച്ചാൽ മുഖത്തിനു ഫ്രഷ്നെസ് വേണമെന്നു തോന്നുമ്പോൾ ഒരു ക്യൂബ് എടുത്തു മുഖത്തു പുരട്ടാം.

ഹെയറിന്റെ ഹീറോ

∙ കഞ്ഞിവെള്ളം ഉപയോഗിച്ചു മുടി കഴുകിയാൽ മുടി സ്വാഭാവികതയോടെ മിന്നിത്തിളങ്ങും. ഷാംപൂ ചെയ്തശേഷം നേർപിച്ച കഞ്ഞിവെള്ളം മുടിയിൽ ഒഴിക്കാം. നാച്ചുറൽ ക ണ്ടീഷനറാണിത്. അഞ്ചു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകാം. റൈസ് വാട്ടർ ശിരോചർമത്തെ ബലപ്പെടുത്തുന്നതിനൊപ്പം മുടിയുടെ വേരുകൾക്കു കരുത്തും നൽകും.

∙ ആന്റി മൈക്രോബിയൽ ഘടകങ്ങളുമുണ്ട് കഞ്ഞിവെള്ളത്തിൽ. ഇതു താരന്റെ ശല്യവും ചൊറിച്ചിലും അകറ്റും.

∙ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ഗുണങ്ങൾ കൂടുതലുണ്ട്. തലേന്നത്തെ കഞ്ഞിവെള്ളം തല കഴുകാൻ ഉപയോഗിക്കാം. ഫെർമെന്റഡ് റൈസ് വാട്ടറും നല്ലതു തന്നെ.

∙ ഇളം ചൂടുള്ള കഞ്ഞിവെള്ളം ഒരു ടബ്ബിലാക്കുക. ഇതിൽ 10 മിനിറ്റ് പാദം മുക്കിവച്ചശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി ഈർപം ഒപ്പി മാറ്റാം. വരൾച്ച അകന്നു പാദം മൃദുലമാകും.

∙ കുളിക്കാനുള്ള വെള്ളത്തിൽ രണ്ടു കപ്പ് കഞ്ഞിവെള്ളം ചേർക്കാം. ശരീരമാകെ മൃദുലമാകട്ടെ.

ADVERTISEMENT