ഹെയർ ബോട്ടോക്സിന്റെ ഫലം ഏറെ നാൾ നിലനിർത്തണോ ? വഴിയുണ്ട് Essential Aftercare Tips for Hair Botox Treatment
 
Mail This Article
ചൂട്, സ്റ്റൈലിങ്, കളറിങ്, സൂര്യപ്രകാശം, പൊടി, മലിനീകരണം എന്നിങ്ങനെ പല കാരണങ്ങളാൽ മുടിയുടെ മൃദുത്വവും തിളക്കവും നഷ്ടപ്പെടാം. അത്തരം മുടിക്കു വീണ്ടും ജീവൻ നൽകുന്ന പരിചരണമാണു ഹെയർ ബോട്ടോക്സ്.
മുഖത്തിനു ബോട്ടോക്സ് എടുക്കുന്നതുപോലെ അല്ല മുടിക്കുള്ളത്. ഇതിൽ ബോട്ടുലിനം ടോക്സിൻ ഒന്നുമില്ല കേട്ടോ... പിന്നെന്തിന് ഈ പേര് എന്നല്ലേ ? ബോട്ടോക്സ് ഇൻജക്‌ഷൻ മുഖം സുന്ദരമാക്കുന്നതു പോലെ ഹെയർ ബോട്ടോക്സ് മുടിക്കു തിളക്കവും മൃദുത്വവും നൽകുന്നു എന്നതാണു കാരണം.
ഹെയർ ബോട്ടോക്സ് ഡീപ് കണ്ടീഷനിങ് റിപ്പയർ ട്രീറ്റ്മെന്റ് ആണ്. പോഷണവും സംരക്ഷണവും നൽകുന്ന പ്രോട്ടീന്‍, അമിനോ ആസിഡ്, വൈറ്റമിന്‍, മുടിയുടെ ഘടന വീണ്ടെടുക്കുന്ന കെരാറ്റിൻ, മുടിക്കു ശക്തി നൽകുന്ന കൊളാജന്‍ കോംപ്ലക്‌സുകള്‍, സ്വാഭാവിക മൃദുത്വവും തിളക്കവും നൽകുന്ന നാച്ചുറൽ ഓയിൽ എന്നിവയുടെ കോക്ടെയ്‌ലാണ് ബോട്ടോക്‌സ്. ഇതൊരു പുതിയ ഹെയർ ട്രീറ്റ്മെന്റ് അല്ല. പക്ഷേ, ഇന്നും പ്രിയങ്കരമായി നിലനിൽക്കുന്നതിനു കാരണം ഇതിൽ വലിയ തോതിൽ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല എന്നതാണ്. പലരുടെയും സംശയമാണ് ബോട്ടോക്സ് ചെയ്താൽ ഫലം എത്ര നാൾ നിലനിൽക്കുമെന്നതും പരിചരണം എങ്ങനെ വേണമെന്നുള്ളതും. അറിയാം വിശദമായി.
ഫലം എത്ര നാൾ നിലനിൽക്കും
∙ സാധാരണയായി ഹെയർ ബോട്ടോക്സിന്റെ ഫലം മൂന്നു മുതൽ നാലു മാസം വരെ നിലനിൽക്കും.
∙ കെമിക്കൽ സ്ട്രെയ്റ്റനിങ് ചെയ്തതുപോലെ മുടി അറ്റൻഷനായി കിടക്കില്ല ഹെയർ ബോട്ടോക്സ് ചെയ്താൽ. സ്വാഭാവിക ലുക് നിലനിർത്താം.
∙ ഹെയർ ബോട്ടോക്സ് ചെയ്ത ആദ്യനാളുകളിൽ മുടി അധികം ചുരുളോ വളവോ ഇല്ലാതെ കിടക്കും. പതിയെ പതിയെ പഴയ രീതിയിലേക്കു മാറും. പക്ഷേ, അപ്പോഴും മുടിയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടാകും.
ഫലം നിലനിർത്താൻ ഈ പരിചരണങ്ങൾ
ഹെയർ ബോട്ടോക്സ് ചെയ്തു കഴിഞ്ഞാൽ പാലിക്കേണ്ട ചിലതുണ്ട്. ഇവ എന്തൊക്കെയണെന്നു മനസ്സിലാക്കാം.
∙ മുടി കഴുകാനായി സൾഫേറ്റ് ഫ്രീ ഷാംപൂവും കണ്ടീഷനറും മാത്രം ഉപയോഗിക്കുക.
∙ ചൂടു വെള്ളത്തിൽ മുടി കഴുകുന്നത് ഒഴിവാക്കുക. സാധാരണ താപനിലയുള്ള വെള്ളമോ തണുത്തോ വെള്ളമോ ആണു നല്ലത്.
∙ ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിങ്ങനെ ചൂടു നൽകി മുടി സ്റ്റൈൽ ചെയ്യുന്ന ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
∙ ക്ലോറിൻ കലർന്ന വെള്ളം ഒഴിവാക്കാം. പൂളിൽ നീന്തുമ്പോൾ ക്യാപ് ധരിക്കാൻ മറക്കേണ്ട.
∙ ഹെയർ ബോട്ടോക്സിന്റെ ഫലം ഏറെ നാൾ നിലനിൽക്കാൻ മുടിയിൽ അധികം സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കാം. പുറത്ത് പോകുമ്പോൾ സ്കാർഫ് അല്ലെങ്കിൽ ക്യാപ് ധരിക്കുക.
∙ ഹെയർ വാഷിന്റെ എണ്ണം കുറയ്ക്കുന്നതു നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി ഹെയർ വാഷ്.
വിവരങ്ങൾക്കു കടപ്പാട്: ബിന്ദു മാമ്മൻ, കോസ്മറ്റോളജിസ്റ്റ് & മേക്കപ് ആർടിസ്റ്റ്, ആൽക്കെമി സലൂൺ, ആലുവ, ചങ്ങനാശേരി, കോട്ടയം
 
 
 
 
 
 
 
 
