പ്രായമാവുന്നില്ല പാട്ടിനും മധുബാലയ്ക്കും. റിലീസ് ചെയ്ത് മുപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും നൊസ്റ്റാൾജിയ ജ്വലിച്ചു നിൽക്കുന്ന പാട്ട്– ‘ചിന്ന ചിന്ന ആശൈ’ മൂന്നു വാക്കിൽ ഭൂതകാലക്കുളിര് പെയ്തു തുടങ്ങും. പാട്ടു പോലെ തന്നെ നായികയും. റോജയിൽ അഭിനയിക്കുമ്പോൾ ഇരുപതുകളിലായിരുന്നു. ഇന്ന് അൻപതുകളിലെത്തിയെങ്കിലും റോജയുടെയും യോദ്ധയിലെ അശ്വതിയുടെയുമൊക്കെ ഛായയ്ക്ക് അരികിൽ തന്നെയാണു മധുബാല.
അഗ്രഹാരത്തിൽ നിന്നു നഗരത്തിലേക്കു ഞെട്ടറ്റുവീണ മുഖമായിരുന്നെങ്കിലും മധുബാല വളർന്നതു ഗ്ലാമറൊഴുകുന്ന മുംബൈക്കാരി ആയാണ്. 11 വർഷത്തിനു ശേഷം മലയാള സിനിമയിൽ അഭിനയിക്കാനെത്തുമ്പോഴും നാട്ടിൻപുറക്കാരിയാണ്. രൂപത്തിൽ മാത്രമല്ല പുതിയ സിനിമയുടെ പേരിലുമുണ്ട് നൊസ്റ്റാൾജിയ–‘ചിന്ന ചിന്ന ആശൈ..’
‘സന്തൂർമദർ’ ആയിരിക്കുന്നതിന്റെ രഹസ്യം എന്താണ്?
ഒറ്റ വരിയിൽ ഉത്തരം പറയാം– ദൈവം കരുണ കാണിച്ചതു കൊണ്ട്. ഈ ചോദ്യത്തിന് വേണമെങ്കിൽ പല രീതിയിൽ ഉത്തരം പറയാം– മെഡിറ്റേറ്റ് ചെയ്യുന്നത് കൊണ്ട്, വർക്ക് ഒൗട്ട് ചെയ്യുന്നതുകൊണ്ട്... പക്ഷേ, അതൊന്നും സത്യമാണെന്നു വിശ്വസിക്കുന്നില്ല. ഞാൻ സിനിമയെ കുറിച്ചു കാണുന്ന സ്വപ്നം പൂർണമായിട്ടില്ല എന്ന് ദൈവത്തിനറിയാം. ഇനിയും ആ വേഷങ്ങൾ ചെയ്യാനായി ദൈവം എന്നെ മാറ്റി നിർത്തിയിരിക്കുകയാണ് എന്നു കരുതാനാണിഷ്ടം.
മൂത്തമകൾ അമേയയ്ക്ക് 25 വയസ്സായി. എൽഎസ്‍സി കോളജിൽ നിന്നു മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഇളയയാൾ കേയ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ നിന്ന് ഗ്രാജുവേഷൻ കഴിഞ്ഞു. കേയ നന്നായി നൃത്തം ചെയ്യും. സിനിമയാണു മോഹം. ചെറുപ്പമായിരിക്കുന്നെന്നു കേൾക്കുമ്പോൾ എനിക്ക് ഇഷ്ടം തോന്നാറുണ്ട്. പക്ഷേ, മക്കളുടെ ആംഗിളിൽ ആലോചിച്ചു നോക്കിക്കേ, ഞാൻ അൻപതുകളിൽ അവർ കൗമാരത്തിൽ. സഹോദരിമാരെ പോലെ എന്നൊക്കെ പറയുമ്പോൾ അവർക്കതു വിഷമമാവും.
ആനന്ദ് ഷാ, അദ്ദേഹത്തെ കുറിച്ചു പറയാതെ ‘ഞങ്ങൾ’ എന്ന വാക്കു പൂർണമാവില്ല. എന്നെ മോഡലാക്കി പരസ്യം ഷൂട്ട് ചെയ്യാനാണ് ആനന്ദ് ആദ്യമായി വരുന്നത്. ആ പരിചയം വിവാഹത്തിലേക്ക് എത്തി. അത്രയും സപ്പോർട് ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നില്ലെങ്കിൽ സിനിമയിൽ തുടരില്ലായിരുന്നു. ഇപ്പോൾ പോലും സിനിമ വേണോ കുട്ടികൾക്കൊപ്പം നിൽക്കണോ എന്നു ചോദിച്ചാൽ കുട്ടികൾക്കൊപ്പം എന്നേ ഞാന്‍ ഉത്തരം പറയൂ. പക്ഷേ, അവർ പറയും ‘അമ്മാ അഭിനയിക്കൂ, ഇഷ്ടമുള്ളത് ചെയ്യൂ...’