തൃശൂർ ചാവക്കാട്ടെ വല്ലഭട്ട കളരിയിൽ ഇഷയെ കണ്ടപ്പോൾ വടക്കൻ പാട്ടിലെ കഥാനായികയെ പോലെ. കച്ച മുറുക്കി, വായ്ത്താരിക്കൊപ്പം ചുവടു വച്ചു ലോഹശലഭം പോലെ ഇഷ.
പരിശീലനം കഴിഞ്ഞു വിശ്രമത്തിനു ശേഷമാണ് ഫോട്ടോഷൂട്ടിനായി ഫോർട്ട്കൊച്ചിയിലെത്തിയത്. ഇപ്പോൾ വളരെ മനോഹരമായി സംസാരിക്കുന്ന, നിലാവുപോലെ ചിരിക്കുന്ന ഇഷയാണു മുന്നിൽ. പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാനിരുന്നപ്പോൾ ഇഷ ആ രംഭിച്ചതിങ്ങനെ ‘‘ യൂ നോ?, ഐ ആം ദി ലൗ ചൈൽഡ് ഓഫ് കേരള’’
മുംബൈയിൽ നിന്നു സിനിമാമോഹവുമായി കേരളത്തിലേക്കു യാത്രതിരിക്കുമ്പോൾ ഇഷ തൽവാർ എന്ന പെൺകുട്ടി സ്വപ്നത്തി ൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല കൈക്കുടന്ന നിറയെ സ്നേഹവുമായാകും മടക്കമെന്ന്. മുംബൈക്കു തിരികെ പോയെങ്കിലും അതെല്ലാം വീണ്ടും വരാനുള്ള ഇടവേളകൾ മാത്രമായിരുന്നു. 13 വർഷമായി തുടരുന്ന യാത്രകൾ. അങ്ങനെയങ്ങനെ കേരളം ഇഷയ്ക്കു സ്വന്തം നാടു പോലെയായി. പല സിനിമകളിൽ അഭിനയിച്ചെങ്കിലും തട്ടത്തിൻ മറയത്തിലെ ആയിഷയോടുള്ള ഇഷ്ടമാണ് ഇപ്പോഴും ഇഷയോടു മലയാളത്തിന്.
കേരളത്തോട് ഇഷയെ ചേർത്തു നിർത്തുന്നത് എന്താണ്?
കേരളം തരുന്ന സ്നേഹം തന്നെ. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാണല്ലോ. ഒരുപാടു നാളായി മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട്. എങ്കിലും ഇന്നും ആളുകൾ തിരിച്ചറിയുന്നു. ഓടി വന്നു സംസാരിക്കുകയും സുഖവിവരങ്ങൾ തിരക്കുകയും ചെയ്യുന്നു. എന്നോടിഷ്ടമായതുകൊണ്ടല്ലേ ഈ കരുതൽ.
2023ൽ ഇരിങ്ങാലക്കുടയിലെ നടനകൈരളിയിൽ നിന്നു നവരസസാധന അഭ്യസിച്ചു. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അതെന്നെ വളരെയധികം സ്വാധീനിച്ചു. അന്നാരംഭിച്ച ആഗ്രഹമാണു കളരി അഭ്യസിക്കണമെന്നത്.
ഷൂട്ടിങ് തിരക്കുകളിൽ നിന്നൊരിടവേള കിട്ടിയപാടെ കേരളത്തിലേക്കു പോന്നു. ഇപ്പോൾ ഒന്നര മാസമായി കളരി അഭ്യസിക്കുന്നു. എല്ലാവരും വെസ്‌റ്റേൺ സ്‌റ്റൈലിനു പിന്നാലെയുള്ള ഓട്ടത്തിലാണ്. എന്നാൽ, ഭക്ഷണമായാലും കലയായാലും സൗന്ദര്യസംരക്ഷണമായാലും നമ്മുടെ കലവറകൾ സമൃദ്ധമാണ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് എന്റെ മലയാളി സുഹൃത്തുക്കളേക്കാൾ മികച്ച മലയാളി ഞാനാണെന്ന്.
മലയാളത്തെ ഇത്രയധികം സ്നേഹിക്കുമ്പോഴും ഇവിടെ അവസരങ്ങൾ കുറയുന്നതിൽ വിഷമമുണ്ടോ?
തീർച്ചയായും ഉണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാൽ മനസ്സിലാകും. പക്ഷേ, സംസാരിക്കാൻ കുറച്ചു പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ റിസ്ക് എടുക്കേണ്ട എന്ന് അണിയറപ്രവർത്തകർക്കു തോന്നുമായിരിക്കും. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്.
ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ?
തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നതു ഹിന്ദിയിൽ നിന്നായതുകൊണ്ടാണു ബോളിവുഡിൽ സജീവമാകുന്നത്. വെബ് സീരിസുകൾ മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നു ചിലർ ചോദിക്കാറുണ്ട്. ഇതുതന്നെയാണ് ആ ചോദ്യത്തിന്റെയും ഉത്തരം. കേൾക്കുന്ന കഥകളിൽ ഇഷ്ടപ്പെടുന്നവ ചെയ്യുകയാണ് എന്റെ രീതി. അതിനപ്പുറത്തേക്കു പ്രത്യേക തീരുമാനങ്ങളൊന്നുമില്ല.
ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് മിർസാപൂരിലെ മാധുരി. എന്തൊക്കെ തയാറെടുപ്പുകൾ വേണ്ടിവന്നു?
ഓഡിഷൻ വഴിയാണു വെബ്സീരിസായ മിർസാപൂരിലേക്ക് എത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചെറിയ വേഷ മാകുമെന്നാണു കരുതിയത്. സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ആഴവും പ്രാധാന്യവും മനസ്സിലായത്.
മാധുരി യാദവിനെ നഷ്ടപ്പെടുത്താൻ പാടില്ലെന്നു മനസ്സു പറഞ്ഞു. മുംബൈയിലെ നഗരജീവിതം കണ്ടു വളർന്ന എനിക്ക് യുപിയിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന മാധുരിയാകാൻ പരിശീലനം ആവശ്യമായിരുന്നു. മാധുരിയെ പൂർണതയോടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ഒരുപാടു പരിശ്രമിച്ചു. ഇതിനായി ധാരാളം വർക്‌ഷോപ്പുകളിൽ പങ്കെടുക്കുകയും യുപിയിലെ ആളുകളുടെ സംസാരശൈലി സുഹൃത്തുക്കളിൽ നിന്നു കേട്ടു പഠിക്കുകയും ചെയ്തു.
മൂന്നുമാസത്തിനു ശേഷം മിർസാപൂരിന്റെ സെറ്റിലേക്കെത്തിയപ്പോൾ ഒട്ടും അപരിചിതത്വം തോന്നിയില്ല. ശരിക്കുമൊരു യുപിക്കാരി കുട്ടിയായതുപോലെ. തയാറെടുപ്പുകളുടെ ഫലം തീർച്ചയായും കഥാപാത്രത്തിനും എനിക്കും ലഭിച്ചു.
പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കാമോ?
ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാൻ പോകുന്ന ത്രില്ലിലാണു ഞാനിപ്പോൾ. ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയിൽ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ.
കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനുകളിൽ പോയിരിക്കും. അവരുടെ രീതികൾ കണ്ടു പഠിക്കണമല്ലോ. അൽപം പേടിയുണ്ട്.
സൗന്ദര്യസംരക്ഷണത്തിൽ ഇഷയുടെ സീക്രട്ട്സ് എന്തൊക്കെയാണ്?
അങ്ങനെ പ്രത്യേകിച്ചു രഹസ്യങ്ങളൊന്നുമില്ല. ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുദ്ധമായ വെളിച്ചെണ്ണ മതി. കുളിക്കുന്നതിനു മുൻപു മുഖത്തും കൈകാലുകളിലും വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യും.
വെളിച്ചെണ്ണ മാത്രമായോ, ചെറിയുള്ളി, കറിവേപ്പില എന്നിവ ചേർത്തു കാച്ചിയ എണ്ണയോ തലയിൽ പുരട്ടി കുളിക്കുന്നതും മുടിക്കു മിനുസവും കരുത്തും നൽകും. കഞ്ഞിവെള്ളം ഉപയോഗിച്ചു തലമുടി കഴുകുന്നതും മുടിയുടെ ആ രോഗ്യത്തിനു നല്ലതാണ്.
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗം ആയുർവേദമാണെന്നാണ് ഞാൻ കരുതുന്നത്. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കും. നന്നായി വെള്ളം കുടിക്കും, മുടങ്ങാതെ വ്യായാമം ചെയ്യും, കൃത്യ സമയത്ത് ഉറങ്ങും. ഇതു നാലുമാണു ഞാൻ നിർബന്ധമായി പാലിക്കുന്ന ചർമസംരക്ഷണ രീതികൾ. കഴിഞ്ഞ പത്തു വർഷമായി യോഗ പരിശീലിക്കുന്നുണ്ട്. യോഗയും കളരിയും ഒരുപരിധിവരെ എന്നെ സഹായിക്കുന്നുണ്ടു കേട്ടോ.
ക്രാഷ് ഡയറ്റ് വേണ്ട
വേഗത്തിൽ വണ്ണം കുറയ്ക്കാം, ഭാരം കൂട്ടാം എന്നൊക്കെ പറയുന്ന ഡയറ്റ് രീതികളും ജ്യുസും കണ്ടാൽ ആ ഭാഗത്തേക്കു നോക്കാനേ പാടില്ലെന്നാണ് ഇഷ പറയുന്നത്. ‘‘ക്രാഷ് ഡയറ്റ് എന്ന പേരിൽ ആളുകൾ എന്തൊക്കെയോ പിന്തുടരുകയാണ്. വിദഗ്ധ നിർദേശപ്രകാരമല്ലെങ്കിൽ ഇത്തരം കാര്യങ്ങൾക്കു മുതിരാതിരിക്കുക.
ആരോഗ്യത്തിന്റെ കലവറയാണ് കേരളത്തിന്റെ ഭക്ഷണ രീതി. പ്രോട്ടീൻ, വൈറ്റമിൻ, പ്രീ ബയോട്ടിക്സ്, പ്രോ ബയോട്ടിക്സ് തുടങ്ങി ശരീരത്തിനും തലമുടിക്കുമാവശ്യമായ എല്ലാം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്. അതുപേക്ഷിച്ച് ജങ്ക് ഫൂഡിന് പിന്നാലെ പോകരുത് എന്നൊരപേക്ഷ കൂടിയുണ്ട്.’’