‘ജീപീ...’
ആ നീട്ടി വിളിയിലുണ്ട് ഗോവിന്ദ് പത്മസൂര്യയെന്ന ജിപിയോട് മലയാളിക്കുള്ള സ്നേഹം. അവതാരകനായി തുടങ്ങി പിന്നെ അഭിനേതാവായി തിളങ്ങി. രണ്ടു മേഖലകളിലും തിളങ്ങിയ ഈ ചുള്ളൻ ചെക്കൻ, പിന്നെ മലയാളിക്ക് അടുത്ത വീട്ടിലെ ചെക്കനായി. ജി.പിയെന്ന ചുരുക്കെഴുത്തിൽ മലയാളി നൽകിയ സ്നേഹക്കടലിനു നടുവിലിരുന്ന് ജി.പി ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ബിസി ഷെഡ്യൂളിനോട് താൽകാലിക അവധി പറഞ്ഞ് ഓണത്തിനായി നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യ. ഇക്കുറി ഓണത്തെ സ്പെഷലാക്കുന്നത് എന്തെന്ന ചോദ്യത്തിന് ആദ്യമേ കള്ളച്ചിരിയോടെ മറുപടി.
‘എല്ലാ ഓണക്കാലവും കുടുംബത്തോടൊപ്പം ആകുന്നതു സ്പെഷൽ തന്നെയാണ്. പക്ഷേ അഭിനയവും ഷോസും ഒക്കെയായി ഉലകം ചുറ്റും വാലിബനായി നടക്കുന്നതിനിടയിൽ ആഘോഷിക്കാൻ കൂട്ടിനൊരാളെ കിട്ടിയില്ലേ. പറഞ്ഞു വരുന്നത് ഗോപിക വന്ന ശേഷം ഓണം ഉൾപ്പെടെയുള്ള എല്ലാ കൂടിച്ചേരലുകളും കൂടുതൽ സ്പെഷലായി.’– ജി.പി മറുപടി പറഞ്ഞു തുടങ്ങുകയാണ്.
തിരുവോണ നാളിൽ വലംകാൽവച്ച്
ഓണക്കാലം സുന്ദരമാകുന്നത് മനോഹരമായ ഓർമകൾ കൊണ്ടു കൂടിയാണെന്ന് പറയാറില്ലേ. പട്ടാമ്പിയിലെ തറവാടു മുതൽ ഇന്ന് സെറ്റിലെ ഓണാഘോഷം വരെ നീളുന്ന ഓണം ഓർമകൾ കുന്നോളമാണ്. എങ്കിലും ഗോപിക വന്ന ശേഷമുള്ള എന്റെ ഓർമകൾ മധുരമുള്ളതാണ്. അതിലും വലിയൊരു ഇരട്ടി മധുരം കഴിഞ്ഞു പോയൊരു ഓണക്കാലത്ത് സംഭവിച്ചു. അതെന്താണെന്നല്ലേ... കൊച്ചിയുടെ മണ്ണിൽ ഒരു മേൽവിലാസം അതു പണ്ടേക്കു പണ്ടേ കൊതിച്ചിരുന്നു. മറൈൻ ഡ്രൈവിന് അഭിമുഖമായി ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. 2022ലാണ് അതിന്റെ നടപടി ക്രമങ്ങള്‍ തുടങ്ങിയത്. എല്ലാം കഴിഞ്ഞ് കഴിഞ്ഞ തിരുവോണ നാളിലാണ് എനിക്കും ഗോപികയ്ക്കും ആ സ്വപ്നക്കൂട്ടിൽ വലംകാൽ വച്ചു കയറാനായത്. ചുരുക്കം പറഞ്ഞാൽ വിവാഹത്തിനു മുൻപേ കൊതിച്ചൊരു സ്വപ്നം. ഒടുവിൽ ലൈഫിലെ പ്രിയപ്പെട്ട ആൾക്കൊപ്പം ആ സ്വപ്നം സാക്ഷാത്കരിക്കാനായതാണ് ഓണക്കാലം നൽകിയ മനോഹരമായൊരു നിമിഷം. അതിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചടങ്ങിനും ആ ഫ്ലാറ്റിനെ മനോഹരമാക്കുന്ന നിമിഷങ്ങളിലുമെല്ലാം ഗോപിക എനിക്കു കൂട്ടായുണ്ടായിരുന്നു. അതിലു വലിയ സന്തോഷം മറ്റെന്തുണ്ട്.

മനോഹരം ഈ ഓർമകൾ
നേരത്തെ പറഞ്ഞല്ലോ ഇത്രയും വർഷത്തിനിടയിൽ തറവാടു മുതൽ സെറ്റു വരെ നീളുന്ന ആഘോഷങ്ങളുടെ കഥ പറയാനുണ്ട്. പെരുമണ്ണൂരിലെ അമ്മവീടും കസിൻസിനൊപ്പം അത്തമിടാനുള്ള പൂക്കൾക്കായുള്ള ഓട്ടവുമൊക്കെ ഓർമകളെ സുന്ദരമാക്കുന്നുണ്ട്. പൊടിമീശക്കാരനായി മംഗലാപുരത്തെ കോളജിലേക്കെത്തുമ്പോൾ ഓണം ഞങ്ങൾ മലയാളികൾക്ക് അഭിമാന പ്രശ്നമായിരുന്നു. അന്യനാട്ടിലെ സുഹൃത്തുക്കൾക്കു മുന്നില്‍ ഞങ്ങള്‍ മല്ലൂസിന്റെ പവർ കാണിക്കാൻ പുലർച്ചെ തന്നെ കോളജിലേക്കിറങ്ങും. ബാക്കിയുള്ള കുട്ടികൾ കോളജിലേക്കെത്തുമ്പോൾ ഞങ്ങളൊരുക്കിയ പൂക്കളം കണ്ട് ഞെട്ടണം. ഞങ്ങൾ മലയാളികൾ അവിടെ ആളെണ്ണത്തിൽ കുറവാണെങ്കിലും സ്ട്രെങ്ത് കാണിക്കണമല്ലോ. ആങ്കറിങ്ങും അഭിനയവുമൊക്കെ ജീവിതത്തിന്റെ ഭാഗമായതോടെ ഓണാഘോഷം സെറ്റുകളിലേക്ക് വഴിമാറി. എല്ലാം ഒന്നിനൊന്ന് സുന്ദരം.

പെണ്ണുകാണൽ vs ഉത്രാടം
ഓണം കുടുംബത്തിലേക്കെത്തുമ്പോൾ ഞങ്ങളുടെ ആഘോഷ വൈബുകളെല്ലാം ഉത്രാടത്തിന്റെ അന്നാണ് ഓണാകുന്നത്. കസിൻസും ഏടത്തിയമ്മമാരും തിരുവോണത്തിന്റെ അന്ന് കുടുംബത്തിലേക്ക് പോകുന്നതു കൊണ്ടു തന്നെ ഉത്രാട ദിനമാണ് ഞങ്ങൾ അടിച്ചു പൊളിക്കുന്നത്. കസിൻസും അച്ഛനമ്മമാരും ഉൾപ്പെടുന്ന ഉത്രാടം ഗ്യാങ്ങ് എന്ന വാട്സാപ്പ് ഗ്രൂപ്പ് തന്നെയുണ്ട്. അതിലൂടെയാണ് എല്ലാ പ്ലാനുകളും വർക്ഔട്ട് ചെയ്യുന്നത്. അങ്ങനെ ഞങ്ങൾ ഒത്തു ചേർന്നൊരു ഉത്രാട നാളിലാണ് ഞാൻ കുടുംബസമേതം ഗോപികയെ ഒഫിഷ്യലി പെണ്ണുകാണാൻ ചെല്ലുന്നത്. ഇന്ന് ആ ഗ്യാങ്ങ് വലുതായി. ഗോപികയും അനിയത്തിയും അച്ഛനും അമ്മയും എല്ലാം ചേർന്ന് കുടുംബം വലുതായിരിക്കുന്നു., ആഘോഷത്തിന്റെ തിളക്കവും ഏറിയിരിക്കുന്നു.

മലയാളി പയ്യൻ ഫ്രം തെലുങ്ക്
നിലവിൽ തെലുങ്കിലാണ് സിനിമ അവസരങ്ങൾ കൂടുതലായുള്ളത് മലയാളത്തിലാണെങ്കിലാണെങ്കിൽ പരസ്യ ചിത്രങ്ങളും. അമ്പലത്തിലൊക്കെ വച്ച് കാണുമ്പോൾ അമ്മമാരൊക്കെ പറയുന്നത്. മോനേ... ജിപി നിന്നെ പരസ്യത്തിൽ കണ്ടല്ലോ എന്നാണ്. ഓണവുമായി ബന്ധപ്പെട്ട് ഇത്തവണയും പരസ്യ ചിത്രങ്ങൾ ധാരാളമുണ്ട്. അതിലെല്ലാം ഞാനെന്റെ ജീവിതത്തിലെ നായികയേയും കൂടെക്കൂട്ടി എന്നതാണ് എടുത്ത് പറയേണ്ടത്. ഏഴോ എട്ടോ പരസ്യങ്ങൾ ഞാനും ഗോപികയും ഒന്നിച്ചു ചെയ്തു. ഞങ്ങൾ പരസ്പരം പറയാറുണ്ട്, എല്ലാവർക്കും അത്തം തുടങ്ങുന്നതു മുതലാണ് ആഘോഷം തുടങ്ങുന്നത്. പക്ഷേ പരസ്യ ഷൂട്ടുമായി ബന്ധപ്പെട്ട് ഓണം വൈബിലേക്ക് കടക്കുന്നതു കൊണ്ട് തന്നെ ഞങ്ങളുടെ ഓണാഘോഷം ചിങ്ങം മുതലേ തുടങ്ങും എന്ന്.

സദ്യയില്‍ ഫേവറിറ്റ് മധുരം തന്നെ
മധുരപ്രിയനാണ് ഞാൻ. അതുകൊണ്ടു തന്നെ സദ്യയിലും മധുരം കടന്നു പോകുന്ന വിഭവങ്ങളാണ് എന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. ഓലന്‍, ശർക്കര ഉപ്പേരി, പച്ചടി എന്നിവയൊക്കെയാണ് തൂശനിലയിലെ എന്റെ സൂപ്പർ സ്റ്റാറുകൾ. പിന്നെ പായത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. രണ്ടോ മൂന്നോ കൂട്ടം പായസം കൂടിയെത്തുമ്പോൾ ഓണ സദ്യ ബ്ലോക്ക്ബസ്റ്ററാകും.