ADVERTISEMENT

മലയാളസിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളാണു തരുൺമൂർത്തി. വൈക്കത്തപ്പന്റെ മുന്നിൽ കളിച്ചുവളർന്ന തരുൺ വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണു ഇന്നു കാണുന്നതുപോലെ നിലയിലെത്തിയത്

സിനിമ തരുൺ മൂർത്തിയുടെ സ്വപ്നമായിരുന്നു. കഥകളി നടനായും എഞ്ചിനീയറിങ് കോളജ് അധ്യാപകനായും ജോലി ചെയ്യുമ്പോഴും സിനിമയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

സിനിമാഭിനയമോഹവുമായി നടന്ന ആ കാലത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് തരുൺ മൂർത്തി. ‘വനിത’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം അദ്ദേഹം വെളിപ്പെടുത്തിയത്.

Tharun

സിനിമയിൽ അഭിനയിക്കാനായിരുന്നു തരുൺമൂർത്തിക്ക് ആദ്യം താത്പര്യം. അതിനുവേണ്ടി പല സംവിധായകർക്കും ഫോട്ടോ അയച്ചുകൊടുത്തു. സുഹൃത്തുക്കളുടെ സഹായം കൊണ്ട് ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിക്കുകയും ചെയ്തു. എന്നിട്ടും വലിയ തൃപ്തിയൊന്നും തോന്നിയില്ല. സെറ്റിൽ പോയി പല സംവിധായകരെയും കണ്ടു. അക്കൂട്ടത്തിൽ സംവിധായകൻ കമലും ബ്ലെസിയുമൊക്കെയുണ്ട്. പക്ഷേ ഒന്നും നടന്നില്ല. പിന്നെ വൈക്കത്ത് ഒരു കലാകുടുംബത്തിൽ ഉള്ള ആളാണെങ്കിലും സിനിമയിൽ പരിചയക്കാർ ആരും ഇല്ലല്ലോ? അങ്ങനെ തരുൺ മൂർത്തിക്ക് സിനിമ ഒരു സ്വപ്നം മാത്രമായി മാറി.

സിനിമ ഉള്ളിലുണ്ടെങ്കിലും അതിനുള്ള വഴികളുണ്ടായിരുന്നില്ല. കഥകളിയും ഉപജീവനമാക്കാൻ പറ്റിയില്ല. അങ്ങനെയാണു എഞ്ചിനീയറിങ് കോളജിൽ അധ്യാപകനാവാനുള്ള തീരുമാനം എടുക്കുന്നത്.

അങ്ങനെയിരിക്കെയാണ് കൊല്ലം ടി.െക.എം. എഞ്ചിനീയറിങ് കോളജിൽ ലക്ചറർ പോസ്റ്റിലേക്ക് ഇന്റർവ്യൂവിന് തരുണിനെ വിളിക്കുന്നത്. തരുണും അച്ഛൻ ഡി. മധുവും കൂടി കൊല്ലത്തേക്കു പോവുകയാണ്. ആ യാത്രയാണ് തരുണിന്റെ ജീവിതം മാറ്റി മറിച്ചത്.

തരുണിന്റെ അച്ഛൻ ഡി. മധു അറിയപ്പെടുന്ന അമേച്വർ നാടകനടനാണ്. തരുണിനെ കുട്ടിക്കാലം മുതൽ കലയുടെ വഴികളിലൂടെയാണ് അദ്ദേഹം വളർത്തിയത്. കുട്ടിക്കാലത്ത് തന്നിൽ വേരുറച്ച കലാപാരമ്പര്യമാണ് പിന്നീട് തനിക്ക് തുണയായതെന്ന് തരുൺ പല സ്ഥലങ്ങളിലും പറയുന്നുണ്ട്.

ഇന്റർവ്യു കഴിഞ്ഞ് മടക്കയാത്രയിൽ അച്ഛനും മകനും പലതും സംസാരിച്ചു. അക്കൂട്ടത്തിൽ മകന്റെ സിനിമാമോഹവും അച്ഛൻ പരാമർശിച്ചു. ആ ഒരു ചോദ്യമാണ് തരുണിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

Tharun2

അച്ഛൻ തരുണിനോടു ചോദിച്ചു;

‘തരുണിന് സിനിമയിൽ അത്രയ്ക്കും താത്പര്യമാണെങ്കിൽ സംവിധാനമോ തിരക്കഥയോ നോക്കരുതോ എന്തിനാണ് അഭിനയിക്കണമെന്ന വാശി.’

ആ ചോദ്യം തരുണിനെ ഇരുത്തി ചിന്തിപ്പിച്ചു. അങ്ങനെയാണ് തരുൺ സിനിമയുടെ മറ്റുവശങ്ങൾ ആലോചിച്ചുതുടങ്ങിയത്. ആ സമയത്തു തന്നെ തരുൺ മറ്റൊരു എഞ്ചിനീയറിങ് കോളജിൽ അധ്യാപകനായി.

നാലുവർഷം. തരുൺ നല്ലൊരു അധ്യാപകനായിരുന്നു. അതായത് കോളജിെല കലാസാംസ്കാരിക പരിപാടികളിൽ വളരെ സജീവം. കുട്ടികൾക്ക് വലിയ ഇഷ്ടം.

എങ്കിലും ആ സന്തോഷം ഒരുപാടു കാലം നീണ്ടുനിന്നില്ല. സിനിമ എന്ന തന്റെ ലക്ഷ്യം വളരെ അകലെയാെണന്ന തിരിച്ചറിവിൽ തരുൺ പിന്നീട് ഈ ജോലി രാജിവച്ചു.

അങ്ങനെ മൂന്നു വർഷം സിനിമയ്ക്കുവേണ്ടി കാത്തിരുന്നു. ഈ സമയത്ത് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായി. എങ്കിലും സിനിമ എന്ന സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചു. അതിനുവേണ്ടി അച്ഛന്റെ ഉപദേശം കൈക്കൊണ്ട് സിനിമ എഴുതി.

സിനിമയ്ക്കു മുൻപ് ചില പരസ്യചിത്രങ്ങളായിരുന്നു തരുൺ എഴുതി സംവിധാനം ചെയ്തത്. പരസ്യങ്ങൾ

എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ പരസ്യങ്ങൾ നൽകിയ ആത്മവിശ്വാസമാണ് സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ കൈമുതലെന്ന് തരുൺ മൂർത്തി പിന്നീട് പറഞ്ഞു.

ഇന്ന് മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളായി നിൽക്കുമ്പോൾ തരുൺ നന്ദി പറയുന്നത് അച്ഛന്റെ ആ ഉപദേശത്തിനാണ്. അഭിനയം മാത്രമേയുള്ളു എന്ന് വാശിപിടിച്ചിരുന്നെങ്കിൽ താൻ ഇന്ന് സിനിമയിൽ ഇത്രയും ഉയരത്തിൽ എത്തുമായിരുന്നില്ലെന്ന് തരുണിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം എല്ലാ വേദികളിലും നന്ദി പറയുന്നുണ്ട്.

ADVERTISEMENT