മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷാനവാസ്. ‘കുങ്കുമപ്പൂ’വിലെ രുദ്രന്‍, ‘സീത’യിലെ ഇന്ദ്രൻ എന്നിങ്ങനെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ഷാനവാസ് മലയാളികളുടെ ഇഷ്ടം നേടി. ഇപ്പോഴിതാ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകപ്രീതിയിൽ മുന്നിട്ടു നിൽക്കുകയാണ് താരം. അഭിനയ ജീവിതത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ഷാനവാസ് വനിതയോടു പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാണ്. വനിത ഓൺലൈനോട് ഷാനവാസ് പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...
––––––
സോഷ്യൽ മീഡിയയിൽ എന്തു കൊണ്ട് കുടുംബ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്.
എന്റെ കുടുംബത്തിന്റെ സ്വകാര്യതെ മാനിച്ചാണ് ഞാൻ അവരുടെ ചിത്രങ്ങൾ പങ്കു വയ്ക്കാത്തത്. എന്റെ കുടുംബത്തെ ജനങ്ങളെ കാണിക്കില്ല എന്ന നിർബന്ധബുദ്ധിയൊന്നും എനിക്കില്ല. അവരുടെ ചിത്രങ്ങളൊക്കെയിട്ട് ഈ നെഗറ്റീവ് കമന്റുകളിലേക്ക് വെറുതേ വലിച്ചിഴയ്ക്കുന്നതെന്തിന്.
എന്റെ ഉമ്മാന്റെ ഫോട്ടോയാണ് കുടുംബ ഫൊട്ടോ എന്ന നിലയിൽ അടുത്തിടെ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഉമ്മ മരണപ്പെട്ടിരുന്നു. ഉമ്മയ്ക്ക് തീരെ വയ്യാതെ, ഡയാലിസിസ് ചെയ്യുന്ന സമയത്താണ് ഞാൻ ആ ചിത്രം പങ്കുവച്ചത്.

ഉമ്മയുടെ രണ്ട് കിഡ്നിയും തകരാറിലായിരുന്നു. 4 വർഷമായി ഡയാലിസിസ് ചെയ്യുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളൊക്കെയുള്ളതിനാൽ കിഡ്നി മാറ്റി വയ്ക്കാനാകുമായിരുന്നില്ല. ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യുകയായിരുന്നു. മാസത്തില്‍ മഞ്ചേരിയിൽ നിന്നു കോഴിക്കോട്ടു കൊണ്ടുപോയി ചെക്കപ്പ് ചെയ്യും. അങ്ങനെ പോകുന്നതിനിടെ ഒരു ദിവസം കാർഡിയാക് അറസ്റ്റ് വന്ന്, രാത്രി ഒരു മണിക്ക് ആശുപത്രിയിലെത്തിച്ചു. പൾസ് കുറഞ്ഞു. വെന്റിലേറ്ററിലായിരിക്കെ മരിച്ചു– മാർച്ചിൽ. ഞാനപ്പോൾ ഒരു ആക്സിഡന്റില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്നു. ആകെ തകർന്നു പോയി.