‘ഇൻട്രോവർട് ആയ ആൾ സഹസംവിധായികയെ പ്രണയിക്കാന്‍ കാണിച്ച ധൈര്യം!’; മൂന്നു വർഷത്തെ പ്രണയം പറഞ്ഞ് അൽത്താഫ് സലിം

മൂന്നു വർഷത്തെ പ്രണയവും വിവാഹവും പറഞ്ഞു അല്‍ത്താഫ് സലിം വനിതയ്ക്കൊപ്പം കുടുംബസമേതം...
ഇൻട്രോവർട് ആയ ആൾ പ്രേമത്തിലേക്കു നടനായി എത്തിയതെങ്ങനെ?
പ്രേമത്തിന്റെ പ്രീ പ്രൊഡക്‌ഷൻ മുതൽ അൽഫോൺസിനൊപ്പമുണ്ട്. സിനിമയുടെ ടെക്നിക്കൽ കാര്യങ്ങളൊക്കെ പഠിക്കുകയാണു ലക്ഷ്യം. അങ്ങനെയാണു മേരിയുടെ കൂട്ടുകാരനായ ജഹാംഗീറാകാൻ അവസരം വന്നത്. സ്കൂൾ യൂണിഫോമിൽ റെഡിയായി, പറഞ്ഞു തന്നതു പോലെ അഭിനയിച്ചു. പക്ഷേ, ഷോട്ട് കഴിഞ്ഞു സംവിധായകൻ കട്ട് വിളിക്കുമ്പോൾ പഴയ ഇൻട്രോവർട് തന്നെയായി മാറി.
മന്ദാകിനിയിൽ നായകനാകാൻ സംവിധായകൻ വിനോ ദും ക്യാമറാമാൻ ഷിജുവും വിളിച്ചപ്പോഴും കൺഫ്യൂഷനായിരുന്നു. അത്ര ആത്മവിശ്വാസമില്ല എന്നൊരു തോന്നൽ. തിരക്കഥ വായിച്ചപ്പോഴാണു കംഫർട് സോണിൽ നിൽക്കുന്ന സിനിമയാണെന്നു മനസ്സിലായത്. സിനിമ വിജയിച്ചെങ്കിലും അതൊന്നും തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഇല്ല.
പക്ഷേ, സഹസംവിധായികയെ പ്രണയിക്കാനുള്ള ധൈര്യം കാണിച്ചു?
അൽത്താഫ് : സിനിമയുമായി അടുപ്പമുള്ളയാൾ എന്നതായിരുന്നു ശ്രുതിയോടു തോന്നിയ ഇഷ്ടത്തിന്റെ കാരണം. സംസാരിച്ചപ്പോൾ ആ ഇഷ്ടം കൂടി. മൂന്നുവർഷം പ്രണയിച്ച ശേഷമാണ് വിവാഹം.
സൗഹൃദം പ്രണയത്തിലേക്കെത്തിയപ്പോൾ തന്നെ വീട്ടിൽ വിവരം പറഞ്ഞിരുന്നു. രണ്ടു മതത്തിൽ പെട്ടവരായതിന്റെ കൺഫ്യൂഷൻ ഉണ്ടായിരുന്നെങ്കിലും അവർക്കെല്ലാം സന്തോഷമായിരുന്നു ആ തീരുമാനം. വീട്ടിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം.
ശ്രുതി : കോഴിക്കോടാണ് എന്റെ നാട്. വിഷ്വൽ കമ്മ്യൂണിണിക്കേഷനിൽ മാസ്റ്റേഴ്സ് ചെയ്തശേഷം സംവിധായിക അഞ്ജലി മേനോന്റെ അസിസ്റ്റന്റായി ബാംഗ്ലൂർ ഡേയ്സിലാണു തുടക്കം. പിന്നെ, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനൊപ്പം സപ്തമശ്രീ തസ്കര.
അദ്ദേഹത്തിന്റെ ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ഷൂട്ടിങ് കാട്ടിൽ നടക്കുമ്പോഴാണു പ്രേമം നാട്ടിൽ റിലീസായത്. അതുകൊണ്ടു സിനിമ കാണാൻ പറ്റിയിരുന്നില്ല. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഒറ്റപ്പാലത്തു നടക്കുന്നതിനിടെ ഒരു ദിവസം അനിലേട്ടൻ പറഞ്ഞു, ‘ഇന്നൊരു ഗസ്റ്റ് ഉണ്ട്, ദിവസം അഞ്ചു സിനിമ കാണുന്ന ഒരാളാണ് വരുന്നത്...’
കുറച്ചു സമയത്തിനകം അൽത്താഫ് വന്നു. കണ്ട സിനിമകളെ കുറിച്ചൊക്കെ വളരെ സോഫ്റ്റായി സംസാരിച്ച് എ ല്ലാവർക്കുമൊപ്പം ഉച്ചയൂണു കഴിച്ചാണ് അൽത്താഫ് പോയത്. കുറച്ചുദിവസം കഴിഞ്ഞ് അൽത്താഫിന്റെ ഫോൺ, ‘ഒന്നു സംസാരിച്ചാലോ...’ ആ സംസാരം പ്രണയത്തിലേക്കും വിവാഹത്തിലുമെത്തി.
പ്രണയകാലത്തു രണ്ടുപേരും ഒന്നിച്ച് ദിവസം അഞ്ചു സിനിമകള്‍ കണ്ടിട്ടുണ്ടോ?
ശ്രുതി : സിനിമ കാണാൻ പോകുന്നതാണു ഞങ്ങളുടെ ഒ രു ഡേറ്റ്. അന്ന് ഐമാക്സ് കേരളത്തിൽ വന്നിട്ടില്ല. പല സിനിമയും കാണാൻ കോയമ്പത്തൂരിലെ ഐമാക്സിലേക്കു ഞങ്ങളൊന്നിച്ചു പോകുമായിരുന്നു.
ഞണ്ടുകളുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. അതിൽ സഹസംവിധായികയാകാൻ വിളിച്ചെങ്കിലും വേറേ വർക്കിന്റെ തിരക്കിലായതിനാൽ സബ് ടൈറ്റിൽ മാത്രമാണു ചെയ്യാനായത്. സിനിമ റിലീസായ ദിവസം ഞങ്ങൾ രണ്ടും കൂടി തിയറ്ററിൽ പോയി.
പക്ഷേ, അ ൽത്താഫ് അകത്തേക്കു കയറാതെ പടിക്കെട്ടിൽ തന്നെയിരുന്നു. ആ സിനിമ ഇപ്പോഴും അൽത്താഫ് കണ്ടിട്ടില്ല. വിവാഹം കഴിഞ്ഞ സമയത്താണു സഖാവ് റിലീസായത്. സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ ‘പോകാം’ എന്നു പറഞ്ഞ് അൽത്താഫ് പുറത്തിറങ്ങി, പിന്നാലെ ഞാനും. അതിനു ശേഷം അൽത്താഫ് അഭിനയിച്ച മൂന്നു സിനിമകളേ ഞാൻ തിയറ്ററിൽ പോയി (സുഹൃത്തുക്കൾക്കൊപ്പം) കണ്ടിട്ടുള്ളൂ, പാച്ചുവും അത്ഭുതവിളക്കും, മന്ദികിനിയും പ്രേമലുവും.
മോന്റെ കാര്യങ്ങളുമായി തിരക്കിലാകുന്നതു വരെ സിനിമ തന്നെയായിരുന്നു മേഖല. ആട്ടം വരെയുള്ള സിനിമകളിൽ സബ് ടൈറ്റിലിങ് ചെയ്തു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ തനയ് ഇഷാനു വേണ്ടി ഇപ്പോൾ തത്കാലം ബ്രേക് എടുത്തിരിക്കുകയാണ്.
അൽത്താഫിന്റെ മനസ്സിലുള്ള കഥകൾ ആദ്യം കേൾക്കുന്നതു ഞാനാണ്. ഓടും കുതിരയുടെ കഥ പറയുമ്പോൾ മോൻ ജനിച്ചിട്ടു പോലുമില്ല.