‘പ്രേമലു’ എന്ന സിനിമയിലൂടെ മമിത ബൈജു കവർന്നതു തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. തമിഴിൽ ചുവടുവച്ച ആദ്യ വ ർഷം തന്നെ മമിതയുടെ പേരു കേട്ടത് വിജയ്, ധനുഷ്, സൂര്യ എന്നിവരുടെ സിനിമകളിലും. പുതിയ സിനിമാ വിശേഷങ്ങളും ഓണാഘോഷ പ്ലാനും പങ്കുവയ്ക്കുന്നു മമിത.
പ്രേമലു 2 എവിടെയെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ടല്ലോ?
പ്രേമലു 2 ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ഞാനും. ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ചിത്രീകരണം നീട്ടിവച്ചെന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്, ടീമിന്റെ റീയൂണിയന് വേണ്ടി.
ഗിരിഷേട്ടന്റെ ‘ബത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിവിൻ ചേട്ടനൊപ്പം രണ്ടാമത്തെ ചിത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സ്കൂൾ, കോളജ് കാലഘട്ടം ഓർത്തുപോകും. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണു മ ലർവാടി ആർട്സ്‌ക്ലബും തട്ടത്തിന്‍ മറയത്തുമെല്ലാം ഇറങ്ങുന്നത്.
പ്രേമം ഇറങ്ങിയപ്പോൾ പിന്നെ എവിടെ നോക്കിയാലും കറുത്ത ഷർട്ടും വെള്ള മുണ്ടും മാത്രമായിരുന്നു. പറഞ്ഞു വരുന്നത് നിവിൻ ചേട്ടനുണ്ടാക്കിയ ഓളത്തെക്കുറിച്ചാണ്. അന്നു വിദൂര സ്വപ്നത്തിൽപ്പോലും അ ദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന ചിന്ത ഇല്ലായിരുന്നു.
മമിതയുടെ ജീവിതത്തോടു കൂടുതൽ േചർന്നു നിൽക്കുന്നതു സോനയാണോ റീനുവാണോ?
എന്റെ സ്വഭാവത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നത് പ്രേമലുവിലെ റീനുവാണ്. പ ക്ഷേ, പലർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്നതു സൂപ്പർ ശരണ്യയിലെ സോനയോടാണ്. എന്നാലിന്നെന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണു സോനയ്ക്കുള്ളത്. കാരണം, സൂപ്പർ ശരണ്യയിൽ അഭിനയിക്കുന്ന സമയത്തു ശരണ്യയെപ്പോലെ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു എനിക്ക്.
പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോഴും വേദിയിൽ കയറുന്നതിനു മുൻപുമൊക്കെ കയ്യും കാലും വിറയ്ക്കുമായിരുന്നു. പേടികൊണ്ട് ഉൾവലിയുന്നതാണ് കാര്യം. പ ലരും ആ അവസ്ഥയെ ജാഡ, അഹങ്കാരം എന്നൊക്കെയാണു വിളിച്ചത്. പെൺകുട്ടിക ൾ ബോൾഡ് ആയിരിക്കണമെന്നു പഠിപ്പിച്ചതു സോനയാണ്.
ഒരുപാടു പ്രത്യേകതകളുള്ള ഓണമാണല്ലോ ഈ വർഷം. ആഘോഷങ്ങൾ എന്തൊക്കെ?
വീട്ടിലെ ഓണം മാത്രം ശീലമുള്ള ആളാണു ഞാൻ. മാത്രമല്ല, വീട്ടിൽ ഓണം കൂടുക എന്ന പതിവു തെറ്റില്ല എന്നൊരു ആത്മവിശ്വാസവുമുണ്ടായിരുന്നു. അതു തെറ്റി.
ഈ വർഷം വീട്ടിലെന്നല്ല, നാട്ടിൽ പോലും ഞാനുണ്ടാവില്ല. തമിഴ്നാട്ടിലാകും ഇക്കുറി ഓണം. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. സങ്കടമുണ്ടെങ്കിലും മറ്റൊരർഥത്തിൽ ഒത്തിരി ഭാഗ്യങ്ങളുമായാണ് ഓണം എത്തുന്നത്. കഴിഞ്ഞ വർഷം ഓണം ആഘോഷിക്കുമ്പോൾ ഈ മാറ്റം ഞാൻ പ്രതീക്ഷിച്ചതേയില്ല.

ഓണം എനിക്ക് മിസ് ആകാതിരിക്കാനായി എന്റെ ടീം എനിക്കു വേണ്ടി ചെന്നൈയിൽ ആഘോഷങ്ങളും സദ്യയുമൊക്കെ ഒരുക്കുകയാണ്.
തമിഴിൽ തിരക്കാകുകയാണല്ലോ?
ആണല്ലേ? (പൊട്ടിച്ചിരിച്ചുകൊണ്ട്) ദൈവാനുഗ്രഹമാണ്. തമിഴിൽ പ്രോജക്ടുകൾ ഓൺ ആയിട്ടുണ്ട്. വിജയ്ക്കൊപ്പം ജനനായകനിൽ അഭിനയിച്ചു. ധനുഷിന്റെ ഡി54ലും പ്രദീപ് രംഗനാഥിനൊപ്പം ഡ്യൂഡിലും വിഷ്ണു വിശാലിനൊപ്പം ഇരണ്ടു വാനത്തിലുമുണ്ട്.
സൂര്യയ്ക്കൊപ്പമാണു പുതിയ ചിത്രം. നിലവിൽ ഇത്രമാത്രമേ പറയാന്‍ സാധിക്കൂ. കൂടുതൽ വിശേഷങ്ങൾ ഉടനേ അറിയിക്കാം.അതുവരെയെല്ലാം സസ്പെൻസ്. മലയാളത്തിൽ ബത്‌ലഹേം കുടുംബയൂണിറ്റും സംഗീത് പ്രതാപിനൊപ്പമുള്ള സിനിമയുമാണ് പുതിയ വിശേഷങ്ങൾ.
പുതിയ ഉയരങ്ങളിലേക്കു പറക്കുമ്പോൾ ആത്മവിശ്വാസം കൂടിയിട്ടുണ്ടോ?
അത്ര വലിയ ഉയരത്തിലേക്കെത്തി എന്നു കരുതാറായിട്ടില്ല. മുൻസിനിമകൾ നൽകുന്ന ആത്മവിശ്വാസവുമായി ഒരു സെറ്റിലേക്കും ചെല്ലാറുമില്ല. ഓരോ സംവിധായകനും തിര ക്കഥാകൃത്തിനും ആവശ്യമുള്ള കണ്ടന്റുകൾ വ്യത്യസ്തമായിരിക്കും. റിഫ്രഷ്ഡ് ആയി പോകുന്നതു കഥാപാത്രമായി മാറുക എന്ന കടമ്പ കുറച്ചുകൂടി എളുപ്പമാക്കും.
സ്വാഭാവികമായും പ്രായവും അനുഭവങ്ങളും സമ്മാനിക്കുന്ന തിരിച്ചറിവുകൾ വലുതാണ്. വ്യക്തി എന്ന നിലയി ൽ ആത്മവിശ്വാസം കൂട്ടാൻ ഇതു സഹായിച്ചിട്ടുണ്ട്.
ഡബ്ബിങ് ആർട്ടിസ്റ്റിന്റെ റോളിലും തിളങ്ങിയല്ലോ?
എആർഎമ്മിൽ കൃതി ഷെട്ടിക്കു വേണ്ടി ഡബ് ചെയ്തു. വോയ്സ് ടെസ്റ്റിലൂടെ കിട്ടിയ അവസരമാണ്. വോയ്സ് ഓക്കെ ആയതോടെ ഒറ്റ ദിവസംകൊണ്ടു മുഴുവൻ ഡബ് ചെയ്തു. അൽപം ബുദ്ധിമുട്ടിയെങ്കിലും നല്ല അനുഭവമായിരുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന ധൈര്യം ടീനേജ് മുതൽ ആസ്വദിക്കുന്ന ആളാണല്ലോ?
വളരെയധികം അഭിമാനമുണ്ട്. യഥാർഥത്തിൽ ഞാനാദ്യമായി ശമ്പളം വാങ്ങുന്നത് ആറു വയസ്സുള്ളപ്പോഴാണ്. അന്നു കുട്ടികൾക്കു വേണ്ടിയുള്ള ഫാഷൻ ഷോയിൽ പ ങ്കെടുത്തിരുന്നു. ഷോയിൽ വിജയികളായവരുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഇറങ്ങാറായപ്പോൾ 500 രൂപ കയ്യിൽ തന്നു. അതാണ് എന്റെ ആദ്യ ശമ്പളം. ആ തുകയുടെ വലുപ്പമോ അതുകൊണ്ട് എന്തു ചെയ്യണമെന്നോ അന്ന് എനിക്കറിയില്ലായിരുന്നു.
മിഡിൽക്ലാസ് കുടുംബമാണ് ഞങ്ങളുടേത്. എങ്കിലും അതിന്റേതായ ടെൻഷനുകളും പ്രതീക്ഷകളും അച്ഛനും അമ്മയും എന്നിലേക്കോ ചേട്ടനിലേക്കോ ഇറക്കിവച്ചില്ല. പെട്ടെന്നൊരു ജോലി വാങ്ങൂ, സെറ്റിൽഡ് ആകൂ തുടങ്ങിയ ചർച്ചകൾക്കു ഞങ്ങളുടെ വീട്ടിലേക്കു പ്രവേശനമുണ്ടായിരുന്നില്ല. ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സമയവും അവർ തന്നു. അവർ ധൃതി കൂട്ടിയിരുന്നെങ്കിൽ ഈ യാത്ര എന്റെ സ്വപ്നം മാത്രമായി ഒതുങ്ങിയേനെ. ഇന്നു സ്വയം താങ്ങാകുന്നതിനൊപ്പം കുടുംബത്തേയും സംരക്ഷിക്കാനാകും എന്ന ആത്മവിശ്വാസമുണ്ട്.
കാലം മാറിയാലും സൈബറിടം മാറാൻ മടിക്കുന്നു എന്നു തോന്നുന്നുണ്ടോ?
സോഷ്യൽ മീഡിയ നൽകുന്ന സാധ്യതകൾ വളരെ വലുതാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും സൈബർ സ്പേസിലെ മനോരോഗികളുടെ പ്രവർത്തികൾ വിഷമിപ്പിക്കാറുണ്ട്. വളരെ നോർമലായ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ എന്തു സന്തോഷം കിട്ടുന്നുവെന്നു മനസ്സിലാകുന്നില്ല.
എത്രയൊക്കെ കണ്ടില്ലെന്നു നടിച്ചാലും ചിലതൊക്കെ മുന്നിൽ വന്നു പെടും. ഇപ്പോൾ പലതും അത്ര കാര്യമാക്കാറില്ല. കാരണം ഞാൻ തിരഞ്ഞെടുത്ത തൊഴിൽ മേഖലയിൽ സ്ത്രീകൾ അൽപം ബോൾഡ് ആയി നിന്നേ മതിയാകൂ. എഐ വിഡിയോകളും ചിത്രങ്ങളും ഇടയ്ക്കൊക്കെ കുഴപ്പിക്കാറുണ്ട്. ഏതാ ഒറിജിനൽ?, ഏതാ എഐ എന്നു കണ്ടെത്തുക പ്രയാസമാണ്.
മമിതയെ സ്പെഷലാക്കുന്നതെന്താണ്?
ചെയ്യുന്ന എല്ലാ പ്രവർത്തികളും നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യാറുണ്ട്. പിന്നെ ഓരോ നേട്ടങ്ങൾക്കും പ്രോത്സാഹനമെന്ന രീതിയിൽ കൊച്ചു കൊച്ചു സമ്മാനങ്ങൾ സ്വയം നൽകും. അതൊരുപക്ഷേ ഇഷ്ടപ്പെട്ട ഡ്രസോ ബാഗോ ഒക്കെയാകാം. എന്റെ സന്തോഷം എന്റെ ഉ ത്തരവാദിത്തമാണല്ലോ.