ADVERTISEMENT

ക്രിക്കറ്ററാകാൻ മോഹിച്ച മലപ്പുറംകാരൻ
അഞ്ചാള് കൂടിയാ ഫുട്ബോൾ കളിക്കുന്ന സ്ഥലമാണു മലപ്പുറം. അങ്ങനെ ടോട്ടൽ ഫുട്ബോൾ ജ്വരം പടർന്ന മലപ്പുറത്തെ ഒരു ക്രിക്കറ്റ് ഹബാണു ഞങ്ങളുടെ പെരിന്തൽമണ്ണ.
രവീന്ദ്ര ജഡേജയെ അടുപ്പമുള്ളവർ ജഡ്ഡു ബോയ് എന്നാണല്ലോ വിളിക്കുന്നത്. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സഫാൻ എന്ന ഞാൻ സാഫ് ബോയ് ആയി. അതു ക്ലിക്കായതോടെ സഫാൻ എന്ന പേര് ബാക് ഫുട്ടിലേക്കിറങ്ങി. ഇപ്പോൾ എല്ലായിടത്തും സാഫ്ബോയ്. 11ാം വയസ്സിൽ തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിൽ കയറി. കേരളത്തിനു വേണ്ടി അണ്ടർ 14, 16, 19, 23 വിഭാഗങ്ങളിൽ കളത്തിലിറങ്ങി. അണ്ടർ 23 കളിക്കുമ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ സീൻ ആകെ മാറി.    
സഞ്ജു ചേട്ടനും (സഞ്ജു സാംസൺ) ഞാനും ഒരുമിച്ച് അക്കാദമിയിലുണ്ടായിരുന്നു. ചേട്ടൻ വഴി രാജസ്ഥാൻ റോയൽസിന്റെ കേരള പിആർ ടീമിന്റെ ഭാഗമായി.
‘തന്ത വൈബ്’ ഇന്നും ലൈവ്
ആയിടയ്ക്കാണ് ഗുരുവായൂർ അമ്പലനടയിലേക്കുള്ള വിളി വരുന്നത്. അയ്യോ അതു പറയണമെങ്കിൽ സിനിമയിലേക്കെത്തിയ റൂട്ട് മാപ് ആദ്യം പറയണമല്ലോ അല്ലേ.
മത്സരങ്ങളും പ്രാക്ടീസും ഒന്നുമില്ലാതിരുന്ന കോവിഡ് കാലത്തെ മടുപ്പു മാറ്റാൻ സഹായിച്ചതു സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനാണ്. ആദ്യം ഒറ്റയ്ക്കും പിന്നെ അനിയൻ അനുവിനുമൊപ്പം റീൽസ്  ചെയ്തു. ‘മലയാള മനോരമയുടെ വാക്ക് 2024’ൽ കയറിപ്പറ്റിയ ‘തന്തവൈബ്’ എന്ന വാക്കിനു പിന്നിലും ഞങ്ങൾ പുതിയങ്ങാടി കുടുംബത്തിലെ പിള്ളേരാണ്‌ട്ടോ ഉള്ളത്.
കസിൻസിനിടയിലെ   പ്ലാൻ മുടക്കികളെ ഉഷാറാക്കാൻ ഉപയോഗിക്കുന്ന വാചകമാണ് ‘ഇങ്ങള് തന്തവൈബ് ഇറക്കല്ലേ’ എന്നത്. അതു റീലിൽ ഉപയോഗിച്ചു. അതോടെ സംഗതി വേറെ വൈബായി! റീലുകൾ കണ്ടിട്ടാണ് 18പ്ലസ് എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഉപ്പ അസ്ലമും ഉമ്മ റെജീനയും തുറന്ന പ്രശംസയും പ്രോത്സാഹനവും തരാറില്ലെങ്കിലും രണ്ടാൾക്കും ഞങ്ങൾ ചെയ്യുന്നതൊക്കെ ഇഷ്ടമാണ്.
വഴിവെട്ടിയ വാഴ
 18 പ്ലസിൽ നിന്ന് നേരെ ഗുരുവായൂർ അമ്പലനടയിലേക്കു വഴി തുറന്നു കിട്ടി. ഇടയ്ക്ക് ഷൂട്ടിൽ ബ്രേക്ക് വന്നപ്പോഴാണ് സംവിധായകൻ വിപിൻ ചേട്ടൻ ‘വാഴ’യെക്കുറിച്ചു പറഞ്ഞത്. കഥ കേട്ടപ്പോൾ സത്യത്തില്‍ ആദ്യമൽപം നിരാശ തോന്നി. കൂട്ടുകാർക്കൊപ്പം ഞാനില്ലല്ലോ. മാത്രമല്ല, എന്റെ കഥ സെപ്പറേറ്റ് ട്രാക്കിലാണ് ഓടുന്നത്.
പക്ഷേ, മക്കൾ വിദേശത്തുള്ള അച്ഛനമ്മമാരൊക്കെ ഓടി വന്നു കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോഴാണ് എത്ര ഡെപ്ത്തുള്ള കഥാപാത്രമാണു വിപിൻ ചേട്ടൻ എനിക്കു തന്നതെന്നു മനസ്സിലാകുന്നത്. പിന്നാലെ വന്ന സിനിമയാണു പടക്കളം.
ഓട്ടവും ചാട്ടവും
അൽത്താഫ് ഇക്ക  സംവിധാനം ചെയ്ത ‘ഒാടും കുതിര ചാടും കുതിര’യുടെ സഹതിരക്കഥാകൃത്തായ അനുരാജ് ആണ് ഋഷി എന്ന കഥാപാത്രമായി എന്നെ സജസ്റ്റ് ചെയ്തത്. ഞണ്ടുകളുടെ നാട്ടിലൊരിടവേള മുതൽ ഞാൻ അൽത്താഫ് ഇക്കയുടെ ഫാൻ ആണ്. ഫഹദിക്കയുടെ അഭിനയം സ്ക്രീനിൽ കാണുമ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്, ഈ വിദ്യയൊന്നു നേരിട്ടു കാണാൻ കഴിഞ്ഞെങ്കിലെന്ന്. അതു സാധിച്ചു.
നിവിൻ പോളിക്കൊപ്പം ഫാർമ എന്ന വെബ് സീരീസും ഡാർക്ക് ഹ്യൂമർ ജോണറിൽ ഹേമന്ത് രമേശ് സംവിധാനം ചെയ്യുന്ന സ്റ്റാർട് അപ് കഥയുമാണു മറ്റു വിശേഷങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT