Thursday 02 February 2023 03:06 PM IST

സിഗരറ്റ് വലി വീട്ടിൽ പിടിച്ചപ്പോൾ നാടുവിട്ടു, മുംബൈയിലും മദ്രാസിലും അലഞ്ഞു നടന്ന ‘തലതെറിച്ച’ പയ്യൻ: ഹരിഹരന്റെ ത്രസിപ്പിക്കുന്ന ജീവിതം

Delna Sathyaretna

Sub Editor

hariharan

ജന്മം കൊണ്ടു പാലക്കാട്ടുകാരനും കർമം കൊണ്ടു മുംബൈക്കാരനുമായ ‘തലതെറിച്ചൊരു’ നല്ല മനുഷ്യൻ. വീടു വിട്ട് ഓടിയകലുന്ന കുരുന്നുകളെ സുരക്ഷിതത്വത്തോടെ വീട്ടുകാരുമായി ഒന്നിപ്പിക്കുന്നതു ജീവിതലക്ഷ്യമാക്കിയ ഹരിഹരൻ സുബ്രഹ്മണ്യത്തെ അങ്ങനെയും വിശേഷിപ്പിക്കാം. പാലക്കാട് കോളജ് റോഡിലെ സൂര്യകിരണ്‍ എന്ന തമിഴ് അയ്യർ സമ്പന്നകുടുംബത്തിൽ നിന്നു പഠിച്ച ജീവിതപാഠങ്ങൾക്കപ്പുറം അ ദ്ദേഹത്തിന്റെ പാഠശാലകളായതു വാഹന വർക്ക്ഷോപ്പും ചരക്കുലോറിയും പാചകശാലയുമൊക്കെയാണ്. അതിനിടയാക്കിയതു മൂന്ന് ഒളിച്ചോട്ടങ്ങളും.

എന്തിനായിരുന്നു വീട്ടിൽ നിന്നുള്ള ആ ഒളിച്ചോട്ടങ്ങൾ?

വളരെ കർക്കശമായ അന്തരീക്ഷമായിരുന്നു വീട്ടിൽ. സ്വാതന്ത്ര്യം വേണമെന്നു മോഹിച്ചാണ് ഓടിപ്പോയത്. ബന്ധിക്കുന്നതു സ്വർണക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്നു പറയുന്നതു പോലെ, സ്കൂള്‍ പഠനകാലത്ത് പെൻസിലിന്റെ പേരിൽ ഒരു പ്രശ്നമുണ്ടായി. എന്റെ പെൻസിൽ ഒരു കൂട്ടുകാരനു കൊടുത്തതായിരുന്നു കാരണം. വീട്ടിലന്വേഷിച്ചപ്പോൾ പിറ്റേദിവസം തന്നെ വാങ്ങി വരാമെന്നും പറഞ്ഞു. പക്ഷേ, പിറ്റേദിവസം കൂട്ടുകാരന്‍ പെൻസിൽ തിരികെ തന്നില്ല. പെൻസിലില്ലാതെ വീട്ടിൽ പോകാൻ പേടിയായി. അങ്ങനെ ആ രാത്രി ആരോടും പറയാതെ വീടുവിട്ടിറങ്ങി. അധികം വൈകാതെ തന്നെ അന്നു തിരിച്ചെത്തി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലി വീട്ടിൽ പിടിച്ചതിനായിരുന്നു രണ്ടാമത്തെ ഒ ളിച്ചോട്ടം. അന്നു പതിനാലു വയസ്സേയുള്ളൂ. ജയന്തി ജനത ട്രെയിനില്‍ കയറി മുംബൈയ്ക്കാണു പോയത്. അവിടെയൊരു ടയർ പങ്ചർ കടയിൽ സഹായിയായി. കടയിലെത്തിയ നാഷനൽ പെർമിറ്റ് ലോറിയിൽ കയറിക്കൂടി പുണെയിൽ പന്ത്രണ്ടു ദിവസത്തോളം കറങ്ങിനടന്നു. ലോറി മുതലാളി ശരിയല്ലെന്നു മനസ്സിലായപ്പോൾ പാലക്കാടൊന്നു പോയി വരാമെന്നോർത്തു ട്രെയിൻ കയറി. റെയിൽവേ സ്റ്റേഷനിൽ വച്ചു വീട്ടുകാരുടെ ക ണ്ണില്‍പ്പെട്ടു. അങ്ങനെ വീട്ടിലെത്തി.

പ്രതീക്ഷിച്ചതു പോലെ പത്തിൽ തോറ്റില്ല. പ്ലസ് ടു വിനു ക്ലാസിൽ ഫസ്റ്റായി. ഇതിനിടയിൽ എൻ സിസിയിലും ചേർന്നു. ക്ലാസിൽ പോലും കയറാതെ റിപ്പബ്ലിക് ഡേ പരേഡിനു വേണ്ടിയുള്ള തയാറെടുപ്പുകൾ പൂർത്തിയായപ്പോഴാണ് അതിനു വിടില്ലെന്നു വീട്ടിൽ നിന്നു പറഞ്ഞത്.

മാഷൊക്കെ വന്നു സംസാരിച്ചിട്ടും രക്ഷയുണ്ടായില്ല. അടുത്ത ബർത്ഡേക്ക് സിഗരറ്റു വലി പിന്നെയും പിടികൂടി. എല്ലാം കൂടെ വഷളാകുന്നെന്നു തോന്നിയപ്പോൾ മൂന്നാം തവണ വീട്ടിൽ പറഞ്ഞിട്ടു തന്നെ ഇറങ്ങിപ്പോയി.

കുടുംബം വിട്ടു മാറിനിന്നപ്പോൾ തിരികെ എങ്ങനെയെങ്കിലും എത്തിയാൽ മതിയെന്നു തോന്നിയില്ലേ ?

കൊടൈക്കനാലിലേക്കാണ് ആദ്യം പോയത്. ദിവസങ്ങൾ അലഞ്ഞു നടന്നിട്ടും ജോലി കിട്ടിയില്ല. അവിടെ നിന്നു മദ്രാസിലേക്ക്. റോഡിൽ പാത്രം കഴുകലും ബേക്കറിയിൽ ജോലിയുമൊക്കെയായി ഒരു വർഷം കഴിഞ്ഞു കൂടി. ആദ്യ ആ റുമാസം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

പിന്നീടു കഠിനമായി ജോലിയെടുത്ത് അൽപം പണമൊക്കെ സമ്പാദിച്ചു. പാലക്കാടു പോയി വിവരങ്ങളൊക്കെയറിഞ്ഞു വരാമെന്നോർത്തു ടിക്കറ്റെടുത്തു. പക്ഷേ, പാലക്കാടെത്തി തങ്ങിയ ഹോട്ടൽ അച്ഛന്റെ പരിചയക്കാരുടേതായിരുന്നു. അങ്ങനെ കാര്യം വീട്ടിലറിഞ്ഞു. വീണ്ടും വീട്ടിലെത്തി മുടങ്ങിപ്പോയ ബികോം പഠനം തുടങ്ങി. പേപ്പറുകളൊക്കെ വേഗം എഴുതിയെടുത്തു. എംകോമിനു പഠിക്കുമ്പോ ൾ പുണെയിൽ എംബിഎയ്ക്ക് അഡ്മിഷൻ കിട്ടി.

പഠനം പൂർത്തിയാക്കിയപ്പോള്‍ ബിസിനസ് തുടങ്ങാനാ യിരുന്നു മോഹം. കോൾസെന്റർ ബിസിനസും മറ്റുമായി പ ണമുണ്ടാക്കാനുള്ള തീവ്രശ്രമമായിരുന്നു പിന്നീടങ്ങോട്ട്. പേസ് സെറ്റേഴ്സ് ബിസിനസ് സൊല്യൂഷ്യൻസ് എന്ന പേരിൽ, ബിസിനസുകൾക്കു വളരാനുള്ള പദ്ധതികൾ തയാറാക്കുന്ന കമ്പനി തുടങ്ങി. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും റോബട്ടിക് പ്രോസസ് ഓട്ടോമേഷന്റെയും സഹായത്തോടെയായിരുന്നു പ്രവര്‍ത്തനം. ഹെഡ്ഓഫിസ് മുംബൈയിലാണ്. രണ്ടായിരത്തി പതിനഞ്ചോടെ കൊ ൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി പലയിടത്തും ഓഫിസും ആറായിരത്തോളം സ്റ്റാഫുമുള്ള ബിസിനസ് നെറ്റ്‍വർക്കായി അതു വളർന്നു.

തിരക്കിട്ട ബിസിനസിനിടയില്‍ സേവനവഴികളിലേക്കു തിരിഞ്ഞത് ?

ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയാണ് വഴിത്തിരിവായത്. മുംബൈയിലൊരു ലെവൽ ക്രോസിൽ വാഹനം നിര്‍ത്തിയിട്ടിരുന്നപ്പോള്‍, മുഷിഞ്ഞ വസ്ത്രങ്ങളും തിളക്കമുള്ള കണ്ണുകളുമുള്ള ഒരു കൗമാരക്കാരനെ കണ്ടു. ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായി എന്ന് അവനെ കണ്ടാലറിയാം. ഉച്ചഭക്ഷണത്തിനുള്ള സാൻവിച് കയ്യിൽ കരുതിയിരുന്നു. അത് ആ പയ്യനു കൊടുത്തു. അവനതു തനിയെ കഴിക്കാതെ മറ്റൊരു കുട്ടിയുമായി പങ്കിട്ടു കഴിക്കുന്നത് ഒരു നോക്കേ കാണാൻ പറ്റിയുള്ളൂ. അപ്പോഴേക്കും എന്റെ വാഹനം മുന്നോട്ടു നീങ്ങിയിരുന്നു.

ആ കൗമാരക്കാരനില്‍ ഞാന്‍ എന്നെത്തന്നെയാണു കണ്ടത്. വർഷങ്ങൾക്കു മുൻപ് വീടുവിട്ടു തെരുവിലുറങ്ങി വിശപ്പിന്റെ വിളിയും അധ്വാനത്തിന്റെ ശക്തിയും തിരിച്ചറിഞ്ഞ അതേ ഞാൻ! കാർ നിർത്തി, അ ന്നത്തെ അപ്പോയ്ന്റ്മെന്റുകളെല്ലാം റദ്ദാക്കി അവരുടെ അ ടുത്തേക്കു ഞാന്‍ െചന്നു. കുറേയധികം നേരം സംസാരിച്ചു. അതൊരു വലിയ തിരിച്ചറിവായിരുന്നു. വീടുവിട്ട് ഓടിവരുന്ന കുട്ടികൾക്ക് സഹായം വേണമെന്നും അവരെ വേണ്ടപ്പെട്ടവരുടെ അടുത്തേക്കും നല്ല ജീവിതത്തിലേക്കും തിരികെ കൊണ്ടുവരാൻ പലതും ചെയ്യേണ്ടതുണ്ടെന്നുമുള്ള ലക്ഷ്യബോധമാണ് അന്നു മനസ്സിൽ പതിഞ്ഞത്.

hariharan-1

ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷന്റെ നേതൃത്വത്തി ലാണോ ഓടിപ്പോയ കുട്ടികളെ വീണ്ടെടുക്കുന്നത് ?

സമതോൾ, ഫ്രീ ചിൽഡ്രൻ, ചിൽഡ്രൻ റീയുണൈറ്റഡ് എ ന്നീ ഫൗണ്ടേഷനുകളുടെയും ട്രസ്റ്റുകളുടെയും ജനനമായിരുന്നു പിന്നീട്. വീടുവിട്ട് അലഞ്ഞു നടക്കുന്ന കുട്ടികളെ,റെയിൽവേ സ്റ്റേഷനിലും മറ്റും മാഫിയകളുടെ കയ്യിൽപ്പെടും മുൻപ് രക്ഷിച്ചു വീട്ടുകാരിലേക്കു തിരികെയെത്തിക്കാനുള്ള കരുതലുകളെല്ലാം സ്വീകരിച്ചു. അവർക്കു ഭക്ഷണവും കൗൺസലിങ്ങും നൽകി. വൈകാരികമായി വേഗം മനസ്സു തുറക്കുന്നവരും കള്ളത്തരങ്ങൾ ഉള്ളിലൊളിപ്പിച്ചു പിടിതരാത്തവരും ഒക്കെ കുട്ടികളിലുണ്ടായിരുന്നു. കഴിയുന്നത്ര കുട്ടികളെ സ്വന്തം വീട്ടിലേക്കു തന്നെ തിരികെയെത്തിക്കാനാണു ശ്രമം. വീട് സുരക്ഷിതമല്ലാത്ത, തിരികെ പോകാൻ ഒട്ടും ആഗ്രഹിക്കാത്ത കുട്ടികൾക്കു പുനരധിവാസ സൗകര്യങ്ങള്‍ ഏർപ്പാടാക്കും.

(മലയാള മനോരമയും ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷനും ചേർന്നു സ്നേഹനിധി സ്കോളർഷിപ്പ്, കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരായ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി അതിജീവനം പെൻഷൻ, പാലക്കാട് ജില്ലയിലെ ബിപിഎൽ കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസ് എന്ന പേരില്‍ സൗജന്യ ക്ലിനിക് സേവനം, കിടപ്പുരോഗികള്‍ക്കു സൗജന്യമായി മരുന്നുകള്‍, സ്കൂളുകളില്‍ സ്മാര്‍ട്ഫോണ്‍ നല്‍കുന്നതുള്‍പ്പെടെേനരിട്ടു നടത്തുന്ന പദ്ധതികള്‍ തുടങ്ങി കാരുണ്യത്തിന്‍റെ കഥ പറയുന്ന നിരവധി േസവന പ്രവര്‍ത്തനങ്ങൾ ഹരിഹരന്‍ കേരളത്തിലും നടപ്പാക്കുന്നു.)

സിനിമയ്ക്കും സാമൂഹികദൗത്യങ്ങൾക്കും കുടുംബം പിന്തുണയുമായുണ്ടോ ?

സിനിമയിലേക്കു തിരിഞ്ഞത് അപ്രതീക്ഷിതമായാണ്. റ സൂൽ പൂക്കുട്ടിയുടെ ജേഷ്ഠ സഹോദരൻ ബൈജു പൂക്കുട്ടി ഒരു ദിവസം മുംബൈയിൽ ചിൽഡ്രൻ റീയുണൈറ്റഡിന്റെ പ്രവർത്തനങ്ങൾ കണ്ടറിയാനും സ്നേഹവും പിന്തുണയും അറിയിക്കാനുമെത്തി. ജീവിതവും കഥയും മനസ്സിലാക്കിയ അദ്ദേഹം അതു റസൂലുമായി പങ്കുവച്ചു. അങ്ങനെയാണു റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഈ ജീവിത കഥയായത്. നിർമാണത്തിലും പങ്കാളിത്തമെടുത്തു. സൗഹൃദത്തിനും സിനിമയ്ക്കും സേവനത്തിനുമെല്ലാം പിന്തുണയും സ്നേഹവുമായി എല്ലാവരും ഒപ്പമുണ്ട്.

കഴിഞ്ഞ 29 വർഷമായി സഹിച്ചും സ്നേഹിച്ചും ഭാര്യ ഹർനീത് എപ്പോഴും പിന്തുണയായുണ്ട്. ബിസിനസ് ആ വശ്യങ്ങൾക്കായി ബറോഡയിൽ പോയപ്പോഴാണ് ഹർനീതിനെ ആദ്യമായി കണ്ടത്. ഞങ്ങളുടെ കമ്പനിയുടെ കസ്റ്റമറായിരുന്ന പിസിഎസ് കമ്പനിയിൽ മാനേജറായിരുന്നു ഹർനീത്. ബറോഡയിൽ വച്ചുണ്ടായ പരിചയം ഇഷ്ടത്തിലേക്കും വിവാഹത്തിലേക്കും നീങ്ങി. മകൾ ആയുഷി ലണ്ടൻ സ്കൂൾ ഓഫ് ആർട്സിൽ പഠിക്കുന്നു. മകൻ കര ൺ ബിരുദത്തിനു ശേഷം സിഎഫ്എ പഠിക്കുന്നു.