Thursday 22 September 2022 03:21 PM IST

‘ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനം ഗിരീഷേട്ടനുമായുള്ള വിവാഹം’: കാരണമിതാണ്... ലക്ഷ്മി ഗിരീഷ് പറയുന്നു

Chaithra Lakshmi

Sub Editor

Lekshmi-Girish-Vanitha

മനസ്സിനെ മെല്ലെ തൊടും പോലെ സൗമ്യമാണ് തിരുവനന്തപുരംകാരി ലക്ഷ്മി ഗിരീഷ് കുറുപ്പിന്റെ വർത്തമാനം. പാട്ടും സ്വരവും തൊണ്ടയിൽ കുടുങ്ങിപ്പോയ അവസ്ഥയും ഡിസ്‌ഗ്രാഫിയ എന്ന പഠനവൈകല്യവും അതിജീവിച്ച് ഇംഗ്ലിഷ് സാഹിത്യത്തിൽ കോളജിലെ ഒന്നാം സ്ഥാനത്തോടെയാണ് ലക്ഷ്മി ബിരുദം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ വിദഗ്ധയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മെന്ററുമായ ലക്ഷ്മി ഗിരീഷ് കുറുപ്പിന്റെ ജീവിതത്തിനൊപ്പം.

ആ പഠനവൈകല്യമറിയാതെ

‘‘അച്ഛന്റെയും അമ്മയുടെയും ഏക മകളാണ് ഞാൻ. അ ച്ഛൻ രാജീവ് തമ്പി നേവിയിൽ നിന്ന് വിരമിച്ച ശേഷം ക സ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അജിത കുമാരി എനിക്ക് 11 വയസ്സാകും വരെ ജോലിക്കു ശ്രമിക്കാതെ എന്നെ നോക്കി വീട്ടിലിരുന്നു. കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയായെന്നു തോന്നിയപ്പോൾ എന്നെ തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐസിഎസ്‌സി ബോർഡിങ് സ്കൂളിൽ ചേർത്തശേഷം അമ്മ ടീച്ചർ ജോലിയിൽ പ്രവേശിച്ചു. ചെറുതല ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായാണ് അമ്മ വിരമിച്ചത്.

പ്രൈമറി ക്ലാസില്‍ ഞാൻ ശരാശരി വിദ്യാർഥിയായിരുന്നു. ക്ലാസിലൊക്കെ നന്നായി ഉത്തരം പറയുമെങ്കിലും പ രീക്ഷയിൽ തിളങ്ങാൻ കഴിയില്ല. കടലാസിൽ എഴുതാൻ തുടങ്ങുമ്പോൾ കണക്‌ഷൻ കിട്ടില്ല. റിലേ പോയ പോലെ വെള്ളക്കടലാസിലേക്ക് നോക്കി അങ്ങനെ ഇരിക്കും. ബോ ർഡിങ് സ്കൂളിൽ എത്തുമ്പോഴേക്കും പഠനവൈകല്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ സമയത്ത് ബ്രോങ്കൈറ്റിസും അലട്ടിയിരുന്നു.

എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു. തിരുവല്ലയിൽ ഐസിഎസ്‌സി മീറ്റ് നടക്കുന്നു. പാട്ടുമത്സരത്തിൽ സ്കൂളിനെ പ്രതിനിധികരിച്ച് പോകാൻ എനിക്ക് അവസരം കിട്ടി. പക്ഷേ, പ്രോഗ്രാമിന്റെ സമയമായപ്പോൾ ശബ്ദം പുറത്തു വരുന്നില്ല. 25 ദിവസത്തോളം ആ ബുദ്ധിമുട്ട് തുടർന്നു. മരുന്നുകൾ ഫലിച്ചതോടെ ശബ്ദം തിരികെയെത്തി. മെല്ലെ പാടാനും തുടങ്ങി. എങ്കിലും ഹൈ പിച്ച് പാട്ടുകൾ പാടാൻ കഴിഞ്ഞിരുന്നില്ല.’’

‌തിരുവനന്തപുരത്തെ സ്കൂൾ പഠനത്തിനു ശേഷം എടത്വാ സെന്റ് അലോഷ്യസ് കോളജിലെത്തിയ ലക്ഷ്മി പിണങ്ങി നിന്നിരുന്ന പഠനത്തെ ചികിത്സയിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്റെ വഴിക്കു വരുത്തി.

‘‘സിനിമ കാണുമ്പോൾ രംഗങ്ങൾ കൃത്യമായ ഒഴുക്കോടെ ഓർത്തെടുക്കാൻ കഴിയുന്നതു പോലെ വിഷ്വലുകൾ പഠനത്തിൽ കൂടുതൽ ഉൾപ്പെടുത്തി. ‘മൈൻഡ് മാപ്പിങ്’ രീതി ഉപയോഗിച്ചായി പിന്നെ, പഠനം. കാർഡുകളും കൂട്ടുകാർക്കൊത്തുള്ള പഠനവും ഒക്കെ സഹായിച്ചു.’’ ബിരുദത്തിന് കോളജിലെ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ ര ണ്ടുപേരിലൊരാൾ ലക്ഷ്മിയായി.

പാടാം... നമുക്കു പാടാം...

‘‘ഒരു പൊതുപരിപാടിയിൽ വച്ചാണ് ഗിരീഷ് നാരായണനെ പരിചയപ്പെടുന്നത്. ഞാനന്ന് ഡിഗ്രിക്കു പഠിക്കുന്നു. സംഗീതം ആത്മാവിൽ സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. സിനിമാസംഗീതമാണ് അദ്ദേഹത്തിന്റെ മേഖല. പാട്ടിനോടുള്ള പൊതുവായ ഇഷ്ടം ഞങ്ങൾക്കിടയിലെ അടുപ്പവും കൂട്ടി. വിവാഹിതരാകാം എന്ന ചിന്ത വന്നപ്പോൾ വീട്ടിൽ പറഞ്ഞു. അങ്ങനെ 21ാം വയസ്സിൽ വിവാഹം കഴിഞ്ഞു.

വിവാഹശേഷം ബിരുദഫലം കാത്തിരിക്കുന്ന സമയത്ത് എനിക്ക് ദുബായിൽ റേഡിയോ ജോക്കിയായി ജോലി കിട്ടിയിരുന്നു. അവിടെനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ശേ ഷം സ്കോളർഷിപ്പോടെ യുകെയിൽ ബിരുദാനന്തര പഠനത്തിന് അവസരം കിട്ടി. അവിടെയും കോഴ്സ് പൂർത്തിയാക്കും മുൻപേ ജോലിക്ക് ഓഫർ കിട്ടി. ഭർത്താവ് ഗിരീഷിന്റെ പൂർണ പിന്തുണയുണ്ടായിട്ടും വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. 15 വർഷങ്ങളിൽ വന്നിട്ടുള്ളതിൽ ഏറ്റവും കഠിനമായ മഞ്ഞുവീഴ്ചയായിരുന്നു ആ സമയത്ത് യുകെയിൽ. ഞരമ്പ് പൊട്ടി മൂക്കിൽ നിന്ന് രക്തമൊഴുകുന്ന അവസ്ഥ വന്നു.

അവിടെ തീരുമെന്നു കരുതിയ സമയം. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ശരിയായ ചികിത്സയും കൊണ്ട് ജീവിതം തിരികെ കിട്ടി. പിന്നെ, വിദേശത്തേക്ക് മടങ്ങിയില്ല. നാട്ടിൽ നിന്ന് എംഫിൽ ചെയ്തു. തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പ്രഫസറായി. ഒപ്പം കുട്ടികൾക്ക് പ്ലേസ്മെന്റ് കൗൺസലിങ്ങും കൊടുത്തിരുന്നു. പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്നതൊക്കെ കണ്ടു ചില മാതാപിതാക്കൾ ചോദിക്കാൻ തുടങ്ങി, ഇതൊക്കെ വിഡി യോ ആക്കി ഇട്ടുകൂടേയെന്ന്.’’

അങ്ങനെ കോളജ് ജോലികൾക്കൊപ്പം വ്ലോഗിങ് തുടങ്ങി. ജോലിക്കൊപ്പം വ്ലോഗിങ് ചെയ്യുന്നത് ബുദ്ധിമുട്ടായപ്പോൾ ജോലി വിട്ടു. നല്ലൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി ലക്ഷ്മി മാറി.

‘‘പഠനപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാർഗദർശകമാകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യം ഈ സമയത്ത് മനസ്സിൽ ശക്തമായി. നാട്ടിലെ നല്ല കഴിവുള്ള കുട്ടികൾ പോലും അഭിമുഖങ്ങളിൽ പലപ്പോഴും പിന്നിലാകുന്നത് ഇംഗ്ലിഷിൽ ശരിയായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതാകുമ്പോഴാണ്. അങ്ങനെ കുട്ടികൾക്ക് ഇംഗ്ലിഷും ആത്മവിശ്വാസവും പഠിപ്പിക്കുന്ന അക്കാദമി സ്വന്തമായി തുടങ്ങി. അമ്മയുടെയും അച്ഛന്റെയും പൂർണപിന്തുണയുണ്ടായിരുന്നു.’’

ഇന്ത്യയ്ക്കകത്തും പുറത്തും കുട്ടികൾക്കും മാതാപിതാക്കൾക്കുമായുള്ള ആപ്പിനൊപ്പവും ആത്മ ഫൗണ്ടേഷനൊപ്പം പേരന്റിങ് കൗൺസലിങ്ങുമായി കൂടുതൽ കുട്ടികളിലേക്ക് ലക്ഷ്മി സേവനങ്ങളെത്തിക്കുന്നു. ഒപ്പം പേരന്റിങ്ങുമായും കുട്ടികളുടെ ശരിയായ മാനസികവികാസവുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠനവും തുടരുന്നു.

മറുവശത്ത് പാട്ടും കുടുംബവും കുട്ടികളും ലക്ഷ്മിയുടെ സ്നേഹത്തണലിലുണ്ട്. മൂത്ത മകൻ സൗരവ് ആറാം ക്ലാസ്സിലായി. നന്നായി പാടും. ഇളയ ആൾ സാത്വിക് യുകെജി യിൽ.

‘‘പ്രതിസന്ധികൾ കഴിഞ്ഞുവെന്ന് കരുതുമ്പോഴാകും രോഗം പിന്നെയും തലയുയർത്തുക. മൂന്നര വർഷം മുൻപ് ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോൾ എത്ര ശ്രമിച്ചിട്ടും ശ ബ്ദം പുറത്തു വരുന്നില്ല. ഒച്ച കൊണ്ടല്ലേ ജീവിക്കുന്നത്. ഞാനാകെ പേടിച്ചു. യാഥാർഥ്യം അംഗീകരിക്കാൻ തന്നെ രണ്ടു ദിവസമെടുത്തു. ഇഎൻടി വിദഗ്ധരെ കണ്ടു. ബ്രോങ്കൈറ്റിസും ലാറിഞ്ജൈറ്റിസും ചേർന്നു വന്നതാണെന്ന് ഉറപ്പിച്ചു. ഡോക്ടർ പറഞ്ഞത് ഇനി പാടാൻ കഴിയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ്. കുറേയധികം കരഞ്ഞു. കുറേ ദിവസം പൂർണ വോയിസ് റെസ്റ്റ് എടുത്തു. പിന്നെ, പതിയെ സംസാരിച്ചു തുടങ്ങി. ഗീരീഷേട്ടനൊപ്പം അൽപമൊക്കെ പാടി നോക്കി. പതിയെ പാട്ടും തിരികെ വന്നു.’’

lekshmi-girish

കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ പോസിറ്റീവായിരിക്കാൻ ലക്ഷ്മിക്ക് ചില മാർഗങ്ങളുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയാണ് അതിലൊന്ന്. പിന്നെ, നെഗറ്റീവ് കമന്റുകൾ കണ്ടാൽ അതിലേക്ക് രണ്ടാമതൊന്നു നോക്കാതെ ഡിലീറ്റ് ചെയ്യും. അതിനൊക്കെ മറുപടി പറയാനും വിഷമിക്കാനും പോയി മനസ്സ് ചീത്തയാക്കുന്നത് എന്തിനെന്ന നിലപാടാണ് ലക്ഷ്മിക്ക്.

‘‘ഗിരീഷേട്ടന്റെ അമ്മയിൽ നിന്നും പൂർണ പിന്തുണയുണ്ട്. ആ പിന്തുണ കുടുംബത്തെ താങ്ങുന്നതുകൊണ്ടാണ് എനിക്കിത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്. ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനം ഗിരീഷേട്ടനെ വിവാഹം കഴിച്ചതാണ്. മൂന്നു കാര്യങ്ങളാണ് കുടുംബബന്ധത്തിൽ ഏറ്റവും കൂടുതൽ വേണ്ടതെന്നു തോന്നുന്നു. വിശ്വാസം, സ്വാതന്ത്ര്യം, പിന്തുണ. ഇതു മൂന്നുമുണ്ടെങ്കിൽ നമുക്കു പോസിറ്റീവായിരിക്കാം. ‘ലിവ്... ലെറ്റ് ലിവ്’ അതാണ് ഞങ്ങളുടെ പോളിസി.

എന്താണ് ഡിസ്ഗ്രാഫിയ?

ഡിസ്ഗ്രാഫിയ എന്ന പഠനവൈകല്യം പ്രധാനമായി കുട്ടികളുടെ എഴുത്തിനെയാണ് ബാധിക്കുക. അക്ഷരങ്ങളും പാരഗ്രാഫുകളും വ്യക്തതയോടെ തലച്ചോറിൽ രേഖപ്പെടുത്താൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. വായിക്കാനോ സംസാരിക്കാ നോ ഒരു ബുദ്ധിമുട്ടും ഈ കുട്ടികൾക്കുണ്ടാകില്ല. എ ന്നാൽ അതേ കാര്യം എഴുതാൻ ശ്രമിച്ചാൽ വ്യക്തത കിട്ടണമെന്നില്ല. ഡിസ്ഗ്രാഫിയ ലക്ഷണങ്ങൾ കണ്ടാൽ സൈക്കോളജിസ്റ്റിന്റെയോ ഡവലപ്മെന്റൽ പീഡിയാട്രീഷന്റെയോ സഹായം തേടണം.

ഡെൽന സത്യരത്ന