Monday 30 January 2023 12:19 PM IST

‘ബ്രേക് അപ് ആയപ്പോൾ അന്ന് എന്നേക്കാൾ കരഞ്ഞത് അമ്മയാണ്’: വളരെ കമ്മിറ്റഡായ പ്രണയമായിരുന്നു, പക്ഷേ...’

Roopa Thayabji

Sub Editor

priya-varrier-cover Photos: Priya Prakash Varrier Instagram

ഒന്നു കണ്ണിറുക്കിയതേ ഉള്ളൂ പ്രിയ വാരിയർ, സൈബർ ലോകം മുഴുവൻ അതിൽ വീണു. സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാർ പദവിയും 73 ലക്ഷം കടന്ന ഫോളോവേഴ്സുമായി നേട്ടങ്ങൾ അനവധി ഉണ്ടായിട്ടും പ്രിയ കാത്തിരുന്നതു രണ്ടാമതൊരു മലയാള സിനിമയ്ക്കു വേണ്ടിയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഫോർ ഇയേഴ്സ്’ മികച്ച അഭിപ്രായം നേടുമ്പോൾ നാലു വർഷത്തെ ആ കാത്തിരിപ്പു ഫലിച്ചെന്നു പറഞ്ഞാണു പ്രിയ സംസാരിച്ചു തുടങ്ങിയത്.

‘‘പെട്ടെന്നു കൈവന്ന പ്രശസ്തിയിൽ മതിമറക്കുന്ന ആ ളല്ല. അതിൽ മുങ്ങി ആഗ്രഹങ്ങളെ മറക്കുകയുമില്ല. ഇപ്പോഴാണ് എന്റെ സമയമെത്തിയത്. രണ്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണു സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ ഇവിടെ നിൽക്കാനാണു തീരുമാനം.’’ പാട്ട്, പ്രണയം, സ്വപ്നങ്ങൾ... പ്രിയ വാരിയർക്കു പറയാൻ വിശേഷങ്ങളേറെ.

‘ഫോർ ഇയേഴ്സി’ന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു പൊട്ടിക്കരയുന്ന വിഡിയോ വൈറലായല്ലോ ?

നാലു വർഷത്തിനു ശേഷം വീണ്ടുമൊരു മലയാളം സിനിമ ചെയ്ത ‍ഞാൻ അതു കാണുമ്പോൾ കരഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. സ്വപ്നം സഫലമായി എന്നു തോന്നിയ നിമിഷം. ജീവിതത്തിൽ ഒരിക്കലേ അങ്ങനെയൊരു മൊമന്റ് കിട്ടൂ. ഹൃദയം നിറഞ്ഞു കരച്ചിൽ പൊട്ടിപ്പോയതാണ്.

‘ഫോർ ഇയേഴ്സി’ലെ എല്ലാ കഥാപാത്രങ്ങളെയും നേ രത്തേ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം ര ഞ്ജിത് ശങ്കർ സർ വിളിച്ചു, ‘ഒരു വേഷമുണ്ട് ചെയ്യാമോ.’ നായകനായ സർജാനോ ഖാലിദ് നേരത്തേ തന്നെ സുഹൃത്താണ്, നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങ ൾ അഭിനയിക്കുമ്പോൾ ഞങ്ങൾ പ്ലാൻ ചെയ്തു ചില ടിപ്സ് ഇടും. അതു രഞ്ജിത് സർ പ്രോത്സാഹിപ്പിക്കും. ആ ഗൈഡൻസ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യും.

എന്തേ മലയാളത്തിൽ തിരിച്ചെത്താൻ ഇത്ര വൈകി ?

‘അഡാർ ലവ്വി’നു ശേഷം പ്രതീക്ഷിച്ചതു പോലെ ഹൈപ് ഉണ്ടായില്ല എന്നതാണു സത്യം. കാരണം എനിക്കുമറിയില്ല. എന്നെക്കുറിച്ചു ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു. ചിലർ പറഞ്ഞു കേട്ടതു ഞാൻ വലിയ പ്രതിഫലം ചോദിക്കുന്നു, ബജറ്റിൽ നിൽക്കില്ല എന്നാണ്. എന്നോടു ചോദിച്ചാലല്ലേ പ്രതിഫലം അറിയാനാകൂ. പലരും എന്നെ നായികയാക്കാൻ ശ്രമിച്ചു. പക്ഷേ, എങ്ങനെ കോണ്ടാക്ട് ചെയ്യണമെന്നറിയില്ലായിരുന്നു എന്നും പറഞ്ഞു കേൾക്കാറുണ്ട്. ഞാൻ മുംബൈയിലാണെന്നാണു പലരുടെയും ധാരണ. ചിലർ സെൽഫി എടുക്കാൻ വരുന്നതു കഷ്ടപ്പെട്ട് ഇംഗ്ലിഷ് സംസാരിച്ചാണ്. ‘പൊന്നുചേട്ടാ, ഞാൻ മലയാളിയാണ്’ എന്നുപറയുമ്പോൾ അവർ അന്തംവിടും.

2022 പകുതിക്കു ശേഷമാണു സിനിമയിൽ തിരക്കായി എന്ന തോന്നൽ പോലും ഉണ്ടായത്. ഞാനും രജീഷ വിജയനും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ വരുന്ന ‘കൊള്ള’ റിലീസിനൊരുങ്ങുന്നു. ഹിന്ദിയിലെ ആദ്യസിനിമ ശ്രീദേവി ബംഗ്ലാവും റിലീസ് കാത്തിരിക്കുകയാണ്. ഇഷ്കിന്റെ തെലുങ്ക് റീമേക്കിലെ പ്രധാനവേഷവും ചെയ്തു. വികെപി സംവിധാനം ചെയ്യുന്ന ‘ലൈവി’ലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മംമ്ത മോഹൻ ദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണു മറ്റു താരങ്ങൾ. ‘യാര്യ ടു’ എന്ന ഹിന്ദി സിനിമയാണ് ഇനി. തമിഴിൽ നിന്നുള്ള ഓഫറാണു കൊതിയോടെ കാത്തിരിക്കുന്നത്.

എങ്ങനെ വന്നു ആ മുംബൈക്കാരി ഇമേജ് ?

അച്ഛൻ പ്രകാശ് ഉണ്ണികൃഷ്ണൻ ഒല്ലൂരുകാരനാണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിലാണ്. കസ്റ്റംസിലാണ് അച്ഛനു ജോലി. അമ്മ പ്രീത പെരിന്തൽമണ്ണക്കാരി. ഞാൻ ജനിച്ചതു നാട്ടിലാണെങ്കിലും അഞ്ചുവയസ്സു വരെ ജീവിച്ചതു മുംബൈയിലാണ്. അതു കഴിഞ്ഞ് അ ച്ഛൻ തൃശൂരിലേക്കു ട്രാൻസ്ഫർ വാങ്ങി. മുംബൈ ഓർമകളിൽ മറക്കാത്ത ഒന്നുണ്ട്. ആദ്യമായി തിയറ്ററിൽ കണ്ട സിനിമ, ‘ഭൂത്.’

അച്ഛനും ഞാനും വീട്ടിൽ ഹിന്ദിയാണു സംസാരിക്കുന്നത്. എനിക്ക് അച്ഛനിട്ട ചെല്ലപ്പേര് എന്താണെന്നോ, ‘ടിക്‌ലി.’ എട്ടാം ക്ലാസ് ആയപ്പോഴേക്കും അതു ചുരുങ്ങി ‘ടിക്കി’യായി. ഇപ്പോൾ വീണ്ടും ചുരുങ്ങി ‘ടിക്സാ’യി.

മുംബൈയെയും നാടിനെയും താരതമ്യം ചെയ്താലോ ?

ഇവിടെ ഞാൻ പഠിച്ച സ്കൂളിൽ ഒരുപാടു നിയന്ത്രണങ്ങളുണ്ടായിരുന്നു. ആൺകുട്ടികളോടു സംസാരിക്കാൻ പാടില്ല എന്നതായിരുന്നു ഏറ്റവും കഠിനം. അതു തെറ്റിച്ച ‍ഞാൻ ടീച്ചർമാരുടെ നോട്ടപ്പുള്ളിയായി. ഒരിക്കൽ സ്കൂളിൽ നിന്നു കൾചറൽ കോംപറ്റീഷനു പോകുകയാണ്. അനുഗ്രഹം വാങ്ങി ഞാൻ ബസിലേക്കു കയറിയ പാടേ ടീച്ചറിന്റെ കമന്റ്, ‘ഇവളുടെ മേൽ ഒരു കണ്ണുവേണം, കുറച്ചു കുഴപ്പക്കാരിയാണ്.’ അമ്മ തൊട്ടു പിറകിൽ ഉണ്ടെന്ന് അവരറിഞ്ഞില്ല.

ചിലർ ചിന്തിക്കുന്നതു പോലെ നമ്മൾ ജീവിച്ചില്ലെങ്കിൽ പിന്നെ, നമ്മളെന്തോ കുഴപ്പം കാണിച്ചെന്ന മട്ടാണ്. കാരക്ടർ അസാസിനേഷനും സ്ലട് ഷെയ്മിങ്ങുമായി നമ്മളെ തളർത്തും. നമ്മൾ തെറ്റു ചെയ്തെന്ന മട്ടിലുള്ള പെരുമാറ്റം മനസ്സിൽ മുറിവേൽപ്പിക്കുമെന്ന് ആരുമോർക്കില്ല. അങ്ങനെയായപ്പോൾ എ‍ന്നിലേക്കു തന്നെ ഒതുങ്ങി. എഴുത്തിനോടായി പ്രിയം. എനിക്കു ശരിയെന്നു തോന്നുന്നത് ചെയ്യാൻ കരുത്തു നൽകിയ അച്ഛനമ്മമാരാണു ശക്തി.

സിനിമ തന്നെയായിരുന്നോ സ്വപ്നം ?

അതെ. പക്ഷേ, ചെറുപ്പം മുതലേ വളരെ ‘അൺലക്കി’ എ ന്നാണു തോന്നിയിട്ടുള്ളത്. ആറാം ക്ലാസു മുതൽ സ്കൂളിൽ ലൈറ്റ് മ്യൂസിക്കിൽ മത്സരിച്ചു. പ്ലസ് വണ്ണിനാണ് ആദ്യമായി പ്രൈസ് കിട്ടിയത്. എത്ര കഷ്ടപ്പെട്ടിട്ടും കാര്യമില്ല, ഭാഗ്യം കൂടി തുണയ്ക്കണമെന്നു മനസ്സിലായത് അന്നാണ്.

‘ചങ്ക്സി’ന്റെ ഓഡിഷനിൽ സെലക്ട് ആയെങ്കിലും പ്ലസ്ടു പരീക്ഷയായതിനാൽ ഷൂട്ടിങ്ങിനു പോകാനായില്ല. വിമല കോളജിൽ ഫസ്റ്റ് സെമസ്റ്റർ ബികോം ക്ലാസുകൾ തുടങ്ങിയ സമയത്താണ് ‘അഡാർ ലൗവി’ലേക്ക് വിളി വന്നത്. സപ്പോർട്ടിങ് റോളാണ് എനിക്ക്. ആദ്യത്തെ മൂന്നു നാലു ദിവസം കഴിഞ്ഞാണ് ആ വിവരം അറിഞ്ഞത്, പ്രധാന വേഷം ചെയ്യുന്ന ഒരാൾക്ക് തുടരാനാകില്ല. അങ്ങനെ പ കരക്കാരിയായാണു തുടക്കം.

priya-varrier-new

ആദ്യത്തെ ഷോട്ട് തന്നെ ആ കണ്ണിറുക്കലാണ്. റോഷന് ഷൈൻ ചെയ്യാനുള്ള സീനായാണ് അതു പ്ലാൻ ചെയ്തത്. പുരികങ്ങൾ തിരമാല പോലെ ഇളക്കാൻ അവനറിയാം. എന്നെ നോക്കി റോഷനതു ചെയ്യുമ്പോൾ റിയാക്ട് ചെയ്യുക മാത്രമാണു വേണ്ടത്. ആക്‌ഷൻ പറഞ്ഞപ്പോൾ കണ്ണിറുക്കിയും പുരികം പൊക്കിയുമൊക്കെ മനസ്സിൽ തോന്നിയതുപോലെ എന്തോ ചെയ്തു. പാട്ടു റിലീസായപ്പോഴാണ് ‍െഞട്ടിയത്. അങ്ങനെ പതിനെട്ടു വയസ്സായപ്പോൾ അതുവരെ ഇല്ലാത്ത ഭാഗ്യം മുഴുവൻ ഒറ്റയടിക്ക് കിട്ടി.

പെട്ടെന്നു പ്രശസ്തയായപ്പോൾ പേടി തോന്നിയോ ?

തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്നു ബസ്സിൽ കോളജിലേക്കു പോകുന്ന ആളായിരുന്നു ഞാൻ. പാട്ടു റിലീസായ പിറകേ സിനിമയുടെ ക്രൂ പറഞ്ഞു, ഒറ്റയ്ക്ക് പുറത്തു പോകരുതെന്ന്. ആദ്യം ടെൻഷൻ തോന്നി. എവിടെ പോയാലും സെൽഫി എടുക്കാനും മറ്റും ആളുകൾ ചുറ്റും കൂടും.

അങ്ങനെ പുറത്തുപോകുമ്പോൾ പർദയിടാൻ തുട ങ്ങി. ഷോപ്പിങ് കഴിഞ്ഞു പേയ്മെന്റിനു കാർഡ് കൊടുക്കുമ്പോൾ അവർ സംശയത്തോടെ നോക്കും, പ്രിയ വാരിയരെന്നു പേരുള്ള ഉമ്മച്ചി കുട്ടിയോ... ഒരിക്കൽ ശോഭ മാളിൽ നിന്നു സിനിമ കണ്ടിറങ്ങും മുൻപു തന്നെ കണ്ണു മാത്രം കണ്ട് ആളുകൾ തിരിച്ചറിഞ്ഞു.

പ്രിയ വാരിയർ എന്നു പ്രിയ ഗൂഗിൾ ചെയ്തിട്ടുണ്ടോ ?

എന്റെ വിക്കിപീഡിയ പേജ് വന്നിട്ടുണ്ട് എന്നു കേട്ടപ്പോൾ അതു കാണാൻ വേണ്ടി സെർച് ചെയ്തിട്ടുണ്ട്. ചില ഓൺലൈൻ വാർത്തകൾ കാണുമ്പോൾ അതു സത്യമായിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകാറുണ്ട്. മഹേഷ് ബാബുവിന്റെ നായികയായി തെലുങ്കിൽ വരുന്നു എന്നു കണ്ടു. അ തൊക്കെ സത്യമാണെങ്കിൽ എത്ര നന്നായേനെ.

ബോയ്ഫ്രണ്ടിനെ തിരയുകയാണല്ലോ എല്ലാവരും ?

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളോടു ക്രഷ് തോന്നിയത്. കല്യാണവും കുട്ടികളുമൊക്കെയായി ജീവിക്കുന്നതു വരെ സ്വപ്നം കണ്ട പൈങ്കിളി പ്രണയമായിരുന്നു അത്. വളരെ കമ്മിറ്റഡ് ആയ മറ്റൊരു പ്രണയമുണ്ടായിരുന്നു. രണ്ടു വർഷം മുൻപ് അതും അവസാനിച്ചു. അമ്മയും അച്ഛനുമെല്ലാം അംഗീകരിച്ച ബന്ധമായിരുന്നു അത്. ബ്രേക് അപ് ആയപ്പോൾ എന്നേക്കാൾ കരഞ്ഞത് അമ്മയാണ്. ഇപ്പോൾ സിനിമ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. 23 വയസ്സല്ലേ, ഇനിയും സമയമുണ്ടല്ലോ.

priya-varrier-123

ഇനി എപ്പോഴാണു സിനിമയിൽ പാടുന്നത് ?

അഞ്ചാം വയസ്സു മുതൽ 18 വർഷം തുടർച്ചയായി കർണാടക സംഗീതം പഠിച്ചു. ആ ധൈര്യത്തിലാണു ‘ഫൈനൽസി’ൽ കൈലാസ് മേനോന്റെ സംഗീതത്തിൽ ഒരു പാട്ടു പാടിയത്. വികെപി സംവിധാനം ചെയ്ത, ഞാൻ നായികയായ കന്നട ചിത്രം വിഷ്ണുപ്രിയയിൽ ഗോപി സുന്ദറിന്റെ സംഗീതത്തിലും പാടി. അതു ഫെബ്രുവരിയിൽ റിലീസാകും. ‘കൊള്ള’യിൽ ഷാൻ റഹ്മാൻ മ്യൂസിക് ചെയ്യുന്ന പാട്ടു പാടുന്നുണ്ട്. ലൈവിൽ പാടാനും പ്ലാനുണ്ട്. ഈ വർഷം അതുമുണ്ടാകും.

എഴുതാനിഷ്ടമാണ്. ഓരോ മൂഡിലും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ കുറിച്ചു വയ്ക്കും. അങ്ങനെ ഡിസംബറിനെ കുറിച്ച് എഴുതിയ വരികളാണ് ഇവിടെയുള്ളത്.

അവസാനമായി ഒരു ചോദ്യം, ആകെ എത്ര ടാറ്റൂ ഉണ്ട് ?

18. ആദ്യത്തെ ടാറ്റൂ ഇൻഫിനിറ്റിയാണ്, പതിനെട്ടാം വയസ്സിലാണ് അതു ചെയ്തത്. പിന്നെ, വർഷത്തിൽ മൂന്നും നാലും വച്ച്. ഓരോ ടാറ്റൂവിനു പിന്നിലും എനിക്കു മാത്രമറിയാവുന്ന ഓരോ കഥയുണ്ട്. ഒരിക്കൽ അതൊക്കെ പറയാം.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്യാം ബാബു