Saturday 03 September 2022 02:16 PM IST

‘ആ സന്തോഷം കാണാൻ പപ്പ കാത്തു നിന്നില്ല, നേരത്തെ പോയി...’: റിയാലിറ്റി ഷോയിലെ മിടുക്കി, ഇന്ന് നായിക

Roopa Thayabji

Sub Editor

nilja-vanitha

അനിക്കുട്ടന്റെ ഷൈനി

‘എതിർവശത്തു നിൽക്കുന്നത് ഫഹദ് ഫാസിൽ ആണെന്ന ചിന്തയില്ലാതെ അഭിനയിക്കണം’ എന്നാണ് ‘മലയൻകുഞ്ഞി’ന്റെ ലൊക്കേഷനിൽ ചെന്നപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞത്. അല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും. ഷോട്ട് എടുക്കാൻ കോസ്റ്റ്യൂം ഇട്ടു വന്നപ്പോൾ കടയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന അനിക്കുട്ടനെയേ ഞാൻ കണ്ടുള്ളൂ, അത്ര സ്വാഭാവികത.

അനിക്കുട്ടനോട് സ്വാതന്ത്ര്യമുള്ളയാൾ ഞാനാണ്. ക്ലൈമാക്സിൽ ‘അനിക്കുട്ടന്റെ ആരാ ഉള്ളതെ’ന്നു ചോദിക്കുമ്പോൾ ഷൈനിയാണ് വരുന്നതും. ഫഹദിക്കയുടെ അമ്മ വേഷം ചെയ്യുന്ന ജയ ചേച്ചിയോട് ഞാൻ തമാശയായി പറയും, ‘നിങ്ങളൊക്കെ തട്ടിപ്പോകും. പിന്നെ മോന് ഞാനേ ഉണ്ടാകൂ.’ അന്നൊന്നും ഇങ്ങനെയാണ് സിനിമയെന്ന് അറിയില്ലല്ലോ. ‍ഇപ്പോൾ ‘നായികയാണോ’ എന്നു ചോദിച്ചാൽ ‘അതെ’ എന്നു പറയാനാകാത്ത അവസ്ഥയിലാണ്.

കോട്ടയം ടു കണ്ണൂർ

കോട്ടയത്തുനിന്ന് വർഷങ്ങൾക്കു മുമ്പ് കണ്ണൂരിലെ പയ്യാവൂരിലേക്ക് കുടിയേറിയതാണ് ഞങ്ങളുടെ കുടുംബം. പണ്ട് റബർ പാലെടുക്കാൻ പപ്പ പോകുമ്പോൾ ഞാനാണ് ഓരോ മരത്തിന്റെയും അടുത്ത് ആദ്യമെത്തി ഒട്ടുപാലെടുക്കുന്നത്. പപ്പ പിന്നാലെ വന്ന് റബർ ടാപ്പ് ചെയ്യും. സിനിമ ചെയ്തപ്പോൾ അതൊക്കെ ഓർമ വന്നു.

റിലീസായ ദിവസം തന്നെ രണ്ടുവട്ടം സിനിമ കണ്ടു. രണ്ടാമതു പോയത് നിലമ്പൂരിലുള്ള കൂട്ടുകാരുമൊത്താണ്. സിനിമ കഴിഞ്ഞപ്പോൾ അവർ രണ്ടുമിരുന്ന് കരയുന്നു. അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിൽ അവരുടെ കുറച്ചു ബന്ധുക്കളൊക്കെ മണ്ണിനടിയിൽ കുടുങ്ങിപോയത്രേ. സിനിമ കണ്ടിറങ്ങുമ്പോൾ ശ്വാസംമുട്ടുന്നെന്നു പറഞ്ഞാണ് പലരും വിളിക്കുന്നത്. കേൾക്കുമ്പോൾ സന്തോഷമാണ്, ചെയ്ത പരിശ്രമത്തിനു ഫലം കിട്ടിയല്ലോ.

റിയാലിറ്റി ഷോയിലെ മിടുക്കി

സ്കൂളിൽ മോണോആക്ടും കഥാപ്രസംഗവുമായിരുന്നു എന്റെ ഐറ്റം. കുറച്ചു വർഷം മുമ്പ് വനിത ഫിലിം അവാർഡ്സിൽ ഞാൻ റെഡ് കാർപറ്റിൽ അവതാരകയായിരുന്നു. മഴവിൽ മനോരമയുടെ ‘മിടുക്കി’ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് ആയിരുന്നു. പിന്നെയാണ് റേഡിയോ ജോക്കിയായത്.

പപ്പ ബേബി കാക്കനാട്ട് സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്തതാണ്. ഞാൻ അഭിനയിക്കുന്നതിൽ ഏറ്റവും സന്തോഷം പപ്പയ്ക്കായിരുന്നു. ‘മലയൻ കുഞ്ഞി’ന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് പപ്പ മരിച്ചത്. സിനിമ കാണാൻ പപ്പ ഉണ്ടായില്ല.

അമ്മ ഓമന ബേബിയും ചേച്ചിമാരായ ജോഫിയും നിഷയും എല്ലാ കാര്യത്തിലും സപ്പോർട്ട് ആണ്. കോളജിൽ സീനിയറായിരുന്ന തരുൺ ജെയിംസുമായി അന്നേയുള്ള പ്രേമം വിവാഹത്തിലെത്തിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. ഞങ്ങളിപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.

റേഡിയോയിലെ കുട്ടി

സ്ഥിരമായി റേഡിയോ ഷോയിലേക്ക് വിളിക്കുന്നവർ ഉണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനെയും മമ്മൂക്കയെയുമൊക്കെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെയും കുഞ്ചാക്കോ ബോബന്റെയും കൂടെ അഭിനയിക്കണമെന്നാണ് ‘വലിയ’ മോഹം.

റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് ‘ക്യാപ്റ്റനി’ൽ ചെറിയ വേഷം ചെയ്തത്. ‘കപ്പേള’യാണ് കൂടുതൽ സ്ക്രീൻ സ്പേസ് തന്ന സിനിമ. ഫ്രീഡം ഫൈറ്റ്, സാറാസ്, മകൾ എന്നിവയ്ക്കു ശേഷം ‘ചുഴൽ’ ആണ് നായികയായ ആദ്യ സിനിമ.

ഡോൺ പാലത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ നായികയാണ്. ആ സെറ്റിൽ വച്ച് വിനയ് ചേട്ടൻ പറഞ്ഞു, ‘പണ്ട് എന്നെ ഇന്റർവ്യൂ ചെയ്തതാ. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമില്ലേ.’ സൗദി വെള്ളയ്ക്ക, 1744 വൈറ്റ് ഓൾട്ടോ, തേര്, വേദ ഒക്കെ റിലീസാകാനുണ്ട്.

രൂപാ ദയാബ്ജി