Wednesday 24 August 2022 11:47 AM IST

‘അന്ന് റോഡിന് ഇരുവശവും നിന്ന് പൂക്കൾ വാരിയെറിഞ്ഞാണ് സുരാജിനെ നാട്ടുകാർ വരവേറ്റത്’: സുരാജും വെഞ്ഞാറമൂടും

V R Jyothish

Chief Sub Editor

suraj-venjaramoodu-8 ഗുരുവും ജ്യേഷ്ഠനും: സജിയും സുരാജും, തുടക്കം ഇവിടെ നിന്ന് : ബി.കെ. സെന്നും സുരാജും

വെഞ്ഞാറമൂടിൽ, റോഡിൽ തിരക്ക് കുറഞ്ഞ ഭാഗത്ത് കാർ നിർത്തി. ഫോട്ടോയെടുക്കാനുള്ള ഒരുക്കമാണ്. കാറിൽ നിന്ന് സുരാജ് പുറത്തേക്കിറങ്ങിയതും വിളി വന്നു. ‘ടേ..... കുട്ടാ, എന്തര് ഫോട്ടോയെടുപ്പാ...’

‘തള്ളേ, ഇതാര് േട, എന്തര് വിശേഷങ്ങള് അണ്ണനിപ്പോ എവിടെയ്, എങ്ങനെയൊണ്ട് കച്ചോടങ്ങള്...’

‘ഓ എന്തര് പറയാൻ. പച്ചപിടിച്ച് വരണ് കുട്ടാ. ഇവിടെന്തര് പരിപാടി’

‘ഇവര് വനിത മാസികേന്ന്... ഫോട്ടോയെടുപ്പ്’ ആ സംഭാഷണം അങ്ങനെയങ്ങനെ നീണ്ടുനീണ്ടുപോയി.

ഇതേ സമയം അങ്ങ് അമേരിക്കയിലും സുരാജ് വെഞ്ഞാറമൂടാണ് ചർച്ചാ വിഷയം. നാഷനൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ) വേദി. അതിന്റെ വിശേഷങ്ങൾ എറ്റവും നന്നായി വിലയിരുത്തുന്ന ജനപ്രിയ പരിപാടിയാണ് ‘ഇൻസൈഡ് എൻ.ബി.എ.’ ഏർണീ ജോൺസൺ, കെന്നി സ്മിത്ത്, ചാൾസ് ബാർക്‌ലീ പോലെയുള്ള പ്രമുഖരാണ് പരിപാടിയുടെ അവതാരകർ. മീമുകളുടെ അ കമ്പടിയോടെയാണ് അവരുടെ കളിവിശകലനം.

ലോക പ്രശസ്ത ബാസ്കറ്റ് ബോൾ താരം ചാൾസ് ബേബിയുടെ കളിയെക്കുറിച്ചുള്ള പ്രവചനം തെറ്റി. അതേക്കുറിച്ച് ആയിരക്കണക്കിന് മീമുകൾ ഇറങ്ങി. പക്ഷേ, അതിൽദശമൂലം ദാമുവിന്റെ പരാക്രമങ്ങൾ വെള്ളംചേർക്കാതെ മിക്സ് ചെയ്ത മീം ഹിറ്റായി. അമേരിക്കൻ മലയാളി പോസ്റ്റ് ചെയ്ത മീമിലൂടെ ദാമു കളിവിശകലനത്തിനൊപ്പമുള്ള മീം ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെഞ്ഞാറമൂടിൽ നിൽക്കുന്ന ഈ ‘കുട്ടന്’ ഇതൊന്നും അറിഞ്ഞ ഭാവമേയില്ല.

വനിതയ്ക്ക് വേണ്ടി വെഞ്ഞാറമൂട് വിശേഷങ്ങൾ പങ്കുവയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയതാണ് സുരാജ്. ആലന്തറ രംഗപ്രഭാതാണ് സൗഹൃദസംഗമ വേദി. സുരാജിന്റെ ജ്യേഷ്ഠൻ സജിയാണ് പ്രോഗ്രാമിന്റെ സംഘാടകൻ. അവിടേക്കുള്ള കാർ യാത്രയ്ക്കിടെ സുരാജ് പഴയ വിശേഷങ്ങൾ പറഞ്ഞു.

അമ്മയിൽ നിന്നു കിട്ടിയ മിമിക്രി

‘‘എനിക്കും അണ്ണനും മിമിക്രി കിട്ടിയത് ഞങ്ങളുടെ അമ്മയിൽ നിന്നാണ്. വിലാസിനിയമ്മ എന്നാണ് പേര്. സിനിമാതാരങ്ങളെയൊന്നുമല്ല അമ്മ അനുകരിക്കുന്നത്. ബന്ധുക്കളെയും അയൽക്കാരെയുമാണ്. ഞാൻ ചിരിയടക്കാൻ പാടുപെട്ട് ‘തള്ളേന്ന്’ വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്. പക്ഷേ, അച്ഛൻ വാസുദേവൻ നായർ നേരെ എതിർവശമാണ്. ഒരു പട്ടാളക്കാരൻ ഒരിക്കലും ചിരിച്ചൂടാ എന്നൊരു നിർബന്ധം ഉള്ള പോലെയായിരുന്നു. അമ്മയുടെ മിമിക്രി അടുക്കളയിൽ ഒ തുങ്ങി. പക്ഷേ, ഞങ്ങൾ മിമിക്രിയുമായി പുറത്തുചാടി. അണ്ണൻ പട്ടാളത്തിൽ ചേർന്നെങ്കിലും അണ്ണന്റെ പങ്ക് മിമിക്രി കൂടി ഞാൻ എടുത്തു.

അന്നൊക്കെ പത്താംക്ലാസ് കഴിഞ്ഞാൽ ഏതെങ്കിലും സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിൽ അംഗമാകും. വെഞ്ഞാറമൂട്ടിൽ അമച്വർ നാടകസംഘങ്ങൾ ധാരാളമുണ്ടായിരുന്നു. ഉത്സവങ്ങൾ, നാടകമത്സരങ്ങൾ അങ്ങനെ എന്നും പൂരപ്രതീതിയാണ്. അത് കണ്ടു വളർന്നാണ് എനിക്കും സ്റ്റേജിൽ കയറണമെന്ന മോഹം തുടങ്ങിയത്. നമ്മളിപ്പോൾ പോകുന്ന ആലന്തറ രംഗപ്രഭാതില്ലേ, അത് യാഥാർഥ്യമാക്കിയത് എന്റെ അധ്യാപകൻ കൊച്ചുനാരായണപിള്ള സാറാണ്. കുട്ടികൾക്ക് നാടകം പഠിച്ചു വളരാനുള്ള കളരി കൂടിയാണത്.’’ സുരാജ് പറഞ്ഞുതുടങ്ങി; തന്റെ കലാജീവിതത്തിന്റെ തുടക്കം.

ശബ്ദവും വെളിച്ചവും

െവഞ്ഞാറമൂട് ടൗണിലൂടെ പോയപ്പോൾ ഒരു ബോർഡ് കണ്ടു. ‘ഭീമ സൗണ്ട്സ്’ . പതിറ്റാണ്ടായി വെഞ്ഞാറമൂടിന്റെ ശബ്ദവും െവളിച്ചവുമാണ് ഭീമ സൗണ്ട്സും അതിന്റെ ഉടമസ്ഥനായ അബൂക്കയും. സത്യനും പ്രേംനസീറും ജയനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ സുരാജിലൂടെ ആദ്യം സംസാരിച്ചത് അബൂക്കയുടെ മൈക്കിലൂടെയാണ്.

‘‘ഒരുപാട് ഉത്സവങ്ങളുണ്ടെങ്കിലും മാണിക്കൽ ശിവക്ഷേത്രത്തിലെ ഉത്സവം പ്രധാനമാണ്. അന്ന് അവിടെ എ ല്ലാ കൊല്ലവും സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അത് കേട്ടാണ് ഞാൻ അദ്ദേഹത്തെ അനുകരിക്കാൻ തുടങ്ങിയത്.’’

ഇടയ്ക്ക് പുറത്തേക്ക് നോക്കിയപ്പോൾ സിന്ധു തിയറ്റർ എന്നെഴുതിയ പഴയൊരു ബോർഡ് കണ്ടു. കാറോടിക്കുന്നതിനിടെ സുരാജ് അറിയാതെ പറഞ്ഞു. ‘‘വെഞ്ഞാറമൂട് സിന്ധുവിന്റെ നയനമനോഹരമായ വെള്ളിത്തിരയി ൽ ഇന്നുച്ചയ്ക്ക് രണ്ടു മുപ്പതിനുള്ള മാറ്റിനി പ്രദർശനം മുതൽ....’ അന്നൊക്കെ ഈ അനൗൺസ്മെന്റ് കേൾക്കുമ്പോൾ എന്തൊരു സന്തോഷമായിരുന്നു. എല്ലാ ഗ്രാമത്തിനുമുണ്ടാകും അത്തരമൊരു തിയറ്റർ ഓർമ. വെഞ്ഞാറമൂടിന്റെ വെള്ളിത്തിരയുടെ പേരായിരുന്നു സിന്ധു.

അതിനടുത്തായിരുന്നു എന്റെ കുടുംബവീട്. അന്ന് ടാക്കീസ് ഓലപ്പുരയാണ്. ചുറ്റുമതിലൊന്നുമില്ല. വീട്ടിലിരുന്നാലും ശബ്ദരേഖ കേൾക്കാം. കുട്ടിക്കാലത്ത് ഇടവേള വരെ വീട്ടിലിരുന്ന് ശബ്ദരേഖ കേൾക്കും. ഇടവേളയ്ക്കുശേഷം തിയറ്ററിനുള്ളിൽ കയറും. അല്ലാതെ ടിക്കറ്റെടുത്ത് സിനിമ കാണാനുള്ള സാമ്പത്തികമില്ല. ഇടവേള വരെ കേട്ട ശബ്ദരേഖയായിരിക്കണം എന്റെ ആദ്യ സിനിമാപഠനം.’’

കാർ രംഗപ്രഭാതിന്റെ മുറ്റത്തെത്തിയപ്പോൾ സ്വീകരിക്കാനായി സുഹൃത്തുക്കളും രംഗപ്രഭാതിലെ കുഞ്ഞ് കലാകാരന്മാരും ചുറ്റും കൂടി. നാടകനടനും സംവിധായകനുമായ കണ്ണൂർ വാസൂട്ടി, നോബി, നാടകരചയിതാക്കളായ അശോക് ശശി, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വാമനപുരം മണി, രംഗപ്രഭാതിലെ ഇളംതലമുറക്കാരായ കുട്ടികൾ. സ്ഥാപക ഡയറക്ടർ കൊച്ചുനാരായണപിള്ള സാറിന്റെ മകളും ഇപ്പോഴത്തെ ഡയറക്ടറുമായ കെ.എസ്. ഗീത, അധ്യാപകൻ എക്സൽ ജയകുമാർ അങ്ങനെ വലിയൊരു സുഹൃത് സംഘം. വട്ടം കൂടിയിരുന്ന് എല്ലാവരും വർത്തമാനം തുടങ്ങി.

വെഞ്ഞാറമൂട് സംഘത്തിൽ

‘‘സജിയണ്ണൻ പട്ടാളത്തിൽ ചേർന്നതോടെയാണ് ആ ഗ്യാപ്പിൽ ‘വെഞ്ഞാറമൂട് സുഹൃത്ത് സംഘ’ത്തിൽ എനിക്ക് അംഗത്വം കിട്ടുന്നത്. ആറ്റിങ്ങൽ ഐടിഎയിൽ പഠനം കഴിഞ്ഞാണ് ഞാൻ ബി.കെ. സെന്നിന്റെ ട്രൂപ്പിലെത്തുന്നത്. എനിക്കന്ന് 19 വയസ്സ്, അല്ലേ അണ്ണാ’’

‘‘ അതെ, കൊച്ചുപയ്യൻ.’’ സെന്നിന്റെ മറുപടി.

‘‘ഫിലോമിന, ബിന്ദു പണിക്കർ, മോഹൻലാൽ, മമ്മൂട്ടി, അങ്ങനെ സിനിമാതാരങ്ങളെ ആണ് സുരാജ് കൂടുതലും അനുകരിച്ചിരുന്നത്. അന്നേ കക്ഷി സിനിമയിലേക്ക് ഒരു പാലമിട്ടിരുന്നു. പരിപാടികളിലെ ഹൈലൈറ്റ് സുരാജിന്റെ സാംബശിവൻ കഥാപ്രസംഗമായിരുന്നു. ’’ വീൽചെയറിൽ മകൾക്കൊപ്പമാണ് സെൻ ഒത്തുചേരലിന് എത്തിയത്.

‘‘വെഞ്ഞാറമൂട് എൽ.പി. സ്കൂളിൽ അച്ഛന്റെ വിദ്യാർഥിയായിരുന്നു സുരാജ്. അധ്യാപകരെ അനുകരിക്കുന്ന കാര്യമൊക്കെ വീട്ടിൽ വന്നു പറയുമായിരുന്നു. ഒരിക്ക ൽ ഹിന്ദി പരീക്ഷയ്ക്ക് ചോദ്യപേപ്പർ അതേ പോലെ പകർത്തിയപ്പോൾ വസന്ത ടീച്ചർ സുരാജിനോട് ചോദിച്ചു. ‘സുരാജേ പഠിക്കാതെയിരുന്നാൽ നിനക്ക് സിനിമയിലെങ്ങാനും അഭിനയിച്ച് ജീവിക്കേണ്ടി വരുമല്ലോ?’ എന്ന്. അത് സത്യമായി. ’’ ഗീതയുടെ ഓർമയ്ക്ക് ഉടൻ വന്നു സുരാജിന്റെ കൗണ്ടർ. ‘‘ടീച്ചറിന്റെ നാവ് പൊന്നായി’’ ഇത് കേട്ട് ചിരിച്ച വാമനപുരം മണിയോട് സുരാജ് ചോദിച്ചു.

‘അണ്ണനിപ്പോൾ നിർമാല്യം തൊഴാറുണ്ടോ?’ അതുകേട്ടപ്പോഴേ സുഹൃത്തുക്കൾ ചിരിച്ചു. കാരണം അതിനു പിന്നിലൊരു കഥയുണ്ട്.

പൊലീസ് സ്റ്റേഷനിലെ നിർമാല്യം

‘‘വർഷങ്ങൾക്കു മുൻപാണ് സംഭവം. ഞാനന്ന് പത്രങ്ങൾക്ക് കാർട്ടൂൺ വരയ്ക്കുന്നു. സുരാജ് മിമിക്രി താരമാണ്.’’ മണി, നിർമാല്യത്തിന്റെ കഥ പറഞ്ഞുതുടങ്ങി.

‘‘ഒരു മദ്യപൻ തെരുവിൽ ഉണ്ടാക്കുന്ന പ്രശ്നം വിഷയമാക്കി ഞാനൊരു സ്ക്രിപ്റ്റ് എഴുതി. അത് വായിച്ച ശേഷം ഞങ്ങൾ കൂട്ടുകാരൻ മധുവിന്റെ തട്ടുകടയിലേക്ക് നടന്നു. പോകുന്ന വഴി മുഴുവൻ സുരാജ് മദ്യപനായി അഭിനയിച്ച് തകർക്കുന്നു. കടയിലെത്തിയിട്ടും അഭിനയം നിർത്തിയില്ല. സ്ക്രിപ്റ്റിലെ ഡയലോഗ് പോരാഞ്ഞിട്ട് കയ്യിൽ നിന്നിട്ടും സുരാജ് രംഗം കൊഴുപ്പിക്കുന്നു.

ഇതെല്ലാം കണ്ട് അൽപം അകലെ മാറി കിടന്ന വാഹനത്തിൽ നിന്ന് പൊലീസുകാർ ഇറങ്ങി വന്നു. കിളിമാനൂർ സ്റ്റേഷനിൽ നിന്നുള്ള സംഘമാണ്. അന്ന് ‘ഉൗത്ത് യന്ത്രമൊന്നുമില്ല.’ അഭിനയമാണെന്ന് പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നുമില്ല. നേരെ കിളിമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുലർച്ചെ രണ്ട് മണിക്കാണ് അത് അഭിനയമായിരുന്നുവെന്ന് പൊലീസുകാർക്ക് ബോധ്യമായത്.

കിളിമാനൂരിൽ നിന്ന് വാമനപുരത്ത് എത്തിയപ്പോൾ അമ്പലത്തിൽ നിന്നു സുപ്രഭാതം കേൾക്കുന്നു. സുരാജ് കാണിക്കവഞ്ചിയുടെ അടുത്ത് നിന്ന് അൽപം കുങ്കുമം എടുത്ത് നെറ്റിയിൽ തൊട്ടു. എന്റെ വീട്ടിലേക്കാണ് പോയത്. മുറ്റത്ത് എത്തിയപ്പോൾ അമ്മ ചോദിച്ചു. ‘‘ഇത്ര രാവിലെ എവിടെ പോയത്?’’

‘അമ്മാ... ഞങ്ങള് നിർമാല്യം തൊഴാൻ പോയതാണ്.’ സുരാജിന്റെ മറുപടിക്ക് നെറ്റിയിലെ കുങ്കുമം കള്ളസാക്ഷി. പൊലീസ് സ്റ്റേഷൻ നിർമാല്യം അതിൽ മുങ്ങി.

‘പണ്ട് അച്ഛൻ പ്രേംനസീറിനെ കാണാൻ ചിറയൻകീഴ് സ്റ്റേഷനിലിറങ്ങിയ പോലെ ആരെങ്കിലും വെഞ്ഞാറമൂട് വന്നിറങ്ങിയാലോ എന്ന് ആലോചിച്ചിട്ടുണ്ടോ?’ നോബിയുടെ ചോദ്യം ചർച്ച പുതിയ വഴിയിലേക്ക് എത്തിച്ചു.

‘‘ അങ്ങനെയൊന്നും ആലോചിട്ടില്ലടേ. ഞാൻ കുടുംബസമേതം കൊച്ചിയിലാണ് താമസമെന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ വരുമ്പോൾ അണ്ണന്റെ വീട്ടിൽ.

അമ്മയും ഇവിടെയുണ്ട്. വെഞ്ഞാറമൂടും അമ്മയുടെ പ്രാർഥനയുമാണ് എന്നെ ഇവിടെ വരെയത്തിച്ചത്. അമ്മ എപ്പോഴും പറയും. ‘കുട്ടാ പഴയതൊന്നും മറക്കരുത്.’ അതാണ് ഞാൻ എന്നെ നയിക്കുന്ന വാചകം.

ഒരു സിനിമാനടനെ ആൾക്കാർ എങ്ങനെയൊക്കെ ഇ ഷ്ടപ്പെടുന്നെന്ന് പ്രവചിക്കാൻ പറ്റില്ല. അച്ഛന്‍ പട്ടാളത്തിലായിരിക്കുന്ന കാലത്ത് അവധിക്കു വരുമ്പോൾ ചിറയിൻകീഴ് സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടിക്കേ വരൂ. ഞാൻ സിനിമയിലൊക്കെ എത്തിയ ശേഷമാണ് അച്ഛൻ അതിന്റെ രഹസ്യം എന്നോട് പറഞ്ഞത്.

ചിറയിൻകീഴ് – കോരാണി റോഡിലാണ് പ്രേംനസീറിന്റെ ഇരുനില വീട്. അന്നത്തെക്കാലത്ത് അതൊരു വീടല്ല കൊട്ടാരമാണ്. ആ വീടു കാണാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം ചിറയിൻകീഴിൽ തീവണ്ടിയിറങ്ങിയിരുന്നത്. ഏതെങ്കിലുമൊരു അവധി വരവിൽ ഈ വീടിനു മുന്നിൽ പ്രേംനസീറിനെ കാണാമെന്നും അദ്ദേഹത്തോടു സംസാരിക്കാമെന്നും അച്ഛൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നിരിക്കണം ഒരു തുള്ളി സിനിമാപ്രേമം.

suraj-story-11

എന്നെ ഞാനാക്കിയത് വെഞ്ഞാറമൂടാണ്. അറുപതോളം ക്ലബുകൾക്കു നടുവിൽ വളർന്ന കാലമാണ് എന്റെ ധൈര്യം.’’ സുരാജിന്റെ വാക്കുകൾ പഴയ ഓർമകളിൽ തൊട്ടു.

ദശമൂലം ദാമു എന്ന കഥാപാത്രമാണ് ചിരിയുടെ ഒറ്റമൂലി എന്ന പേര് സുരാജിന് നൽകിയത്. ദശമൂലം ദാമു ത ന്നെ ഒരു സിനിമയായി വരുന്നു. ഹെവൻ ആണ് സുരാജിന്റെ പുതിയ സിനിമ.

‘‘അണ്ണനും സിനിമയിൽ സജീവമാകുകയാണല്ലേ’’ ഗീ ത സജിയോട് ചോദിച്ചു. ‘‘സിനിമയിൽ കുറച്ച് ലേറ്റായി സ്റ്റാർട് ചെയ്ത വണ്ടിയാണ്. ഇനി വേഗത്തിലോടണം. പട്ടാളത്തിൽ നിന്നു വിരമിച്ചു. ബിസിനസുണ്ട്. അല്ലി എന്ന സിനിമയിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചു.’’

സൗഹൃദക്കൂട്ടായ്മ പിരിയാനുള്ള ഒരുക്കത്തിലാണ്. വെഞ്ഞാറമൂടിനെക്കുറിച്ച് ഒരു കവിൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. നോബി മൈക്ക് പോലെ കൈ ചുരുട്ടി സുരാജിനു നേരെ നീട്ടി. കയ്യിൽ പിടിച്ചു കൊണ്ട് സുരാജ് പറഞ്ഞു.

‘‘സഹൃദയരെ വെഞ്ഞാറമൂട് തന്നതിൽ കൂടുതലൊന്നും എന്റെ കയ്യിലില്ല. എല്ലാ ക്രെഡിറ്റും എന്റെ നാടിന്. പ്രിയ കലാപ്രേമികളെ, അടുത്തൊരു കലാസന്ധ്യയിൽ നമുക്ക് വീണ്ടും ഒരുമിച്ച് കാണാം.’’

വഴിയിലേക്കിറങ്ങിയപ്പോൾ അടുത്തെത്തിയവരോടെല്ലാം സംസാരിച്ചും ചിരിച്ചും സുരാജ് കാറിലേക്ക് കയറി. ‘പേരറിയാത്തവർ’ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടിയ വൈകുന്നേരം വെഞ്ഞാറമൂടിൽ സുരാജ് എത്തിയ ദൃശ്യം ഓർമയിലേക്ക് ഓടി വന്നു. അന്ന് റോഡിനിരുവശവും നിന്ന് പൂക്കൾ വാരിയെറിഞ്ഞാണ് നാട്ടുകാർ സുരാജിനെ വരവേറ്റത്. വെഞ്ഞാറമൂടിന്റെ മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് വളർന്ന അഭിനയത്തിന്റെ ഒറ്റമൂലിയുടെ പേരാണ് സുരാജ് വെഞ്ഞാറമൂട്.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ