Friday 29 April 2022 04:59 PM IST

‘അച്ഛനുമായി എനിക്കുണ്ടായിരുന്ന കമ്യൂണിക്കേഷൻ ഗ്യാപ് മകന് എന്നോടുണ്ടാകരുതെന്ന് ആഗ്രഹിച്ചു’: പാട്ടുണരും വീട്

V.G. Nakul

Sub- Editor

g-venugopal-aravind-fam

‘അച്ഛനുമായി എനിക്കുണ്ടായിരുന്ന കമ്യൂണിക്കേഷൻ ഗ്യാപ് മകന് എന്നോടുണ്ടാകരുതെന്ന് ആഗ്രഹിച്ചു’: പാട്ടുണരും വീട്

താഴത്തുവീട്ടിലെ ‍ജീനിൽ സംഗീതമുണ്ട്. പറൂർ സിസ്റ്റേഴ്സിലും അവരുടെ അനിയത്തിയും സംഗീത അധ്യാപികയു മായ സരോജിനിയിലും മകൻ ജി. വേണുഗോപാലിലും ആ തുടർച്ചയുണ്ട്. കുടുംബാംഗങ്ങളിൽ സുജാത മോഹനും ശ്വേത മോഹനും രാധികാ തിലകും ഉൾപ്പെടെ മലയാളത്തിന്റെ മനം കവർന്ന ഗായകരെത്രയോ ആണ്. ആ പരമ്പരയിലെ പുതിയമുഖമാണ് അരവിന്ദ്. മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെയും രശ്മിയുടെയും മകൻ.

‘ഹൃദയം’ സിനിമയിലെ ‘നഗുമോ...’ എന്ന കീർത്തനം പാട്ടു പഠിച്ചിട്ടില്ലാത്ത അരവിന്ദിനെ മലയാളിയുവത്വത്തിന്റെ പ്രിയഗായകനാക്കിയെങ്കിൽ അതിന്റെയൊക്കെ ആരൂഢം താഴത്തുവീടാണ്. അവിടുത്തെ സംഗീതചിട്ടകളാണ്.

സിനിമാപ്പാട്ടിന്റെ 38 ാം വർഷത്തിലാണ് ജി. വേണുഗോപാൽ. സിനിമയെന്ന മോഹമാണ് അരവിന്ദിനെ നയിക്കുന്നത്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നു സിനിമ പഠിച്ചെത്തി. ‘കൂടെ’, ‘ഹൃദയം’ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി. ഇപ്പോൾ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തയാറെടുപ്പിലും.

പാട്ടും സിനിമയും നിറഞ്ഞ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വേണുഗോപാലും അരവിന്ദും ചേരുന്ന സംഭാഷണം.

‘നഗുമോ...’ യുടെ തിളക്കത്തിലാണ് ഇപ്പോൾ അരവിന്ദ്. സംവിധാനം, സംഗീതം ഏതു തിരഞ്ഞെടുക്കണമെന്ന് സംശയം ഉണ്ടോ?

അരവിന്ദ്: പലരും കരുതുന്നത് ‘സൺഡേ ഹോളിഡേ’യി ലെ ‘മഴ പാടും’ ആണ് എന്റെ ആദ്യ പാട്ടെന്നാണ്. പക്ഷേ, 2011 ൽ ‘ട്രെയിൻ’ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യം പാടിയത്. ശ്രീനിവാസ് അങ്കിളായിരുന്നു സംഗീതം. അദ്ദേഹത്തിന്റെ മകൾ ശരണ്യക്കൊപ്പമാണ് പാടിയത്. അക്കാലത്ത് സംഗീതത്തിൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. അതും ഇടവേളകൾക്ക് കാരണമായി. ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘മൈ ലൈഫ് പാർട്ണർ’, ‘ഏഞ്ചൽസ്’, ‘സണ്‍േഡ േഹാളിഡേ’ എന്നീ ചിത്രങ്ങളിലും പാടി. ഇപ്പോൾ ‘ഹൃദയ’ത്തിലെ ‘നഗുമോ...’ ബ്രേക്ക് ആയി.

പ്രണവിനെ ആദ്യം കണ്ടത് മൂന്നാറിൽ ഹൃദയത്തിന്റെ ആദ്യദിന ചിത്രീകരണത്തിനിടയിലാണ്. പുതിയ ആൾക്കാരോട് അങ്ങോട്ടു പോയി മിണ്ടാൻ എനിക്കു മടിയുണ്ട്. പ്രണവും അങ്ങനെ തന്നെ. ഞങ്ങള്‍ പരിചയപ്പെട്ടിട്ടും സാവധാനമാണ് സംസാരിച്ച് തുടങ്ങിയത്. സിനിമയില്‍ കോസ്റ്റ്യൂമിന്റെ ചുമതലയും എനിക്കുണ്ടായിരുന്നു.

അതുകൊണ്ടു പ്രണവ് സെറ്റിൽ വന്നാൽ ആദ്യം പോയി കാണുന്നത് ഞാനാണ്. അങ്ങനെ കൂടുതൽ പരിചയപ്പെട്ടു. ‘നഗുമോ...’ ഇറങ്ങിയപ്പോൾ എന്റെ ശബ്ദം പ്രണവിന് നന്നായി ചേരുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടു. ഒരുപാട് അഭിനന്ദനങ്ങളും കിട്ടി.

വേണുഗോപാൽ: പഴയതിനെക്കാൾ വേഗത്തിൽ പുതിയ ഗായകർക്ക് പ്രശസ്തിയും അംഗീകാരങ്ങളും കിട്ടുന്ന കാലമാണിത്. ഞാനൊക്കെ യുവജനോത്സവങ്ങളിലാണ് തുടങ്ങിയത്. മൂന്നു വർഷം ‌തുടർച്ചയായി ലളിതഗാനത്തിന് സമ്മാനം കിട്ടി. പിന്നീടുള്ള രണ്ട് വർഷം ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും.

ആകാശവാണിയിൽ അപ്പോഴേക്കും പാടിത്തുടങ്ങിയിരുന്നു. പിന്നീട് സിനിമയിൽ ധാരാളം പാടി. ‘ഒന്നു മുതൽ പൂജ്യം വരെ’യിലെ പാട്ടുകളാണ് ബ്രേക്ക് ആയത്. എന്നിട്ടും ശ്രദ്ധ നേടാൻ ‘മൂന്നാംപക്ക’ത്തിലെ ‘ഉണരുമീ ഗാനം...’ വരെ കാത്തിരുന്നു.

അരവിന്ദ്: ഇപ്പോള്‍ അവസരങ്ങളും വേദികളും കൂടുതലുണ്ട്. ഒരു ക്ലിക്കിൽ ഓരോ പാട്ടുകാരന്റെയും എല്ലാ വിവരങ്ങളും അയാൾ പാടിയ പാട്ടുകളും ലഭിക്കും. അതിന്റേതായ മാറ്റമുണ്ട്.

വേണുഗോപാൽ: അരവിന്ദ് പാടിയ ‘അകലെയോ...’ എന്ന പാട്ടിന്റെ കവർ സോങ് കണ്ടാണ് ദീപക് ദേവ് ശ്രദ്ധിക്കുന്നത്. അങ്ങനെ ‘സൺഡേ ഹോളിഡേ’യിലേക്കു വിളിച്ചു. ഞങ്ങളുടെ തലമുറയിൽ പത്തുവർഷം വരെ ഒക്കെ ഒരാൾ തന്നെയാകും സജീവമായി നിൽക്കുന്നത്. ഇന്നങ്ങനെയല്ല. ഒരു വർഷം പുറത്തിറങ്ങുന്ന 300 പാട്ടുകളിൽ 280 പാട്ടുകളും പുതിയ ആളുകളാണ് പാടുന്നത്.

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ പാട്ടുകാർക്കും സംഗീത സംവിധായകർക്കുമെല്ലാം പ്രതിഫലം തീരെ കുറവാണ്. എന്റെ കയ്യിൽ ഒരു പെട്ടി നിറയെ വണ്ടിച്ചെക്കുണ്ടായിരുന്നു. ആരോടു പരാതി പറയും. ജോലി കൂടി ഉള്ളതിന്റെ സുരക്ഷിതത്വത്തിലാണ് ജീവിച്ചത്.

g-venugopal-3

പാട്ട് കിടന്ന് പഠിച്ചപ്പോൾ

വേണുഗോപാൽ: കുട്ടിക്കാലത്ത് ഇവൻ ഹൈപ്പർ ആക്ടീവ് ആയിരുന്നു. ഒരിക്കൽ കൈയ്ക്ക് ഒടിവ് സംഭവിച്ചതോടെയാണ് മാറ്റം വന്നത്. ഞാൻ എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ നിന്നു വിളി വരും. അരവിന്ദ് വീണെന്നോ മുറിഞ്ഞെന്നോ ഒക്കെ. എപ്പോഴും ശരീരത്തിൽ മുറിവുകളും തുന്നിക്കെട്ടുകളുമുണ്ടാകും.

ശാസ്ത്രീയസംഗീതം പഠിപ്പിക്കാൻ ശ്രമിച്ചതും വലിയ കഥയാണ്. ഇവന് എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ. അ മ്മ ചെന്നൈയിലെ ഞങ്ങളുടെ വീട്ടിൽ വന്നു.

‘ബാക്കി ഞാൻ പറയാം.’ അരവിന്ദ് ഇടപെട്ടു.

അരവിന്ദ്: ജനിച്ചത് ഇവിടെയാണെങ്കിലും വളർന്നതും ഏഴാം ക്ലാസ് വരെ പഠിച്ചതും ചെന്നൈയിലാണ്. അമ്മൂമ്മ സംഗീത കോളജിലെ വകുപ്പ് മേധാവിയായിരുന്നു. ഇടയ്ക്ക് വീട്ടിൽ വരും. അങ്ങനെയൊരു വരവിൽ എന്നെക്കൊണ്ടു ചില സ്വരങ്ങൾ പാടിച്ചു. ശ്രുതി തെറ്റാതെ പാടുന്നതു കേട്ടപ്പോൾ അച്ഛനോടു പറഞ്ഞു, ‘ഇവന് വാസനയുണ്ട്. പഠിപ്പിച്ചൂടേ’ എന്ന്.

അങ്ങനെ അച്ഛന്‍റെ കൂടി ഗുരുവായ വൈക്കം ജയചന്ദ്രൻ നമ്പൂതിരിയെ ഏർപ്പാടാക്കി. രണ്ടു മൂന്നാഴ്ച കഴിഞ്ഞ് ഒരു ദിവസം അച്ഛൻ വന്നു നോക്കുമ്പോൾ ഗുരു പായയിൽ ഇരുന്നു പഠിപ്പിക്കുന്നു. ഞാൻ കിടന്നു പഠിക്കുന്നു. അതോടെ പഠനം നിന്നു. താൽപര്യമില്ലാത്ത ഒന്ന് നിർബന്ധപൂർവം പഠിപ്പിക്കുന്നതിന്റെ കുഴപ്പമായിരുന്നു. ഇപ്പോ ൾ പാട്ട് പഠിക്കേണ്ടതായിരുന്നു എന്നു തോന്നുന്നുണ്ട്. ശാസ്ത്രീയമായല്ല. ഒരു വോക്കൽ ട്രെയിനിങ് പോലെ. ഉച്ചാരണവും ഒന്നു ശരിയാക്കണം. ഞാൻ കൂടുതലും സംസാരിച്ചിട്ടുള്ളത് തമിഴാണല്ലോ. അതിന്റെ ചില തട്ടും തടവുമൊക്കെയുണ്ട്.

ഓർമയുറച്ച കാലം മുതൽ ചുറ്റുമുള്ളത് സംഗീതമാണ്. അന്നു മുതൽ പാട്ട് ഇഷ്ടവുമാണ്. കുട്ടിക്കാലത്ത് ആദ്യം പഠിച്ചത് പിയാനോയാണ്.

വേണുഗോപാൽ: ഇവനെ ഒന്നു ട്രാക്കിലാക്കാൻ ആദ്യ രണ്ട് മാസം ഞാനും പിയാനോ ഒപ്പം പഠിച്ചു. പിന്നീട് വിട്ടു. ആ പിയാനോ ഇപ്പോഴും ഇവിടെയുണ്ട്. അടുത്ത തലമുറ വരുമ്പോൾ അവർക്ക് കൊടുക്കാം.

അരവിന്ദ്: കോളജിലെത്തിയപ്പോൾ ഹോസ്റ്റലിൽ കൂടു തലും മലയാളികളായിരുന്നു. ഗായകന്‍റെ മകന്‍ എന്നറിയുമ്പോൾ പാടാനാണല്ലോ ആദ്യം പറയുക. അങ്ങനെ പാടി പാടി ഒടുവിൽ കോളജ് ബാൻഡിലെത്തി.

വേണുഗോപാൽ: റാഗിങ്ങിന്റെ ഗുണഭോക്താവാണ് ഇവന്‍ എന്നു പറയാം.

അരവിന്ദ്: പിന്നീടു ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നി ന്ന് എംഎസ്‌സി കമ്യൂണിക്കേഷൻ പാസായി. അതുകഴിഞ്ഞ് വി.കെ.പിക്കും പ്രകാശ് വർമയ്ക്കുമൊപ്പം കുറച്ചു കാ ലം പരസ്യമേഖലയിൽ. ആ സമയത്താണ് സിനിമയോടുള്ള ഇഷ്ടം അച്ഛനോട് പറയുന്നത്.

അങ്ങനെ സിനിമയെക്കുറിച്ചു പഠിക്കാന്‍ ന്യൂയോർക്ക് ഫിലിം അക്കാദമിയില്‍ ചേർന്നു. അവിടെ തിരക്കഥയിലും സംവിധാനത്തിലുമാണ് കൂടുതൽ‌ ശ്രദ്ധിച്ചത്. ഹോളിവുഡ് സ്റ്റുഡിയോകളിൽ എങ്ങനെയാണ് സിനിമയെടുക്കുന്നതെന്നാണ് പഠിപ്പിക്കുക. മലയാളത്തിലെ രീതി തികച്ചും വ്യത്യസ്തമാണ്.

g-venugopal-fb-vanitha

പത്രപ്രവർത്തകൻ പാട്ടുകാരനായ കഥ

വേണുഗോപാൽ: ഇഷ്ടമുള്ളതു പഠിച്ച്, ആ മേഖലയിൽ ജോലി ചെയ്യുകയെന്നതു വളരെ സുഖകരമായ കാര്യമാണ്. ഞാൻ പഠിച്ചത് ഇംഗ്ലിഷ് സാഹിത്യവും ജേണലിസവുമാണ്. രണ്ടിലും ബിരുദാനന്തരബിരുദം എടുത്തു. പഠിച്ചിറങ്ങിയ ശേഷം കൊച്ചിയിൽ ഇംഗ്ലിഷ് പത്രത്തിൽ ഒരു മാസം ജോലി ചെയ്തു. അപ്പോഴേക്കും ആകാശവാണിയിലെ ജോലിക്കുള്ള ഇന്റർവ്യൂ വന്നു. അതു കിട്ടിയെങ്കിലും ഉള്ളിലെ മോഹം സംഗീതമായിരുന്നു. പതിന്നാലു വർഷത്തെ സർവീസിൽ എട്ടു വർഷവും ലീവ്.

എന്റെ അച്ഛൻ പറയുന്നത് മാത്രം കേട്ടിരുന്നെങ്കിൽ ഇപ്പോൾ ഞാൻ സർക്കാർ ഗുമസ്തനായി പെൻഷൻ പറ്റിയേനെ. അച്ഛനുമായി എനിക്കുണ്ടായിരുന്ന കമ്യൂണിക്കേഷൻ ഗ്യാപ് മകന് എന്നോടുണ്ടാകരുതെന്ന് ആഗ്രഹിച്ചു. ഞാൻ ഉപദേശിക്കാറില്ല. അവന്റെ ഇഷ്ടം എന്താണോ, എന്നെക്കൊണ്ടാകും പോലെ അതിനെ പിന്തുണയ്ക്കാറാണ് പതിവ്. എന്താണെങ്കിലും ആത്മാർഥമായി ചെയ്യുക. അത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ.

പൂർണരൂപം വനിത ഏപ്രിൽ ആദ്യ ലക്കത്തിൽ

വി.ജി. നകുൽ

ഫോട്ടോ: സുഗീഷ് കുഞ്ഞിരാമൻ