Saturday 06 May 2023 11:38 AM IST

‘കുട്ടിക്കാലത്തു എടുത്തുകൊണ്ടു നടന്നവൾ, അവളിന്നെന്റെ ജീവിതസഖി’: ജീവിതകഥ പറഞ്ഞ് കുട്ടേട്ടൻ

Vijeesh Gopinath

Senior Sub Editor

vijaya-raghavan-stry മകൻ ദേവദേവൻ, ഭാര്യ സുമ, മകൻ ജിനദേവൻ, പേരക്കുട്ടികളായ ചിന്മയി ദേവദേവൻ അദ്രുത് നാരായണൻ, അഭീന്ദ്ര രാഘവ്, മരുമക്കൾ രാഖി, ശ്രുതി എന്നിവരോടൊപ്പം

ഡയനീഷ്യ എന്ന വീടിന്റെ ഗേറ്റ് തുറന്നപ്പോൾ മനസ്സിലേക്കു വന്നതു ചാരുകസേരയിൽ കാലും കയറ്റി വച്ചിരിക്കുന്ന ‘അഞ്ഞൂറാൻ’ ആണ്. ‘ദേ തുറന്നു മലത്തി ഇട്ടേച്ചു വരണൂ...’ എന്നു പറയുന്ന, ഗേറ്റ് അടച്ചാൽ ‘ഹ അടച്ചു പൂട്ടിയോ, ഇനി പോവാൻ ഉദ്ദേശമില്ലയോ...’ എന്നു ചോദിക്കുന്ന എൻ.എൻ. പിള്ളയുടെ അഞ്ഞൂറാൻ മുതലാളി. തുറന്ന ഗേറ്റ് അടയ്ക്കണോ വേണ്ടയോ എന്നു സംശയിച്ചു നിന്നപ്പോള്‍ ‘കയറിവാടാ മക്കളെ’ എന്ന മട്ടിൽ വിജയരാഘവൻ കൈകാണിച്ചു വിളിച്ചു.

സ്മ‍ൃതിത്തണലിനു താഴെയാണ് എന്നും ഈ വീട്. എൻ.എൻ. പിള്ളയുടെ പേനത്തുമ്പിൽ നിന്നു തീക്കാറ്റു പോലെ ഇറങ്ങിവന്ന കഥാപാത്രങ്ങൾ ഈ മുറ്റത്താണ് ആദ്യം ആടിയത്. വിശ്വ കേരള കലാസമിതി എന്ന നാടകസാമ്രാജ്യത്തിൽ വളർന്ന വിജയരാഘവന്റെ സിനിമകളിലെ ചേറാടി കറിയയും അപ്പിച്ചായിയും അഹങ്കാരത്തിന്റെ മുണ്ടും മടക്കിക്കുത്തി അകത്തെ മുറിയിൽ എവിടെയോ നടക്കുന്നുണ്ടാകാം.

എന്നും അച്ഛന്റെ ഒാർമ വിരലും പിടിച്ചു നടക്കുന്ന കുട്ടി ആയതു കൊണ്ടാവാം സിനിമയിലും ജീവിതത്തിലും വിജയരാഘവനു പ്രായമേറാത്തത്. അല്ലെങ്കിലും പരിചയമുള്ളവരെല്ലാം ‘കുട്ടേട്ടാ’ എന്നു വിളിക്കുന്ന ഒരാൾക്ക് എങ്ങനെയാണു പ്രായമാവുക? വീണ്ടും അപ്പൂപ്പനായ വാർത്തയറിഞ്ഞ സന്തോഷമുണ്ട് ആ മുഖത്ത്. ഇളയ മകൻ ദേവദേവന് ഒരു കുഞ്ഞു കൂടി പിറന്നു.

എഴുപത്തിമൂന്നു വയസ്സ്, പ്രായത്തെ തോൽപ്പിച്ച കാ ര്യത്തിൽ മറ്റൊരു മമ്മൂട്ടിയാണല്ലോ എന്നു ചോദിച്ചപ്പോൾ ചിരിയോടെ ഉത്തരം. ‘അതിമോഹം കുറച്ചാൽ മതി, പ്രായവും കുറയും. തേടിവരുന്ന സിനിമകളിൽ അഭിനയിച്ചു സുഖായി ഇരിക്കണം. അതേയുള്ളൂ...’

അഭിനയത്തിന്റെ അരനൂറ്റാണ്ട്. കർ‌ട്ടനുയർന്നു. ഒാർമത്തട്ടിലേക്ക് ഒാരോ മുഖങ്ങളും കടന്നുവന്നു.

അഭിനയത്തിന്റെ അൻപതാം വർഷം നൂറുവയസ്സുള്ള കഥാപാത്രമാകുകയാണല്ലോ ?

‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന സിനിമയിലാണു നൂറുവയസ്സുള്ള ഇട്ടൂപ്പ് ചേട്ടൻ. വളരെ പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നതു കുറേ നാളായുള്ള ആഗ്രഹമാണ്.

കഥ കേൾക്കുമ്പോഴേ കഥാപാത്രം എങ്ങനെ വേണമെന്ന ചിത്രം മനസ്സിലേക്കു വരും. അതു നാടകത്തിൽ നിന്നുകിട്ടിയതാണ്. അച്ഛൻ നാടകം എഴുതിക്കഴിഞ്ഞ് അഭിനേതാക്കളെ എല്ലാം വിളിച്ച് അടുത്തിരുത്തും. എന്നിട്ട് ഒാരോ കഥാപാത്രത്തിന്റെയും ജീവിതം പറയാൻ തുടങ്ങും. ജനനം, കുട്ടിക്കാലം, വളർച്ച, ആ കഥാപാത്രത്തിന്റെ സ്വഭാവം, നടപ്പിലെയും ഇരുപ്പിലെയുമൊക്കെ ചലനങ്ങൾ...

ഇതു കണ്ടു വളർന്നതു കൊണ്ടാകാം എനിക്കു കിട്ടുന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ കുറിച്ച് ഒരുപാട് ആലോചിക്കും. ഇട്ടൂപ്പു ചേട്ടനെ പോലിരിക്കുന്ന, നൂറു വയസ്സുള്ള ഒരാളെ കാണാൻ ഒരുപാട് അന്വേഷിച്ചു. ഒടുവിൽ പ്രായത്തെക്കുറിച്ച് ഒാർക്കാതെ സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ കാഞ്ഞിരപ്പള്ളിയിൽ കണ്ടു. കൈയ്ക്കു ചെറിയ വിറയലുണ്ട്. വടി കുത്തിയാണു നടക്കുന്നത്. അദ്ദേഹത്തോടു സംസാരിച്ചു. ചിലതെല്ലാം സിനിമയിലേക്കെടുത്തു. മുഴുവൻ അനുകരിച്ചാൽ മിമിക്രിയായി മാറും.

നാലു തലമുറയുടെ കഥപറയുന്ന സിനിമയാണിത്. മകളായി സുഹാസിനിയും അഭിനയിക്കുന്നു. പിന്നെ വിനീതും ബേസിലും ജോണി ആന്റണിയും.

നായകനായിട്ടു നാലു പതിറ്റാണ്ട്. വർഷം തോറും പത്തിലധികം സിനിമയിൽ അഭിനയിക്കുക. ഭാഗ്യമല്ലേ ?

സുറുമയിട്ട കണ്ണുകൾ. അതായിരുന്നു നായകനായ ആദ്യ സിനിമ. ആദ്യമായി 1500 രൂപ അഡ്വാൻസ് കിട്ടി. നാടകത്തിലഭിനയിക്കുമ്പോൾ അച്ഛനാണു പൈസ തരുന്നത്. അച്ഛൻ തരുന്നതു കൊണ്ട് അഭിനയിച്ചതിനു ലഭിച്ച ശമ്പളമായി തോന്നില്ലല്ലോ. അന്നു മുതലിന്നോളം സിനിമയാണ് അന്നം. അതു മഹാഭാഗ്യമല്ലേ.

ജന്മം തന്നെ വലിയ ഭാഗ്യമായി തോന്നും. ഒരുപാടു ജീവിതാനുഭവങ്ങൾ‌ ഉള്ള എൻ.എൻ. പിള്ളയുടെ മകനായത്. പ്രണയത്തിനു വേണ്ടി വർഷങ്ങൾ കാത്തിരുന്ന ചിന്നമ്മയുടെ മകനായത്. എന്റെ സൗഭാഗ്യമാണത്. വിവാഹത്തിന് അമ്മയുടെ വീട്ടുകാർ എതിർത്തു. പത്തൊൻപതാം വയസ്സിൽ ജീവിതം തേടി അച്ഛൻ മലയായിലേക്കു പോയി. പോകും മുൻപേ അമ്മയോടു വാക്കു പറഞ്ഞിരുന്നു, ‘ചിന്നയെ ഞാൻ വിവാഹം കഴിക്കും.’

പിന്നെ, ഒരു വിവരവുമില്ല. രണ്ടാം ലോകമഹായുദ്ധത്തി ൽ മരിച്ചു പോയെന്ന വാർത്ത നാട്ടിൽ പരന്നു. പക്ഷേ, അമ്മ കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ മുടി മുറിച്ചു കളഞ്ഞു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ അറിഞ്ഞു, അമ്മ കാത്തിരിക്കുന്നുണ്ടെന്ന്. അങ്ങനെയാണു നാട്ടിലേക്കെത്തിയത്.

അമ്മ മരിച്ചപ്പോൾ ഇരുപത്തൊന്നു ദിവസത്തോളം അച്ഛൻ തുടർച്ചയായി മദ്യപിച്ചു. ആഹാരം പോലും ക ഴിക്കാതെ മുകളിലെ മുറിയിൽ ഒറ്റയ്ക്കു കിടന്നു. ഉറക്ക ത്തിൽ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിക്കും. അമ്മയോടുള്ള സ്നേഹം അന്നാണു തിരിച്ചറിഞ്ഞത്. അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചതു മഹാഭാഗ്യമല്ലേ...

കുട്ടിക്കാലത്തു പട്ടിണിയുടെ മുഖം ഒരുപാടു കണ്ടിട്ടുണ്ട്. മുളകു പൊട്ടിച്ചതും കപ്പയും കഴിക്കുമ്പോൾ അത് ഇ ല്ലായ്മ കൊണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഇന്ന് ഈ ജീവിതത്തിലിരിക്കുമ്പോഴാണ് അതു പട്ടിണിക്കാലമായിരുന്നെന്നു മനസ്സിലാകുന്നത്.

ചില കഥാപാത്രങ്ങളിൽ നിന്നു മാറ്റിനിർത്തിയപ്പോൾ വേദനിച്ചിരുന്നോ ?

സിനിമയിൽ ഒരു കഥാപാത്രം ആരു ചെയ്യണം എന്നു തീരുമാനിക്കുക പലപ്പോഴും സാഹചര്യമാണ്. നായകനെ കേന്ദ്രീകരിച്ചാണല്ലോ കുറച്ചു കാലം മുൻപു വരെ സിനിമകൾ ആലോചിച്ചിരുന്നത്. നായകൻ– നായിക– വില്ലൻ– നായകന്റെ നിഴലിൽ നിൽക്കുന്നവർ– അച്ഛൻ, കൂട്ടുകാരൻ...

ഒരു സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായോ സഹോദരനായോ അഭിനയിച്ചെന്നു കരുതുക. അടുത്ത സിനിമയിലും അച്ഛൻ കഥാപാത്രത്തിലേക്ക് എന്നെ ആലോചിക്കുമ്പോൾ സ്വാഭാവികമായും ആവർത്തനമാവുമെന്നു തോന്നില്ലേ? അപ്പോൾ‌ ആ റോൾ സായ്കുമാറിലേക്കോ സിദ്ദിഖിലേക്കോ ഒക്കെ പോകും. അതു സ്വാഭാവികമാണ്. അല്ലാതെ മനഃപൂർവമുള്ള മാറ്റൽ അല്ലത്. മമ്മൂട്ടിയും മോഹൻലാലും പാരവച്ചു കഥാപാത്രത്തിൽ നിന്നു മാറ്റി എന്നൊക്കെ പറയുന്നതിനോടു നൂറുശതമാനം എതിർപ്പാണ് എനിക്ക്.

നായകനെ കേന്ദ്രീകരിച്ചുള്ള സിനിമ ഇറങ്ങുമ്പോൾ അവർക്കു പുതുമ സൃ‍ഷ്ടിക്കണം. അതിനു പുതിയ ആൾക്കാർ വേണം. ഒാരോ സിനിമയും ഒാരോന്നല്ലേ, എല്ലാം ഒരുപോലെ ആവുന്നതും ഒൗചിത്യക്കുറവല്ലേ. ആവശ്യമുണ്ടെങ്കിൽ വിളിക്കുമെന്ന ആത്മവിശ്വാസം എന്നുമുണ്ട്.

ഇത്രയും വർഷമായില്ലേ, സിനിമയിൽ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയാണ് ?

സിനിമയിൽ അങ്ങനെ വലിയ സൗഹൃദം ഉണ്ടെന്നൊന്നും തോന്നുന്നില്ല. അതു സ്വാഭാവികമാണ്. ആവശ്യം കാണാനുള്ള സ്നേഹത്തിനായി ഞാൻ നിൽക്കാറില്ല. ഒരു കാര്യത്തിനായും ആരുടെ പിന്നാലെയും പോകാറുമില്ല. ചില സാഹചര്യങ്ങളിൽ നമുക്കൊപ്പം വന്നു ചേർന്നവരാണു കൂട്ടുകാർ. അവർ ചിലപ്പോൾ മറ്റു വഴിയിലേക്കു തിരിഞ്ഞു പോയേക്കാം. ജോഷിയും സുരേഷ്ഗോപിയും രൺജി പണിക്കരും ഷാഫിയും എല്ലാം സുഹൃത്തുക്കളാണ്. പക്ഷേ, എന്നും വിളിക്കുന്ന സുഹൃത്തുക്കൾ എനിക്കില്ല.

പിന്നെ, നമുക്ക് ഒരാളോടു അടുപ്പം തോന്നാൻ ഒരുപാടു കാലം വേണമെന്നുണ്ടോ? സുരേഷ് ഗോപിയുടെ മകനോട് എനിക്ക് എങ്ങനെയോ ഒരടുപ്പമുണ്ട്. ഒരിക്കൽ അവൻ പറഞ്ഞു, ‘കുട്ടിക്കാലത്തു സിനിമ കാണുമ്പോൾ അച്ഛന്റെ കൂടെ അങ്കിൾ ഉണ്ടെന്നതു വലിയ സമാധാനമായിരുന്നു. സിനിമയിൽ അച്ഛനൊന്നും പറ്റാതെ അങ്കിൾ നോക്കുമെന്നായിരുന്നു മനസ്സിൽ...’’

പലപ്പോഴും സിനിമയിലെ കൂട്ടുകെട്ട് മനപൂർവം ഉണ്ടാക്കുന്നതാണ്. അവസരങ്ങൾക്കു വേണ്ടിയുള്ള അത്തരം സൗഹൃദങ്ങളിലും എനിക്കു വിശ്വാസമില്ല.

കയ്യൊപ്പിട്ട ഒരുപാടു കഥാപാത്രങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും പുരസ്കാരങ്ങളുടെ കാര്യത്തിൽ അവഗണിക്കപ്പെട്ടിട്ടുണ്ടോ ?

സർക്കാരുകൾ നൽകുന്ന ഒരു അവാർഡും ഇതുവരെ കിട്ടിയിട്ടില്ല, അതുകൊണ്ടു മോശം നടനാണെന്ന തോന്നൽ എനിക്കില്ല. അഥവാ അവാർഡ് കിട്ടിയാൽ അതുകൊണ്ടുഞാനൊരു വലിയ നടനാണെന്നും കരുതുന്നില്ല.

ഒരിക്കൽ മൂന്നു സുഹൃത്തുക്കളെ ചിത്രാഞ്ജലിയിൽ വച്ചു കണ്ടു. ഒരാൾ‌ എന്നെ കെട്ടിപ്പിടിച്ചു. കക്ഷി അൽപം മദ്യപിച്ചിരുന്നു. ചേർത്തു പിടിച്ചു പറഞ്ഞു, ‘‘സോറി കുട്ടാ... അവർ പറഞ്ഞതു ചെയ്യേണ്ടി വന്നു, സംഭവിച്ചു പോയി.’’ പിന്നീടാണു കാര്യം മനസ്സിലായത്. അദ്ദേഹം ജൂറിയായപ്പോൾ ഒരു പുരസ്കാരം എനിക്കായിരുന്നു പക്ഷേ, ചില കാരണങ്ങൾകൊണ്ടു മറ്റൊരാൾക്കു കൊടുക്കേണ്ടി വന്നു.

ചില വേഷങ്ങൾക്ക് അവാർഡ് കിട്ടാമായിരുന്നു എന്നുതോന്നിയിട്ടുണ്ട്. എന്നുവച്ച് അതിനായി കാത്തിരുന്നിട്ടില്ല. ഈ പറയുന്നത് അഹങ്കാരമല്ല. ജോലി നന്നായി ചെയ്യാൻ എനിക്കറിയാം എന്ന ആത്മവിശ്വാസമാണ്.

ഈശ്വരനിൽ വിശ്വാസമില്ലാത്ത അച്ഛന്റെ മകൻ എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ ?

ഞാൻ അച്ഛനെ മാത്രമേ ദൈവമായി കണ്ടിട്ടുള്ളൂ. അ ച്ഛൻ തീർത്തും വയ്യാതെ കിടക്കുന്ന ഒരു ദിവസം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടു പറയും, ‘ഹാ... ഇതൊന്നു തീർന്നു കിട്ടുന്നില്ലല്ലോ.’ അപ്പോഴാണ് ഒരു സ്ത്രീ വന്നു ചെവിയിൽ എന്തോ മന്ത്രിച്ചത്. അച്ഛൻ ദേഷ്യത്തിൽ അവരെ പറഞ്ഞു വിടാ ൻ ആംഗ്യം കാണിച്ചു. അവർ പോയിക്കഴിഞ്ഞു പൊട്ടിത്തെറിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു, ‘ഫ... എന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു...’ മരിക്കാൻ നിമിഷങ്ങളേയുള്ളൂ എന്നറിഞ്ഞിട്ടും ഉള്ള ആ ധൈര്യം.

അടിയന്തിരത്തിന്റെ ദിവസം ഞാനൊരു സ്വപ്നം കണ്ടു. കോഴിക്കോടു കടൽത്തീരത്തു കാറ്റാടി മരങ്ങൾക്കു നടുവിൽ അച്ഛന്റെ ചിത കത്തുകയാണ്. കർമങ്ങൾ ചെയ്തു കഴിഞ്ഞു കുഴഞ്ഞ മണ്ണിലൂടെ ഞാൻ തിരിഞ്ഞു നടന്നപ്പോൾ പിന്നിൽ നിന്നു വിളി , ‘കുട്ടാ...’ തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെ തറവാടിന്റെ മുറ്റത്ത് അച്ഛൻ നിൽക്കുന്നു, തോരാമഴയിൽ നനഞ്ഞ്. തണുത്തിട്ടു പല്ലു കൂട്ടിയിടിക്കുന്നുണ്ട്. പിന്നെ, എന്നെ നോക്കി ഒരു ചിരി ചിരിച്ചു.

കൂടെയുണ്ടെന്ന തോന്നൽ എപ്പോഴുമുണ്ട്. അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല, എന്നാലും വീടിനടുത്തു സ്മൃതിമണ്ഡപം പോലെ കെട്ടിയുണ്ട്. ക്യാമറയ്ക്കു മുന്നിലേക്ക് ഇറങ്ങുന്നതിനു മുൻപു ഞാനവിടെ പോകും.

vijaya-raghavan-1

പേരക്കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ മക്കളുടെ വളർച്ച കാണാനായില്ലല്ലോ എന്നോർക്കാറുണ്ടോ ?

എന്റെ മക്കൾ അവരുടെ മക്കളെ നോക്കുന്നതു പോലെ അവരെ എനിക്കു ശ്രദ്ധിക്കാനോ ഒാമനിക്കാനോ പറ്റിയിട്ടില്ല. സിനിമകളിലൂടെയുള്ള യാത്രയായിരുന്നു. പഠിക്കുന്ന കാലത്ത് എന്നെ അച്ഛൻ അധികം ശ്രദ്ധിച്ചിട്ടില്ല. അതുപോലെ തന്നെയായിരുന്നു ഞാനും.

മൂത്തമകൻ ജിനദേവനും ഭാര്യ രാഖിയും യുകെയിലാണ്. അവർക്കു രണ്ട് ആൺമക്കൾ– അദ്രുത് നാരായണനും അഭീന്ദ്ര രാഘവും. രണ്ടാമത്തെ മകൻ ദേവദേവൻ ദുൽഖർ കമ്പനിയുടെ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. അവനും കുടുംബവും നാട്ടിലുണ്ട്. ഭാര്യ ശ്രുതി. അവരുടെ മക്കളെ ചിന്നമ്മുവെന്നും നാണുക്കുട്ടനെന്നുമാണു വിളിക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പേര്.

അച്ഛന്റെ അമ്മാവൻ ഒരു കുട്ടൻപിള്ളയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമകളുടെ മകളാണ് എന്റെ ഭാര്യ സുമ. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു വീട്. നാടകം കാണാനൊക്കെ വരും. ഞാനും അവളും തമ്മിൽ പത്തുവയസ്സിന്റെ വ്യത്യാസം, കുട്ടിക്കാലത്തു ഞാൻ എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പ്രണയം ഒന്നുമായിരുന്നില്ല. പ ക്ഷേ, സ്വന്തം ഒരാളായിട്ടു തോന്നിയിരുന്നു.

ഈ അരനൂറ്റാണ്ടിനെ രണ്ടു വാക്യത്തിൽ പറയാമോ ?

എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കളി. അതു കളിക്കുകയാണു ഞാൻ. അതിനു പ്രതിഫലവും പ്രശസ്തിയും കിട്ടുന്നുമുണ്ട്. അതാണ് എനിക്ക് സിനിമ. അത്രയും സന്തോഷമുള്ള മറ്റെന്തു കാര്യമാണുള്ളത്. സിനിമയിൽ നിന്നു ഞാൻ പഠിച്ചതു കുഞ്ഞുണ്ണിമാഷിന്റെ ഈ കവിതയിലുണ്ട്.

vijaya-raghavan-family

ഞാനെന്ന കുന്നിന്മേൽ‌ ആരു കേറും

ഞാനെന്ന കുന്നിന്മേൽ ആരും കേറും

ഞാനെന്ന കുഴിയിങ്ങൽ ആരിറങ്ങും

ഞാനെന്ന കുഴിയിങ്ങൽ ഞാനിറങ്ങും.

അതാണു ജീവിത സത്യം. നമ്മൾ കുന്നിനു മുകളിലാണെങ്കിൽ ഒപ്പം നിൽക്കാൻ ഒരുപാടു പേരുണ്ടാകും. കുഴിയിൽ വീണാൽ നമ്മൾ മാത്രമേ കാണൂ. സിനിമയിൽ ഞാന്‍ ഇത് ഒരുപാടു കണ്ടിട്ടുമുണ്ട്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ