Thursday 23 November 2023 03:24 PM IST

‘അവസാന നിമിഷം ആ കയ്യിൽ മുറുകെപ്പിടിച്ചു... നെറ്റിയിൽ കുരിശു വരച്ചു, ഉമ്മ കൊടുത്തു’: അപ്പ പോയ ആ ദിവസം: ഓർമകളിൽ നീറി അച്ചു ഉമ്മൻ

Vijeesh Gopinath

Senior Sub Editor

achu-oommen-vanitha-

ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണു മുന്നിലിരിക്കുന്നത്. ജനങ്ങളായിരുന്നു ആ അച്ഛന്റെ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാണ് അദ്ദേഹം എന്നും ‘ഒരുങ്ങി’ ഇറങ്ങിയിരുന്നത്.

എന്നാൽ അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയതു രാജ്യാന്തര പ്രശസ്തയായ ഡിസൈനര്‍ അനാമിക ഖന്നയുടെ പുതിയ കലക്‌ഷനുകളെക്കുറിച്ചും ദുബായിലെ ‘പ്രീ ലവ്ഡ് ഷോപ്പിങ് കൾച്ചറി’നെക്കുറിച്ചും ആയിരുന്നു. ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങളെക്കുറിച്ച് ഇൻസ്റ്റ പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്ന വേഗത്തിൽ അച്ചു പറഞ്ഞു കൊണ്ടിരുന്നു. രാഷ്ട്രീയത്തിലെ ‘ഒൗട്ട്ഫിറ്റുകളെ’ക്കുറിച്ചു നന്നായറിഞ്ഞിരുന്ന അച്ഛനെ ഒാർ‌ത്തു ചോദിച്ചു, ‘ഉമ്മൻചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?’

അച്ചു ഒന്നു നിശബ്ദയായി. ‘‘അപ്പയെ പോലെയാകാൻ ആർക്കു സാധിക്കും? എല്ലാം ക്ഷമിക്കുന്ന, ഉള്ളിലൊതുക്കുന്ന ആൾ. ആക്രമിക്കാൻ വന്നവർക്കു പോലും മാപ്പുകൊടുത്തില്ലേ? അപ്പയ്ക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിെഎ റിപ്പോർട്ടു കിട്ടിയിട്ടു പോലും പ്രതികരിച്ചില്ല.

എനിക്കതു പറ്റില്ല. എല്ലാം കേട്ടു മിണ്ടാതിരിക്കാനുമാകില്ല. അതുകൊണ്ടാണു സൈബർ ആക്രമണമുണ്ടായപ്പോൾ പൊലീസിൽ പരാതി കൊടുത്തത്. അപ്പയുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, ‘കേസൊന്നും വേണ്ട, അങ്ങനൊന്നും പറയണ്ട, അ തൊക്കെ വിട്ടേക്ക്...’ എന്നൊക്കെ. അത്ര സൗമ്യനായ മനുഷ്യനെതിരെ പ്രവർത്തിച്ചവർക്കു കാലം മാപ്പു നല്‍കില്ല, ഉറപ്പ്.’’ അ ച്ചുവിന്‍റെ വാക്കുകളില്‍ കനൽപ്പൊള്ളൽ.

‘‘കുട്ടിക്കാലം തൊട്ടേ അപ്പയോട് അത്ര അഡിക്ടഡ് ആണ് ഞാൻ. ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന അപ്പയെ എനിക്കു കിട്ടിയിരുന്നില്ല. പക്ഷേ, രോഗബാധിതനായ കാലത്ത് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിന്നു പരിചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇന്‍ജക്‌ഷൻ സൂചികളെയും ഏകാന്തതയേയും പേടിയുള്ള ആൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചു. ജനുവരിയിൽ ഞാൻ വലതു കൈത്തണ്ടയിൽ ടാറ്റൂ ചെയ്തു, അപ്പാസ് പ്രിൻസസ്. അപ്പയെ അതു കാണിച്ചപ്പോൾ സ്നേഹപൂര്‍വം അതിൽ തലോടി തമാശ മട്ടിൽ ചിരിച്ചു.

ഞാനിനി എവിടെയൊക്കെ എത്തിയാലും എന്തൊക്കെ ആ യാലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതാണെന്റെ ഐഡന്റിറ്റി. അതിനപ്പുറം ഒന്നുമില്ല, ഒ ന്നും വേണ്ട.’’

വനിതയുെട കവർപേജില്‍ അച്ചുവിനെ ഇങ്ങനെ കാണുമ്പോള്‍ ആരുമൊന്നു വിസ്മയിക്കും. ആരാണ് ഇപ്പോള്‍ അച്ചു ഉമ്മൻ?

ഞാൻ കണ്ടന്റ് ക്രിയേറ്ററാണ്. ആരുടെയും കീഴിലല്ലാതെ നമ്മുടെ ക്രിയേറ്റിവിറ്റിക്കനുസരിച്ചു ചെയ്യാനാകുന്ന ജോലിയാണത്. എന്തു ചെയ്യണമെന്നത് ഒാരോ വ്യക്തിയുടെയും സ്വാതന്ത്ര്യം അല്ലേ? അതു സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.

‘സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ’ എന്ന ലോകം വളരെ വലുതാണ്. നമ്മുടെ പേജ് ഫോളോ ചെയ്യുന്നവരിലേക്ക് ഒരുപാടു കാര്യങ്ങൾ എത്തിക്കാനാകും. ഫാഷൻ‌, ലൈഫ്സ്റ്റൈൽ, ട്രാവൽ, ഫാമിലി ഇത്രയുമാണ് എന്റെ പേജിലൂടെ ചെയ്യുന്നത്. ഇതു നാലും വളരെ വലിയ വിഷയങ്ങളാണ്. അതുകൊണ്ടു ത ന്നെ ഒരുപാടു വിവരങ്ങൾ ഉള്‍ക്കൊള്ളിക്കാനാകും. ഇതു മോഡ ലിങ് അല്ല. ഞാനൊരു മോഡലുമല്ല.

പഠിച്ചത് എംബിഎ ആണെങ്കിലും ഡിസൈനിങ്ങിലായിരുന്നു താൽപര്യം. പഠനകാലത്തു തന്നെ ഡിസൈനർ വസ്ത്രമേള സംഘടിപ്പിച്ചിരുന്നു. വിവാഹത്തിനു മുന്നേ തന്നെ ഞാൻ ദുബായിലെത്തി. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. ഒരു പാഷനായി ഇന്‍റീരിയർ ഡിസൈനിങ് ചെയ്തു തുടങ്ങി. പിന്നെ വിവാഹം. മക്കൾ ജനിച്ചതോടെ അവരുടെ കാര്യങ്ങൾക്കൊപ്പം ഒരു ഇവന്റ്മാനേജ്മെന്റ് കമ്പനി തുടങ്ങി. ഒരുപാടു നല്ല ഇവന്റുകൾ സംഘടിപ്പിച്ചു. കോവിഡ് കാലത്തു പ്രോഗ്രാമുകൾ നിലച്ചപ്പോഴാണു സോഷ്യൽമീഡിയ ഇൻഫ്ലുവൻസിങ് ആരംഭിക്കുന്നത്.

ഷൂട്ടിന് ഉപയോഗിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ തിരഞ്ഞെടുപ്പു കാലത്തു വാർത്താ പ്രാധാന്യം നേടിയല്ലോ...

ആ രംഗത്തെ പ്രവർത്തനശൈലിയിലെ അറിവില്ലായ്മ കൊണ്ടു പലരും തെറ്റായി വ്യാഖ്യാനിച്ചതാണത്. ക്രിയേറ്റീവ് ആയി ചിന്തിച്ചാൽ ദുബായിൽ ഇത്തരം വലിയ ബ്രാന്‍ഡുകളുെട ഉൽപന്നങ്ങള്‍ കിട്ടാന്‍ ധാരാളം വഴികളുണ്ട്. ഒന്നുകില്‍ ബ്രാൻഡ് ഷോറൂമുകളിൽ നിന്നു നേരിട്ടു വാങ്ങാം. പക്ഷേ, വലിയ പണം മുടക്കേണ്ടിവരും. അതിനു സാധിക്കുന്നില്ലെങ്കില്‍ സബ്സെല്ലേഴ്സുമായി സഹകരിക്കാം. ‘പ്രീ ലവ്ഡ് ഷോപ്പു’കളും റെന്റൽസും മറ്റു രണ്ട് ഒാപ്ഷനുകളാണ്. ഒരു നല്ല ഡിജിറ്റൽ ക്രിയേറ്റര്‍ക്കു ബുദ്ധിപൂർവം ആലോചിച്ചാൽ ഒരുപാടു വഴികള്‍ മുന്നിലുണ്ട്. ഇ തൊന്നും മനസ്സിലാക്കാത്തവരാണ് ആരോപണങ്ങളുമായി എത്തുന്നത്.

സൈബർ ആക്രമണം എങ്ങനെയാണു നേരിട്ടത്?

സൈബർ അറ്റാക്കുകളിലൂടെ ഇല്ലാതാകുന്നതു രാഷ്ട്രീയത്തിന്റെ മാന്യതയാണ്. രാഷ്ട്രീയമോ സിനിമയോ ബിസിനസോ ഏതു മേഖലയിലും സ്ത്രീകൾക്കെതിരെയാണു രൂക്ഷമായ ആക്രമണം നടക്കുന്നത്. ഇതിനെതിരെ നിശബ്ദയായിരുന്നിട്ടു കാര്യമില്ല. അതു കൂടുതൽ ആക്രമിക്കാനുള്ള ഊർജം എതിരാളികള്‍ക്കു നൽകുകയേയുള്ളൂ.

സോഷ്യൽമീഡിയയിൽ സജീവമായിട്ട് ഒരു വർഷവും ഒൻപതു മാസവുമായിരുന്നു. അതുവരെ ഉണ്ടാകാത്ത പ്രശ്നം എങ്ങനെയാണു പെട്ടെന്നുണ്ടാകുന്നത്? എന്റെ ജോലിയെക്കുറിച്ച് അവർ‌ക്കുള്ള അറിവില്ലായ്മ മൂലമാണെന്നു കരുതി ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടു. പക്ഷേ, പിന്നീടാണ് ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്. ചിലര്‍ എന്നോട് അക്കൗണ്ട് ലോക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ലോക്ക് ചെയ്ത് പേടിച്ചിരിക്കാൻ തയാറായില്ല.

ഫേക്ക്അക്കൗണ്ടുകളിൽ നിന്നു തുടങ്ങിയ ആക്രമണം പിന്നീടു യഥാർഥ പ്രൊഫൈലുകളിൽ നിന്നു വന്നു തുടങ്ങി. ഉത്തരവാദിത്തപ്പെട്ട പദവികളിലിരിക്കുന്നവർ ആണെന്നു മനസ്സിലാക്കിയതോടെ കണ്ണടച്ചു വിടേണ്ടതല്ലെന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണു കേസു കൊടുത്തത്.

മൂന്നു കാര്യങ്ങളിൽ നിർബന്ധമുണ്ടായിരുന്നു. ഒന്ന്, അ പ്പയുടെ സൽപേരിന് ഒരു തരിപോലും കളങ്കമുണ്ടാവരുത്. രണ്ട്, നാലു പതിറ്റാണ്ടായി ദുബായിൽ നല്ല രീതിയില്‍ ബിസിനസ് ചെയ്യുന്ന എന്റെ ഭർത്താവിന്റെ കുടുംബത്തിനെ സംശയനിഴലിൽ നിർത്തരുത്. മൂന്ന്, സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്കു കരുത്തു പകരണം.

എന്നെ പിന്തുണയ്ക്കാൻ പാർട്ടിയുണ്ട്, കുടുംബമുണ്ട്,സുഹൃത്തുക്കളുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശമാണു നൽകുന്നത്. ഭയന്നിട്ടാണു പല സ്ത്രീകളും സൈബർ ആക്രമണങ്ങൾ മനസ്സിൽ ഒതുക്കുന്നത്.

കേസ് കൊടുത്തതു ശരിയാണ്, പക്ഷേ, അതിന്റെ അവസ്ഥയിൽ ഇപ്പോള്‍ നിരാശയുണ്ട്. സൈബർ പൊലീസ് പ്രതികരിച്ചിട്ടില്ല. അതിശയിപ്പിച്ചതു വനിതാ കമ്മീഷന്റെ നിലപാടാണ്. എല്ലാ തെളിവുകളും സഹിതം പരാതികൊടുത്തിട്ടും ഇതുവരെ ഒരു മറുപടി പോലും കിട്ടിയിട്ടില്ല. മറ്റു ചില കാര്യങ്ങളില്‍ വളരെയധികം ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷന്റെ മൗനം അതിശയിപ്പിക്കുന്നു.

ഒരു പ്രാവശ്യം പോലും നേരിട്ടു കാണാത്ത ഒരാളെക്കുറിച്ച് എങ്ങനെയാണ് ഇത്ര വെറുപ്പിൽ സംസാരിക്കാനാവുന്നതെന്ന കാര്യത്തിലാണ് എനിക്കദ്ഭുതം തോന്നിയത്. സൈബർ ആക്രമണത്തിന് ഇരയാവുന്ന സ്ത്രീകൾ ഒരു കാര്യം ഒാർത്താൽ മതി. കുഴപ്പം നമുക്കല്ല, ആക്രമിക്കുന്നവരുടെ മാനസികാവസ്ഥയ്ക്കാണ്. നമ്മൾ സധൈര്യം ജീവിതം മുന്നോട്ടു കൊണ്ടു പോയാൽ മതി.

പ്രതിസന്ധിയിൽ അപ്പ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിയോ?

അപ്പ ‘കേസ് കൊടുക്കുന്ന’ രാഷ്ട്രീയത്തിന്റെ ആളല്ല. പ ക്ഷേ, എനിക്കതു ചെയ്യണമെന്നു തോന്നി. അതിനു മുൻപു കല്ലറയിൽ പോയി പ്രാർഥിച്ചു. പണ്ട് അപ്പ പറഞ്ഞു തന്ന ഒരു കഥയാണ് അപ്പോള്‍ ഒാർമ വന്നത്.

ഒരിടത്തൊരു രാജാവും മന്ത്രിയും ഉണ്ടായിരുന്നു. ഒരു ദിവസം രാജാവിന്റെ തള്ളവിരൽ മുറിഞ്ഞ് അറ്റുപോയി. വിവരം മന്ത്രിയോടു പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു, ‘എല്ലാം നല്ലതിന്.’ അത്രയേറെ വിശ്വാസവും സ്നേഹവുമുള്ള മന്ത്രിയുടെ മറുപടി കേട്ടു രാജാവിനു കോപം വന്നു. മന്ത്രിയെ തുറുങ്കില്‍ അടയ്ക്കാൻ ഉത്തരവിട്ടു.

നാളുകള്‍ കഴിഞ്ഞൊരു ദിവസം രാജാവു വേട്ടയ്ക്കു പോയി. കൂട്ടം തെറ്റി അദ്ദേഹം കാട്ടുമനുഷ്യരുടെ കയ്യിലകപ്പെട്ടു. അവർ രാജാവിനെ നരബലി കൊടുക്കാൻ തീരുമാനിച്ചു. അതിനായി ഒരുക്കുന്നതിനിടയിലാണ് രാജാവിന്‍റെ തള്ളവിരൽ അറ്റുപോയ കാര്യം പൂജാരിയുടെ ശ്രദ്ധയിൽ പെടുന്നത്. പൂര്‍ണനല്ലാത്ത വ്യക്തിയെ ബലികൊടുക്കുന്നതു ദോഷമാണെന്നു പൂജാരി പറഞ്ഞതോെട അവർ രാജാവിനെ വെറുതെവിട്ടു. തിരികെ കൊട്ടാരത്തിലെത്തിയ രാജാവ് മന്ത്രിയെ തുറുങ്കില്‍ നിന്നു മോചിതനാക്കി, ധാരാളം പണവും മറ്റും നല്‍കി ആശ്ലേഷിച്ചു. അപ്പോഴും മന്ത്രി പറഞ്ഞു, ‘എല്ലാം നല്ലതിന്.’

എല്ലാം നല്ലതിനാണെന്ന് അപ്പ ഒാർമിപ്പിച്ചതാവാം. അ തുപോലെ തന്നെ സംഭവിച്ചു. രണ്ടു വർഷം കൊണ്ടു കിട്ടാത്ത ഫോളോവേഴ്സിനെ ആണ് ഏതാനും ദിവസം കൊണ്ടു കിട്ടിയത്. ഇന്‍സ്റ്റ േപജില്‍ ഒരു ലക്ഷത്തിലേറെ ഫോ ളോവേഴ്സ് ആ സമയത്തു കൂടി.

സോളർ കേസിൽ ഉമ്മൻ ചാണ്ടി അനുഭവിച്ച വേദനകളോർ ത്തു മകളെന്ന രീതിയിൽ നിരാശ തോന്നുന്നില്ലേ?

ഒരുപാടു നിരാശ തോന്നിയിരുന്നു. രാഷ്ട്രീയം മനസ്സു കൊ ണ്ടു വെറുത്തു പോയ സമയമായിരുന്നു. എതിരാളിയുടെ ആശയങ്ങളെ വിമർശിക്കാം. രാഷ്ട്രീയത്തെ എതിർക്കാം. അതാണോ നടന്നത്? ഇത്തരം തരംതാണ സംസ്കാരത്തിലേക്കു രാഷ്ട്രീയത്തെ കൊണ്ടുവരുന്നതു നാടിനോ നാട്ടുകാര്‍ക്കോ ഒന്നും നല്ലതല്ല.

ഒടുവിൽ സോളർ കേസ് വെറും വേട്ടയാടൽ ആയിരുന്നെന്നു ജനം തിരിച്ചറിഞ്ഞു. സിബിെഎ റിപ്പോർട്ട് എട്ടു മാസം മുൻപു കയ്യിൽ കിട്ടിയിട്ടും അതു പുറത്തുവിടാതിരുന്നത് അപ്പയുടെ മനസ്സിന്റെ വലുപ്പമാണു കാണിക്കുന്നത്. ഉപദ്രവിക്കാൻ ശ്രമിച്ചവർക്കു പോലും താൻ കാരണം ഒരു കുഴപ്പവും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

സഹപ്രവർത്തകർക്ക് ഊർജം പകർന്നു കൊടുത്ത് എ ല്ലാം ഉള്ളിലൊതുക്കുന്ന ആളായിരുന്നു അപ്പ. വീട്ടിനുള്ളിലും ഒരു വിഷമവും പങ്കുവച്ചില്ല. ചിരിച്ചാണ് ഇരിക്കുന്നതെ ങ്കിലും ഉള്ളു നീറുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അ ത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഒരുപാടു ബാധിച്ചെന്നും തോന്നിയിട്ടുണ്ട്. പറയാതെ വച്ച ധാരാളം കാര്യങ്ങളുണ്ടാകും. അത് ഉമ്മൻചാണ്ടിയുടെ നന്മയാണെന്നു ലോകം തിരിച്ചറിഞ്ഞു.

സിബിഐ റിപ്പോർട്ട് എന്നെ ഒരു രീതിയിലും ഞെട്ടിച്ചിട്ടില്ല. ഉമ്മൻചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്ന് എനിക്കു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. എനിക്കു മാത്രമല്ല, അപ്പയെ അറിയുന്ന എല്ലാവർക്കും അതങ്ങനെയായിരുന്നു.

പക്ഷേ, എന്നെ ഞെട്ടിച്ചതു മുൻമന്ത്രി സി. ദിവാകരന്റെ വെളിപ്പെടുത്തലാണ്. ഇന്ത്യയിലെ ഏതു വ്യക്തിയുടെയും നീതികിട്ടാനുള്ള അവസാന അത്താണിയാണ് ജുഡീഷ്യൽ സിസ്റ്റം. അതിനെ സംശയത്തിന്റെ നിഴലിൽ നി ർത്തിയ വെളിപ്പെടുത്തലായിരുന്നു അദ്ദേഹം നടത്തിയത്. അതിൽ സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് എ ന്റെ അഭിപ്രായം.

രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ അപ്പ എന്തായേനെ?

ഏതു ജോലിയിലായാലും അദ്ദേഹം ഏറ്റവും ഉന്നതിയിൽ എത്തിയേനെ. ആ ജോലി സത്യസന്ധമായി ചെയ്യും എന്നുറപ്പാണ്. ജനങ്ങൾക്കു നന്മ ചെയ്തു മുന്നോട്ടു പോയേനെ.

അപ്പയുടെ സ്വഭാവത്തിൽ എന്നെ ആകർഷിച്ച ആദ്യ കാര്യം ‘സെൽഫ്‍ലസ്െനസ്’ ആണ്. സ്വന്തം കാര്യങ്ങളെക്കാ ൾ പ്രാധാന്യം മറ്റുള്ളവർക്കു നൽകി.

ഒട്ടും ഈഗോ ഉണ്ടായിരുന്നില്ല എന്നതാണു രണ്ടാമത്തെ കാര്യം. സോളർ കേസ് കത്തി നിൽക്കുന്ന സമയത്തു സാഹിത്യ അക്കാദമി അവാർഡ് വിതരണചടങ്ങു നിശ്ചയിച്ചു. ഒരു പ്രശസ്ത സാഹിത്യകാരൻ അപ്പയുടെ കയ്യിൽ നിന്നു പുരസ്കാരം വാങ്ങില്ലെന്നു പറഞ്ഞു. അദ്ദേഹത്തെ അപ്പ ഫോൺ ചെയ്തു പറഞ്ഞു, ‘നിങ്ങളുടെ അധ്വാനത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ്. അതുകൊണ്ടു നിരസിക്കരുത്. എന്റെ കയ്യിൽ നിന്നു വാങ്ങേണ്ട, പകരം ആരു വേണമെന്നു പറഞ്ഞാൽ മതി. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ഞാൻ ചെയ്യാം.’

ഏതെങ്കിലും മുഖ്യമന്ത്രി ഇങ്ങനെ പെരുമാറും എന്നു തോന്നുന്നുണ്ടോ? പിന്നീടു പുരസ്കാരം ആ സാഹിത്യകാരന്‍റെ വീട്ടിൽ എത്തിച്ചു െകാടുത്തു. താന്‍ ചെയ്തതു തെറ്റായിപ്പോയെന്നു പിന്നീട് ആ സാഹിത്യകാരൻ പറഞ്ഞിട്ടുണ്ട്.

ആരോടും പ്രതികാരമനോഭാവമില്ലാത്തയാളായിരുന്നു അപ്പ. കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയോ ടു പോലും ക്ഷമിച്ച ആളാണ്. ഒടുവില്‍ ആ വ്യക്തി അപ്പയുടെ കല്ലറയിൽ വന്നതു ക്ഷമയുടെ നന്മയാണു കാണിക്കുന്നത്.

ഇന്നും ‘അപ്പയുടെ വക്കീൽ’ തന്നെയാണല്ലേ അച്ചു?

കുട്ടിക്കാലത്ത് എന്നെ എല്ലാവരും അങ്ങനെയാണു വിളിച്ചിരുന്നത്. അപ്പയ്ക്ക് ഒരു പ്രശ്നമുണ്ടായാൽ ഉടന്‍ ഞാന്‍ ഒാടിയെത്തും. അപ്പ, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിയും ഒക്കെ ആയിരുന്നെങ്കിലും വീട്ടിലെ ‘ധനകാര്യമന്ത്രി’ അമ്മയായിരുന്നു. സാധാരണക്കാരായി ജീവിക്കാനാണു ഞങ്ങളെ അവര്‍ പഠിപ്പിച്ചത്. ഡിഗ്രി വരെയേ അപ്പയുടെ പണം കൊണ്ടു പഠിച്ചുള്ളൂ. പിന്നെ വിദ്യാഭ്യാസലോൺ എടുത്തു. ജോലി ചെയ്താണ് അത് അടച്ചു തീർത്തത്.

കുട്ടിക്കാലത്തേ ചാണ്ടിക്കും മറിയയ്ക്കും വലിയ ആഗ്രഹങ്ങളില്ല. രണ്ടുപേരും വലിയ ഭക്തർ. ഞാനായിരുന്നു കുറച്ചു റിബൽ. കോളജിൽ പഠിക്കുമ്പോൾ സ്കൂട്ടർ ഒ‌രു സ്വപ്നമായിരുന്നു. അതിനുള്ള വരുമാനം നമുക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവിൽ അപേക്ഷ അപ്പയ്ക്ക് മുന്നിലെത്തി. അപ്പ എന്നെ വിഷമിപ്പിക്കാതെ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു. ഒടുവിൽ കുറേ ‘പരിശ്രമത്തിനു’ ശേഷമാണ് ഒരു സെക്കൻഡ് ഹാൻഡ് െെകനറ്റിക് ഹോണ്ട അമ്മ വാങ്ങി തന്നത്. എന്റെ കുസൃതിയൊക്കെ ആസ്വദിക്കുന്ന ആളായിരുന്നു അപ്പ.

കുടുംബത്തെക്കുറിച്ചു പറയാമോ?

ഭര്‍ത്താവ് ലിജോ. മൂന്നു മക്കളാണു ഞങ്ങള്‍ക്ക്. ആൻജല, ക്രിസ്റ്റീൻ, നോഅ. ലിജോ ജനിച്ചതും വളർന്നതും ദുബായിലാണ്. ലിജോയുടെ അച്ഛൻ 40 വർഷമായി അവിടെ ബിസിനസ് ചെയ്യുന്നു. തുടക്കം ദുബായിൽ മാത്രമായിരുന്നെങ്കിലും ഇപ്പോളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കെല്ലാം വികസിച്ചു. മദ്രാസ് െഎെഎടിയിൽ നിന്നു പഠനം പൂർ‌ത്തിയാക്കിയ ശേഷം ലിജോയും പിന്നീടു സഹോദരനും അച്ഛനൊപ്പം ചേർന്നു.

വളരെ ഒതുങ്ങി നിൽക്കുന്ന ആളാണ് ലിജോ. ഒരിടത്തുപോലും അപ്പയുടെ പേര് ലിജോ ഉപയോഗിച്ചിട്ടില്ല. ലിജോയോടും പപ്പയോടും എല്ലാ രീതിയിലും ഞാൻ കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് അപ്പയുടെ ചികിത്സാ സമയത്ത്. ‘മക്കളുടെ കാര്യം ഞങ്ങൾ നോക്കിക്കാളാം മോൾ അപ്പയെ പരിചരിക്ക്’ എന്നാണ് അവര്‍ എന്നോടു പറഞ്ഞത്. എെന്‍റ മക്കളും അതു മനസ്സിലാക്കി പെരുമാറി.

ഇലക്‌ഷൻ റിസൽറ്റ് വന്ന സമയത്തു മാധ്യമങ്ങളോടു സംസാരിച്ച കാര്യങ്ങൾ വൈറലായല്ലോ. അതെല്ലാവരും ശ്രദ്ധിച്ചു. അനുഭവിച്ച എല്ലാ മാനസിക വിഷമങ്ങളുടെയും അവസാന ദിവസമായിരുന്നു അന്ന്. വിജയത്തിന്റെ സന്തോഷത്തെക്കാൾ വാക്കുകളിൽ തീ ആയിരുന്നല്ലോ എന്നു പലരും ചോദിച്ചു. സത്യത്തിൽ എന്റെ മനസ്സ് റിസൽറ്റിൽ ആയിരുന്നില്ല. അപ്പയുടെ കല്ലറയിൽ ആയിരുന്നു. അതിനു തലേ ദിവസം ഒരാൾ കല്ലറയെ അപമാനിച്ചു കൊണ്ട് ഒരു പോസ്റ്റര്‍‌ ഒട്ടിച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട്. ലക്ഷക്കണക്കിനു മലയാളികൾ പരിപാവനമായി കാണുന്ന സ്ഥലമാണത്. ജീവിച്ചിരിക്കുമ്പോൾ ഒരുപാടു വേട്ടയാടപ്പെട്ട വ്യക്തിയാണ് അപ്പ. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ആ സ്ഥലത്തെപ്പോലും ചിലര്‍ വെറുതെ വിടുന്നില്ലല്ലോ എന്നതു മനസ്സിൽ കനലായി നീറുകയായിരുന്നു.

ഇപ്പോൾ കണ്ടില്ലേ വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ അദ്ദേഹത്തിന്റെ പേരു പോലും പറയാൻ മടിക്കുന്നു. സത്യത്തിൽ ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയനേതാവിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമാണ് അന്നുണ്ടായ ആ രോപണങ്ങളെ വകവയ്ക്കാതെ മുന്നോട്ടു പോയത് അതുകൊണ്ടാണു വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത്. ആരെന്തു പറഞ്ഞാലും വിഴിഞ്ഞം പദ്ധതിയുടെ പിതാവ് ഉമ്മൻചാണ്ടിയാണ്. കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, മെഡിക്കൽ കോളജുകള്‍... അങ്ങനെയങ്ങനെ എല്ലാ മേഖ ലയിലും വികസനം കൊണ്ടു വന്ന ആൾ തന്നെയാണ്.

ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല

അടുത്ത പാര്‍ലമെന്‍റ് ഇലക്‌ഷനിൽ മത്സരിക്കുമെന്നും േകാട്ടയമോ ആറന്മുളയോ ആകും മണ്ഡലം എന്നു മൊക്കെ കേള്‍ക്കുന്നു. ഞാൻ രാഷ്ട്രീയത്തിലേക്കില്ല. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. നെപ്പോട്ടിസം ആയതു കൊണ്ടാണോ വരാൻ മടിക്കുന്നതെന്നു പലരും ചോദിക്കുന്നുണ്ട്. അപ്പ ജീവിച്ചിരിക്കുമ്പോൾ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാൻ നോക്കുമ്പോഴല്ലേ അതു നെപ്പോട്ടിസം ആകുന്നത്. ഇത് അങ്ങനെയല്ല. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മതി രാഷ്ട്രീയത്തിലെന്നത് അപ്പയുടെ തീരുമാനമായിരുന്നു. ആ കാഴ്ചപ്പാട് ഞാൻ ഉൾക്കൊള്ളുന്നു.

അപ്പയുടെ സ്വപ്നമായ വീട് എന്നാണുയരുക ?

പുതുപ്പള്ളിയില്‍ അപ്പയുടെ അപ്പൻ കൊടുത്ത സ്ഥലത്തു വീടു വയ്ക്കണമെന്ന് അപ്പയുടെ വലിയ ആഗ്രഹമായിരുന്നു. നിർമാണം തുടങ്ങിയപ്പോഴേക്കും അപ്പയ്ക്കു വയ്യാതായി. എനിക്കതു പൂർത്തീകരിക്കണമെന്നുണ്ടായിരുന്നു. ചാണ്ടിയോടു പറഞ്ഞപ്പോള്‍, ചാണ്ടി അതു സൗമ്യമായി നിരസിച്ച്, വീടുപണിയുെട ചുമതല സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ‌

അപ്പയുടെ അവസാന നാളുകൾ ഇന്നും വേദനിപ്പിക്കാറില്ലേ?

ഒരിക്കലും ഒാർക്കാൻ ഇഷ്ടമല്ലാത്ത കാലമാണത്. ചികിത്സയുടെ ക്ഷീണവും ഒറ്റയ്ക്കിരിക്കുന്നതിന്റെ വിഷമവും എല്ലാം ഉണ്ടായിരുന്നെങ്കിലും ഒരു പരിഭവവും പരാതിയും കാണിക്കാതെ കുട്ടിയെ പോലെ അപ്പ ഇരുന്നു.

ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സമയം. രാത്രി വൈകിയുള്ള മത്സരങ്ങൾ കാണാൻ മക്കൾ എഴുന്നേൽക്കും. മൂന്നു പേരും മൂന്നു താരങ്ങളുടെ ഫാൻസ് ആണ്. ഒരാൾ മെ സി, ഒരാള്‍ റൊണാൾഡോ, അടുത്തയാള്‍ നെയ്മര്‍. അ വരുെട ജഴ്സിയൊക്കെയിട്ടാണു കളി കാണാനിരിക്കുന്നത്. കുഞ്ഞുങ്ങളുെട തർക്കവും കയ്യടിയും ബഹളവും എ ല്ലാം അപ്പ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. മൂന്നു ദിവസം പിന്നിട്ടപ്പോൾ ഞാൻ പറഞ്ഞു, ‘ഇതു ശരിയല്ല. ഉറങ്ങാതിരുന്നാല്‍ ക്ഷീണം കൂടും.’

അപ്പ പറഞ്ഞു, ‘മോളേ ഇതു സാധാരണ വേൾഡ്കപ്പാണെങ്കിൽ ഉറക്കമിളച്ചു ഞാൻ കാണാനിരിക്കില്ലായിരുന്നു. ഇപ്പോ എനിക്കൊപ്പം മെസ്സിയും റൊണാൾഡോയും നെയ്മറുമല്ലേ കളി കാണുന്നത്. അപ്പോൾ പിന്നെ എങ്ങനെ കാണാതിരിക്കും.’ അതായിരുന്നു അപ്പയുടെ നർമം.

കഴിഞ്ഞ ക്രിസ്മസിന് തൊട്ടുമുൻപു ഞാൻ ചോദിച്ചു, ‘അപ്പയ്ക്ക് ഞാനൊരു സദ്യയുണ്ടാക്കി തരട്ടെ?’ മോൾക്കു ബുദ്ധിമുട്ടാകില്ലേ എന്നായിരുന്നു മറുചോദ്യം. ഒടുവില്‍ എല്ലാ വിഭവങ്ങളും അടങ്ങുന്ന സദ്യ വീട്ടില്‍ ഉണ്ടാക്കി. അതായിരുന്നു അവസാന സദ്യ.

പൊതുവേ രാത്രി അപ്പയുടെ കൂടെ ഞാനല്ല നിൽക്കാറുള്ളത്. പക്ഷേ, മനസ്സിലെന്തോ തോന്നിയതു കൊണ്ടാകാം അപ്പ പോയ ദിവസം രാത്രി ഞാന്‍ അരികിൽ തന്നെയുണ്ടായിരുന്നു. അവസാന നിമിഷം കൈയിൽ മുറുകെപ്പിടിച്ച് ‘അപ്പ പേടിക്കണ്ട, ഒറ്റയ്ക്കല്ലെന്നു’ പറഞ്ഞു, പിന്നെ നെറ്റിയിൽ കുരിശു വരച്ചു, ഒരുമ്മകൊടുത്തു.

അതുവരെ കരുത്തോടെ സംസാരിച്ച അച്ചുവിന്റെ വാക്കുകളിൽ കണ്ണീർ തട്ടി. പിന്നെ പറഞ്ഞു, ‘ഞങ്ങളുടെ വിശ്വാസത്തിൽ പുനർജന്മം എന്നൊന്നില്ല. പക്ഷേ, ഞാനിപ്പോൾ മോഹിക്കുന്നുണ്ട്. അടുത്ത ജന്മവും അപ്പയുടെ മകളായി ജനിക്കണമെന്ന്...’

വിജീഷ് ഗോപിനാഥ്