Thursday 13 December 2018 02:18 PM IST

രണ്ടുവർഷത്തിനപ്പുറം വിവാഹജീവിതം കടന്നു പോകില്ലെന്നു പറഞ്ഞവരോട് ഗിന്നസ് പക്രു പറഞ്ഞത്!

Tency Jacob

Sub Editor

pakru-p
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അച്ഛന്റെ ദീത്തു വളർന്നിരിക്കുന്നു. അച്ഛനെക്കാളും. എന്നാലും കുഞ്ഞിവീടുണ്ടാക്കി കളിക്കുമ്പോഴും ടീച്ചറായി പഠിപ്പിക്കാനിരിക്കുമ്പോഴും അച്ഛനെന്ന കളിക്കൂട്ടുകാരൻ വേണം, ഒപ്പം. മുപ്പതു വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമെല്ലാം സംസാരിക്കാനിരിക്കുമ്പോൾ അമ്മയുടെ പിടിയിൽ നിന്നു കുതറിമാറി അച്ഛന്റെ ചാരെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു ആ കുഞ്ഞിനക്ഷത്രം. ദീപ്ത കീർത്തിയെന്ന മൂന്നാംക്ലാസ്സുകാരി.

മകളുടെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ഗിന്നസ് പക്രുവിന്റെ മോളാണെന്നാ സ്വയം പരിചയപ്പെടുത്തുന്നത്. എവിടെയെങ്കിലും പരിപാടികൾക്കു പോയാൽ എന്നെ നോക്കാനായിട്ട് എന്റെ കൂടെത്തന്നെ നിൽക്കും. ഞങ്ങൾ തമ്മിൽ കളിക്കുന്നത് കാണുന്നോർക്ക് ചിരിയാണെങ്കിലും ഞങ്ങൾ ഭയങ്കര സീരിയസാ. അവളുടെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തും. ഫോണിൽ വിളിച്ചു തന്നിട്ട് അവരോടു സംസാരിക്കാനൊക്കെ പറയും.

‘റൺ കേരള റൺ’ എന്ന പരിപാടിയുടെ ചോറ്റാനിക്കരയിലെ ഉദ്ഘാടകൻ ഞാനായിരുന്നു. ഇക്കാര്യം ഞാൻ ഭാര്യയോടു പറയുന്നതു കേട്ടപ്പോൾ മകൾക്കും വരണമെന്നായി. വാശിപിടിക്കാതിരിക്കാൻ അ പ്പോൾ സമ്മതിച്ചുകൊടുത്തു. പക്ഷേ, കൊണ്ടുപോയില്ല. പിറ്റേ ദിവസത്തെ പത്രത്തിൽ ഫോട്ടോ വന്നപ്പോൾ ഞാനവൾക്ക് കാണിച്ചു കൊടുത്തു. ‘‘ദേ അച്ഛന്റെ ഫോട്ടോ കണ്ടോ’’ അതുകണ്ട് എന്നെ കൊണ്ടോവാന്നു പറഞ്ഞതല്ലേയെന്നു പറഞ്ഞു ഭയങ്കര വഴക്ക്. ഇതു വലിയ ആൾക്കാരുടെ പരിപാടിയാണ്, ചെറിയ കുട്ടികൾക്കുള്ളതല്ല എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ വന്നു ഡയലോഗ്.

‘അപ്പോൾ കുട്ടിയായുള്ള അച്ഛൻ പോയതോ’.

പിന്നെ, മോളുടെ പരിഭവം തീർക്കാൻ കുറേ കഷ്ടപ്പെടേണ്ടി വന്നു. പല വേദികളിലും അതിഥിയായി പോയിട്ടുണ്ടെങ്കിലും മോളുടെ സ്കൂളിൽ ആനിവേഴ്സറിക്ക് അതിഥിയായി പോയത് ഓർമയിൽ തങ്ങി നിൽക്കുന്ന അനുഭവമാണ്. അന്ന് മോളുടെ ഡാൻസ് പ്രോഗ്രാമുണ്ടായിരുന്നു. അവൾ അത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ ഡാൻസും ഡ്രോയിങ്ങും പഠിക്കുന്നുണ്ട്.

pakru09

ബിഗ് ഫാദറായി അഭിനയിച്ചയാൾക്ക് ഫാദേഴ്സ് ഡേയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

വളരെ നല്ല കാര്യം. ജൂണിലെ മൂന്നാം ഞായാറാഴ്ച മാത്രം അച്ഛനെ ഓർത്താൽ പോരെന്നൊരു അഭിപ്രായം കൂടിയുണ്ടെന്നു മാത്രം. ഫാദേഴ്സ് ഡേ രാവിലെ ഞാൻ അച്ഛനെ വിളിച്ച് ‘അച്ഛാ, ഹാപ്പി ഫാദേഴ്സ് ഡേ’ എന്നു പറഞ്ഞാൽ എന്റെ അച്ഛൻ എനിക്ക് വട്ടായോ എന്നു ചിന്തിക്കും. എന്റെ മോൾക്ക് ഞാൻ അച്ഛനേക്കാളേറെ അവളുടെ പ്രായത്തിലുള്ള കളിക്കൂട്ടുകാരനാണ്. പിന്നെ, ഭാര്യ ഞാൻ പറയുന്നത് കേൾക്കുന്നതുകൊണ്ട് അവൾക്ക് ഒരു െചറിയ സംശയം ഇല്ലാതില്ല. ‘ഇയാളിവിടെ എന്തോ ഒരു സംഭവമാണല്ലോ’ എന്ന്.

സൈക്കിളിൽ അച്ഛനൊപ്പമുള്ള യാത്രകളായിരുന്നു കുട്ടിക്കാലത്തെ രസമുള്ള ഒാർമ. അച്ഛന്റെ സൈക്കിളിൽ എനിക്കിരിക്കാൻ ചെറിയൊരു സീറ്റ് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അതുപോലെ കഥാപ്രസംഗത്തിനു പോകുമ്പോൾ അച്ഛനാണ് കൂടെ വരുന്നത്. തിരിച്ച് വണ്ടിയിൽ കയറുമ്പോൾത്തന്നെ ഞാൻ ഉറക്കം തുടങ്ങും. കണ്ണു തുറക്കുമ്പോൾ വീട്ടിലെ കിടക്കയിലായിരിക്കും. എന്റെ ഉറക്കം മുറിയാതെ അച്ഛൻ കൊണ്ടു കിടത്തും. എന്റെ കലാജീവിതം അച്ഛന്റെ കൂടി സ്വപ്നമായിരുന്നു.

അജയകുമാറിന്റെ ആദ്യസിനിമ ‘അമ്പിളിയമ്മാവൻ’ ഇറങ്ങിയിട്ട്  മുപ്പതു വർഷം. എന്തു തോന്നുന്നു?

ആദ്യ സിനിമയുടെ മാത്രമല്ല, പക്രു എന്ന പേരിന് ഉടമയായതിന്റെ മുപ്പതു വർഷം കൂടിയാണ്. 1986 ലാണ് ‘അമ്പിളിയമ്മാവൻ’ എന്ന സിനിമയെടുക്കുന്നത്. അവധിക്കാലത്തായിരുന്നു ഷൂട്ടിങ്. എനിക്ക് പത്തുവയസ്സേയുള്ളൂ. അന്ന് ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളൊന്നുമില്ല. സ്കൂളിലെ കലോൽസവ വേദികളിൽ മോണോ ആക്ടില്‍ സജീവമായിരുന്നു. അതുകണ്ടിട്ടാണ് വേളൂർ കൃഷ്ണൻകുട്ടി സാർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അദ്ദേഹത്തിന്റെതായിരുന്നു തിരക്കഥ. ആനക്കാരനായി അഭിനയിക്കുന്ന ജഗതിചേട്ടന്റെ മകനായിട്ടായിരുന്നു. ആദ്യസീൻ ആനപ്പുറത്ത് വരുന്നതാണ്. ആനപ്പുറത്തു നിന്ന് എന്നെ തുമ്പിക്കൈകൊണ്ടു  പൊക്കിയെടുത്ത് ബഞ്ചിലിരുത്തണം.

എത്ര നോക്കിയിട്ടും ആന എടുക്കുമ്പോൾ ശരിയാകില്ല. പറഞ്ഞ പണി ചെയ്യുക എന്നല്ലാതെ ക്യാമറ എവിടെ ഇരിക്കുന്നു എന്നൊന്നും ചിന്തിക്കേണ്ട കാര്യം ആനയ്ക്കില്ലല്ലോ. അവസാനം ഞാൻ കരയാൻ തുടങ്ങി. സംഗതി അൽപം റിസ്കാണെന്ന് മനസ്സിലാക്കിയിട്ടാകണം ജഗതി ചേട്ടൻ ഇടപെട്ടു. ചേട്ടൻ പറഞ്ഞു.

‘ഞാനെടുത്ത് രണ്ടാം പാപ്പാനു കൊടുക്കാം. രണ്ടാം പാപ്പാൻ എന്നെയെടുത്ത് ബഞ്ചിലിരുത്തട്ടെ.’ അങ്ങനെ റീടേക്കിൽ നിന്ന് ആനയും ജീവഭയത്തിൽ നിന്നു ഞാനും രക്ഷപ്പെട്ടു. അന്നു ഞാൻ ഇതിനേക്കാൾ ചെറുതാണ്. ആനയുടെ മസ്തകത്തിൽ ഞാനിരിക്കുന്നത് കാണേണ്ട കാഴ്ചയാണ്! രോമങ്ങൾ ആണി പോലെ ദേഹത്ത് തറച്ചു കയറും. മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകള്‍ പുഷ്പയായിരുന്നു ഹീറോയിൻ.

ആ സിനിമ കരിയറിലേക്കുള്ള വഴി തുറന്നോ ?

‘അമ്പിളിയമ്മാവൻ’ കുട്ടികൾക്കു വേണ്ടിയുള്ള സിനിമയായതുകൊണ്ട് തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല. ദൂരദർശൻ മലയാളത്തിൽ തുടങ്ങിയപ്പോൾ തുടക്ക കാലത്തുതന്നെ ഈ സിനിമ കാണിച്ചിരുന്നു. അപ്പോഴാണ് ഞാൻ സിനിമ കാണുന്നത്. സിനിമയുടെ സമയമാകുമ്പോൾ ഉമ്മറത്ത് ഇറക്കി വയ്ക്കുന്ന ടിവിക്കു മുന്നില്‍ നൂറും ഇരുന്നൂറും ആളുകൾ തടിച്ചു കൂടുന്ന കാലമായിരുന്നു അത്. പിന്നീട് ഇടയ്ക്കിടെ കാണിച്ചിരുന്നു. അങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ പോപ്പുലറാകുന്നതും പക്രു എന്ന പേര് ഞാനറിയാതെ എന്നിൽ സ്റ്റിക്കർ ആകുന്നതും.‌ അതിനുശേഷം നാലഞ്ച് സിനിമകളിൽ വന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, യുവജനോത്സവ വേദികളിൽ താര പരിവേഷം കിട്ടി.   

പ്രതിസന്ധികളെ ഒറ്റ കൗണ്ടറിലൂടെ ഇല്ലാതാക്കുന്ന വിദ്യ അജയ്കുമാറിന് എങ്ങനെ കിട്ടി?

pakru07

ഒറ്റപ്പെടാൻ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. കുട്ടിക്കാലത്ത് അമ്മയുടെ മുഖമൊന്നു വാടിയാൽ ചിരിക്കാനുള്ളതെന്തെങ്കിലും കൈയിൽനിന്നു കുടഞ്ഞിടും. കൂട്ടുകാരുടെയടുത്തും അങ്ങനെതന്നെ. എന്റെ ഗിന്നസ് റെക്കോർഡ് എ.ആർ. റഹ്മാന്റെയും റസൂൽ പൂക്കുട്ടിയുടേയും ഓസ്കറിൽ ചതഞ്ഞരഞ്ഞു മുങ്ങിപ്പോയി. സഹതപിച്ചവരോടെല്ലാം ഞാൻ പറഞ്ഞു, റസൂൽ സാർ അഞ്ചടിക്കു മുകളിലുണ്ട്. ഞാൻ അത്രയുമില്ലല്ലോ. അതുകൊണ്ട് മൂന്നടിക്കാരൻ ഒളിച്ചിരിക്കുകയാണ്. പക്ഷേ, ഗിന്നസ് റെക്കോർഡിൽ കയറിയത് ഞാന്‍ നന്നായി ആഘോഷിച്ചു.

ഗിന്നസ് പക്രുവായത് അങ്ങനെയാണോ?

‘അമ്പിളിയമ്മാവനി’ലെ എന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ഉണ്ടപക്രു. ഞാൻ പോലുമറിയാതെ എന്നിൽ വന്നു ചേർന്ന പേര്. എന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അതത്ര ഇഷ്ടമല്ലായിരുന്നു. പെങ്ങളുടെ കുട്ടികൾ അമ്മാവനെന്താ ഇങ്ങനെയൊരു പേര് എന്നു ചോദിച്ചു തുടങ്ങിയപ്പോൾ ഞാനും അപകടം മണത്തു. ഒരിക്കൽ ഇന്നസെന്റേട്ടനും പറഞ്ഞു. ‘ഡാ, നീയീ പേര് കൊണ്ടുനടക്കണ്ടാട്ടാ. അതങ്ങ്ട് കളഞ്ഞേക്ക്’. ഇന്നസെന്റേട്ടൻ പറഞ്ഞത് അതുപോലെത്തന്നെ സംഭവിച്ചു.

‘പട്ടണത്തിൽ ഭൂത’ത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുന്നത്. അതുകണ്ടതിനുശേഷം സീനെടുക്കേണ്ട സമയമാകുമ്പോൾ മമ്മൂക്ക ‘ഗിന്നസ്’ എവിടെ എന്നെല്ലാം ചോദിച്ചു തുടങ്ങി. അങ്ങനെ മമ്മൂക്കയാണ് എന്നെ ആദ്യമായി ഗിന്നസ് എന്നു വിളിക്കുന്നത്. അപ്പോൾ എനിക്കും തോന്നി. കൊള്ളാല്ലോ. പാവം പ്രേംനസീർ സാർ. ശരിക്കും ഗിന്നസ് പ്രേംനസീറാണ്. പക്ഷേ, എനിക്കാണ് ആ വിളി കേൾക്കാൻ യോഗമുണ്ടായത്. എനിക്കുശേഷം മിക്കവരും പേരിനു മുമ്പിൽ ഗിന്നസ്സിന്റെ ക്രെഡിറ്റ് ചേർക്കാൻ തുടങ്ങി. ഗിന്നസ്സിൽ കയറിക്കൂടിയതിനു കിട്ടിയ ഡോളറിൽ നിന്നു സഹായം ചോദിച്ച് കുറേ പേർ വന്നിരുന്നു. തൊട്ടടുത്ത കടയിലെ പറ്റുബുക്കിൽ പേരുവന്നാൽ ഇടയ്ക്കെങ്കിലും വിളിക്കും. ഗിന്നസ്സിൽ പേരു വന്നാൽ വിളിയുമുണ്ടാകില്ല. കാശും കിട്ടില്ല. പിന്നെ, നമ്മൾ തന്നത്താൻ വിളിക്കണം.

അദ്ഭുതദ്വീപ് കഴിഞ്ഞ് ബിഗ്ഫാദറായുള്ള അനുഭവം?

‘അദ്ഭുതദ്വീപ്’ എനിക്ക് അദ്ഭുതമായിരുന്നെങ്കിൽ ‘ബിഗ്ഫാദർ’ ഭാഗ്യമായിരുന്നു. ‘അദ്ഭുതദ്വീപ്’ സിനിമ കഴിഞ്ഞപ്പോൾ കൂട്ടുകാർ എന്നോടു ചോദിച്ചു. ‘ഇനി നീ സിനിമയിൽ എന്തുചെയ്യും?.’ എന്ന്. അപ്പോഴാണ് ഈ സിനിമ വരുന്നത്. ഞാനൊന്നു ഞെട്ടി. എന്റെ മകനായി ജയറാമേട്ടനാണെന്നറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി. ആറടിപൊക്കകാരൻ മകന്റെ വേഷം ഭംഗിയാക്കുമെന്നെനിക്കറിയാം. മൂന്നടിയിൽ താഴെ പൊക്കമുള്ള അപ്പനെ ഭംഗിയാക്കാൻ ഞാനൊന്നു വിയർക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു.

അന്നെനിക്കു മകളുണ്ടായ സമയമാണ്. ഞാൻ താഴത്തിടുമോയെന്നു പേടിച്ച് എന്റെ ഭാര്യ പോലും കുഞ്ഞിനെ കൈയിൽത്തന്നിട്ടില്ല. ആ സമയത്താണ് പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ കൈയിലെടുത്ത് ഞാൻ പാട്ടു സീനിൽ അഭിനയിക്കുന്നത്. ഈ രംഗമൊന്നും വേണ്ട എന്നു പറയണമെന്നുണ്ട്. പക്ഷേ, ദാസേട്ടന്റെ ശബ്ദത്തിലൊരു പാട്ട് എന്റെ സ്വപ്നമായിരുന്നു. ‘നിറതിങ്കളേ...’ എന്ന ആ പാട്ടിനുവേണ്ടി സെറ്റിലെ എല്ലാവരും എന്നെ സഹായിച്ചു.

pakru08

ഈയടുത്ത് സിനിമയിൽ ഒരു ഇടവേളയുണ്ടായല്ലോ?

കഴിഞ്ഞവർഷം ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് റോപ്പിൽ തൂങ്ങിയിറങ്ങേണ്ട സീനിൽ അഭിനയിക്കുമ്പോൾ ഞാനൊന്നു വീണു. അന്ന് എന്റെ കഴുത്തിനു ചെറുതായി പ്രശ്നം പറ്റിയിരുന്നു ചികിൽസ ചെയ്തെങ്കിലും സർജറി വേണ്ടി വന്നേക്കുമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നെ പോലൊരാൾക്ക് സർജറി റിസ്ക്കായതുകൊണ്ട്  പല മരുന്നുകൾ കഴിച്ച് സർജറി നീട്ടി വച്ചു. വേദന കാര്യമാക്കാതെ വീണ്ടും സിനിമയിൽ അഭിനയിച്ചതു കൂടുതൽ പ്രശ്നമായി. ഒടുവിൽ എറണാകുളത്തെ ആശുപത്രിയിൽ ഡോ. ദിലീപ് പണിക്കരും ഡോ. ഈപ്പനുമാണ് ചികിൽസിച്ചത്. ജനുവരിയിലായിരുന്നു. സർജറി. പിന്നെ, അതിന്റെ വിശ്രമകാലമായിരുന്നു. അതുകൊണ്ട് പല നല്ല സിനിമകളും ഒഴിവാക്കേണ്ടിവന്നു. ഇപ്പോൾ ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സജീവമാണ്.

സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണല്ലേ?

ഭിന്നശേഷിയുള്ള ആളുകൾക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ‘അദ്ഭുതദ്വീപി’ല്‍ കൂടെയഭിനയിച്ച കുറച്ചുപേർ ചേർന്നു സംവരണ പട്ടികയിൽ പെടുത്താനായി നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ തീരുമാനം വരേണ്ടത് കേന്ദ്രത്തിൽ നിന്നാണെന്നാന്നായിരുന്നു കിട്ടിയ മറുപടി. ആറടിപൊക്കകാരന്റെ ചെറുവിരലിന്റെ തുമ്പ് മുറിഞ്ഞുപോയാൽ അയാൾ അംഗപരിമിതനായി. എന്നാൽ മൂന്നടിയിൽ താഴെ വലുപ്പമുള്ള ഞങ്ങളെപ്പോലുള്ളവർക്കെന്ത് അംഗപരിമിതി എന്നാണ് നിയമം ചോദിക്കുന്നത്? എത്രയോ പേർ ഇപ്പോഴും ഇരുളിൽ തപ്പുന്നു. പൊക്കകുറവുള്ള സ്ത്രീകളാകട്ടെ ഇപ്പോഴും വീടിനുള്ളിലാണ്. അതിനെല്ലാം മാറ്റമുണ്ടാകണം.

കഥാപ്രസംഗത്തിലാണല്ലേ തുടക്കം?

കോളജിൽ പഠിക്കുമ്പോൾ ഞാൻ സംഗീതനാടക അക്കാദമിയുടെ കഥാപ്രസംഗ ശില്‍പശാലയിൽ പങ്കടുത്തു. കെടാമംഗലം സദാനന്ദനും വി. സാംബശിവനുമായിരുന്നു ഗുരുക്കന്മാർ. അവരെല്ലാം കഥ പഠിപ്പിച്ചു തന്നു. അങ്ങനെ മാസത്തിൽ മു പ്പതു ദിവസവും കഥാപ്രസംഗത്തിനു ബുക്കിങ്ങായി. ഒരിക്കൽ സലിംകുമാർ വന്നു കഥാപ്രസംഗം ബുക്ക് ചെയ്തു. കക്ഷി അന്ന് സിനിമയിൽ വന്നിട്ടില്ല. ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. ‘ഗാന്ധാരി വിലാപ’മാണ് കഥ. നൂറു മക്കളും മരിച്ചു കിടക്കുന്ന കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഗാന്ധാരി വരുന്നിടത്താണ് കഥ തുടങ്ങുന്നത്. അത്രയും ഹെവിഡോസാണ് ഞാൻ പ്രേക്ഷകർക്കു കൊടുത്തു കൊണ്ടിരിക്കുന്നത്. കഥാപ്രസംഗം കഴിഞ്ഞു. നല്ല കൈയടിയൊക്കെ കിട്ടി. സലിംകുമാർ കാശു തരാൻ വന്നപ്പോൾ പക്ഷേ, കൈയടിയുടെ തെളിച്ചമൊന്നും മുഖത്തു കണ്ടില്ല.‘കഥാപ്രസംഗം നന്നായിരുന്നു. പറയുന്നതോണ്ടൊന്നും തോന്നരുത്. താങ്കൾക്ക് പറ്റുന്നത് കോമഡിയാണ്. കോമഡി കഥാപ്രസംഗമാണെന്നു കരുതിയാണ് ഞാനിത് ബുക്കു ചെയ്തത്.’ ഞാനാകെ ഷോക്കായിപ്പോയി.

കുരുക്ഷേത്രയുദ്ധം, ഗാന്ധാരിയുടെ ദീനവിലാപം ഒന്നും ഏറ്റില്ലായിരുന്നോ? ‘അഗ്നിശലഭങ്ങൾ’ എന്ന അടുത്ത കഥ അവതരിപ്പിച്ചപ്പോൾ കഥാപ്രസംഗം ഒരു മണിക്കൂറായി ചുരുക്കി. ബാക്കി ഒരു മണിക്കൂർ എം.എൻ ചേട്ടനും  കലാഭവൻ ഷാജോണും ഞാനും ചേർന്ന മിമിക്രി. പൊരിച്ചു കഥ പറഞ്ഞിട്ടു അടുത്തതായി മിമിക്രി എന്ന് അനൗൺസ് ചെയ്യുമ്പോൾ എവിടെ നിന്നെന്നറിയാതെ ജനം വന്നു നിറയുന്നു. എന്റെ ഉള്ളിലെ അജയകുമാർ എന്നോടു തന്നെ പറയാൻ തുടങ്ങി. ‘അജയാ മാറ്റിപ്പിടിച്ചോ. എന്തിനാ വെറുതെ സ്ട്രെയിൻ എടുക്കുന്നത്. അല്ലേൽ തന്നെ നിനക്ക് പൊക്കമില്ല.’ മിമിക്രി വരൂ, വരൂ എന്നെന്നെ മാടിവിളിക്കുന്നു. അങ്ങനെ ഞാൻ ആ വിളി കേട്ടു.

pakru06

യാത്രകളിലെ രസങ്ങൾ ?

എല്ലാവർഷവും കുടുംബമൊന്നിച്ചു യാത്ര പോകും. കഴിഞ്ഞ വർഷം കുളു മണാലിയിൽ പോയി. സ്റ്റേജ് ഷോയ്ക്കായി ധാരാളം യാത്ര ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി. ഞാനും രമേഷ് പിഷാരടിയും ഷോ കഴിഞ്ഞു വന്ന് കട്ടിലിൽ കിടന്നുറങ്ങുമ്പോൾ ഒരു കള്ളൻ വന്ന് ജനലിലൂടെ കൈയിട്ട് രമേഷിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ചോണ്ടുപോയി. ഞാൻ രമേഷിന്റെ മറവിൽ കിടന്നുറങ്ങുന്നു. കുഞ്ഞാണെന്നു കരുതിയായിരിക്കും എന്റെ മാല പൊട്ടിച്ചുമില്ല. കുട്ടികളെ ബഹുമാനിക്കാനുള്ള പഠനക്ലാസിൽ പോയ കള്ളൻ ആണെന്നു തോന്നുന്നു. ഞാനും എന്റെ അഞ്ചുപവന്റെ മാലയും രക്ഷപ്പെട്ടു. പക്ഷേ, പോയി വന്നതിനുശേഷം മകളുടെ ഡിമാൻഡ് കേട്ട് ഞാൻ ഞെട്ടി. ‘അച്ഛാ, അടുത്തവർഷം നമുക്ക് അമേരിക്കയിൽ പോണേ’...

ഭാര്യയുടെ പിന്തുണ?

രണ്ടു വർഷത്തിനപ്പുറം എന്റെ വിവാഹജീവിതം കടന്നുപോകില്ലെന്നു കമന്റ് ചെയ്തിരുന്നവരുണ്ട്. അവരെയൊക്കെ ഓർമി പ്പിക്കാൻ മാത്രം പറയുന്നു. ഇപ്പോൾ വർഷം പന്ത്രണ്ടായി. പ്രതിസന്ധികളിലെല്ലാം ഭാര്യയുണ്ടായിരുന്നു കൂടെ. മൂത്ത മകള്‍ നഷ്ടപ്പെട്ടപ്പോഴും എന്റെ സർജറിയുടെ സമയത്തുമെല്ലാം ധൈര്യം തന്നത് അവളാണ്. ആശുപത്രിയിൽ ഒരു കുഞ്ഞിനെയെന്നപോലെ എന്നെ നോക്കിയതും ഗായത്രിയായിരുന്നു. ഒപ്പം അമ്മയുമുണ്ട്. ഞാനൊന്നു നേരെ നിൽക്കാറായപ്പോഴാണ് അമ്മ വീട്ടിലേക്കു പോയത്.

ഭക്ഷണക്കാര്യത്തിൽ ഞാനിത്തിരി കടുപ്പമാണ്. ഇത്തിരിയേ വേണ്ടൂവെങ്കിലും നല്ല രുചിയിൽ വേണം. അതു ഗായത്രിക്കൊരു വെല്ലുവിളിയാണ്. സിനിമാനടൻമാരുടെ ഭാര്യമാർ ചെയ്യുന്നപോലെ ഗായത്രിയും ഒരു ഡിസൈനർ ബുട്ടീക് തുടങ്ങിയിട്ടുണ്ട്. ‘ഗായത്രി ഡിസൈൻസ്’. ചുരിദാറും കുട്ടികളുടെ ഉടുപ്പും, ഫ്രോക്കും എല്ലാമുണ്ട്. വീടിന്റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഗായത്രിക്ക് ഇപ്പോൾ അതിന്റെ തിരക്കുകൾ കൂടിയുണ്ട്. ലോകത്തെവിടെ പോയാലും തിരികെ വീട്ടിലെത്തുമ്പോൾ ആണ് ഞാൻ കൂൾ ആകുന്നത്. എവിടെ പോയാലും തിരിച്ചെത്താനുള്ള ഒരു തിടുക്കം. അതാണെനിക്ക് വീട്.

സലിം കുമാറും ഞാനും ടിനിയും

കോളജ് യുവജനോത്സവത്തിൽ എനിക്ക് മിമിക്രിക്ക് രണ്ടാം സമ്മാനം കിട്ടി. ഫസ്റ്റ് സലിംകുമാറിനും തേർഡ് ടിനി ടോമിനും. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ഫൊട്ടോഗ്രഫർക്ക് ഒരു ഐഡിയ. ഒന്നാം സമ്മാനക്കാരൻ രണ്ടാം സമ്മാനക്കാരനെ എടുത്തുകൊണ്ടു നിൽക്കുന്ന ഫോട്ടോ ആയാലോ? സലിംകുമാർ എന്നെ എടുത്തു. പിന്നെ, കാണുന്നത് ഫൊട്ടോഗ്രഫർമാർ ഇടിച്ചുകയറി വരുന്നതാണ്. ഐഡിയ ഇട്ട ഫൊട്ടോഗ്രഫർക്ക് ഫോട്ടോ കിട്ടിയതുമില്ല. അയാൾ പിന്നിലായിപ്പോയി.

pakru1