അച്ഛനും മക്കളും ഒന്നിച്ചിരുന്നാണ് ഈ അ ഭിമുഖം. ജഗദീഷിന്റെ മകൾ രമ്യയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ വച്ചാണു കൂടിക്കാഴ്ച. സംസാരിക്കേണ്ടത് അടുത്ത കാലത്തു സിനിമാമേഖലയിലുണ്ടായ ഇടിമിന്നലുകളെക്കുറിച്ചാണ്. എങ്കിലും മ ക്കളായ രമ്യയും സൗമ്യയും ഒപ്പം ഇരിക്കട്ടെ എന്നു ജഗദീഷ് പറയുന്നു.
‘‘സംസാരിക്കാൻ പോകുന്നതു വിവാദ വിഷയങ്ങളെക്കുറിച്ചാണ്. അതുകൊണ്ടു ഞാൻ പറയുന്നതിൽ ഒരു ശ്രദ്ധ വേണം കേട്ടോ...’’ ചിരിച്ചു കൊണ്ട് ജഗദീഷ് മക്കളോടു പറഞ്ഞതിൽ ‘കണക്കുകൾ’ കൃത്യമാക്കുന്ന കൊേമഴ്സ് അധ്യാപകന്റെ ജാഗ്രതയുണ്ട്.
ചില തുറന്നു പറച്ചിലുകൾ വിവാദങ്ങളായി മാറിയോ?
സംഭവിച്ചത് ആദ്യം മുതൽക്കു പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മഴവിൽ മനോരമയ്ക്കൊപ്പമുള്ള അ മ്മ ഷോയുടെ റിഹേഴ്സൽ ക്യാംപിലാണ് എല്ലാ താരങ്ങളും. പല അഭിപ്രായങ്ങളും ഉയർന്നു വന്നു. റിപ്പോർട്ടിനെ വിമർശിക്കണമെന്നു ചിലർ പറഞ്ഞു. നിശബ്ദമായിട്ടിരിക്കാം എന്നു മറ്റു ചിലർ.
പുറത്തു വിവാദങ്ങളുടെ വേലിയേറ്റം നടക്കുന്നു. അമ്മ മൗനത്തിൽ എന്നു വിമർശനമുണ്ടായി. ഞങ്ങൾ റിപ്പോർട്ട് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പഠിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്താം എന്ന പ്രതികരണം ആദ്യം നൽകണമെന്നു നിർദ്ദേശിച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. ഇടയ്ക്കു പത്രസമ്മേളനം നടന്നാൽ അത് ഷോയെ തന്നെ ബാധിക്കുമെന്നും കരുതി.
അങ്ങനെ താരനിശ കഴിഞ്ഞതിന്റെ അടുത്ത ദിവസം സിദ്ദിഖ് കൊച്ചിയില്‍ വച്ചു മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തീരുമാനിച്ചു. വൈസ്പ്രസിഡന്റായ ഞാൻ കൂടി അതിൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. അതുകൊണ്ട് അവിടെ നിന്നു സിദ്ദിഖിനൊപ്പം സംസാരിക്കാമെന്നാണ് ആലോചിച്ചത്. പക്ഷേ, സ്പീക്കർ ഫോണിലോ വിഡിയോ കോളിലോ സംസാരിച്ചാൽ അതു ശരിയാവില്ലെന്നു തോന്നി. അതുകൊണ്ടാണ് കൊച്ചിയിൽ സിദ്ദിഖ് സംസാരിച്ചുകഴിഞ്ഞാലുടൻ തിരുവനന്തപുരത്തു ഞാൻ മാധ്യമപ്രവർത്തകരെ കാണാം എന്നു തീരുമാനിച്ചത്.
എന്റെ അഭിപ്രായങ്ങൾ സിദ്ദിഖിന്റെ വാദങ്ങളെ എതിർത്തതോ മത്സരബുദ്ധിയോടെ സംസാരിച്ചതോ അല്ല. സംഘടനയുടെ നിലപാടുകൾ കുറച്ചുകൂടി വ്യക്തമായ രീതിയിൽ പ്രകടിപ്പിക്കണം എന്നു തോന്നി. ‘മറ്റുള്ള മേഖലകളിൽ നടക്കുന്നതു പോലെ ഇവിടെയും നടക്കുന്നു’ എന്നൊക്കെ പറയുന്നത് ഒഴിഞ്ഞുമാറലാ ണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാഴ്ചപ്പാടിന്റെയും നയങ്ങളുടെയും കാര്യത്തിൽ കുറച്ചുകൂടി കൃത്യത വേണമെന്നും തോന്നി. അതുകൊണ്ടു തന്നെ എന്റെ നിലപാടുകൾ പറഞ്ഞു. അധ്യാപകന്റെ ഛായയുള്ളതു കൊണ്ടു സംസാരിക്കുമ്പോൾ അതു സ്ട്രോങ് ആയിപ്പോകും. അല്ലാതെ എനിക്കു മറ്റുദ്ദേശങ്ങളില്ല. ഇതൊക്കെ ആർക്കെങ്കിലും എതിരായി വ്യാഖ്യാനിക്കപ്പെടും എന്ന തോന്നൽ അപ്പോഴുണ്ടായിരുന്നില്ല.
പദവികൾക്ക് വേണ്ടിയാണ് ആ തുറന്നു പറച്ചിലുകൾ എന്ന പരിഹാസവും ഉയർന്നു വന്നല്ലോ?
ഈ ചോദ്യത്തിനുള്ള ഉത്തരം മകൾ പറയും. ഞാനതു പ റഞ്ഞാൽ ന്യായീകരിക്കലായി നിങ്ങൾക്കു തോന്നിയേക്കാം. ഞാൻ അതിന്റെ ആമുഖം മാത്രം പറയാം.
ഇപ്രാവശ്യത്തെ അമ്മ തിരഞ്ഞെടുപ്പിൽ വൈസ്പ്രസിഡന്റായി മത്സരിക്കാന്‍ സിദ്ദിഖ് എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ തന്നെ മറുപടി കൊടുത്തു, ഞാനില്ല. ഒരുപാടു നല്ല വേഷങ്ങൾ കിട്ടി സിനിമയില്‍ സജീവമാകുന്ന സമയമാണ്. സംഘടനയുടെ നേതൃനിരയിലേക്ക് ഇനി വരണ്ട എന്നു തന്നെയായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പിൽ നി ൽക്കുന്നതും പദവി വഹിക്കുന്നതും അതുവഴി വിവാദങ്ങളിലേക്കു വരുന്നതും ഒന്നും മക്കൾക്ക് ഇഷ്ടവുമല്ല.
എന്നാൽ ബാബുരാജും സിദ്ദിഖും പിന്നെയും നിർബന്ധിച്ചു. വൈസ്പ്രസിഡന്റ് ആയി ജഗദീഷ് വരണമെന്നു തന്നെയാണ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരുടെയും ആഗ്രഹമെന്നും പറഞ്ഞു. മക്കൾക്കു താൽപര്യമില്ലെന്നുപറഞ്ഞപ്പോൾ, ‘രമ്യയുടെ നമ്പർ തരൂ, ഞാൻ വിളിച്ചു സംസാരിക്കാം’ എന്നായി സിദ്ദിഖ്. ബാക്കി മോൾ പറയട്ടെ.
രമ്യ: പത്തു മിനിറ്റ് സിദ്ദിഖ് അങ്കിൾ എന്നോടു സംസാരിച്ചു. ഞങ്ങളുടെ മനസ്സിൽ എന്താണെന്നു ഞാൻ വ്യക്തമായി പറഞ്ഞു. അമ്മ മരിച്ച ഷോക്കിൽ നിന്ന് അച്ഛനെ തിരികെ കൊണ്ടുവന്നതു സിനിമയിലെ നല്ല വേഷങ്ങളാണ്. ഇപ്പോൾ ഈ കാണുന്ന അച്ഛനേ ആയിരുന്നില്ല അ ന്ന്. അത്ര തകർന്നു പോയിരുന്നു. ഡിപ്രഷനിലേക്കാണോ പോകുന്നതെന്നു പോലും പേടി തോന്നി. ‘എനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി മുകളിലേക്കുള്ള ടിക്കറ്റും നോക്കി ഇരിക്കുകയാണ്.’ എന്നൊക്കെയാണു പറഞ്ഞു കൊണ്ടിരുന്നത്. അച്ഛന്റെ അങ്ങനെ ഒരു അ വസ്ഥ ഞങ്ങൾ കണ്ടിട്ടില്ല. അത്ര സങ്കടമായിരുന്നു.
അതിൽ നിന്നു തിരികെ എത്തിച്ചതു സിനിമയിലെ വ്യത്യസ്തതയുള്ള നല്ല വേഷങ്ങളായിരുന്നു. റോഷാക്കും ഗ രുഡനും പുരുഷപ്രേതവും ഫാലിമിയും നേരും ഒാസ്‍ലറും ഗുരുവായൂരമ്പലനടയിലും വാഴയും... ഒട്ടേറെ വ്യത്യസ്ത റോളുകൾ. പഴയതെല്ലാം മറന്ന് അച്ഛൻ സന്തോഷത്തോടെ ഇരിക്കുകയാണ്. ഇതിനിടയിൽ സംഘടനാ നേതൃത്വത്തിലേക്കു വരുമ്പോഴുള്ള ടെൻഷൻ അച്ഛനെ ബാധിക്കരുത്. അതുകൊണ്ടാണു താൽപര്യമില്ലെന്നു പറഞ്ഞത്.
എല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു, ‘മോൾ പേടിക്കണ്ട. ജഗദീഷിന്റെ കൂടെ ഞങ്ങൾ എല്ലാം ഉണ്ടാകും. ഒരു വിവാദങ്ങളും ഉണ്ടാവില്ല, ഞാൻ വാക്കു തരുന്നു.’
ഫോൺ വച്ചു കഴിഞ്ഞു ഞാൻ അച്ഛനോടു പരാതി പറഞ്ഞു, ‘എന്തിനാണെന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നത്. അച്ഛൻ തീരുമാനമെടുത്താൽ പോരെ...’
സൗമ്യ: ഇപ്പോഴത്തെ സംഭവങ്ങളുണ്ടായപ്പോൾ ഞങ്ങള്‍ അച്ഛനോടു പറഞ്ഞു, ‘ഇതുകൊണ്ടൊക്കെയാണു വേണ്ട എന്നു പറഞ്ഞത്. ഈ ട്രോളും വിവാദങ്ങളും ഞങ്ങളും കാണേണ്ടേ? അച്ഛന്റെ സ്വഭാവം രാഷ്ട്രീയത്തിനു പറ്റിയതല്ലെന്നു പണ്ടേ തോന്നിയിട്ടുണ്ട്. പത്തനാപുരത്തു സ്ഥാനാർഥിയാകാന്‍ തീരുമാനിച്ചപ്പോഴും ഞങ്ങളോട് അഭിപ്രായം ചോദിച്ചു. അന്നും ഞങ്ങൾ പറഞ്ഞത് ‘ഞങ്ങൾക്കിഷ്ടമല്ല, പിന്നെ, അച്ഛന്റെ തീരുമാനം’ എന്നാണ്.
ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അച്ഛൻ വെട്ടിത്തുറന്നു പറയും. ആരെയും പിണക്കാതെ മയപ്പെടുത്തി പറയാനറിയില്ല. മറ്റുള്ളവർ എങ്ങനെയെടുക്കും എന്നും ഒാർക്കില്ല. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും വിവാദങ്ങൾ ഉണ്ടാകാം. അതറിയുന്നതു കൊണ്ടാണ് അച്ഛൻ രാഷ്ട്രീയത്തിൽ നിന്നും സംഘടനാ നേതൃത്വത്തിൽ നിന്നും മാറി നിൽക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നത്.
ജഗദീഷ് അമ്മയുടെ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആകും എന്ന അഭ്യൂഹം ശക്തമാണല്ലോ?
അമ്മയുടെ നേതൃനിരയിലേക്ക് ഇനി ഒരിക്കലും ഞാനില്ല. ഈ വിവാദങ്ങളോടെ അതുറപ്പിച്ചു. ചില സോഷ്യൽമീഡിയ വാർത്തകൾ കണ്ടു ഞെട്ടിപ്പോയി. ഞാൻ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്കു വരാൻ വേണ്ടിയായിരുന്നു എ ന്നൊക്കെയാണു ചിലരുടെ കണ്ടെത്തൽ. എന്തു സങ്കടകരമാണത്. അതിനു ഞാൻ കരുക്കൾ നീക്കുകയാണത്രെ. പ ല ഗൂഢതന്ത്രങ്ങളും സോഷ്യൽമീഡിയ തലയിൽ തന്നു. എല്ലാം മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ. ഇത്തരം വിഡിയോകൾ മക്കളെയും വേദനിപ്പിച്ചു.
ഒരധികാര സ്ഥാനവും മനസ്സിലില്ല. രാവിലെ എഴുന്നേ ൽക്കുമ്പോൾ സിനിമയിൽ നല്ലൊരു വേഷമുണ്ടെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണു പ്രാർഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.
യുവനേതൃത്വം വരട്ടെ. എന്നു വച്ചു സംഘടനയില്‍ നിന്നു മാറി നിൽക്കുകയൊന്നുമല്ല. അമ്മ നേതൃത്വം കൊടുക്കുന്ന എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായി നി ൽക്കും. അത്തരം താരനിശകളിൽ പരിപാടികൾ അവതരിപ്പിച്ചും അവതാരകനായും ഗായകനായും സംഘാടകനായും ഒക്കെ ഞാനുണ്ടാകും.
അമ്മ സംഘടനയുടെ ആദ്യ ട്രഷറർ ആയിരുന്നില്ലേ?
താരങ്ങൾക്കായി സംഘടന തുടങ്ങാം എന്നു തീരുമാനിച്ച സംഘത്തിൽ ഞാനുണ്ടായിരുന്നില്ല. നടൻ മുരളിയും ഗ ണേഷ്കുമാറും സുരേഷ്ഗോപിയുമെല്ലാം വലിയ പങ്കുവഹിച്ചു. അമ്മ എന്ന പേരു നിര്‍ദേശിച്ചതു മുരളിയാണ്. പിന്നീടു ഞാനും എത്തി. അമ്മ സംഘടയിലെ മെംബർഷിപ് നമ്പർ ഒന്ന് സുരേഷ്ഗോപിയാണ്. അമ്മയുെട ആദ്യ മെംബര്‍. രണ്ടാമത് ഗണേഷ്കുമാർ. മൂന്നാമത് മണിയൻപിള്ള രാജു. നമ്പർ നാല്, ജഗദീഷ്.
സെക്രട്ടറി ടി.പി. മാധവൻചേട്ടനും പ്രസിഡന്റ് സോമേട്ടനും ആയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും വൈസ്പ്രസിഡന്റുമാർ. ട്രഷർ ഞാൻ ആവണം എന്നെല്ലാവരും ആവശ്യപ്പെട്ടു. ഞാനൊരു കൊമേഴ്സ് അധ്യാപകൻ ആയതു കൊണ്ടു കൂടിയായിരുന്നു അത്.
സാമ്പത്തിക ഇടപാടുകളിൽ ഒരുപാട് അച്ചടക്കം ആദ്യമേ ഉണ്ടാക്കി. വിവാദങ്ങളൊഴിവാക്കാൻ ഒാഫിസിൽ പോ ലും പൈസ ഇടപാടുകൾ വേണ്ട എന്നു തീരുമാനിച്ചു എ ല്ലാം ചെക്ക് വഴി മതി എന്ന നിയമം ഞാൻ ഉണ്ടാക്കിയതാണ്. ചായയും പലഹാരത്തിനുമുള്ള കാശുപോലും ഒാഫിസ് മാനേജർക്ക് ചെക്ക് ആയാണ് നൽകിയത്.
സ്തുത്യർഹമായ സേവനം മലയാള സിനിമയ്ക്കു നൽകിയിട്ടുള്ളവർക്കു കൊടുക്കുന്ന അംഗീകാരം എന്ന നിലയ്ക്കാണ് അന്നു കൈനീട്ടം എന്ന ആശയം ഉണ്ടായത്. നെടുമുടി വേണുച്ചേട്ടനാണ് ആ വാക്കു നിർദേശിച്ചത്. ഇന്നതൊരു ഫ്യൂഡൽ വാക്കായി പലരും പറയുന്നുണ്ടെങ്കിലും സുന്ദരമായ ആശയം തന്നെയാണ്.
അമ്മയിലെ എന്റെ പ്രധാന റോൾ കലാപരമായ ഒരുപാടുകാര്യങ്ങൾക്കു പിന്നണിയിൽ നിന്നു എന്നതാണ്. 1995 ലാണ് അമ്മയുടെ ആദ്യ ഷോ. അതിലെ മൂന്നു സ്കിറ്റിൽ രണ്ടെണ്ണം ഞാനാണെഴുതിയത്. ഒന്ന് നെടുമുടിവേണുച്ചേട്ടനും. അന്നുതൊട്ടുള്ള മിക്ക ഷോകളിലും സജീവ സാന്നിധ്യമാണ്. വനിതയുടെ ഫിലിം അവാർഡ് നിശയിൽ പഴയ കാല നായികമാരുടെ പ്രിയഗാനങ്ങൾ കോർത്തിണക്കിയ പ്രോഗ്രാമിന്റെ അവതാരകനായതൊക്കെ വേദിയിലെ സുന്ദരമുഹൂർത്തങ്ങളാണ്.
കർക്കശക്കാരനായ അധ്യാപകനോടാണു ചോദ്യം, അമ്മയിൽ മാറ്റങ്ങൾ വേണ്ടേ?
നമ്മുടെ വീട്ടിൽ ചോർച്ചയുണ്ടായി അതുവഴി ചുമരുകൾ ന നഞ്ഞു പൊളിഞ്ഞു തുടങ്ങിയാൽ എന്തു ചെയ്യണം? അറ്റകുറ്റപ്പണി നടത്തിയല്ലേ പറ്റൂ. സിനിമാ മേഖലയെ ഒരു വീടായി സങ്കല്‍പ്പിച്ചാല്‍, ഇവിടെ അത്തരം അറ്റകുറ്റപ്പണിക ൾ നടത്തേണ്ട ചില സ്ഥലങ്ങളുണ്ട്. അതു ചെയ്യാത്തിടത്തോളം കാലം ഇടിഞ്ഞുവീഴാനുള്ള സാധ്യത നിലനിൽക്കും. താൽക്കാലിക ആശ്വാസത്തിനു വെള്ളപൂശിയിട്ടു കാര്യമില്ല. കേടുപാടുകള്‍ നിലനില്‍ക്കും. വെള്ളപൂശലെല്ലാം അടുത്ത മഴയിൽ വീണ്ടും ഒലിച്ചു പോകും. അതുകൊണ്ടു നവീകരണം തന്നെയാണു വേണ്ടത്.
പ്രശ്നങ്ങൾ ഇല്ലെന്നു പറയുന്നില്ല. തിരുത്തൽ വേണ്ട കാര്യങ്ങൾക്ക് ഹേമ കമ്മിറ്റിയും സമൂഹത്തിലെ സാംസ്കാരിക നായകരും രാഷ്ട്രീയ നേതൃത്വവും സിനിമാ സമൂഹവും നിർദേശങ്ങൾ നൽകണം. അവ നടപ്പിലാക്കണം. നിയമത്തിന്റെ പിൻബലം മാത്രം പോര. കുഴപ്പങ്ങൾ ഉള്ള മേഖലകൾ തിരിച്ചറിഞ്ഞ് അതു മാറ്റാനുള്ള മനസ്സുണ്ടാകണം.
സ്ത്രീകൾക്കു സുരക്ഷിതമായി ജോലിനോക്കാൻ പറ്റാത്ത ഇടമാണോ സിനിമ?
സ്ത്രീകൾക്കു മാത്രമല്ല, ആർക്ക് നേരെ ആക്രമണമുണ്ടായാലും അതെല്ലാം മുഖവിലയ്ക്കെടുക്കേണ്ടതു തന്നെയാണ്. എല്ലാ മേഖലയിലും ഇതൊക്കെയുണ്ടാകുമെന്നു പറഞ്ഞുള്ള ഒഴിഞ്ഞുമാറൽ ശരിയല്ല.
അമ്മയിൽ തിരുത്തലുകൾ വൈകിയിട്ടുണ്ടെങ്കിൽ ഞാനുൾപ്പെടെ അതിന് ഉത്തരവാദികളാണ്. മാറിനിന്ന്, എല്ലാം പ്രശ്നമാണെന്നു കുറ്റപ്പെടുത്താൻ ആർക്കും പറ്റും. നാൽപതു വർഷമായി ഞാനും സിനിമയിലുണ്ട്. അതുകൊണ്ടു തന്നെ തിരുത്തലുകൾ വൈകി എന്ന ഉത്തരവാദിത്തത്തി ൽ നിന്ന് എനിക്കും മാറി നിൽക്കാനാവില്ല.
സിനിമയിൽ തുല്യവേതനം എന്നത് അപ്രായോഗികമാണ്. ആർക്കാണോ കൂടുതൽ മാർക്കറ്റ് അവർക്കു സ്വാഭാവികമായും ശമ്പളം കൂടുതലായിരിക്കും. എല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ?
സിനിമയിൽ എല്ലാക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ട്. ഒാരോ കാലത്തും ഹിറ്റ്മേക്കേഴ്സ് ഉണ്ടാകും. തുടർച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന താര ങ്ങളും നിർമാതാക്കളും സംവിധായകരും സാങ്കേതികപ്രവർത്തകരും അവർ വിജയിച്ചു നിൽക്കുന്ന കാലത്തു സിനിമയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിനു തുടർച്ചയായി അഞ്ചു ഹിറ്റുകൾ കിട്ടുന്ന സംവിധായകന്റെ വാക്കുകൾക്ക് ഇൻഡസ്ട്രിയിൽ മൂല്യം കൂടും. അഭിനേതാക്കളും അ തുപോലെ തന്നെ.
അതുകൊണ്ട് പവർ ഗ്രൂപ്പ് എന്നു പറയുന്നതിനെക്കാളും സ്വാധീനശക്തി എന്നു വിശേഷിപ്പിക്കാം. സ്വന്തം പ്രൊജക്ടുകൾ വിജയിപ്പിക്കുന്നതിനുള്ള ഇവരുടെ ഇടപെടലുകൾ മറ്റുള്ളവർക്കു ഹാനികരമായാൽ അതു കുഴപ്പമാണ്. അങ്ങനെ ഉണ്ടായോ എന്നതിനു തെളിവില്ലാതെ മറുപടി പറയുന്നതു ശരിയല്ല. വിജയത്തിന്റെ കൂടെ നിൽക്കുന്നവർ പ്രബലരാണ്. അവർ ഒാരോ കാലത്തും മാറി മാറി വരും.
പവര്‍ ഗ്രൂപ്പിനെയല്ല, കവർ ഗ്രൂപ്പിനെ ആണു സൂക്ഷിക്കേണ്ടത്. ഒളിഞ്ഞു നിന്ന് ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ് അവർ. ഒരാളെ തകർക്കാൻ പ്രവർത്തനങ്ങൾ മോശമാണെന്നു പറഞ്ഞു പരത്തും. മെച്ചപ്പെടുത്താനുള്ള ഒരു നിർദേശവും തരില്ല. കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനൊരു സംഘമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
കഴിവുള്ള ഒരു താരത്തെ എല്ലാക്കാലത്തും മാറ്റി നിർത്താൻ ഏതു പവർഗ്രൂപ്പ് വിചാരിച്ചാലും സാധിക്കില്ല. എനിക്കു പറ്റിയ റോൾ എനിക്കു തന്നെ കിട്ടും. സംഘടനയോടു പിണങ്ങിയതിന്റെ പേരിൽ ആരെയും മാറ്റി നിർത്താൻ പാടില്ല എന്നാണ് എെന്‍റ വിശ്വാസം. വിലക്കുകൾ ഒരിക്കലും പരിഹാരമല്ല.
പക്ഷേ, പലപ്പോഴും വിലക്കുകൾ ഉണ്ടായിട്ടില്ലേ?
ഞാൻ ഭാരവാഹി ആയിരിക്കുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ വന്നിട്ടുണ്ട്. ഇനി പറയുന്നതു സംഘടനാ നിയമത്തിനും അച്ചടക്കത്തിനും ഒക്കെ എതിരായേക്കാം. എങ്കിലും ഇനിയെങ്കിലും അതു തുറന്നു പറയണം.
തിലകൻ ചേട്ടനെ സംഘടനയിൽ നിന്നു പുറത്താക്കിയതിനോടു വ്യക്തിപരമായി യോജിപ്പില്ലാത്ത ഒരാളായിരുന്നു ഞാൻ. പുറത്താക്കുന്നതല്ല പരിഹാരം എന്നു ശക്തമായി വാദിച്ചു. അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനമെടുത്ത അന്നത്തെ കമ്മിറ്റി മീറ്റിങ്ങിന്റെ മിനിറ്റ്സിൽ എ ന്റെ വിയോജിപ്പു രേഖപ്പെടുത്തണം എന്നും ഞാൻ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വിയോജിപ്പ് പറയരുതെന്നും എന്നാൽ മിനിറ്റ്സിൽ അതുണ്ടാകുമെന്നുമായിരുന്നു എനിക്കു കിട്ടിയ ഉറപ്പ്.
എന്നാൽ രേഖകളിൽ എന്‍റെ വിയോജിപ്പു ചേർത്തില്ല. വർഷങ്ങൾക്കു ശേഷം അമ്മയുടെ യോഗത്തിൽ ഇക്കാര്യം സംസാരിച്ചപ്പോള്‍ ജഗദീഷ് അങ്ങനെ പറഞ്ഞിട്ടില്ലെന്നായി. സത്യത്തിൽ ഞാൻ പറഞ്ഞതാണ്. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ മനഃസാക്ഷിക്ക് അതറിയാം.
പിന്നീട് ഷമ്മി തിലകനെ പുറത്താക്കുന്ന കാര്യം വന്നപ്പോഴും ഞാൻ എതിർത്തു സംസാരിച്ചു. സംഘടനാവിരുദ്ധമായാലോ എന്നു ഭയന്നാണു നിശബ്ദമായിരുന്നതെന്ന് മീറ്റിങ്ങിനു ശേഷം പലരും പറഞ്ഞു.
അംഗങ്ങളെ പാഠം പഠിപ്പിക്കാനുള്ള ഒന്നല്ല സംഘടന എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ജനറൽ ബോഡി മീറ്റിങ്ങിനു വന്നില്ലെങ്കിൽ വടിയെടുത്തു രണ്ട് അടികൊടുക്കും എന്നൊക്കെ പറയുന്ന ചിന്താഗതിയോടു താൽപര്യമില്ല. ഇതെന്റെ വിശ്വാസമാണ്. അച്ചടക്കമില്ലെങ്കിൽ സംഘടന എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നു ചോദിക്കുന്നവരുണ്ട്. എന്റെ വിശ്വാസമാണോ അവരുടെ വിശ്വാസമാണോ ശരി എന്ന് കാലം തീരുമാനിക്കട്ടെ.
21 വർഷത്തോളം ഞാൻ അമ്മയിൽ ട്രഷററായിരുന്നു ചില കാരണങ്ങൾ കൊണ്ടു മാറിനിന്നു. എന്റെ അസാന്നിധ്യംകൊണ്ട് അമ്മയ്ക്ക് ഒരു ചുക്കും സംഭവിച്ചില്ല. പുതിയ ആളുകൾ സംഘടനയെ മനോഹരമായി മുന്നോട്ടു കൊണ്ടുപോയി. അതിനാല്‍ എനിക്കു ശേഷം പ്രളയം എന്ന ചിന്തയേ ഇല്ല. പുതിയ ആൾക്കാർ വരട്ടെ, അവരുടെ ചിന്തക ൾക്കു വേഗം കൂടുതലാണ്. മാറ്റങ്ങളുണ്ടാകട്ടെ.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ