അപ്രതീക്ഷിതമാണ് സിനിമയും ജീവിതവും. അടുത്ത സീനിൽ എന്താണുണ്ടാകുകയെന്നു മുൻകൂട്ടി അറിയാനാകില്ലല്ലോ. സംഭവിക്കുന്നതു സന്തോഷമാകാം. ചിലപ്പോൾ വേദനയും. രണ്ടായാലും അവിചാരിതമായുണ്ടാകുന്നതെന്തും അതിന്റെ തീവ്രതയിലേ അനുഭവിക്കാനാവൂ.
അതുകൊണ്ടു തന്നെ നിനച്ചിരിക്കാതെയുണ്ടാകുന്ന ചില വേദനകള്‍ എത്ര മായ്ച്ചാലും ഒാർമപ്പാടുകൾ അവശേഷിപ്പിക്കും. പലപ്പോഴും നാമറിയാതെ ഒരു വിധിപോലെ വന്നതായിരിക്കും അവ.
ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഒരു കൈപ്പാടകലെ വച്ചു പോകുമ്പോഴുള്ള സങ്കടമുണ്ട്. കണ്ടു നിന്നു നീറാനല്ലേ പറ്റൂ. പത്മരാജന്‍ സാറിനെയും ഭരതേട്ടനെയും കുറിച്ച് അതുപോലെ വേദനയുണ്ട്.
സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള മോഹമാണ്. ആ രണ്ടുപേരുടെയും സിനിമകളിൽ കുഞ്ഞുവേഷമെങ്കിലും ചെയ്യണം. അതിനായി കാത്തിരിക്കാൻ തുടങ്ങി. ശല്യപ്പെടുത്തൽ എന്ന രീതിയിൽ അല്ല, എന്നാലും കാണുമ്പോഴൊക്കെ ‘ഞാനിവിടുണ്ടേ’ എന്ന മട്ടിൽ അവസരം ചോദിക്കുകയും ചെയ്തിരുന്നു.
ആ അവസരം
ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. ‘വാർത്തകൾ വായിക്കുന്നത് പത്മരാജൻ’ ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്കു സുപരിചിതമാണ്.
ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, ‘‘ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്.’’ ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും,‘‘അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ.’’ പിന്നീടു പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. ‘എന്നാലും വിളിച്ചില്ലല്ലോ’ എന്ന വേദന മനസ്സിലുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, ‘‘പത്മരാജന്റെ അടുത്ത സിനിമ ഞാനാണു നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്.’’ എത്ര നാളാ യി ആഗ്രഹിച്ച കാര്യമാണ്. അതു തൊട്ടരികിലെത്തിയ സ ന്തോഷത്തിലായിരുന്നു ഞാൻ.
‘ഞാൻ ഗന്ധർവനു’ ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്.
എന്റെ പേരു സാറിന്റെ മനസ്സിലേക്കു വരാനുള്ള കാരണം പിന്നിടൊരിക്കൽ മകൻ അനന്തപത്മനാഭൻ പറഞ്ഞു. ‘‘ഗോഡ്ഫാദർ ഉൾപ്പെടെയുള്ള സിനിമകൾ കണ്ടു ഞങ്ങൾ ചേട്ടന്റെ കാര്യം അച്ഛനോടു പറയാറുണ്ടായിരുന്നു. അച്ഛന്റെ സിനിമയിൽ ഇതുവരെ ജഗദീഷ് അങ്കിൾ അഭിനയിച്ചിട്ടില്ലല്ലോ. അടുത്ത സിനിമയിലെങ്കിലും അങ്കിളിനെ വിളിക്കണം. ഒരു ദിവസം അച്ഛൻ പറഞ്ഞു, അടുത്ത സിനിമയിൽ ജഗദീഷിന് ഒരു േവഷം ഉണ്ട്.’’ ഒരുപാടു മോഹിച്ചതു കിട്ടാതെ പോകുമ്പോഴുള്ള സങ്കടം ഇപ്പോഴും മാറിയിട്ടില്ല. അതുപോലെ തന്നെയാണ് ഭരതേട്ടനും.
ഭരതേട്ടന്റെ പല സിനിമകളുടെയും വിജയാഘോഷ വേദിയിൽ ക്ഷണം സ്വീകരിച്ചു ഞാൻ പോയിട്ടുണ്ട്. അവിടെ വച്ചു കാണുമ്പോൾ ‘ഭരതേട്ടാ, എന്റെ കാര്യം മറക്കരുതെ’ ന്നു ഞാൻ രഹസ്യമായി പറയാറുമുണ്ട്. അവസരങ്ങൾ വരട്ടെ നമുക്കു ചെയ്യാം എന്നായിരിക്കും ഭരതേട്ടന്റെ മറുപടി.
അങ്ങനെയൊരു ദിവസം മദ്രാസിൽ ഏതോ സിനിമയുടെ ഡബ്ബിങ്ങിനു പോയതായിരുന്നു ഞാൻ. അവിടെ വച്ച് ഭരതേട്ടനെ കണ്ടു. അദ്ദേഹം എന്നെ വീട്ടിലേക്കു കൊണ്ടു പോകുന്നു. സാഹിത്യകാരനായ മണർകാട് വിജയന് മാമ്മൻ മാപ്പിള അവാർഡ് നേടിക്കൊടുത്ത രാജയോഗം എന്ന നോവൽ അദ്ദേഹം സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു. ഞാനായിരുന്നു നായകൻ. നാടകത്തിലുള്ളതിനപ്പുറം മറ്റൊരു രീതിയിലേക്ക് അതിനെ മാറ്റാം എന്നദ്ദേഹം പറഞ്ഞു.
പിന്നീടുള്ള മൂന്നു ദിവസം ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമയും പാട്ടും മാത്രം ശ്വസിച്ചു ജീവിച്ച ദിവസങ്ങൾ എന്നു തന്നെ പറയാം. അതുവരെ ഭരതേട്ടന്റെ സിനിമയിൽ അഭിനയിക്കാതിരുന്നതിന്റെ സങ്കടങ്ങളെല്ലാം ആ ദിവസങ്ങൾ കൊണ്ടു മാറി. മനസ്സിലുള്ള സിനിമയുടെ ചില സീനുകൾ വരെ എന്നോടു പറഞ്ഞു. ആ സ്വപ്നത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ. പക്ഷേ, പത്മരാജൻ സാറിനെ പോലെ തന്നെ അദ്ദേഹവും എന്റെ ജീവിതത്തിൽ ഒരു വലിയ നഷ്ടമായി മാറി. സിനിമ മനസ്സിൽ വച്ച് അദ്ദേഹവും പോയി. സ്വപ്നത്തിലെ ആ സിനിമ ഒരു സങ്കടമായി എന്റെ മനസ്സിൽ ഇന്നുമുണ്ട്.
സിനിമ പലപ്പോഴും ഇങ്ങനെയാണ്. പലതും സംഭവിക്കുകയാണ്. നാം അറിയാതെ തന്നെ ഒരു ഒഴുക്കിൽ പെട്ടുപോകും. ആ ഒഴുക്കിൽ അടുത്ത സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറും. അകലാനുള്ള കാരണം പോലും അ റിയാതെ രണ്ടു കരയിലാക്കാനുള്ള മണൽത്തിട്ടകൾ സിനിമയിൽ ഉയർന്നുവരാറുണ്ട്. സിബി മലയിലും ലോഹിതദാസും അതിന്റെ ഉദാഹരണങ്ങളാണ്.
തയാറാക്കിയത് : വിജീഷ് ഗോപിനാഥ്