Saturday 11 January 2020 03:44 PM IST : By വിജീഷ് ഗോപിനാഥ്, ലക്ഷ്മി പ്രേംകുമാർ

‘നമ്മുടെ എജ്യുക്കേഷൻ സിസ്റ്റം കുറച്ചു പഴയതാണ്; ഇക്കാലത്ത് അതൊന്നു പൊളിച്ചു പണിയണമെന്ന് തോന്നാറുണ്ട്’

prithviraj889 ഫോട്ടോ ശ്രീകാന്ത് കളരിക്കൽ, ലൊക്കേഷൻ– എസ്ആർ ജംഗിൾ റിസോർട്, ആനക്കട്ടി, തമിഴ്നാട്.

‘ഇതെന്താ ആരും ചിരിക്കാത്തത്. ഇതു പരീക്ഷാഹാളൊന്നുമല്ല’ വാതിൽ തള്ളി തുറന്ന് പൃഥ്വിയുടെ മുഴക്കമുള്ള  ശബ്ദം അകത്തേക്കു  കയറി. അതോടെ പിള്ളേർക്ക് ശ്വാസം നേരെ വീണു. അത് ശരിക്കും മറ്റൊരു പൃഥ്വിരാജ് ആയിരുന്നു. തോളിൽ കയ്യിട്ട്, ക്ലാസ്മേറ്റ്സിനോട്  മിണ്ടിമിണ്ടി ഇരിക്കുന്നതു പോലെ... കുട്ടിപ്പട്ടാളത്തിന്റെ ചോദ്യത്തിന് കുഞ്ഞിക്കഥ വായിച്ചു കൊടുക്കുന്ന താളത്തിൽ പൃഥ്വിരാജ് സംസാരിച്ചു തുടങ്ങി. 

പഠിക്കുന്ന കാലത്ത് ഇഷ്ടമല്ലാത്ത വിഷയം? 

സത്യം പറഞ്ഞാൽ എനിക്ക് ഒരു വിഷയത്തോടും പ്രത്യേകിച്ച് താൽപര്യം ഇല്ലായിരുന്നു. എല്ലാം തട്ടിമുട്ടി പോകും. തോൽക്കാറുമില്ല.  എനിക്കിപ്പഴും പിടി കിട്ടാത്ത കാര്യമുണ്ട്. നമ്മളീ സ്കൂളിൽ പഠിക്കുന്നതിലെ തൊണ്ണൂറ് ശതമാനം കാര്യങ്ങളും എന്തിനാ പഠിക്കുന്നതെന്ന്. പണ്ട് ഇത് ചോദിച്ചതിന്റെ പേരിൽ നല്ല ചീത്തയും കേട്ടിട്ടുണ്ട്.  

ട്രിഗിനോമെട്രി നമ്മൾ പഠിക്കുന്നതെന്തിനാണ്? എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. നിങ്ങളൊക്കെ കുറച്ചു കൂടി മുതിർന്ന ക്ലാസിൽ എത്തിക്കഴിയുമ്പോൾ കെമിസ്ട്രിയിൽ പീരിയോഡിക് ടേബിൾ കാണാപാഠം പഠിച്ച് എഴുതണം. അതു ചെറിയ പണിയൊന്നുമല്ല. കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ചിട്ടുണ്ട്, 

പക്ഷേ, ഇതിലെ തമാശ അതല്ല, കൺസ്ട്രക്ഷൻ രീതികളും, അതിന്റെ ക്രമചക്രവും ഓർത്തു വയ്ക്കണ്ടല്ലോ എന്ന് കരുതിയാണ് പിരിയോഡിക് ടേബിൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ട് ആ ടേബിൾ കുഞ്ഞുപ്രായത്തിലിരുന്ന് കാണാപാഠം പഠിക്കുന്നത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അന്ന് ഇതൊക്കെ കുഴപ്പമല്ലേ ടീച്ചർ എന്ന് ചോദിച്ചതിന് നല്ല വഴക്കും കിട്ടിയിട്ടുണ്ട്. നമ്മുടെ എജ്യുക്കേഷൻ സിസ്റ്റം കുറച്ചു പഴക്കം വന്നതാണ്. ഇന്നത്തെ കാലത്ത് അതൊന്നു പൊളിച്ചു പണിയണമെന്ന് തോന്നാറുണ്ട്.  

ക്യാംപസ് ക്രഷ് ആരായിരുന്നു?

‘‘അതിന്റെ പ്രശ്നം പറഞ്ഞു തരാം,  ഞാൻ പഠിക്കുന്ന സമയത്ത് പൊതുവേ ഒരു കുഴപ്പമുണ്ടായിരുന്നു. ഒന്നുകിൽ എൻജിനീയർ അല്ലെങ്കിൽ ഡോക്ടർ. അതുമല്ലെങ്കിൽ സി.എ.  രക്ഷിതാക്കളുടെ മുന്നിലുള്ള ഒാപ്ഷനുകൾ ഇത്ര കുറവായിരുന്നു. എനിക്ക് ഇതു മൂന്നും  ഇഷ്ടമല്ല. ഭാഗ്യത്തിന് അമ്മ പറഞ്ഞു, ‘എന്നാൽ എൻട്രൻസ് എഴുതണ്ട.’ അതോടെ രക്ഷപ്പെട്ടു.  

അങ്ങനെയിരിക്കുമ്പോഴാണ് ഒാസ്ട്രേലിയയില്‍ പോയി പഠിക്കാനൊരു ചാൻസ് കിട്ടുന്നത്. സത്യമായിട്ടും പറയാം. പഠിക്കാനുള്ള ആഗ്രഹം കൊണ്ടുപോയതല്ല. നാടു കാണാം. പഠനം അവിടെ ചെന്നിട്ട് ആലോചിക്കാം.   

ചെന്നപ്പോഴാണ് കുഴപ്പം  മനസ്സിലായത്. ഇവിടുത്തെ ക്യാംപസ് ലൈഫ് അല്ല അവിടെ. വീക്ക്‌ലി ടൈംടേബിൾ തരും. ക്ലാസ് അറ്റന്റ് ചെയ്യുന്നത് നിർബന്ധമില്ല. സ്വയം റഫറൻസ് ചെയ്ത് പഠിച്ചാലും മതി. അതുകൊണ്ടു തന്നെ ക്ലാസിൽ ഒപ്പമുള്ളവരെ വല്ലപ്പോഴുമേ കാണൂ.

അവിടുത്തെ രീതി അനുസരിച്ച് പരീക്ഷ തോറ്റാൽ കുഴപ്പമാണ് ഒന്നു കൂടി എഴുതാം. പക്ഷേ, വലിയ ഫീസ് കൊടുക്കണം. ഒന്നാമതേ ഞാൻ ഉഴപ്പാൻ വേണ്ടിയാണ് ഒാസ്ട്രേലിയയിൽ പോയതെന്ന് അമ്മയ്ക്ക് സംശയമുണ്ട്. പിന്നെ തോൽക്കുകയും കൂടി ചെയ്താൽ ‘മോനേ നീ അടുത്ത ഫ്ളൈറ്റിൽ കയറി പോരൂ’ എന്നേ പറയൂ. സത്യം പറഞ്ഞാൽ  നന്നായി പഠിക്കേണ്ടി വന്നു.

ഇന്ന് രക്ഷിതാക്കളുടെ ഒൗട്ട്ലുക്ക് കുറച്ചു കൂടി വിശാലമായി. ഒാപ്ഷനുകൾ കൂടി. എന്റെ ചേട്ടന്റെ മോൾ. അവൾക്ക് മ്യൂസിക് പഠിച്ചാൽ മതി. അത് ഗംഭീര കരിയർ ആണ്. ചിലപ്പോള്‍ നിങ്ങളിലാരെങ്കിലും ഡ്രോൺ പറത്താൻ പഠിക്കണം എന്നു പറയും. അത് വലിയ കരിയറാണ്.  പക്ഷേ, നന്നായിട്ട് പറപ്പിക്കാൻ പഠിക്കണം. അത്രയേയുള്ളൂ.

Tags:
  • Celebrity Interview
  • Movies