Tuesday 10 December 2024 11:49 AM IST

‘അതിന് 10 മാസത്തിന്റെ കണക്കു പറയേണ്ട, മകളുമായി ബന്ധപ്പെട്ട് എന്തു സംസാരിച്ചാലും ഞാൻ ഇമോഷനലാകും’

V.G. Nakul

Senior Content Editor, Vanitha Online

abhirami-25

‘ഗുണ’ സിനിമയിലെ ‘കൺമണി അൻപോട് കാതലൻ...’ എന്ന ഗാനം ‘മ ഞ്ഞുമ്മൽ ബോയ്സി’ലൂടെ തെന്നിന്ത്യയാകെ തൂവാനം പോലെ പൊഴിഞ്ഞ ദിനങ്ങളിലൊന്നിലാണു നടി അഭിരാമിയെ കണ്ടത്. ബെംഗളൂരുവിലെ വിശ്വനാഥപുരയിലെ വീട്ടിൽ, ഭർത്താവ് രാഹുൽ പവനനും രണ്ടുവയസ്സുകാരി മകൾ കൽക്കിക്കുമൊപ്പമിരുന്നു താരം പറഞ്ഞു തുടങ്ങിയതും ജീവിതത്തിലെ ‘ഗുണ’ കണക്‌ഷനെക്കുറിച്ചാണ്.

‘‘യഥാർഥ പേര് ദിവ്യ ഗോപികുമാർ എന്നാണ്. ടിവി ഷോ ചെയ്തു തുടങ്ങിയപ്പോഴാണ് അ ഭിരാമി എന്നു മാറ്റിയത്.‘ഗുണ’യിലെ നായികാ കഥാപാത്രത്തിന്റെ പേരാണത്. ആ ഇഷ്ടമാണ് എന്നെ അഭിരാമിയാക്കിയത്.’’

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങി നിന്ന കാലത്താണ് ഉപരിപഠനത്തിനായി അഭിരാമി അമേരിക്കലേക്കുപോയത്. പിന്നെ, പത്തുവർഷത്തെ ഇടവേള. ജോലി, വിവാഹം, സിനിമയിലേക്കുള്ള തിരിച്ചുവരവ്, മ കൾ, കുടുംബം. പുതിയ വിശേഷങ്ങളേറെയുണ്ടു പറയാൻ.

‘‘എന്റെ 39ാം വയസ്സിലാണു കൽക്കി ജീവിതത്തിലേക്കു വരുന്നത്. അവൾക്കപ്പോൾ അഞ്ചു മാസം പ്രായം. അമേരിക്ക വിട്ടു ബെംഗളൂരുവിൽ താമസമാക്കിയിട്ട് ഇപ്പോൾ മൂന്നു വർഷം. മോളെ ദത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണം, സിനിമയിൽ വീണ്ടും സജീവമാകണം. ഈ രണ്ടു ലക്ഷ്യങ്ങളുമായാണു നാട്ടിലേക്കു വന്നത്.

എന്നോ മനസ്സിലുണ്ടായ മോഹം

എന്റെ 12ാം വയസ്സിലാണ്, അങ്കിളും ആന്റിയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. അന്നതത്ര സാധാരണമായിരുന്നില്ല. പിന്നീടൊരു ആൺകുഞ്ഞിനെയും അവർ ദത്തെടുത്തു. എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച സംഭവമാണത്. എന്നെങ്കിലുമൊരിക്കൽ ഞാനുമിങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അന്നു തോന്നിയിരുന്നു.

കൽക്കിയെ സ്വീകരിക്കുമ്പോൾ ചിന്തിച്ചതും അതാണ്, എത്രയോ വർഷം മുൻപേ മനസ്സ് ഇതിനായി തയാറെടുത്തിരുന്നു. രാഹുലും എന്റെ ഇ ഷ്ടത്തിനൊപ്പം ഉറച്ചു നിന്നു. ഞങ്ങൾ തമ്മിൽ വളരെ മുൻപേ ഇതേക്കുറിച്ചു വിശദമായി സംസാരിച്ചിട്ടുണ്ട്. പ്രായോഗികമായി ചിന്തിക്കുന്ന, അനാവശ്യ വാശികളോ കടുംപിടുത്തങ്ങളോ ഇ ല്ലാത്ത ആളാണു രാഹുൽ‌. കുഞ്ഞിനെ ദത്തെടുക്കുകയെന്നതു വളരെ സ്വാഭാവികമായ കാര്യമായേ കണ്ടുള്ളൂ.

പറഞ്ഞല്ലോ, എന്റെ വീട്ടില്‍ ഇതു പുതുമയല്ല. രാഹുലിന്റെ കുടുംബത്തിലാണെങ്കിൽ വളരെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. ചിന്തകനും എഴുത്തുകാരനുമായ പവനന്റെ മൂത്ത മകൻ സി.പി. രാജേന്ദ്രന്റെ മകനാണു രാഹുൽ. അമ്മ കുശല രാജേന്ദ്രൻ.

കൽക്കി വന്നപ്പോൾ

‘‘മകൾ വന്ന ശേഷം ഞങ്ങളുടെ ജീവിതം മാറി. അതിനു പത്തുമാസത്തിന്റെ കണക്കു പറയേണ്ടതേയില്ല. അതുമായി ബന്ധപ്പെട്ട് എന്തു സംസാരിച്ചാലും ഞാൻ ഇമോഷനലാകും. ഷീ ഈസ് സ ച്ച് എ വണ്ടർ ഫുൾ ചൈൽഡ്!

കുഞ്ഞിനെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൂന്നര വർഷത്തെ കാത്തിരിപ്പുണ്ടെങ്കിലും അനുകൂലമായ ഇമെയിൽ വന്ന ശേഷം 48 മണിക്കൂറിനുള്ളിൽ കൃത്യമായ തീരുമാനം എടുക്കണം. ശേഷം ഒരാഴ്ചയേയുള്ളൂ, പേരു കണ്ടെത്താനും മറ്റും.

മോൾക്ക് യുനീക് ആയ, പറയാന്‍ എളുപ്പമുള്ള, സംസ്കാരവുമായി ബന്ധപ്പെട്ട പേരു വേണം എന്നുണ്ടായിരുന്നു. കൽക്കി കുമാർ പവനൻ എന്നാണ് മുഴുവൻ പേര്. വീട്ടിൽ ചിക്കിടി എന്നു വിളിക്കും. കൽക്കിക്കു വീടിനുള്ളിൽ അടച്ചിരിക്കുന്നതു തീരെ താൽപര്യമില്ല. മുറ്റത്തു നിന്നു കളിക്കണം. പാട്ടാണു മറ്റൊരു പ്രിയം. സ്വന്തമായി പാടി ആസ്വദിക്കും. ഞാലിപ്പൂവൻ പഴമാണു ഫേവറിറ്റ് ഫൂഡ്. ‘അനാന’ എന്നാണു പറയുക. മൃഗങ്ങളെ വലിയ ഇഷ്ടമാണ്. പൂച്ചയുടെയും പട്ടിയുടെയുമൊക്കെ ശബ്ദം അനുകരിക്കും. ഭക്ഷണം കഴിക്കുന്നതായാലും വസ്ത്രം തിരഞ്ഞെടുക്കുന്നതായാലും എല്ലാം സ്വന്തമായി ചെയ്യണമെന്നാണു വാശി. ഇംഗ്ലിഷ്, തമിഴ്, കന്ന‍‍ഡ, മലയാളം എന്നീ ഭാഷകൾ കേട്ടുവളരുന്ന അവൾ ഏതു ഭാഷയാണു ആദ്യം നന്നായി സംസാരിച്ചു തുടങ്ങുന്നതെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആകാംക്ഷയുണ്ട്.

abhirami-2

ആ തീരുമാനം ശരിയായിരുന്നു

‘വിരുമാണ്ടി’യിൽ അഭിനയിക്കുന്ന കാലത്താണ് ഒഹിയോയിലെ കോളജ് ഓഫ് വൂസ്റ്ററിൽ സൈക്കോളജി ആൻഡ് കമ്യൂണിക്കേഷൻസ് പഠനത്തിന് അപേക്ഷിക്കുന്നത്. ഒ ന്നു രണ്ടാളുകളുടെ ശുപാർശക്കത്തുകൾ കൂടി വച്ചാൽ നന്നായിരിക്കും. അങ്ങനെ അടൂർ ഗോപാലകൃഷ്ണൻ സാറിൽ നിന്നൊരെണ്ണം വാങ്ങി. കമൽഹാസൻ സാറിനോട് ഒന്നെഴുതിത്തരുമോയെന്നു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു മറുപടി. ‘നീ ഇവിടെ നിന്നു പോകേണ്ട ആളല്ല. ഒരു നല്ല ഭാവി സിനിമയിലുണ്ടെ’ ന്നാണ് അദ്ദേഹം പറഞ്ഞത്. ‘വിരുമാണ്ടി’ ഷൂട്ടിങ് തീർന്നപ്പോൾ അഡ്മിഷൻ കിട്ടി ഞാന്‍ അമേരിക്കയിലേക്കു പോയി.

സിനിമ വിട്ട് അമേരിക്കയില്‍ പോയി പഠിക്കാം എന്നത് ഒരു ദിവസം കൊണ്ടെടുത്ത തീരുമാനമല്ല. ഒരു വർഷം നീണ്ട ആലോചനകൾ ഉണ്ടായിരുന്നു അതിനു പിന്നിൽ.

പതിനൊന്നാം ക്ലാസിൽ പഠനം വിട്ട്, സിനിമയില്‍ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ എന്നെ പൂർണമായും പിന്തുണച്ചവരാണ് അച്ഛനും അമ്മയും. 21ാം വയസ്സിൽ സിനിമ വിട്ടു പഠിക്കാൻ പോകുന്നുവെന്നു പറഞ്ഞപ്പോഴും അവർ ഒപ്പം നിന്നു. എന്തുകൊണ്ട് സിനിമ വിട്ടു വിദേശത്തു പോയി പഠിക്കാം എന്നു തീരുമാനിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരം എനിക്കില്ല. തീർച്ചയായും ഒരു പുതിയ അനുഭവം വേണം എന്നു തോന്നിയതാകാം. എന്തായാലും നാലു ഭാഷകളിൽ സജീവമായിരുന്ന കരിയറിനാണു പെട്ടെന്നു ഫുൾസ്റ്റോപ് ഇട്ടത്.

‘ഞങ്ങൾ സന്തുഷ്ടരാണ്’ കഴിഞ്ഞ ശേഷമുള്ള ആറു വർഷം ലൊക്കേഷനുകളിൽ നിന്നു ലൊക്കേഷനുകളിലേക്കുള്ള യാത്രയായിരുന്നു. ഒട്ടും വിരസത തോന്നിയില്ല. അ ങ്ങനെയുള്ള ഞാനാണു പത്തു വർഷം മറ്റൊരു രാജ്യത്തു പോയി താമസിച്ചത്. അതിനെ അഡ്വഞ്ചർ എന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം.

അച്ഛന്റെയും അമ്മയുടേയും ഒറ്റമോളാണ് ഞാൻ. അത്രകാലം അവരുടെ അടുത്തു നിന്നു മാറിനിന്നിട്ടേയില്ല. അതിനു മുൻപ് അമേരിക്കയിൽ പോയിട്ടില്ലാത്ത എന്റെ ആദ്യ ഇന്റർനാഷനൽ സോളോ ഫ്ലൈറ്റ് യാത്രയും അതായിരുന്നു. പ്ലസ്ടു പാസായി കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കു ശേഷം ഡിഗ്രിക്കെത്തിയപ്പോൾ ആദ്യം അങ്കലാപ്പായിരുന്നു. ആറു മാസം വേണ്ടിവന്നു പൊരുത്തപ്പെടാൻ.

പഠിക്കുന്ന കാലത്തു കഫറ്റീരിയയിലും ലൈബ്രറിയിലുമുൾപ്പെടെ ജോലി ചെയ്തു. സിനിമയിൽ നിന്നു ലഭിച്ച സേവിങ്സ് ഉണ്ടായിരുന്നെങ്കിലും പരമാവധി ജോലിയെടുത്ത്, അധിക സമയം പഠിച്ച്, ലോണൊന്നും എടുക്കാതെ നാലു വർഷത്തെ കോഴ്സ് മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കി. കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്.’’

abhirami77899

സൗഹൃദം നൽകിയ പ്രണയം

‘‘ഞാനും രാഹുലും പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണു പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ഞാൻ അമേരിക്കയിലെത്തി മൂന്നു വർഷം കഴിഞ്ഞു ഹെൽത്ത് കെയർ മേഖലയില്‍ ജോലി കിട്ടി രാഹുലും അവിടെയെത്തി. പഠനത്തിനു ശേഷം ഞാൻ കളിപ്പാട്ട നിർമാണ കമ്പനിയിലും കംപ്യൂട്ടർ സ്ഥാപനത്തിലുമൊക്കെ ജോലി ചെയ്തു. അതിനിടെ രാഹുലുമായുള്ള സൗഹൃദം കൂടുതൽ ഗാഢമായി. ഒരുമിച്ചുള്ള ജീവിതം എന്ന തീരുമാനത്തിലേക്കെത്തി. രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. 2009 ൽ ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അദ്ദേഹത്തിന് ഇപ്പോൾ സ്വന്തം കമ്പനിയുണ്ട്.

അമേരിക്കയിലായിരുന്ന കാലത്താണു ‘വിശ്വരൂപം’ സിനിമയിൽ പൂജ കുമാറിനു ഡബ് ചെയ്യാൻ കമൽഹാസൻ സർ വിളിച്ചത്. തുടർന്ന് ‘അപ്പോത്തിക്കിരി’യിൽ അഭിനയിച്ചു. ചില ടിവി ഷോസിന്റെയും ഭാഗമായി. ലീവെടുത്ത് ഷൂട്ടിങ് ആവശ്യങ്ങൾക്കായി വർഷത്തിൽ അഞ്ചും ആറും തവണയാണ് ഇന്ത്യയിൽ വന്നു പോയിരുന്നത്. അപ്പോഴേക്കും ഓഫിസ് ജോലിയും മടുപ്പായി. ജോലി വിട്ടു. രാഹുലും പിന്തുണച്ചു. അങ്ങനെ ഞങ്ങൾ ഇന്ത്യയിലേക്കു പറന്നു.

ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു അച്ഛൻ ഗോപികുമാർ സുബ്രഹ്മണ്യവും അമ്മ പുഷ്പയും. എനിക്ക് സിനിമയിൽ തിരക്കായപ്പോൾ അവർ ജോലി രാജിവച്ചു. പക്ഷേ, ഞാൻ അമേരിക്കയിലേക്കു പോയപ്പോ‌ൾ അവർ ഒറ്റയ്ക്കാ യി. അങ്ങനെയാണു യോഗ പരിശീലിക്കാൻ തുടങ്ങിയതും ടീച്ചിങ് സർട്ടിഫിക്കറ്റ് നേടിയതും. പിന്നീട് അവരും അമേരിക്കയിലേക്കു വന്നു. ഇപ്പോൾ അവിടെ യോഗ പരിശീലകരാണ്. 150 വിദ്യാർഥികളുണ്ട്. വീടും വാങ്ങി, പൗരത്വവും നേടി.

തിരിച്ചു വരവു പുതുമയല്ല

സിനിമയിലേക്ക് ഇതിനകം മൂന്നാലു തവണ തിരിച്ചു വരവു നടത്തിക്കഴിഞ്ഞു. ഇനി സിനിമ വിട്ടു എങ്ങും പോകുന്നില്ല. എത്രകാലം അവസരങ്ങളുണ്ടോ അത്ര കാലം അഭിനയരംഗത്തുണ്ടാകും. അതാണ് തീരുമാനം. ‘ഐ ലവ് ലൈഫ്, വെരി മച്ച്! ധാരാളം പണം സമ്പാദിച്ചില്ലെങ്കിലും വലിയ വീട് വച്ചില്ലെങ്കിലും ആഡംബര വാഹനം വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല. ജീവിതം സന്തോഷിച്ചു ജീവിക്കണം. പത്തെഴുപത്തഞ്ച് വയസ്സാകുമ്പോൾ എനിക്കെന്റെ കൊച്ചുമക്കളോടു പറയാൻ കഥകളുണ്ടാകണം.’’

വി.ജി. നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ