‘സൂരറൈ പോട്രി’ലെ നായിക പ്രശംസകളേറ്റുവാങ്ങുമ്പോൾ കൂടുതൽ തിളക്കത്തോടെ അപർണ ബാലമുരളി...
‘സൂരറൈ പോട്രി’ന്റെ പ്രീ പ്രൊഡക്‌ഷൻ സമയത്ത് മധുരയിലെ നാട്ടുഭാഷ പഠിക്കാനാണ് അപർണ ആദ്യമായി അവിടെയെത്തുന്നത്. മധുരയിെല െതരുവുകളിലൂടെ നടക്കുമ്പോൾ ചുറ്റും കണ്ട സ്ത്രീകളിലൊക്കെ അപർണയുടെ കണ്ണുകൾ അറിയാതെ തേടിയിരുന്നു ബൊമ്മിയെന്ന സുന്ദരിയെ.
ആടിനെയും മാടിനെയും വാങ്ങാൻ വരുന്നതു പോലെ താൻ പെണ്ണുകാണാൻ അങ്ങോട്ടു വരില്ലെന്ന് പറഞ്ഞ മാരനെ കാണാൻ അയാളുെട ഗ്രാമത്തിലേക്ക് ചെന്ന ബൊമ്മി. തനിക്ക് ഈ കല്യാണത്തിന് ഇഷ്ടമാണെന്ന് മാരൻ പറഞ്ഞപ്പോ ൾ ‘എനിക്ക് ഇഷ്ടമല്ല, നമ്മൾ രണ്ടു പേരും നമ്മുടെ സ്വപ്നങ്ങളെ വിവാഹം കഴിച്ചവരാണെ’ന്ന് മാരനെ ഞെട്ടിച്ച ബൊമ്മി.
മധുരയിലെ സ്ലാങ് പഠിക്കുന്നതു പോെല തന്നെ പ്രയാസകരമായിരുന്നു, സംവിധായിക സുധ കൊങ്കരയുടെ മനസ്സിലെ ബൊമ്മി എന്ന നായികയ്ക്ക് ശരീരഭാഷയിലൂടെ ജീവൻ നൽകുന്നതും. മധുരയിൽ കണ്ടുമുട്ടിയ സ്ത്രീകളെ കണ്ണു തുറന്ന് നിരീക്ഷിച്ച്, അവരുടെ കരുത്തും ശക്തിയും വാക്കും നോക്കും നടപ്പും എടുപ്പുമെല്ലാം അപർണ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. അങ്ങനെ സിനിമയിൽ നായകൻ സൂര്യയ്ക്കൊപ്പം തന്നെ ശക്തമായ കഥാപാത്രമായി ബൊമ്മിയും.
ഫെയ്സ്ബുക്കിലും വാട്സ്‌ആപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാമിപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് അപർണയെ തേടിയെത്തുന്നത്. ‘സൂരറൈ പോട്ര്’ വിജയാകാശത്ത് പറന്നുയരുമ്പോൾ ഇത് അപർണയുടെ കരിയറിലെയും ഏറ്റവും തിളക്കമേറിയ സമയമായി മാറുന്നു.
ഏറ്റവും സന്തോഷം തന്ന അഭിനന്ദനം ആരുടേതാണ്?
ക്യാപ്റ്റൻ ഗോപിനാഥ് സാറിന്റെ ട്വീറ്റ് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തിന്റെ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെയും അനുഭവങ്ങളെയും ആസ്പദമാക്കിയാണല്ലോ ‘സൂരറൈ പോട്ര്.’ ട്വീറ്റിൽ അദ്ദേഹം കുറിച്ചിരുന്നു, ‘എന്റെ ഭാര്യ ഭാർഗവിയുടെ കഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ച അപർണ ഉള്ളിൽ പതിഞ്ഞു. കരുത്തുറ്റവളും അതേ സമയം മൃദുലമനസ്കയുമായ, നിർഭയയും ഉല്ലാസവതിയുമായ, പുരുഷനൊപ്പം തുല്യതയോടെ നിൽക്കുന്ന ആ കഥാപാത്രം ഗ്രാമീണ സ്ത്രീകൾക്കൊക്കെയും പ്രചോദനമാണ്...’
ഒാഫർ വന്നപ്പോൾ ആവേശം കൊള്ളിച്ചത്?
സുധ കൊങ്കര എന്ന സംവിധായിക, സൂര്യ എന്ന നടൻ ഇവർ ഒന്നിക്കുന്ന സിനിമയാണെന്നതാണ് ഏറ്റവും ആവേശം കൊള്ളിച്ചത്. ‘ഇരുതി സുട്ര് ’ എന്ന സിനിമ കണ്ടപ്പോൾ തൊട്ട് ഞാ ൻ സുധ കൊങ്കര എന്ന സംവിധായികയുടെ വലിയ ഫാൻ ആണ്. സൂര്യ എന്ന നടനെ ഏറെ ഇഷ്ടമാണ്. ഇവർ രണ്ടു പേരും ചേരുമ്പോൾ എന്താകും എന്ന ആകാംക്ഷയുണ്ടായിരുന്നു.
ഡബ്ബ് ചെയ്യുന്ന സമയം വരെ എങ്ങനെയുണ്ടാകും എന്റെ കഥാപാത്രം, ഡബ്ബിങ് ശരിയാകുമോ എന്നൊക്കെ ആലോചിച്ചിട്ട് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, സ്ക്രീനിൽ കണ്ടപ്പോൾ ബൊമ്മി വളരെയധികം റിഫൈൻഡ് ആയി തോന്നി. കാരണം, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒൗട്ട്പുട്ടും സൂര്യയെ പോലൊരു നടന്റെ കൂടെയുള്ള സ്ക്രീൻ സ്പേസും വളരെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു.
സൂര്യയുമായുള്ള കോംബിനേഷൻ സീനുകളി ൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?
ടെറസിലെ സീനിൽ ബൊമ്മിയും മാരനും തമ്മിൽ വഴക്കു കൂടുന്നത് വളരെയധികം ഇഷ്ടമായി. പിന്നെ, തുടക്കത്തിലെ പെണ്ണുകാണൽ സീൻ. അവർ തമ്മിൽ ആദ്യം കാണുന്നത്, ബൊമ്മി തിരിഞ്ഞു നോക്കി നടക്കുന്നത്, ആ കല്യാണം വേണ്ടെന്ന് ബൊമ്മി പറയുന്നത്... ആദ്യത്തെ പാട്ടു വരെയുള്ള രംഗങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്.
ബൊമ്മിയാകാനുള്ള ഹോം വർക്കിൽ ഏറ്റവും പ്രയാസമേറിയ കാര്യം ?
അത് മധുര സ്ലാങ് പഠിക്കലും ബൊമ്മിയുടെ ആറ്റിറ്റ്യൂഡ് പകർത്തലും തന്നെ ആയിരുന്നു. മുൻപ് ഞാൻ ചെയ്യാത്ത, എനിക്കൊട്ടും ശീലമില്ലാത്ത കഥാപാത്രം ആയിരുന്നു ബൊമ്മി. ലുക്ക് ടെസ്റ്റുകളും ഉണ്ടായിരുന്നു. എല്ലാം പുതിയ അനുഭവമായിരുന്നു എനിക്ക്. ഒാഡിഷനിൽ തന്നെ മധുര ഭാഷ പറയാനുള്ള പരിശീലനം ഉണ്ടായിരുന്നു. എനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉ ണ്ടായി. പല വാക്കുകളും ഞാൻ കേട്ടിട്ടു തന്നെയില്ലായിരുന്നു. അതിനാലാണ് ഒരിക്കൽ കൂടി സ്ക്രിപ്റ്റ് അയച്ചിട്ട് വിഡിയോ അയയ്ക്കാനുള്ള അവസരം സുധാ മാം തന്നത്.
ആക്ടിങ്ങിൽ വിസ്മയം തോന്നിയ നിമിഷങ്ങളുണ്ടോ സൂര്യയുമൊത്ത് അഭിനയിച്ചപ്പോൾ?
എനിക്ക് തോന്നുന്നു സെറ്റിലെ എല്ലാ മൊമന്റ്സിലും അദ്ദേഹം നെടുമാരൻ എന്ന ആ കഥാപാത്രമായിത്തന്നെയായിരുന്നു നിൽക്കുന്നതെന്ന്. ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസ്സഹായതയും ഉൾക്കൊണ്ടിരുന്നു. എടുത്തു പറയുകയാണെങ്കിൽ ക്ലൈമാക്സ് സീൻ ആണ് എനിക്ക് ഏറ്റവും കണ്ണു നിറയുന്നതായി തോന്നിയത്. സിനിമയിൽ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടി സൂര്യ സാർ അത്ര കഠിനമായിട്ടാണ് വർക് ഔട്ട് ചെയ്തത്.
ഡയറ്റിങ്, വർക് ഔട്ട് ഇെതാക്കെ െപാതുവെ ജീവിതത്തി ൽ കുറവാണ്. കുറച്ചു മടിയുണ്ട്. ഇഷ്ടഭക്ഷണമൊക്കെ നന്നായി കഴിക്കാറുണ്ട്. മുൻപ് ഞാൻ ജിമ്മിൽ കിക്ക് ബോക്സിങ്ങിനു ചേർന്നിരുന്നു. ഇപ്പോൾ പതിവായി യോഗ ചെയ്യുന്നുണ്ട്.
ബൊമ്മിയുടെ ക്യാരക്റ്റർ മനസ്സിനെ വിട്ടു പോകാതെ നിൽക്കുന്നതായി അനുഭവപ്പെട്ടോ?
സിനിമയുടെ പ്രീ പ്രൊഡക്‌ഷനും അതിന്റെ റീഡിങ് സെഷനും ഒക്കെ വളരെ സമയമെടുത്തു ചെയ്തതു കാരണം ഈ കഥാപാത്രം എന്റെ മനസ്സിൽ നല്ലവണ്ണം കയറിക്കൂടിയിരുന്നു. അത് അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്. സുധാ മാം പറയുന്ന വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വരുത്തേണ്ടതായി വന്നുള്ളൂ. ഷൂട്ടിങ് അറുപതു ദിവസത്തോളം ആയിരുന്നു. കൂടെയുള്ളവരെ നന്നായി സപ്പോർട്ട് ചെയ്യുന്ന സ്വഭാവം, അവരെ കൂടി വളർത്താൻ സഹായിക്കുന്ന മനോഭാവം അതൊക്കെ ബൊമ്മിയിൽ വളരെ ആകർഷകമായി തോന്നി.
മധുരയിലെ സ്ത്രീകൾ മലയാളി സ്ത്രീകളിൽ നിന്നു വ്യത്യസ്തരായി തോന്നിയോ?
മലയാളി സ്ത്രീകളിൽ നിന്നല്ല, മറ്റെല്ലായിടത്തെ സ്ത്രീകളിൽ നിന്നും വ്യത്യസ്തരാണ്. അവർ വളരെയധികം പവർഫുൾ ആണ്. എന്നെ ഡബ്ബിങ്ങിനു സഹായിച്ച സ്ത്രീ അവിടുത്തെ സത്യ അക്ക തന്നെ ഉദാഹരണം. സിനിമയുമായി ബന്ധമൊന്നുമില്ല അവർക്ക്. പക്ഷേ, വളരെ ഉൗർജസ്വലതയോടെയാണ് അവർ തന്റെ ജോലി നിർവഹിച്ചത്.
സുധ െകാങ്കര എന്ന സംവിധായികയെ കുറിച്ച്?
സുധാ മാം വളരെയധികം അച്ചടക്കം പാലിക്കുന്ന സംവിധായികയാണ്. സെറ്റിലും നല്ല അച്ചടക്കം കൊണ്ടുവരുന്ന രീതി. സ്ട്രിക്റ്റാണ്. പക്ഷേ, നമുക്കൊക്കെ നന്നായി ജോലി ചെയ്യാ ൻ തോന്നുന്ന തരം സ്ട്രിക്റ്റ്നെസ് ആണ്. എല്ലാ കാര്യങ്ങളും അങ്ങേയറ്റം മുൻകൂട്ടി ആസൂത്രണം ചെയ്യും. എല്ലാ കഥാപാത്രങ്ങൾക്കും വളരെ പ്രാധാന്യം നൽകി എഴുതിയിരിക്കുന്നതും എനിക്ക് വളരെ ഇഷ്ടമായി.
അപർണ എന്ന പെൺകുട്ടിയെ കുറിച്ച്?
ഫ്രണ്ട്‌ലി ആണ്. ഹാപ്പി ഗോയിങ്. സ്കൂൾ, കോളജ് സുഹൃത്തുക്കളുമായെല്ലാം ഏറെ അടുപ്പം പുലർത്തുന്നു. ആർകിടെക്ചർ ഡിഗ്രി പൂർത്തിയാക്കി. ജീവിതത്തിൽ എനിക്കിഷ്ടമുള്ള കാര്യങ്ങൾ പാട്ട്, ഡാൻസ്, അഭിനയം.. എല്ലാം തന്നെ പിന്തുടരാൻ സാധിച്ചിട്ടുണ്ട്. ആർകിടെക്ചർ കോഴ്സ് പഠിച്ചതും അതു ഞാൻ വളരെ ഇഷ്ടപ്പെടുന്നതിനാലാണ്, സിനിമയുടെ ഇടയിലായതിനാൽ രണ്ടു വർഷം ബ്രേക് എടുത്താണ് കോഴ്സ് പൂർത്തിയാക്കിയത്. എന്റെ അച്ഛനും അമ്മയും തരുന്ന പിന്തുണയും വലിയ ഭാഗ്യമാണെന്നു പറയാം. വീട്ടിലെ ഒറ്റക്കുട്ടിയായതിനാൽ അൽപം ലാളിച്ചു തന്നെയാണ് വളർത്തിയിരിക്കുന്നത്. എന്നാലും, എനിക്ക് എന്റെ കാര്യങ്ങൾ നോക്കാനറിയാവുന്ന രീതിയിലായിരുന്നു വഴികാട്ടിത്തന്നത്.
പാട്ടുകാരിയെന്ന നിലയിലെ സ്വപ്നങ്ങൾ?
പാട്ടിലെ കഴിവുകൾ കുറേക്കൂടി മെച്ചപ്പെടുത്തണം എന്നാഗ്രഹമുണ്ട്. അച്ഛനും അമ്മയും മ്യൂസീഷ്യൻസ് ആണ്. പാട്ടിൽ ഞാൻ കുറച്ചു കൂടി ശ്രദ്ധിക്കണമെന്നാണ് അച്ഛന് മോഹം. ഖത്തറിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. നാട്ടിലേക്കു വന്നത് നാലാം ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു. കുട്ടിക്കാലം െതാട്ടേ നൃത്തം പഠിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജുകളിൽ നൃത്തം അവ തരിപ്പിച്ചിരുന്നു. ഒരു ഷോർട് ഫിലിമിലാണ് ആദ്യമായി ക്യാമറയുടെ മുന്നിൽ അഭിനയിച്ചത്. പ്രശസ്തയായത് ‘മഹേഷിന്റെ പ്രതികാര’ത്തിലെ ജിൻസിയിലൂടെയും.
സെലിബ്രിറ്റിയായതിലെ വലിയ അനുഗ്രഹമായി തോന്നുന്നത്?
നമ്മുടെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കുക– ഇത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമല്ലേ? സിനിമയിൽ വന്ന ശേഷം ആ സന്തോഷമാണ് കൂടുതലായി അനുഭവപ്പെടുന്നത്. പിന്നെ, നമ്മൾ പറയുന്ന വാക്കുകൾ എല്ലാവരും ശ്രദ്ധിക്കും. ആ രീതിയിൽ നമ്മുടെ ഉത്തരവാദിത്തം കൂടും.
സൂര്യയോട് ആദരവ് തോന്നിയ കാര്യം?
മറ്റുള്ളവരോട് കാട്ടുന്ന കരുതൽ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഏറ്റവും ആദരവ് തോന്നിയ കാര്യം. ‘സൂപ്പർ സ്റ്റാറാണ്’ എന്ന ഭാവമേയില്ല. കൂടെയുള്ള എല്ലാവരോടും വളരെയേറെ ബഹുമാനത്തോടെ മാത്രം പെരു മാറുന്നതാണ് അദ്ദേഹത്തിന്റെ രീതി.
സെറ്റിൽ അദ്ദേഹത്തിനു കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുമ്പോൾ മറ്റുള്ളവരെല്ലാം കഴിച്ചോ എന്ന് കരുതലോടെ അന്വേഷിക്കും. ഭക്ഷണം ഒാഫർ ചെയ്യും. അഭിനയത്തിലും സഹഅഭിനേതാക്കളെ നന്നായി പിന്തുണയ്ക്കും. എനിക്ക് അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം തന്നെ വളരെ ഇഷ്ടമാണ്. പിതാമഹൻ, കാക്ക കാക്ക, വാരണം ആയിരം ഇതൊക്കെയാണ് ഏറ്റവും ഇഷ്ടം. പിന്നെ, സൂര്യ, ജ്യോതിക ദമ്പതികളെ ഒരുപാട് ഇഷ്ടമാണ്.