Thursday 30 January 2020 12:01 PM IST

‘കുറച്ചു ട്രഡീഷണൽ ആഭരണം, ചുവന്ന കാഞ്ചീപുരം പട്ടുസാരി, ആഘോഷങ്ങൾ ഇല്ലാതെ എലഗന്റായി വിവാഹം’; എല്ലാം ഭാമ പറഞ്ഞത് പോലെ!

Vijeesh Gopinath

Senior Sub Editor

bhama990jnjhgff ഫോട്ടോ: സൈനു വൈറ്റ്‌ലൈൻ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഭാമയുടെ വിവാഹവാർത്ത വനിതയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ആദ്യമായി വിവാഹ വിശേഷങ്ങൾ പങ്കുവച്ചത്. ഇന്ന് ജനുവരി 30, കോട്ടയത്ത് വച്ചുനടന്ന ലളിതമായ ചടങ്ങിൽ ഭാമ വിവാഹിതയായി. 2019 ഡിസംബർ ആദ്യ ആഴ്ച വനിത മാസികയിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിൽ ഭാമ പങ്കുവച്ച വിവാഹ ആഘോഷങ്ങളെ കുറിച്ച് മനസ്സ് തുറന്നിരുന്നു. 

പ്രിയ നടി ഭാമ വിവാഹിതയായി. ഹൃദയം നിറഞ്ഞ് ഭാമ പറയുന്നു, ‘ഇതു ഞാൻ സ്വപ്നം കണ്ടയാൾ തന്നെ...’

രണ്ടുവർഷം മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ഭാമ പറഞ്ഞു. ‘‘ഇനി പ്രണയിക്കാനുള്ള നേരമില്ല. അതുകൊണ്ടൊരു തീരുമാനമെടുത്തു, ആളെ കണ്ടെത്താനുള്ള ചുമതല വീട്ടുകാരെ ഏൽപിക്കുകയാണ്. അവർ ആലോചിച്ചു കണ്ടുപിടിക്കട്ടെ. സിനിമയുടെ ലോകത്തെക്കുറിച്ച് ഒട്ടും അറിയാത്ത ആളെ വിവാഹം ചെയ്താൽ കുഴപ്പമാകുമോ എന്ന പേടിയൊന്നും ഇല്ല. ഒരേ വേവ്്ലെങ്തുള്ള ആളായിരിക്കണമെന്നേയുള്ളൂ.....’’

അന്നു കേട്ടപ്പോൾ ചോദ്യത്തിൽ നിന്നു രക്ഷപ്പെടാനുള്ള പതിവ് ‘മുങ്ങാംകുഴിയുത്തര’മായാണ് തോന്നിയത്. മേക്കപ്പിട്ട ഒരു കുഞ്ഞു കളവ്.

‘‘പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തിൽ നിന്ന് ഒളിച്ചോടിയതുമല്ല.’’ ഭാമ  പൊട്ടിച്ചിരിക്കുന്നു, വിവാഹമുറപ്പിച്ച ശേഷമുള്ള പ്രണയം എല്ലാ പെൺകുട്ടികളെയും സുന്ദരികളാക്കും, ഭാമയെയും...

‘‘പതിനെട്ടാം വയസ്സിൽ സിനിമയിൽ വന്നതാണ് ഞാൻ.  സിനിമകൾ ചെയ്യണം,  സമ്പാദിക്കണം. സ്വന്തം കാലില്‍ നിൽക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം... ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അ മ്മയും എങ്ങുമെത്താത്ത മൂന്നു പെൺമക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ  കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.

എനിക്ക്  കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു മുതൽ കൊച്ചിയിൽ ഒരു ഫ്ലാറ്റ് വരെ നീണ്ടു കിടക്കുന്ന മോഹങ്ങൾ. ആലോചിക്കുമ്പോൾ മിക്കതും ഞാൻ നേടിയതു പോലെ തോന്നുന്നു.  ഇനിയിപ്പോൾ വിവാഹം കഴിക്കാനുള്ള സമയമായെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ  മാർച്ചിൽ നടൻ രജിത് മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞു വരുമ്പോൾ  ഞാൻ തീരുമാനിച്ചു, ഇനി വിവാഹം കഴിക്കാം.

വിവാഹം പതിയെ മതി എന്നു തീരുമാനിച്ചെങ്കിലും അതു നൂറു ശതമാനം അറേഞ്ച്ഡ് മാര്യേജ്  ആയിരിക്കും എന്നു  ഞാൻ പോലും ഒാർത്തില്ല എന്നതാണ് സത്യം. ’’

എന്നാൽ ഇനി ആ സസ്പെൻസ് പൊളിക്കൂ... ആരാണ് വരൻ?

അരുൺ എന്നാണു പേര്. അച്ഛൻ ജഗദീശൻ പിള്ള, അമ്മ ജയശ്രീ. കുറച്ചു വര‍്‍ഷങ്ങൾക്കു മുൻപ് അമ്മ മരിച്ചു. അരുണിന്റെ ചേച്ചി അശ്വതി ഡോക്ടറാണ്. ഭർത്താവ് രാജേഷ്. ഉമ എന്നാണ് ചേച്ചിയുടെ മോളുടെ പേര്. അവർ മുംബൈയിലാണ്.

ചെന്നിത്തലയാണ് അരുണിന്റെ നാടെങ്കിലും വർഷങ്ങളായി കാനഡയിലും ദുബായ്‌യിലും ആണ്. അച്ഛന്റെ ബിസിനസ് എല്ലാം ദുബായ്‌യിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് അരുൺ പഠനത്തിനായി കാനഡയിലേക്ക് പോയി. ബിസിനസ് പഠനം കഴിഞ്ഞ് ദുബായ്‌യിലേക്ക് വന്നു. ഇപ്പോൾ കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമത്തിലാണ്.

ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ്. റിസപ്ഷൻ കൊച്ചിയിൽ നടത്താനാണ് ആലോചിക്കുന്നത്. ചടങ്ങുകളെല്ലാം വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ എലഗന്റായി വേണമെന്നാണ് ആഗ്രഹം.

വിവാഹം ഉറപ്പിച്ച ശേഷമുള്ള പ്രണയം സുന്ദരമാണ്. ഈയൊരു സമയം എൻജോയ് ചെയ്യുന്നതിന്റെ രസം വേറെയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ട് പരമാവധി ആസ്വദിക്കുന്നു. കഴിഞ്ഞ  ദിവസം ഞാൻ  അവസാന ബാച്‌ലർ ട്രിപ് പോയി, മലേഷ്യയിലേക്ക്. ഒപ്പം സുഹൃത്ത് ആൻസിയും ഉണ്ടായിരുന്നു. മൂന്നുനാലു  ദിവസം കറങ്ങി തിരിച്ചു പോന്നു.   

അരുൺ എങ്ങനെയാണ് ഭാമയിലേക്ക് എത്തുന്നത്?

nbhamaew

രണ്ടു സഹോദരികളുടെയും ഭർത്താക്കന്മാർ എനിക്ക് ഏട്ടന്മാര്‍ തന്നെയാണ്. എല്ലാ കാര്യവും അച്ഛന്റെ സ്ഥാനത്തു നിന്നു നടത്തി തരുന്നവർ. രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവിന്റെ പേരും അരുൺ എന്നാണ്. രണ്ടു അരുൺമാരും ഒരുമിച്ചു പഠിച്ചവർ. കുടുംബ സുഹൃത്തുക്കളും. അങ്ങനെയാണ് കാനഡയിൽ നിന്ന് നാട്ടിെലത്തിയപ്പോൾ ചേട്ടനോടൊപ്പം അരുൺ   വീട്ടിലെത്തുന്നത്.

കാഷ്വലായി എന്തൊക്കെയോ സംസാരിച്ചു. എല്ലാവരെയും ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന ചെറുപ്പക്കാരൻ, എനിക്കങ്ങനെയാണ് തോന്നിയത്. അവർ പോയപ്പോള്‍  എല്ലാവരും ‘നല്ല പയ്യൻ’ എന്നൊക്കെ പറയുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ അരുൺ വീണ്ടും വീട്ടിൽ വന്നു. ആ സമയത്താണ് അരുണിനും വിവാഹാലോചനകൾ നടക്കുന്നുണ്ടെന്നറിഞ്ഞത്. എനിക്കും ആലോചനകൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ‘ആലോചിച്ചാലോ’ എന്ന് ചേട്ടൻ ചോദിച്ചു. കുടുംബങ്ങൾ തമ്മിൽ അറിയുന്നതിന്റെ കംഫർട്ട് ഉണ്ട്. അതുകൊണ്ടു തന്നെ തുടക്കം മുതൽക്കേ അപരിചിതത്വം ഉണ്ടായിരുന്നില്ല.

കാനഡയിലാണ് പഠിച്ചതെന്ന് കേട്ടപ്പോൾ എനിക്കാദ്യമൊരു പേടി തോന്നി. രാജ്യത്തിനു പുറത്തുനിന്ന് വിവാഹാലോചനകൾ കഴിവതും വേണ്ടെന്ന് അമ്മയോടു ഞാൻ ആദ്യമേ  പറഞ്ഞിരുന്നു. എനിക്ക് കൊച്ചിയിൽ സ്ഥിര താമസമാക്കാനാണിഷ്ടം. പിന്നെ, പുറത്തൊക്കെ ജീവിക്കുന്ന പലരും മലയാളത്തെക്കുറിച്ചും നാടിനെക്കുറിച്ചും പുച്ഛത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എനിക്ക് പക്ഷേ, നമ്മുടെ നാടിനെയും സംസ്കാരത്തെയും ബഹുമാനിക്കുന്ന ആളായിരിക്കണമെന്നായിരുന്നു ആഗ്രഹം.

അരുണിന് നാടാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് കൊച്ചിയിലേക്കു തിരിച്ചു പോരുന്നത്. ആദ്യം മുതൽക്കേ എന്നെ സിനിമാ താരമായിട്ട് അരുൺ കണ്ടിട്ടില്ല. ‘സ്റ്റാർ സ്റ്റക്’ എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്.

സിനിമയിലെ പെണ്ണുകാണൽ സീന്‍ ജീവിതത്തിൽ എത്തിയപ്പോള്‍ എങ്ങനെയായിരുന്നു?

ആലോചനകൾ വന്നു തുടങ്ങിയപ്പോഴേ വീട്ടിൽ പറഞ്ഞിരുന്നു, ‘‘വെറും അഞ്ചു മിനിറ്റിലുള്ള െപണ്ണുകാണലിലൊന്നും വിവാഹം തീരുമാനിക്കാനാകില്ല. പുറത്ത് റസ്റ്ററന്റിലോ മറ്റോ ഏറെ േനരം കാണണം, പല കാര്യങ്ങളും ഒാപ്പണ്‍ ആയി സംസാരിക്കണം, പിന്നെ കുറച്ചു ദിവസം ഫോണിലൂടെ  സംസാരിക്കണം. എന്നിട്ടു പൊസിറ്റീവായി  തോന്നിയാൽ മുന്നോട്ടു പോകാം. ദൈവത്തിന്റെ തീരുമാനം എന്താണെന്ന് നമുക്കറിയില്ല. പക്ഷേ, അതിനു മുൻപ് പരസ്പരം മനസ്സിലാക്കിയിരിക്കണം.’’

ഇതു വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എല്ലാവരും ഞെട്ടി. പെണ്ണുകാണാൻ വരുന്നവരോട് ഇങ്ങനെയൊക്കെ പറയാനാകുമോ എന്നും ചോദിച്ചു. അവരെന്തു വിചാരിക്കും എന്നായിരുന്നു ആശങ്ക.

ബോൾഗാട്ടി പാലസിൽ വച്ചാണ് ഞങ്ങൾ കണ്ടത്. മുൻപേപരിചയമുള്ള സുഹൃത്തുക്കളെ പോലെ സംസാരിച്ചു. സിനിമയ്ക്ക് പുറത്തുള്ള ആളായതു കൊണ്ടു തന്നെ ഈ ലോകം അരുണിന് അപരിചിതമാണ്. പിന്നെയും രണ്ടു മൂന്നു പ്രാവശ്യം തമ്മിൽ കണ്ടു. ഫോണിൽ ഒന്നരമാസത്തോളം സംസാരിച്ചു. അതിനു ശേഷമാണ് മുന്നോട്ടു പോകാമെന്ന് തീരുമാനിച്ചത്. ഇനി വേണ്ടത്  പ്രാർഥനകളും അനുഗ്രഹവുമാണല്ലേ?   

സിനിമയിൽ നിന്ന് ജീവിതത്തിലേക്കുള്ള ജംപ്... അതെങ്ങനെയാണ് കാണുന്നത്?  

bhamahvhgtftdf ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയുടെ നടുക്കടലിൽ നിന്നാണ് ഞാൻ ജീവിതത്തിൽ എങ്ങനെ നീന്തിക്കയറാം എന്നു പഠിച്ചത്. സീനിയർ‌ ആർട്ടിസ്റ്റുകളുടെ ജീവിതം കേൾക്കുമ്പോൾ അവരുടെ യാത്രാ വഴികളറിയുമ്പോള്‍ ഞാനെങ്ങനെ ആയി മാറണം എന്നു പഠിച്ചു. അപ്പോഴാണ് സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് പെൺകുട്ടികളുടെ ശക്തി എന്നു മനസ്സിലായത്.

റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമയിലുള്ളവരുടെ  ജീവിതവും  സിനിമയും. സിനിമകളുടെ കുത്തൊഴുക്കിൽ ദിവസങ്ങൾ പോകുന്നതറിയില്ല. കുറേ കഴിയുമ്പോൾ ക രിയറിൽ  ബ്ലോക്ക് വരും. അപ്പോഴാണ് എല്ലാം തിരിച്ചറിയുക.   

സിനിമയിൽ നിന്നു പെട്ടെന്നൊരു ജംപ് ബുദ്ധിമുട്ടാകും എന്നു തോന്നിയിരുന്നു. നമുക്കു ചുറ്റും എന്തിനും ഏതിനും ആളുകളല്ലേ? എവിടെ ചെന്നാലും നല്ല പരിഗണന. പക്ഷേ, കു‍ടുംബജീവിതം തുടങ്ങുമ്പോൾ ഇങ്ങനെയാകില്ലല്ലോ. നമ്മുടെ പ്രാധാന്യങ്ങൾ എല്ലാം മാറും.

വിവാഹത്തിനു മുൻപേ സിനിമയിൽ നിന്ന് കുറച്ചു നാൾ മാറി നിൽക്കണമെന്നു‌ തീരുമാനിച്ചിരുന്നു. ‘മറുപടി’ എന്ന ചിത്രത്തിനു ശേഷം  മൂന്നു വർഷമായി സിനിമയിൽ ഞാൻ ഇല്ല. അതുകൊണ്ടു തന്നെ മാറ്റം എളുപ്പമായി തോന്നി.

ഭാമ സിനിമയിൽ നിന്നു പഠിച്ചത് എന്തൊക്കെയാണ്?

സിനിമ എന്നുമുണ്ടാകില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ്. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ പുതിയ സംഘം വരും. അപ്പോൾ അതുവരെയുള്ളവരിൽ പലരും അപ്രസക്തരാകും. ആളുകൾ മാറും.

ഒരു ജോലി കിട്ടി.  വലിയ ബുദ്ധിമോശമൊന്നും കാണിക്കാതെ വൃത്തിയായി ചെയ്തെന്നു തോന്നാറുണ്ട്. അഭിനയിച്ച എത്ര സിനിമകൾ  ഹിറ്റായി എന്നറിയില്ല. എന്നാൽ എനിക്ക് താൽപര്യമുള്ള  സിനിമകളേ ചെയ്തിട്ടുള്ളൂ, അതുറപ്പുണ്ട്.  

‘നിവേദ്യ’ത്തിന്റെ സമയത്ത് ലോഹിസാർ പറഞ്ഞു ഇഷ്ടമുള്ളത് ചെയ്യുക, ഇഷ്ടപ്പെടാത്തതിനോട് ‘നോ’ പറയാൻ മടിക്കരുത്. പലരുടെയും ജീവിതം കണ്ടും കേട്ടും പഠിച്ചതുകൊണ്ട് മുന്നിലെ വഴികളിൽ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു. വലിയ ആഡംബര കാർ വാങ്ങിക്കൂടേ എന്നു പലരും  ചോദിച്ചിട്ടുണ്ട്. ഏറ്റവും മുകളിലേക്കു പോയാൽ താഴേക്ക് വരാൻ  ബുദ്ധിമുട്ടാണ്.  എന്തൊക്കെ പ്ലാൻ ചെയ്താലും വിധി, ദൈവഹിതം ഇതൊക്കെയില്ലേ? പ്രാർഥിക്കാം...

പ്രാർഥന, ദൈവം... ഇടയ്ക്കിടെ കയറിവരുന്നുണ്ടല്ലോ? കല്യാണം വന്നതോടെ  ടെൻഷൻ കൂടിയോ?

bhamaghgyfr6009

ഈശ്വര വിശ്വാസം  പണ്ടേ ഉണ്ടല്ലോ. ദിവസവും  ലളിത സഹസ്രനാമം  ചൊല്ലും, 2009 മുതൽക്കുള്ള ശീലമാണത്. വിവാഹത്തെക്കുറിച്ചോർത്തു ടെൻഷനൊന്നും ഇല്ല.

പക്ഷേ, മാറ്റത്തെക്കുറിച്ച് ഒാർക്കാറുണ്ട്. എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നെ, ഞാനും അമ്മയും ചേച്ചിമാരും മാത്രമായി വീട്ടിൽ. ചേച്ചിമാരുടെ വിവാഹ ശേഷം ഞാനും അമ്മയും മാത്രമായി. സ്ത്രീകൾ മാത്രമുള്ള വീട് തരുന്ന ചില സ്വാതന്ത്ര്യങ്ങളുണ്ട്. ടിവി എത്ര ഉറക്കെ വേണമെങ്കിലും വയ്ക്കാം, ഏതു വസ്ത്രവും ധരിക്കാം. ആ  കംഫ ർട്ടബിൾ സോണിലായിരുന്നു ഇത്രയും നാളും. ഇനി മറ്റൊരു ഘട്ടം. അവിടെ എനിക്ക് അമ്മക്കുട്ടിയുടെ റോളായിരിക്കില്ല...  

എല്ലാ പെൺകുട്ടികളെയും  പോലെ എനിക്കും വിവാഹ സ്വപ്നവും അതു നൽകുന്ന ഭാരവും ഉണ്ട്. ആ ദിവസം കുറേ ആഭരണം ധരിച്ചു നിൽക്കാനിഷ്ടമില്ല. ആഭരണങ്ങൾ പരമ്പരാഗത രീതിയിൽ വേണം. ചുവന്ന കാഞ്ചീപുരം പട്ടു സാരി വേണം. സ്റ്റേജിന് ഗോൾഡൻ തീം വേണം. ചില സാധാരണ രീതികൾക്കും അതിന്റെതായ ഭംഗിയുണ്ട്.  

ഭാമയുടെ വിവാഹം കൂടി കഴിയുന്നതോടെ മൂന്നു പേരെ യും വിവാഹം ചെയ്തയച്ച സന്തോഷത്തിലാകും അമ്മ?

ഞങ്ങൾ അമ്മയും മക്കളും ഇമോഷനലി ഒരുപാട് ‘ഡിപ്പന്റന്റ്’ ആണ്. ഫിനാൻഷ്യലി ‘ഇൻഡിപ്പെന്റന്റും.’ അത് ആദ്യമേ തീരുമാനിച്ചതായിരുന്നു. സാമ്പത്തിക കരുത്തുണ്ടെങ്കിൽ, സ്വന്തം കാലിൽ നിൽക്കാനാകുമെങ്കില്‍  അത് വലിയൊരു അഭിമാനമാണ് – ഞാനും ചേച്ചിമാരും അങ്ങനെ വിശ്വസിച്ചിരുന്നു. അമ്മയും അങ്ങനെയാകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ടു കുറച്ചു പണം അമ്മയുടെ പേരിൽ നിക്ഷേ പിക്കാൻ വർഷങ്ങൾക്കു മുൻപേ ഞാനും ചേച്ചിമാരും തീരുമാനിച്ചു. അതിന്റെ എടിഎം കാർഡും അമ്മയ്ക്ക് നൽകി. സ്വന്തം  ആവശ്യത്തിനുള്ള തുക മറ്റാരോടും ചോദിക്കാതെ സ്വന്തമായി അമ്മ സ്വൈപ്പ് ചെയ്തെടുക്കുന്നത് അഭിമാനമുള്ള കാര്യമല്ലേ... പ്രായമാകുമ്പോൾ അമ്മയ്ക്ക് ഞങ്ങളോടു പണം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്.

എല്ലാ നടിമാരും വിവാഹിതരായി പോകുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്, എന്നാണ് തിരിച്ചു വരവ്?

അരുൺ  ഈ കാര്യം എന്നോടു സംസാരിച്ചിരുന്നു. സിനിമയി ൽ തുടരാൻ ഇഷ്ടമാണോ എന്നെന്നോടു ചോദിച്ചു, റിയാലിറ്റി എന്താണെന്നെനിക്കറിയാം. ആഗ്രഹിച്ചാലും മുൻപ് ചെയ്ത പോലുള്ള നല്ല റോളുകൾ വരണമെന്നില്ല. എന്നാൽ അത്രയും നല്ല റോളുകൾ വന്നാൽ ഉറപ്പായിട്ടും അഭിനയിക്കണമെന്നു തന്നെയാണ് അരുണിന്റെയും അഭിപ്രായം.

Tags:
  • Celebrity Interview
  • Movies