Saturday 28 December 2019 03:58 PM IST

‘ഒരുവശത്ത് ഏറ്റവും നിഷ്കളങ്കത, മറുവശത്ത് കുറച്ച് പരുക്കനായ ആൾ; നിവിന്റെ അഭിനയം അദ്ഭുതപ്പെടുത്തി’

Sreerekha

Senior Sub Editor

nivin-muthon556

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് സംവിധായികയെന്ന നിലയിൽ ഗീതു മോഹൻദാസ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പാതയോരത്ത് ഒതുങ്ങിയും ഒറ്റപ്പെട്ടും ഇരകളായും പോകുന്നവരിലേക്കു കണ്ണു തുറപ്പിക്കുന്ന കാഴ്ചകളൊരുക്കാൻ.

ആദ്യ ഷോർട് ഫിലിം, ‘കേൾക്കുന്നുണ്ടോ’യിൽ അന്ധയായ ഒരു കുട്ടിയുടെ ജീവിതത്തിന്റെ നൊമ്പരക്കാഴ്ചകളായിരുന്നു. ‘ലയേഴ്സ് ഡൈസ്’ പർവതപ്രദേശങ്ങളിലെ ട്രൈബൽ സമുദായത്തിലെ യുവതി കാണാതായ ഭർത്താവിനായി നടത്തുന്ന അന്വേഷണ യാത്രയാണു കാണിച്ചത്. ഇപ്പോൾ, ‘മൂത്തോനി’ലൂടെ ധീരമായൊരു ചുവടുവയ്പ് ഗീതു നടത്തുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ അക്ബറിന്റെയും അമീറിന്റെയും പ്രണയം അഗാധവേദനയായി മനസ്സിൽ തങ്ങുന്നവരെല്ലാം ഗീതുവിനോടു ചോദിക്കാനാശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ പ്രമേയം? എൽജിബി ടി കമ്യൂണിറ്റിക്കു വേണ്ടി സംസാരിക്കാൻ, അവരുെട വേദനയിലേക്കു ശ്രദ്ധ തിരിക്കാൻ എന്തായിരുന്നു കാരണം?

െകാച്ചിയിലെ ഫ്ലാറ്റിൽ, ‘മൂത്തോനെ’ കുറിച്ചുള്ള അഭിനന്ദനങ്ങൾ എങ്ങും നിറയുന്നതിന്റെ സന്തോഷം ഉള്ളിലേറ്റി ഗീതു സംസാരിച്ചു തുടങ്ങി... 

‘‘20 വർഷം മുൻപ്, ഗേ ആണെന്ന കാരണത്താൽ ആത്മഹത്യ ചെയ്യേണ്ടി വന്ന എന്റെ സുഹൃത്ത് മൈക്കേലിനുള്ള ട്രിബ്യൂട്ട് ആണ് മൂത്തോൻ. ഞാൻ കാനഡയിൽ പഠിക്കുമ്പോഴാണ് അടുത്ത സുഹൃത്തായിരുന്ന മൈക്കേൽ, ബുള്ളിയിങ്ങിന്റെ ഇരയായി ജീവനൊടുക്കിയത്. എന്റെ കൂട്ടുകാരി സ്റ്റെഫ്നിയുടെ അനിയനായിരുന്നു മൈക്കേൽ. മൈക്കേലിന് അൽപം ബ്രൗൺ നിറമായിരുന്നതിനാൽ ഞങ്ങൾ മൂവരും ഒന്നിച്ചു നടക്കുമ്പോഴൊക്കെ അവൻ എന്റെ അനിയനാണെന്നാണ് എല്ലാവരും കരുതിയത്. ആ സുന്ദരമുഖം പെട്ടെന്നൊരു ഫുൾസ്റ്റോപ് പോലെ അവസാനിച്ചു. മൈക്കേൽ പോയ ശേഷം ഞങ്ങളൊരുപാടു ചിന്തിച്ചിരുന്നു, എന്തുകൊണ്ട് അവനീ വിഷയം ഞങ്ങളോടു പോലും പങ്കിടാനാകാതെ പോയി! ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ സ്റ്റെഫ്നി മുൻനിരയിലുണ്ടായിരുന്നു. ഞങ്ങൾ കുറേനേരം കെട്ടിപ്പിടിച്ചിരുന്നു. എവിടെയോ കണ്ണു നിറഞ്ഞു...

സമൂഹത്തിലെ ‘മാർജിനലൈസ്ഡ്’ ആയവർക്കു വേണ്ടി സംസാരിക്കാനുള്ള ഉത്തരവാദിത്തം സംവിധായികയെന്ന നിലയിൽ എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.  പിന്നെ, ആത്യന്തികമായി സിനിമ നമ്മുെട മനസ്സിൽ ഒരു ഇമോഷൻ അവശേഷിപ്പിക്കണമെന്നും.

ആണും ആണും തമ്മിലുള്ള പ്രണയകഥ നമ്മുടെ പ്രേക്ഷകർ ഉൾക്കൊള്ളുമെന്ന് ഗീതു കരുതുന്നുണ്ടോ?

എനിക്കു തോന്നുന്നു, എല്ലാത്തരം സ്േനഹവും ആളുകൾ അംഗീകരിക്കും വിധം കാലം മാറിയിട്ടുണ്ടെന്ന്. ആളുകൾക്ക് ഇന്ന് അവയർനെസ് ഉണ്ട്, ഇത് തലച്ചോറിലെ ഒരു തരം ഒറിയന്റേഷൻ ആണെന്ന്. നമ്മൾ സിനിമയെടുക്കുമ്പോൾ നമുക്ക് പറയാനുള്ള കാര്യങ്ങൾ സ്ട്രോങ് ആയി പറയണം. ഇങ്ങനെയും സ്നേഹം ഉണ്ടെന്നാണ് ഈ സിനിമ പറയുന്നത്. പ്രേക്ഷകർ ഈ സിനിമയെ ഒരു അഗാധ പ്രണയകഥയായിട്ടാണു കാണുന്നത്. എനിക്കു കിട്ടുന്ന റിവ്യൂസും അതാണു വെളിപ്പെടുത്തുന്നത്.

നമ്മൾ സേഫ് ആയി പ്രവർത്തിച്ചിട്ടു കാര്യമില്ല. എനിക്കു വേണമെങ്കിൽ എല്ലാവരും മാസ് എന്നു പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി സിനിമയെടുക്കാമായിരുന്നു. പക്ഷേ, ഞാൻ ചിന്തിച്ചത് എന്തു കൊണ്ട് ഇത് മാസ് ആയിക്കൂടാ എന്നാണ്. ഇവിടെ കൊമേഴ്സ്യൽ വിജയം നേടുന്ന തരം സിനിമകളും ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. പക്ഷേ, അത്തരം സിനിമകൾ ഞാൻ െചയ്യില്ല. എനിക്കു തോന്നുന്നത് ‘മൂത്തോൻ’ വളരെ  കൊമേഴ്സ്യൽ ആയ സിനിമയാണെന്നാണ്.

എപ്പോഴാണ് ഗീതുവിന്റെ മനസ്സിൽ സംവിധായികയുണ്ടെന്നു തിരിച്ചറിഞ്ഞത്?

ഞാൻ ശരിക്കും ഡയറക്ടർ ആകാനാണു വന്നത്. തെറ്റു പറ്റി ഞാനൊരു നടിയായതാകാം. നായികയായി വന്ന സമയത്തേ ഞാൻ കഥയും സ്ക്രിപ്റ്റും എഴുതുമായിരുന്നു. 2002 ൽ ‘ശേഷ’ത്തിൽ അഭിനയിക്കുമ്പോഴാണ് ഞാൻ രാജീവിനെ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടലാണ് വഴിത്തിരിവായത്.

എഫ്ടിെഎയിൽ പഠിച്ച് ‘ചാന്ദ്നി ബാർ’ ചെയ്ത ശേഷമാണ് രാജീവ് ‘ശേഷം’ ചെയ്യാൻ വരുന്നത്. എന്റെ എഴുത്തിനെ രാജീവ് വളരെ പ്രോൽസാഹിപ്പിച്ചു. ഞാനും രാജീവും വളരെ അടുപ്പമായിക്കഴിഞ്ഞ് എന്നെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടു പോകുമായിരുന്നു. അവിടെ വച്ച് ഞാൻ ധാരാളം സിനിമകൾ കണ്ടു. സിനിമയോടുള്ള സ്നേഹം, കാഴ്ചപ്പാട് അതെല്ലാം  ആ ചെറുപ്രായത്തിലേ എന്നിൽ വളർന്നു തുടങ്ങി.

അഭിനയം എന്ന യാത്രയിൽ ഞാനങ്ങനെ ഒഴുകിപ്പോവുകയായിരുന്നു. പക്ഷേ, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരിക്കലും സംതൃപ്തയായിരുന്നില്ല. ഞാനഭിനയിക്കുന്ന വേഷങ്ങളിലോ, ആ കഥാപാത്രം പറയുന്ന ഡയലോഗിലോ അത്തരം സിനിമകൾ മുന്നോട്ടു വയ്ക്കുന്ന പൊളിറ്റിക്സിലോ, ഒന്നും തൃപ്തയായിരുന്നില്ല. ‘അകലെ’, ‘ഒരിടം’ തുടങ്ങിയ സിനിമകൾ ഒരു പരിധി വരെ സംതൃപ്തി തന്നു. ഒടുവിൽ തിരിച്ചറിഞ്ഞു, നടിയെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്ന ആദ്യത്തെയും അവസാനത്തെയും സിനിമ ‘ഒന്നു മുതൽ പൂജ്യം വരെ’ ആണെന്ന്.

‘കേൾക്കുന്നുണ്ടോ’ ഷോർട് ഫിലിം എഴുതിയ സമയത്ത് ഞാൻ ആരെയെങ്കിലും അസിസ്റ്റ് ചെയ്യണോ എന്നു രാജീവിനോടു ചോദിച്ചു. രാജീവ് പറഞ്ഞത്, ഒരിക്കലും ആരെയും അസിസ്റ്റ് ചെയ്യരുതെന്നാണ്. ഞാൻ എന്റെ സിനിമ മേക്ക് ചെയ്ത് അതിലൂടെ പഠിക്കുകയായിരുന്നു. എന്റെ ശബ്ദം, എന്റെ എക്സ്പ്രഷൻ...  എല്ലാം അങ്ങനെ കണ്ടെത്തുകയായിരുന്നു. രാജീവ് സിനിമയുടെ ‍ടെക്നിക്കൽ വശങ്ങൾ വിശദീകരിക്കുന്ന ഒരുപാട് നല്ല ബുക്സ് വായിക്കാൻ തന്നു. രാജീവാണ്  ഒരു ഫിലിം മേക്കറെന്ന രീതിയിൽ എന്നിൽ ആത്മവിശ്വാസം നിറച്ചത്. എന്നെ രൂപപ്പെടുത്തിയത്. പിന്നീട് സംവിധായികയെന്ന നിലയിൽ. എനിക്ക് എന്റേതായ യാത്ര ആയിരുന്നു.

g-kid

‘മൂത്തോന് ’ നിർമാതാവിനെ കിട്ടുക എളുപ്പമായിരുന്നോ?

ഞങ്ങൾക്ക് കളക്ടീവ് സ്റ്റുഡിയോസ് സ്വന്തമായുണ്ട്. പക്ഷേ, ഈ സിനിമ െചയ്യുകയെന്ന എന്റെ ജേണി വളരെ സമയമെടുത്തു. അതിന്റെ കാരണം ഞാനൊരു വനിതാസംവിധായിക ആയതല്ല. ഞാൻ തിരഞ്ഞെടുത്ത വിഷയം ആണ്. ‘ലയേഴ്സ് ഡൈസി’ന് ഒാസ്കാർ എൻട്രിയും നിരവധി അവാർഡുകളും കിട്ടി. അപ്പോൾ ഞാൻ വിചാരിച്ചത് രണ്ടാമത്തെ സിനിമയുടെ പ്രൊഡക്‌ഷൻ എളുപ്പത്തിലാകുമെന്നാണ്. നിവിൻ എന്ന നായകൻ, രാജീവിന്റെ സിനിമാറ്റോഗ്രഫി. എന്നിട്ടും ഞാൻ തിരഞ്ഞെടുത്ത വിഷയം കാരണം എന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ആർക്കും താൽപര്യമില്ലായിരുന്നു. രണ്ടര വർഷത്തോളമെടുത്തു ‘മൂത്തോൻ’ യാഥാർഥ്യമാക്കാൻ.  

അവസാനം ഞാൻ പ്രൊഡക്‌ഷനു വേണ്ടി ‘ലയേഴ്സ് ഡൈസി’ന്റെ നിർമാതാക്കളിലേക്കു പോയി. അനുരാഗ് കശ്യപും  കൂടിച്ചേർന്നു. വിനോദ് കുമാർ എന്ന സെൻസിബിൾ ആയ പ്രൊഡ്യൂസറെ കിട്ടി. ഇങ്ങനെയാെക്കയാണെങ്കിലും ഞാൻ ചെയ്യാനാശിക്കുന്ന തരം സിനിമകളേ ഇനിയും ചെയ്യൂ. ഞാനൊരു സെൽഫിഷ് ആയ ഫിലിം മേക്കറാണ്. കാരണം, എനിക്കെന്റെ ബ്രെഡ് ആൻഡ് ബട്ടറിനു വേണ്ടി സിനിമയെടുക്കേണ്ട ആവശ്യമില്ല.

നിവിനെ നായകനായി കാസ്റ്റ് ചെയ്യാൻ കാരണം?

അക്ബറിന്റെ കഥാപാത്രം നിവിനെ പോലൊരു താരമല്ല ചെയ്തതെങ്കിൽ ഇത്ര സ്ട്രോങ് ആകില്ലായിരുന്നു. ഈ കഥാപാത്രമായി ഈ ആക്ടർ നന്നാകുമെന്ന് ചിന്തിച്ചല്ല ഞാൻ നിവിനെ കാസ്റ്റ് ചെയ്തത്. നിവിന്റെ പഴ്സനാലിറ്റി ശ്രദ്ധിച്ച്, എന്റെ കഥാപാത്രമായി ഈ വ്യക്തി നന്നായിരിക്കും എന്നു ചിന്തിച്ചാണ് നിവിനെ കാസ്റ്റ് ചെയ്തത്.

എന്റെ സിനിമയിൽ രണ്ടു വശങ്ങളുള്ള ക്യാരക്റ്ററാണ്. ഒരു വശത്ത് ഏറ്റവും നിഷ്കളങ്കത, വൾനെറബിലിറ്റി, സോഫ്റ്റ്നസ്, കണ്ണുകളിലെ തിളക്കം, സ്ക്രീനിൽ പ്രകാശം നിറയ്ക്കുന്ന ചിരി... ഇതൊക്കെ. മറുവശത്ത് കുറച്ച് ഇരുണ്ട, പൗരുഷമേറിയ, പരുക്കനായ ആൾ. ഇതു രണ്ടും നിവിനിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞപ്പോഴാണ് നിവിൻ ആണ് ഈ റോൾ ചെയ്യുന്നതെന്നു തീരുമാനിച്ചത്. നിവിന്റെ അഭിനയം ഒരുപാട് സീനുകളിൽ എന്നെ അദ്ഭുതപ്പെടുത്തി.

അതുപോെല, എന്റെ അമീറിനെ ഞാൻ ഒരുപാട് തപ്പി. മാഗസിനുകളിൽ, ഫെയ്സ് ബുക്കിൽ, ഫോട്ടോസിൽ, ബോളിവുഡിൽ, സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിൽ, ഒാൺ ലൈൻ റാൻഡം ഫോട്ടോസിൽ എല്ലായിടത്തും... അവസാനം റോഷനെക്കുറിച്ചു കേട്ട് നേരിട്ടു കാണാൻ വരാൻ പറഞ്ഞു. വാതിൽ തുറന്ന് റോഷൻ കടന്നു വന്ന രണ്ടു സെക്കൻഡിനകം എനിക്കു മനസ്സിലായി ഇതാണെന്റെ അമീറെന്ന്. ആ ഒാറ, ആ പ്രസൻസ്, ശാന്തത എല്ലാം റോഷനുണ്ടായിരുന്നു.

മുല്ലയെയും ഞാനൊരുപാട് സ്ഥലത്ത് അന്വേഷിച്ചു. ഏറെ കുട്ടികളെ ഒാഡിഷൻ ചെയ്തു. പക്ഷേ, എവിടെയോ സംതൃപ്തിക്കുറവു തോന്നി. അങ്ങനെയിരിക്കെയാണ് സിനിമയ്ക്ക് പോയപ്പോ സഞ്ജനയെ കണ്ടത്. അവളെ നോക്കിയ നിമിഷത്തിലേ തോന്നി, ഇതാണെന്റെ മുല്ലയെന്ന്. കാസ്റ്റിങ് പലപ്പോഴും ഇങ്ങനെ ഇൻസ്റ്റിങ്റ്റ് ആയാണു സംഭവിക്കുന്നത്. കഥാപാത്രങ്ങളെ ഹൃദയത്തിലും  എഴുത്തിലും െകാണ്ടു നടന്ന് ആക്ടേഴ്സിനെ കാണുന്ന സെക്കൻഡിൽ അതു കത്തും.

gee-raj32

‘മൂത്തോനി’ലെ പ്രണയരംഗങ്ങൾ എഴുതുക എത്രത്തോളം എളുപ്പമായിരുന്നു? 

വളരെ എളുപ്പമായിരുന്നു. കാരണം, ‘അയാം എ വുമൻ ഇൻ ലവ്’. ജീവിതത്തോടുള്ള പ്രണയമാണ് എന്റെ മനസ്സ് നിറയെ.  അഭിനേതാക്കളോ‌ട് ആ രംഗങ്ങളിൽ എന്താണു ചെയ്യേണ്ടതെന്ന് ബ്രീഫ് ചെയ്തില്ല. ഫ്രീ ആയി ബിഹേവ് ചെയ്യാനാണു പറഞ്ഞത്. അങ്ങനെയാണ് അവരഭിനയിച്ചത്. റിഹേഴ്സലോ റീ ടേക്കോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഗിവ് ആൻഡ് ടേക്ക് ... പോ ലെ ആയിരുന്നു ആ സീൻസ്. പലരും എന്നോടു ചോദിച്ചു, പ്രണയരംഗങ്ങളിൽ എന്താ കൂടുതലൊന്നും ഇല്ലാതിരുന്നതെന്ന്. കാരണം, അവർ കൂടുതലായി ഒന്നും ചെയ്തില്ല.

ചേട്ടൻ അർജുന് ‘മൂത്തോൻ’ ഡെഡിക്കേറ്റ് ചെയ്തത്?

ചേട്ടൻ എന്റെ ‘മൂത്തോനാ’യതു കൊണ്ട്. ചേട്ടൻ വളരെ സ്പെഷലായ വ്യക്തിയാണ്. ഞങ്ങൾ എന്നും വിളിക്കും, സംസാരിക്കും. ചേട്ടന്റെ സ്നേഹം വളരെ ആഴമുള്ളതാണ്; അതേ സമയം വളരെ ഡിറ്റാച്ഡ് ആണ്. എത്ര വലിയ പ്രശ്നം ഉണ്ടായാലും ചേട്ടന് ഒരു കുലുക്കവും ഉണ്ടാകില്ല. യുഎസിൽ ഡോക്ടറായി കുടുംബത്തോടൊപ്പം സെറ്റിൽ ചെയ്തിരിക്കുകയാണ്.

രാജീവുമൊത്ത് വർക്ക് ചെയ്യുന്ന അനുഭവം?

‘േകൾക്കുന്നുണ്ടോ’ തൊട്ട് രാജീവ് ആണ് എന്റെ സിനിമാറ്റോഗ്രഫർ. രാജീവ് എന്റെ കണ്ണാണ്. ഞാൻ എഴുതുമ്പോ തൊട്ട് എല്ലാ കാര്യങ്ങളും രാജീവിനോടു ചർച്ച ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത് എല്ലാം  രാജീവിനു കാണാപ്പാഠമായിരിക്കും.  ഷൂട്ടിങ്ങിനിടെ ഞാൻ വീണ്ടും  വീണ്ടും പലതും പറയുമ്പോ, ഇതൊ ക്കെ കേട്ടു കേട്ട് എനിക്കു മനപ്പാഠമാണെന്ന് രാജീവ് തമാശയ്ക്കു പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

രാജീവിലേക്ക് ഗീതുവിനെ ആകർഷിച്ചത്?

പ്രണയം തോന്നിയ നിമിഷം അങ്ങനെയൊന്നും പറയാനാവില്ല. ഏറെക്കാലം ഞങ്ങൾ വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. ആരെയും ആകർഷിക്കുന്ന സുന്ദരമായ വ്യക്തിത്വമാണ് രാജീവിന്റേത്. രണ്ടു പേരുടെയും പ്രത്യേകതകൾ പരസ്പരം അംഗീകരിക്കുന്ന ബന്ധമാണ് ഞങ്ങളുടേത്. ‘നീ ഇന്ന രീതിയിലായാലേ നിന്നെ ഞാൻ സ്നേഹിക്കൂ’ എന്നു പറയുന്ന ബന്ധം അല്ല. ഞങ്ങൾ രണ്ടു പേരും വളരെ വ്യത്യസ്തരായ വ്യക്തികളും വ്യത്യസ്തരായ ഫിലിം മേക്കേഴ്സും ആണ്. എങ്കിലും രണ്ടു പേരും ചെയ്യുന്ന സിനിമകളുെട എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാറുണ്ട്. ‘ഞാൻ സ്റ്റീവ് ലോപസ്’ ആണ് രാജീവിന്റെ സിനിമകളിലെനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഡബ്ല്യുസിസി രൂപം കൊണ്ട ശേഷം നേരിട്ട അനുഭവങ്ങളും തിരിച്ചറിവും എന്തായിരുന്നു?

ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട ശേഷം ഫിലിം ഇൻഡസ്ട്രിയിലെ സ്ത്രീകളുെട വർകിങ് സ്േപസ് ചുറ്റുപാടിൽ വിപ്ലവകരമായ മാറ്റം വന്നു. എവിടെയും വിപ്ലവം വരുമ്പോൾ അതിനെ അടിച്ചമർത്താനുള്ള പ്രവണതയുണ്ടാകാം. നമ്മളെ ട്രോൾ ചെയ്യാം, മാറ്റി നിർത്താം, ഇല്ലാതാക്കാം. പക്ഷേ, നമ്മളൊരിക്കലും നമ്മുെട പർപസ് മറക്കരുത്. നമ്മളീ ചെയ്യുന്നത് ഇപ്പോൾ പരാജയം ആണെങ്കിൽ കൂടി 50 വർഷം കഴിയുമ്പോ ഈ പരാജയം ആകും ഏറ്റവും വലിയ വിജയം.

ഈ കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇൻഡസ്ട്രിയിൽ പലരും  ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരിൽ ഒ രുപാടു പേർ, ‘ദിസീസ് ഗ്രേറ്റ്, സപ്പോർട്ട് ചെയ്യുന്നു’വെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷേ, പബ്ലിക് ആയി അവരിതു പറയില്ല. കാരണം, എവിടെയോ ഒരു തരത്തിലുള്ള പേടിയും നിലനിൽക്കുന്നുണ്ട്. അതുെകാണ്ട്  ഞങ്ങൾ കുറച്ചു പേർ  ഇതിനായി മുന്നിട്ടിറങ്ങണം. അതിന് ഞങ്ങൾ തയാറുമാണ്. ‘എന്റെ വീട്ടിൽ കല്ലേറു െകാണ്ടില്ല, അതുെകാണ്ടെനിക്കു കുഴപ്പമില്ല’ എന്നു പറയുന്ന ആറ്റിറ്റ്യൂഡിൽ ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലെജ്ഡ് ആയ ആളുകളാണു നമ്മൾ. അതുകൊണ്ടു തന്നെ മറ്റുള്ള എല്ലാവർക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

കുടുംബത്തിന്റെ തിരക്കിൽ ക്രിയേറ്റിവ് സ്വപ്നങ്ങൾ ത്യജിക്കേണ്ടി വരുന്ന സ്ത്രീകളോടു പറയാനുള്ളത്?

ഒാരോരുത്തരുടെയും ജീവിതത്തിൽ ഒാരോ തരം ത്യാഗങ്ങൾ ആകും. മോൾ ആരാധന കുഞ‍്ഞായിരുന്നപ്പോൾ തൊട്ടേ അവളുെട കളികൾക്കും വാശികൾക്കുമൊക്കെ നടുവിലിരുന്നാണു ഞാനെഴുതുന്നത്. തീർത്തും സ്വകാര്യമായ മറ്റൊരു സ്ഥലത്ത് മാറിയിരുന്ന് എഴുതാനുള്ള ലക്‌ഷ്വറി എനിക്കില്ല. മാത്രമല്ല, മോൾ അരികിലില്ലാത്തപ്പോൾ ഞാൻ ഹാപ്പിയായിരിക്കുമെന്നും തോന്നുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. രാജീവിന്റെയും രാജീവിന്റെ അമ്മയുടെയുമൊക്കെ നല്ല സപ്പോർട്ട് ഉണ്ട്. ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും ചില അവസരങ്ങളിൽ ആകെ ഉൗർജം നഷ്ടപ്പെട്ടതു പോലെ തോന്നാറുണ്ട്. കാരണം, നമ്മൾ വീട്ടിലെത്തുമ്പോൾ ചെയ്തു തീർക്കേണ്ട ധാരാളം ഉത്തരവാദിത്തങ്ങൾ കാണും.  

സ്ത്രീകളോട് എനിക്കു പറയാനുള്ളത്, അവരാഗ്രഹിക്കുന്ന സ്വപ്നങ്ങൾ നേടാനുള്ള പ്രചോദനം, ഉള്ളിലുണ്ടാകണമെന്നാണ്. ഒരു സെൻസ് ഒാഫ് പർപസ്. ഷൂട്ടിങ്ങിനു പോയിട്ടു തിരിച്ചു വരുമ്പോ എനിക്ക് ഒരു തരം കുറ്റബോധം തോന്നുമായിരുന്നു. മോൾക്ക് എന്നെ എന്തു മാത്രം മിസ് ചെയ്തിട്ടുണ്ടാകും എന്നു ചിന്തിച്ച്. ആരോ പറഞ്ഞു, എന്തിനാ കുറ്റബോധം തോന്നുന്നത്, മോൾ നാളെ ഗീതുവിനെ നോക്കുമ്പോ അവൾക്ക് അഭിമാനമാകും തോന്നുകയെന്ന്. പിന്നീട് ഞാൻ ആ ആംഗിളിൽ ചിന്തിക്കാൻ തുടങ്ങി. പിന്നെ, മോൾക്ക് ക്ലാസില്ലാത്തപ്പോഴെല്ലാം ഞാൻ അവളെയും എന്റെ വർക് സ്പേസിലേക്കു കൂടെ കൊണ്ടുപോകാൻ തുടങ്ങി. പോസ്റ്റ് പ്രൊഡക്‌ഷനൊ ക്കെ മോളെയും കൂടെ കൂട്ടി. രാജീവിന്റെ ഷൂട്ടിങ് സ്ഥലത്തും മോളെ  ഒപ്പം കൊണ്ടു പോയിത്തുടങ്ങി. അമ്മ ജോലിക്കു പോകുകയാണെന്നു പറയുമ്പോൾ ഇപ്പോൾ മോൾക്കറിയാം.

ഒാരോ സ്ത്രീയുെടയും ജീവിതയാത്ര ഒാരോ തരത്തിലാകാം. ആ യാത്രയിൽ നിങ്ങൾക്ക് നിങ്ങളെത്തന്നെ നഷ്ടപ്പെടുന്നതായി തോന്നരുത്. വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധമുണ്ടാകരുത്. മറ്റാരെയെങ്കിലും അതിന്റെ പേരിൽ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നിങ്ങളുെട സ്വപ്നങ്ങൾ നിങ്ങളുടേതായ രീതിയിൽ സാക്ഷാത്കരിക്കുക.

പണ്ടത്തെ ഗീതുവിൽ നിന്ന് ഇന്നത്തെ ഗീതു ഒരുപാട് മാറിയിട്ടില്ലേ?

ശരിയാണ്. ഞാൻ ചെറിയ ക്ലാസിൽ കേരളത്തിൽ പഠിച്ചു. പിന്നെ, വിദേശത്തായിരുന്നു പഠനം. വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തിൽ ഞാൻ വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടിൽ മടങ്ങി വന്നു. ഞാൻ ഇൻഡസ്ട്രിയിൽ ഒരു മിസ് ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വച്ചു നോക്കുമ്പോൾ ഞാൻ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റിൽ ഇംഗ്ലിഷ് സംസാരിച്ചാൽ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിർത്തിയിരുന്നു.

അന്ന് അച്ഛൻ പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശ ക്തി’യെന്ന്.  പിന്നെ, ജീവിതം  അതിന്റെ ഒഴുക്കിൽ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകൾക്ക് കൂടുതൽ തെളിച്ചം വരും. ഇന്നു ഞാൻ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. സിനിമാമേഖലയിൽ ഡബ്ല്യുസിസിയുെട  സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിലും കൂടുതൽ കരുത്തും മോട്ടിവേഷനും തോന്നുന്നു.

Tags:
  • Celebrity Interview
  • Movies