പൂമരം എന്ന പേരില്‍ തന്നെ ഒരു പ്രണയം ഒളിച്ചിരിപ്പുണ്ട്. ഒറ്റക്കാഴ്ചയില്‍ ഏതു പെണ്‍കുട്ടിയുടെയും മനസ്സില്‍ പ്രണയമുണർത്തുന്ന കണ്ണൻ (കാളിദാസന്‍) നായകന്‍. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൻ ആദ്യമായി മലയാളത്തിൽ നായകനാകുമ്പോൾ എല്ലാവരും അന്വേഷിച്ചത് ഒരേ കാര്യം. ആരായിരിക്കും കണ്ണന്റെ നായികയാകാൻ പോകുന്ന സുന്ദരി?
പക്ഷേ, പൂമരം കാണിച്ചുതന്നത് സുന്ദരനോടൊത്തു മരം ചുറ്റാനോ പാട്ടു പാടാേനാ മാളിൽ ചുറ്റാനോ പോകുന്ന നായികയെ അല്ല. മറിച്ച് ഒരിക്കലും രണ്ടാമതാകാൻ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുടെ സംഘശക്തിയും ഒത്തൊരുമയുമാണ്. ഓരോ നോക്കിലും ചുവടിലും സംസാരത്തിലും അവർ നമ്മളെ ബോധ്യപ്പെടുത്തി, എങ്ങനെയാണ് അവർ ചാംപ്യൻ ഗേൾസ് ആകുന്നതെന്ന്. പെൺകുട്ടികളുടെ തീപ്പൊരി സംഘത്തിനൊപ്പം ചെയർപേഴ്സണായി വന്ന കുട്ടി ഏതാണെന്ന അന്വേഷണം പലരും നടത്തിയെങ്കിലും മാധ്യമങ്ങളിലൊന്നും വരാതെ നീത പിള്ള ഒതുങ്ങി മാറിനിന്നു. ‘കാരണം ഇത് ഒരു നായകന്റെയോ നായികയുടെയോ കഥ അല്ല. ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരും അവരവരുടെ നിമിഷങ്ങളിൽ നായികയും നായകനുമാണ്.’ നീതയുടെ മറുപടിയിൽ ഉണ്ടായിരുന്നു ടീം വർക്കിന്റെ ‘പൂമരം സ്പിരിറ്റ്.’
അേമരിക്കയിലെ സൗന്ദര്യമത്സരത്തില്‍ വിജയിയായിരുന്നു, േകരളത്തിെല േകാളജുകളിലൊന്നും പഠിച്ചിട്ടില്ല, കലോത്സവവേദികളിലെ സാന്നിധ്യമായിരുന്നില്ല... എന്നൊക്കെ പലരും പറഞ്ഞു. ആദ്യ സിനിമയിലെ അഭിനയ മികവിലൂടെ പ്രേക്ഷക ഹൃദയത്തിൽ പേരെഴുതിയ നീത പിള്ള ആദ്യമായിഒരു മാധ്യമത്തോടു മനസ്സു തുറക്കുകയാണ്.
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍...
സിനിമ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്കൂൾ കാലം മുതലേ ധാരാളം സിനിമ കാണാനുള്ള അവസരവും ഉണ്ടായിരുന്നു. നല്ല നായികാ കഥാപാത്രങ്ങളെ കാണുമ്പോൾ മറ്റു പലരെയും പോലെ എന്റെ ഉള്ളിലും ആ മോഹം ഉണർന്നു. ഒരിക്കൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ. ഞാനിക്കാര്യം അമ്മയോടും അമ്മയുടെ ചേച്ചി കുക്കുമ്മയോടും പറഞ്ഞു എന്നു മാത്രം. എങ്കിലും മനസ്സിന്റെ കോണിൽ അതങ്ങനെ കിടന്നു. പഠനത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നെ, നന്നായി പഠിച്ച് ജോലി നേടണമെന്ന് മാത്രമായി ലക്ഷ്യം. വീട്ടിൽ എല്ലാവർക്കും സിനിമ ഇഷ്ടമാണ്. അതല്ലാതെ അഭിനയ പാരമ്പര്യമൊന്നും ഇല്ല.
അച്ഛന്റെ വീട് തൊടുപുഴയിലാണ്. പെരുമ്പിള്ളില്‍ തറവാട്. െകാച്ചിയില്‍ എന്‍ജിനീയറായി അച്ഛന്‍ ജോലി ചെയ്ത കാലത്താണ് എന്‍റെ സ്കൂള്‍ പഠനം. എറണാകുളം ഗിരിനഗര്‍ ഭവന്‍സിലാണ് പ്ലസ്ടു വരെ പഠിച്ചത്. പിന്നീട് അച്ഛന്‍ അബുദാബിയിലേക്കു പോയി. റിട്ടയര്‍ െചയ്തു വന്ന ശേഷം ഞങ്ങള്‍ തൊടുപുഴയില്‍ താമസമാക്കി. അമ്മ മഞ്ജുളയുടെ വീട് അമ്പലപ്പുഴ ചേപ്പാടാണ്. അമ്മ ഫെഡറല്‍ ബാങ്കില്‍ മാനേജരാണ്.
െബംഗളൂരുവിലെ അമൃത യൂണിവേഴ്‌സിറ്റിയില്‍ ബിടെക് ചെയ്ത ശേഷം അമേരിക്കയില്‍ നിന്നു പെട്രോളിയം എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് എടുത്തു. ഇന്ത്യയില്‍ പെട്രോളിയം എന്‍ജിനീയറിങ് പിജി പഠനത്തിനുള്ള അവസരങ്ങള്‍ കുറവായതു കൊണ്ടാണ് അമേരിക്കയിലേക്കു പോയത്. എന്റെ കരിയർ എന്റെ തന്നെ ഉത്തരവാദിത്തമാണെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയും കോഴ്സുമൊക്കെ തിരഞ്ഞെടുത്തത് ഞാൻ തന്നെ. കഷ്ടപ്പെട്ട് പഠിച്ചു. ടെസ്റ്റ് എഴുതി. സ്കോളർഷിപ്പോടെ അഡ്മിഷനും കിട്ടി. സ്കോളർഷിപ് കിട്ടിയാൽ വിദേശ പഠനം അത്ര ചെലവേറിയതാകില്ല.
പഠനത്തിലായാലും ജീവിതത്തിലായാലും പുതിയ അനുഭവങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള ഇഷ്ടമാകാം എനിക്ക് ആ തീരുമാനത്തിനു ധൈര്യം തന്നത്. നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായിരുന്നു അവിടുത്തെ രീതികൾ. ഒരു വര്‍ക്ക് ആന്‍ഡ് സ്റ്റഡി പ്രോഗ്രാം ആയിരുന്നു. പഠനത്തിനൊപ്പം ജോലിയും ചെയ്യാൻ അവസരം ഉണ്ട്. സ്വന്തം കാര്യങ്ങൾ സ്വയം നടത്തുമ്പോൾ കിട്ടുന്നൊരു സന്തോഷമില്ലേ, അതായിരുന്നു എനിക്ക് അമേരിക്കൻ ലൈഫ് തന്നത്. മാസ്റ്റേഴ്സ് കഴിഞ്ഞപ്പോൾ അവിടെ നിന്ന് തന്നെ എംബിഎ ചെയ്യാനായിരുന്നു പ്ലാന്‍. അതിനിടെയുള്ള സമയത്താണ് നാട്ടിൽ വന്നത്.
അപ്പോഴാണ് പൂമരത്തിന്റെ ഒഡീഷന് വിളിച്ചത് കണ്ടത്. ഞാൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ‘ഇനി എന്നേം സിനിമയിലെടുത്താലോ. ഒന്ന് പോയി നോക്കട്ടെ’ അമ്മയോടും കുക്കുമ്മയോടും ചോദിച്ചു. എന്റെ ഇഷ്ടങ്ങളെ എന്നും സപ്പോർട് ചെയ്യുന്നവരാണ് രണ്ടു പേരും. അനുജത്തി മനീഷ ബിടെക്കിനു പഠിക്കുകയാണ്. അവളോട് അഭിപ്രായം ചോദിച്ചു. എന്നെക്കാൾ ആവേശമായിരുന്നു അവൾക്ക്. അതോടെ ഞാൻ തീരുമാനിച്ചു. വെറുതെ എന്തിനാണ് ഒരാഗ്രഹം മനസ്സിൽ തന്നെ സൂക്ഷിക്കുന്നത്. ഒന്നു പോയി നോക്കാം. ഒഡീഷനിൽ സെലക്ട് ആയപ്പോൾ ആദ്യശ്രമത്തിൽതന്നെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷമായിരുന്നു മനസ്സിൽ.
വീട്ടിൽ എല്ലാവരും ഒരുമിച്ചാണ് ആദ്യ ഷോ കണ്ടത്. സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ അമ്മയെ നോക്കി. സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അച്ഛൻ വെറുതെയൊന്ന് തോളിൽ തട്ടിയതേയുള്ളൂ. മനീഷ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. കവിളത്തൊരു ഉമ്മ തന്നു. അതായിരുന്നു വീട്ടിൽ നിന്നുള്ള ആദ്യ അഭിനന്ദനം. കൂട്ടുകാരികളൊക്കെ വിളിച്ച് അഭിനന്ദിച്ചു. ‘നിന്നെക്കൊണ്ട് ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ’ എന്നാണ് അവർ പറഞ്ഞത്. സിനിമയിൽ നിന്ന് പലരും വിളിച്ച് നന്നായി എന്നു പറഞ്ഞിരുന്നു.
ഞാനും ഞാനുമെന്‍റാളും ആ 40 േപരും
എറണാകുളത്ത് ഒഡീഷന് ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. രണ്ടു കോളജ് ടീമുകളിലെ യൂണിയൻ മെംബേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഒഡീഷൻ ആയിരുന്നു അത്. ദേശീയ അവാർഡ് ജേതാവായ കണ്ണനൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ സന്തോഷം എന്നായിരുന്നു ഞങ്ങളിൽ പലരുടേയും മനസ്സിൽ. രണ്ടു കോളജുകളിലേയും യൂണിയൻ മെംബേഴ്സും പെർഫോമേഴ്സുമായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ തികഞ്ഞ പ്രതിഭകൾ.

സിനിമയില്‍ മാളവിക ആയി അഭിനയിച്ച അര്‍ച്ചിത രണ്ട് വട്ടം സെന്റ് തെരേസാസില്‍ നിന്നു കലാതിലകം നേടിയ കുട്ടിയാണ്. ഗിറ്റാര്‍ വായിച്ചു ജയിക്കുന്ന പൂജ ഗിറ്റാറിൽ സംസ്ഥാനതല ജേതാവ്, ഗിറ്റാര്‍ വായിച്ചു തോല്‍ക്കുന്ന ടോണി ജോപ്പന്‍ എം.ജി യൂണിവേഴ്‌സിറ്റി കലോല്‍സവത്തിലെ ഒന്നാംസമ്മാനക്കാരന്‍. മൈം പഠിപ്പിക്കുന്ന മാഷും ഡാന്‍സ് മാഷുമാരും എല്ലാം ജീവിതത്തിലും ആശാന്മാര്‍ തന്നെ.
സെന്റ് ട്രീസ ടീമിലുണ്ടായിരുന്ന ഗൗരി, മാളു, അമല, കാർത്തിക, ഷെറിൽ, ആതിര, മെറിൻ അങ്ങനെ പേര് പറഞ്ഞാൽ കുറേയുണ്ട്. എല്ലാവരും സിനിമയിൽ കാണുന്നതു പോലെ തന്നെ മികച്ച ടീം പ്ലേയഴ്സാണ്. ടീച്ചേഴ്സായി വന്ന മിലുവും അനുശ്രീയും ശരിക്കും ടീച്ചേഴ്സിനെപ്പോലെ തന്നെ ഞങ്ങളെ മോട്ടിവേറ്റ് ചെയ്തിരുന്നു. എനിക്കാണെങ്കിൽ യുവജനോത്സവത്തിൽ പങ്കെടുത്തുള്ള പരിചയം ഇല്ല. സ്കൂളില്‍ സംസ്‌കൃതം പഠിച്ചിരുന്നു. ഗീതാപാരായണ മത്സരത്തിൽ പങ്കെടുക്കുമായിരുന്നു. അല്ലാതെ സ്റ്റേജിൽ പോലും കയറിയിട്ടില്ല. പക്ഷേ, ഇത്രയും ടാലന്റഡായിട്ടുള്ള ഒരു കൂട്ടം ആളുകളുടെ ഒപ്പം ചേർന്നപ്പോൾ ഞാനും അവരിൽ ഒരാളായി. എപ്പോഴും ചുറ്റും കലാകാരികളും കലാകാരന്മാരും. ഷൂട്ടിങ്ങിന്‍റെ ഇടവേളകളില്‍ േപാലും ഒരു കലോത്സവം േപാലെ കലാപരിപാടികള്‍, പാട്ടും ഡാന്‍സും മിമിക്രിയും. ആകെ ബഹളമയം. ഒരുപാട് കുട്ടികളുള്ള വലിയ കുടുംബം പോലെയായിരുന്നു ഞങ്ങളുടെ ‘പൂമരം ടീം’
ആദ്യ സിനിമയിൽ തന്നെ കണ്ണനെപ്പോലെ സിനിമയിൽ പേരെടുത്ത ഒരാൾക്കൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരം ചെറുതല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സിനിമയിൽ പാട്ടുരംഗങ്ങളിൽ ലിപ് സിങ്ക് ചെയ്ത് കണ്ണൻ അഭിനയിക്കുന്നത് കണ്ട് അതിശയിച്ചു പോയിട്ടുണ്ട്. സ്ക്രീനിൽ കാണുമ്പോൾ പാട്ട് പാടുന്നത് മറ്റൊരാളാണെന്ന് തോന്നുകേയില്ലെന്ന് ഇടയ്ക്കൊക്കെ ഞങ്ങൾ പരസ്പരം പറയുമായിരുന്നു.
മൃദു മന്ദഹാസം മലര്‍മാലയാക്കി...
ഒന്നിച്ച് അഭിനയിക്കുന്നവര്‍ തമ്മിലുള്ള അടുപ്പം വെറും അഭിനയം ആകരുത് എന്ന തോന്നലിലാകാം, ‘പൂമര’ത്തിലെ അഭിനേതാക്കള്‍ക്കായി രണ്ട് ക്യാംപ് നടത്തിയിരുന്നു, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി. എല്ലാവരുമായി നല്ല അടുപ്പം ഉണ്ടാകാന്‍ ക്യാംപ് വളരെയധികം സഹായിച്ചു.
സെന്റ് തെരേസാസ് കോളജിലെ ചെയര്‍പേഴ്‌സണ്‍സ് ആ യിരുന്ന തൂലികയ്ക്കും ഡോണയ്ക്കുമൊപ്പം കുറേ ദിവസങ്ങള്‍ ചെലവഴിച്ചു. പോയന്റ് നില എഴുതിക്കൂട്ടി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും മത്സരങ്ങളിൽ വിജയിക്കുമ്പോഴും തോൽക്കുമ്പോഴുമുള്ള മാറ്റങ്ങളും ടെൻഷനുമൊക്കെ മനസ്സിലാക്കിയത് അവരിൽ നിന്നാണ്. സിനിമയിൽ ഇടയ്ക്ക് സെന്റ് ട്രീസാസ് മൂന്നാം സ്ഥാനത്തേക്ക് പോകും. അന്നേരം മനസ്സ് തളരാതെ കൂടെയുള്ളവരെ മോട്ടിേവറ്റ് െചയ്യണം. ചെയർപേഴ്സണായ ഐറിൻ കൂടി തളർന്നാൽ ടീമിന്റെ അവസ്ഥ കൂടുതല്‍ കഷ്ടമാകും. ഈ ഫീല്‍ ശരിക്കും ഉള്‍ക്കൊള്ളാന്‍ ഷൈന്‍ സര്‍ ഞങ്ങളോട് ഒരു സംഭവം പറഞ്ഞു.
ആദ്യ മൽസരങ്ങൾ തോറ്റ് 1999 ലോകകപ്പിൽ ഒാസ്ട്രേലിയ പുറത്താകുമെന്ന തോന്നലിലാണ് എല്ലാവരും. ഇനി ഒരു മൽസരം കൂടി തോറ്റാൽ പോയ വർഷത്തെ ചാംപ്യന്മാർ പുറത്താകും. മൽസരത്തലേന്ന് നടന്ന പത്ര സമ്മേളനത്തിൽ സ്റ്റീവ് വോയോടു റിപ്പോർട്ടർമാർ ചോദിച്ചു.‘എന്തായാലും ഒാസ്ട്രേലിയ മത്സരത്തില്‍ നിന്നു പുറത്താകും. പിന്നെ, ആരു കപ്പ് േനടുമെന്നാണു പ്രതീക്ഷ.’ സ്റ്റീവ് േവാ ഉറച്ച വാക്കുകളില്‍ പറഞ്ഞു, ‘ഞങ്ങള്‍. ഞങ്ങള്‍ തന്നെ വേള്‍ഡ് കപ്പ് നേടും.’ പിന്നെ, ഒറ്റ കളി പോലും ഓസ്‌ട്രേലിയ തോറ്റില്ല. ആ വര്‍ഷം വേള്‍ഡ് കപ്പ് അടിച്ചെടുക്കുകയും ചെയ്തു. ഈ കഥ പറഞ്ഞതിനു ശേഷമാണ് സിനിമയിലെ ഞങ്ങളുടെ ഗ്രൂപ്പ് ഡാൻസ് പ്രാക്ടീസ് സീൻ ഷൂട്ട് ചെയ്യുന്നത്. ടെൻഷൻ കാരണം ഒരു കുട്ടിയുടെ തലയിൽ നിന്ന് കുടം താഴെ വീഴുന്നതാണ് രംഗം. അതെടുത്തു കൊടുക്കുമ്പോൾ ഐറിൻ പറയുന്ന ഡയലോഗാണ് എന്റെ ഫേവറിറ്റ്. ‘നൈതർ അവർ പോട്സ്, നോർ അസ് ഗോയിങ് ടു ഫാൾ എഗെയ്ൻ.’
ഇനി നമ്മൾ തലയിലേന്തിയ കുടങ്ങളോ നമ്മളോ താഴെ വീഴാൻ പോകുന്നില്ല എന്ന ഡയലോഗ് പറയുന്ന സീൻ ചിത്രീകരിക്കുമ്പോൾ സ്റ്റീവ് വോ നിറച്ച ഊർജമായിരുന്നു ഞങ്ങളുടെ മനസ്സിൽ. സിനിമയുടെ ക്ലൈമാക്സിൽ ഏതു ടീമാണ് ജയിക്കുക എന്ന് ഞങ്ങൾക്കു പോലും അറിയില്ലായിരുന്നു. പലപ്പോഴും കാൻഡിഡ് ശൈലിയിലായിരുന്നു ഷൂട്ട്. െെക്ലമാക്‌സിലെ ആർട് ഇന്‍സ്റ്റലേഷന്‍ എല്ലാവരേയും അതിശയിപ്പിച്ചു. ഗ്രാഫിക്‌സോ മറ്റു സാങ്കേതിക വിദ്യകളോ ഉപയോഗിക്കാതെയാണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.
നേരമായ്.... നിലാവിലീ... ജാലകം
ഒരുപാടു േപര്‍ ചോദിക്കുന്നുണ്ട്, ഇനി അഭിനയിക്കുമോ, അടുത്ത സിനിമ ഏതാണ് എന്നൊക്കെ. അതേക്കുറിച്ച് ആദ്യമായാണ് ഞാൻ പറയുന്നത്. എബ്രിഡ് െെഷന്‍ സാറിന്‍റെ അടുത്ത സിനിമയിലാണ് ഇനി അഭിനയിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു നായികാവേഷം. കുറച്ചു പ്രത്യേക തയാറെടുപ്പുകള്‍ ആ കഥാപാത്രത്തിനു വേണം. അതിനുള്ള ഒരുക്കത്തിലാണ് ഞാന്‍ ഇപ്പോള്‍. അതു കൊണ്ട് എം.ബി.എ മോഹം അൽപം കൂടി നീട്ടി വയ്ക്കുകയാണ്.
