Saturday 11 July 2020 03:24 PM IST

‘എന്നെ ട്രോളാൻ എനിക്കു വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്’; മനസ്സ് തുറന്നു സംയുക്താ വർമ

Lakshmi Premkumar

Sub Editor

samyuktha446t766bbh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘നോക്കൂ... എന്റെയീ കമ്മൽ. പിന്നെ, ഈ വളയും.’ സ്വർണ നിറത്തിൽ ഡിസൈൻ ചെയ്ത സ്പെഷൽ  ജ്വല്ലറി പീസുകൾ എടുത്തു കാണിച്ച് സംയുക്ത ഉല്ലാസവതിയായി. ഫോട്ടോഷൂട്ടിന് ഒരു പെട്ടി നിറയെ ആഭരണങ്ങളുമായാണ് സംയുക്തയെത്തിയത്. എപ്പോഴും ക്രേസ് ആയ, യാത്രകളിലെല്ലാം വാങ്ങി സൂക്ഷിക്കുന്ന പ്രിയപ്പെട്ട ആഭരണങ്ങൾ. ചിലതിൽ ‘അഹം’ എന്ന് എഴുതിയിരിക്കുന്നു. മറ്റു ചിലതിൽ ദൈവീക വചനങ്ങൾ. ഏതെടുത്താലും അതിലെല്ലാം ഒരു സ്പിരിച്വൽ മൂഡ്. എന്നാൽ എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല കാണാനുമില്ല. 

ആ രുദ്രാക്ഷമാലയെവിടെ ? 

എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു. 

എന്താണ് ആ നിറവ് എന്ന് പറയാനാകുമോ ? 

വിശദീകരിക്കാൻ കഴിയില്ല. പക്ഷേ, ജീവിതത്തിൽ‌ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാൻ എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാൻ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘർഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മുതൽ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുൾ ആണ്. 

ട്രോളുകളില്ല, ഹേറ്റേഴ്സില്ല... എങ്ങനെ സാധിക്കുന്നു ?

പക്ഷേ, ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ, എന്നെ ട്രോളാൻ എനിക്കു വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ... വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?’ അതുപോലെ മുടിയൊന്ന് പുതിയ സ്‌റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്.’ എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണ്. 

ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു. ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഞങ്ങൾ അതൊക്കെ വായിച്ച് ഒരുപാടു ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പൊസിറ്റീവ് മാത്രമേ കാണാറുള്ളൂ. 

എപ്പോഴും കൂടെയുള്ളവർ

കുറച്ചേയുള്ളൂ, പക്ഷേ, ഉള്ള സൗഹൃദങ്ങളൊക്കെ നല്ല സ്ട്രോങ്ങാണ്. ‘തെങ്കാശിപട്ടണം’ എന്ന ചിത്രത്തിലഭിനയിച്ചപ്പോൾ തൊട്ടുള്ള സൗഹൃദമാണ് ഗീതു മോഹന്‍ദാസുമായി. ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. മഞ്ജു വാരിയര്‍ എനിക്ക്  സഹോദരി തന്നെ. ഞങ്ങ ൾ എന്നും വിഡിയോ കോൾ  വിളിക്കും, സംസാരിക്കും, ഇടയ്ക്കിടെ ‘ഗേൾസ് ഗ്യാങ്’ സംഗമങ്ങളും യാത്രയും സംഘടിപ്പിക്കാറുണ്ട്.

(കഴുത്തില്‍ അണിഞ്ഞ ബുദ്ധന്റെ വലിയ മുഖത്തിന്റെ ലോക്കറ്റുള്ള മുത്തുമാല ഉയർത്തിക്കാട്ടുന്നു) ദാ, ഈ മാല എന്റെ യോഗയോടുള്ള ഇഷ്ടം കണ്ട് ഭാവന സമ്മാനിച്ചതാണ്. ഭയങ്കര പോസിറ്റീവ് എനർജി തോന്നും ഇതിടുമ്പോൾ. 

Tags:
  • Celebrity Interview
  • Movies