Saturday 30 November 2024 03:29 PM IST

‘ഉയർന്ന പ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടി തോന്നിയിട്ടില്ലേ?’ സുരഭിയുടെ മറുപടി ഇങ്ങനെ

Rakhy Raz

Sub Editor

surabhi-14

എല്ലാ അർഥത്തിലും അവളൊരു നടി തന്നെ’ എന്നു കേൾക്കാൻ എനിക്കിഷ്ടമില്ല. ക്യാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം. വ്യക്തിപരമായി നല്ലൊരു മനുഷ്യനായിരിക്കണം എന്നാഗ്രഹിക്കുന്നു. അതുകൊണ്ടു സിനിമയ്ക്കു പുറത്ത് ഉള്ളത് ഉള്ളതു പോലെ തുറന്നു പറയാനാണിഷ്ടം.’’ കോഴിക്കോടൻ ഭാഷയുടെ ഈണം തീരെയില്ലാത്ത ഭാഷയിൽ സുരഭി പറയുന്നു.

അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ടൊവീനോ തോമസിന്റെ നായികയായി ഗംഭീര പ്രകടനത്തിനു ലഭിച്ച അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും സുരഭി കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുന്നു. ദേശീയ അ വാർഡ് തേടി വന്നപ്പോഴും ഇതേ നിൽപ്പ് നിന്നയാളാണു സുരഭി.

കവിക്കും അഭിനേതാവിനുമൊക്കെ ആ ൺ – പെൺ ഭേദമുണ്ടോ ? അങ്ങനെയെങ്കിൽ സുരഭിയെ

വിശേഷിപ്പിക്കേണ്ടത് ‘ബ്രില്യന്റ് ആക്ടർ’ എന്നല്ലാതെ മറ്റെന്താണ്. കമേഴ്സ്യൽ സിനിമയിൽ നിന്നു ശക്തമായൊരു കഥാപാത്രം സുരഭിയെ തേടി വന്നു അല്ലേ ?

വിദ്യാഭ്യാസവായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ കെട്ടിടത്തിൽ നിന്നു ചാടി മരിച്ച പെൺകുട്ടിയായിരുന്നു വെള്ളിത്തിരയിലെ എന്റെ ആദ്യ കഥാപാത്രം. ദരിദ്രരരായതിനാൽ തിരിച്ചടവ് ശേഷിയില്ലെന്ന് വിധിയെഴുതിയാണ് വായ്പ നിഷേധിക്കപ്പെട്ടത്. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എ ന്ന് പറയുന്ന കഥാപാത്രമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് പ്രമുഖ നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആയയും.

ഇത്തരം ‘ഡൾ’ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതുപോലുള്ളവ തന്നെയാണു വീണ്ടും വരിക. ഒരു വർഷം രണ്ട് സിനിമയിൽ കൂടുതൽ ലഭിക്കുന്ന നടിമാർ നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നിരിക്കെ കഥാപാത്രം തിരഞ്ഞെടുത്ത് അഭിനയിക്കലൊന്നും തുടക്കത്തിൽ സാധ്യമായിരുന്നില്ല. കിട്ടിയവയെല്ലാം ചെയ്തു.

ഇപ്പോഴും കൈ നിറയെ അവസരങ്ങളുണ്ടായിട്ടല്ല. എങ്കിലും ഒരു കാര്യം തീരുമാനിച്ചു. ചെയ്ത അതേ രീതിയിലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കും. മാണിക്യം പോലെയൊരു ശക്തമായ കഥാപാത്രം കിട്ടുന്നത് ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്.

ഒരു ആക്ടർ എന്ന നിലയ്ക്ക് മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നു മാണിക്യം. അത് അംഗീകരിക്കപ്പെട്ടു. പദ്മ, കള്ളൻ ഡിസൂസ തുടങ്ങിയ സിനിമകളിലേതു നല്ല കഥാപാത്രങ്ങളായിരുന്നു. എന്നിരുന്നാലും നന്നായി വിജയം നേടുന്ന കമേഴ്സ്യൽ സിനിമയിൽ എത്തിപ്പെട്ടാൽ മാത്രമേ നമുക്ക് ലഭിച്ച അംഗീകാരങ്ങൾ പോലും സാധാരണക്കാർ തിരിച്ചറിയുകയുള്ളൂ. ആ അവസരമാണ് മാണിക്യം കൊണ്ടു തന്നത്.

ഉയർന്ന പ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടി തോന്നിയിട്ടില്ലേ ?

മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വർഷം മുൻപാണ്. റിലീസായത് അടുത്തയിടെ ആയിരുന്നു എന്നുമാത്രം. എആർഎമ്മിൽ മാണിക്യത്തിന്റെ വാർധക്യവും ചെയ്തു. മാണിക്യത്തിന്റെ വാർധക്യകാലം ഒഴിവാക്കാൻ വയ്യാത്ത ആവശ്യമായിരുന്നു.

പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണ്. പ്രായക്കൂടുതൽ തോന്നിക്കാൻ ചെയ്യുന്ന മേക്കപ്പ് ‘എസി’ ഇല്ലാത്ത സാഹചര്യത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ പ്രയാസമാണ്. എ ആർഎമ്മിലെ വാർധക്യ സീൻ ഔട്ട് ഡോറായിരുന്നതിനാൽ വളരെ പ്രയാസപ്പെട്ടാണത് ചിത്രീകരിച്ചത്. പുറത്തെ ചൂടിൽ മേക്കപ് വരണ്ട് ഇളകിവരുമായിരുന്നു.

മകളായി അഭിനയിക്കുന്നത് എന്നെക്കാൾ പ്രായമുള്ള രോഹിണി ചേച്ചിയാണല്ലോ. ഒന്നിച്ചുള്ള സീനിൽ പ്രായവ്യത്യാസം അറിയാതിരിക്കാൻ ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചത്.

എംടി സാറിന്റെ കഥ, സ്ക്രിപ്റ്റ്, പ്രിയദർശൻ സാറിന്റെ സംവിധാനം, ലാൽ സാറാണ് നായകൻ തുടങ്ങിയ ഘടകങ്ങൾ കൊണ്ടാണ് മനോരഥങ്ങൾ ചെയ്യാൻ തീരുമാനിച്ചത്. ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം എനിക്ക് തൃപ്തികരമായില്ല. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തോന്നിയത്.

എന്റെ പ്രായത്തിലുള്ളതോ അതിനെക്കാൾ അഞ്ചോ പത്തോ വയസ്സ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യം. അതിലും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ വന്നാൽ ആലോചിച്ചേ തീരുമാനമെടുക്കൂ. അത്തരം റോളുകളിൽ കുടുങ്ങാൻ താത്പര്യമില്ല. മനോരഥങ്ങളുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരോടും തമാശയ്ക്ക് പറഞ്ഞു. ‘ഇത്തവണ എന്നെ അമ്മയാക്കിയത് ഓകെ... ഇനി ആവർത്തിക്കരുത് കേട്ടോ...

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ