Thursday 20 June 2024 04:15 PM IST

‘ആ സിനിമ കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നായിരുന്നു പലരുടെയും ചോദ്യം’: സൈബർ ബുള്ളിയിങ്: അനശ്വര പ്രതികരിക്കുന്നു

Rakhy Raz

Sub Editor

anaswara-rajan-file-story

നീളൻ മുടി മുറിച്ചതിന്, തനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതിന്, വണ്ണം കൂടിയതിന്, കുറഞ്ഞതിന്, 20 വയസ്സിനുള്ളിൽ സൈബർ ബുള്ളിയിങ് പല രൂപത്തിലും ഭാവത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് അനശ്വര രാജൻ എന്ന മിടുക്കിക്ക്.  

ഉദാഹരണം സുജാത എന്ന ആദ്യ ചിത്രം മുതൽ പ്രണയവിലാസം എന്ന പുത്തൻ സിനിമ വരെയെത്തി നിൽക്കുന്ന കരിയറിലെ വിശേഷങ്ങളും അധിക്ഷേപങ്ങൾക്കുള്ള മറുപടിയുമായി അനശ്വര രാജൻ.     

ബോൾഡ് ആയ പെൺകുട്ടി എന്ന ഇമേജാണല്ലോ ഇപ്പോൾ അനശ്വരയ്ക്ക് ?

പുറത്തു നിന്നു നോക്കുന്നവർക്കു ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ‘യെസ് വീ ഹാവ് ലെഗ്സ്’ വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും  പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ‘ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്.’ ചേച്ചിയോടു ചോദിക്കുന്നു ‘അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ...’

ഇന്നു ഷോർട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീൽ’ അല്ല. ‘എന്തു പറഞ്ഞാലും കുഴപ്പമില്ല’ എന്ന തലത്തിലേക്കു വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണു ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിൾ ആയ വസ്ത്രമാണെങ്കിലും ഷോർട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണു ഞാൻ തുടങ്ങുന്നത്. മുന്നോട്ടു പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും  പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്. അതു ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണ്.

നീളൻ മുടി മുറിച്ചത് ആത്മവിശ്വാസം കൂട്ടി എന്നു പറഞ്ഞിരുന്നു

മുടി വെട്ടി ഷോർട് ആക്കി സ്റ്റൈൽ ചെയ്താലോ എന്നൊരു ചിന്ത മുൻപേ ഉണ്ടായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു മുടി മുറിച്ചു കാൻസർ രോഗികൾക്ക് നൽകണം എ ന്നാഗ്രഹിച്ചിരുന്നു. അപ്പോൾ ചെയ്തിരുന്ന കഥാപാത്രങ്ങൾക്കു നീളന്‍ മുടി ആവശ്യമായതിനാൽ മുടി വെട്ടാൻ സാധിച്ചിരുന്നില്ല. മൈക്ക് എന്ന സിനിമയ്ക്കു വേണ്ടിയാണ് മുടി വെട്ടിയത്. സിനിമയ്ക്കു േവണ്ടിയാണെങ്കിൽ പോലും മുടി വെട്ടരുത് എന്ന അഭിപ്രായം ആയിരുന്നു വീട്ടിൽ എല്ലാവർക്കും. ഏറെ നാൾ ശീലിച്ച രീ തി മാറ്റുന്നതിൽ ചെറിയൊരു വിഷമം എനിക്കും തോന്നി. പക്ഷേ, കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ മുടി വെട്ടി. അത് അത്ര നന്നായില്ല എന്നും നല്ല ലുക് ആണെന്നും പറയുന്നവരുണ്ട്.  മുടി വെട്ടിക്കഴിഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടിയ പോലെ തോന്നി.  മുടി സംരക്ഷിക്കുന്നതു കൂടുതല്‍ എളുപ്പമായി.

anaswara-rajan-file

പ്രണയത്തോട് ഇഷ്ടമുള്ള അനശ്വര പ്രണയനായികയായി മാറിയല്ലോ?

രണ്ടു ചിത്രങ്ങൾ റിലീസായതിന്റെ സന്തോഷത്തിലാണ്. തമിഴിൽ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ ചിത്രം തഗ്സ്. മലയാളത്തിൽ വ്യത്യസ്തമായ പ്രണയചിത്രം, പ്രണയവിലാസം. സാധാരണ പ്രണയസിനിമകളിൽ നായകൻ– നായിക അവരുടെ പ്രണയം ആയിരിക്കും വിഷയമെങ്കിൽ പ്രണയവിലാസത്തിൽ അങ്ങനെയല്ല.

എന്റെ മറ്റൊരു പ്രണയചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാൻ പ്രയാസമാണ്. കാരണം അതിൽ പല ജോടികളുടെ പ്രണയമുണ്ട്. അഗാധമായ, പക്വതയുള്ള, കുട്ടിക്കളിയായി മാറുന്ന, വിവാഹ ശേഷമുള്ള, പല പ്രായത്തിലുള്ള വ്യത്യസ്തമായ പ്രണയങ്ങൾ.   

കുട്ടിക്കാലം മുതൽ തന്നെ പുസ്തകങ്ങൾ വായിക്കാനായാലും സിനിമ കാണാനായാലും എനിക്ക് ഇഷ്ടം പ്ര ണയ കഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗിൽ ഒരു ലൗ സ്റ്റോറി ബുക്ക് കാണും. മിക്കവാറും ഇംഗ്ലിഷ് പുസ്തകങ്ങളായിരിക്കും. ‘വീ വേർ ലയേഴ്സ്’ ആണ് ഇപ്പോൾ വായിക്കുന്നത്.  പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടം. ചെറിയ പ്രണയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തിൽ ഇതുവരെ ചെന്നുപെട്ടിട്ടില്ല.

അമ്മയ്ക്ക് എന്നെയോർത്ത് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ചു വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാകും ചിന്ത. ട്രിപ് എന്നു പറഞ്ഞു ഞാൻ പോകുന്നതു തന്നെ അമ്മയ്ക്ക് ടെൻഷനാണ്. പക്ഷേ, പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നറിയാം. എങ്കിലും എന്നെ ഏറ്റവും മനസ്സിലാക്കുന്ന തും അമ്മയാണ്. അമ്മ ഉഷ അങ്കണവാടി ടീച്ചറാണ്. ലീവ് എടുത്ത് എന്റെയൊപ്പം ഉണ്ട്. അച്ഛൻ കെഎസ്‌ഇബി  റിട്ടയേഡ് ഓഫിസർ. ചേച്ചി ഐശ്വര്യ പഠനം കഴിഞ്ഞ് ക്ലോത്തിങ് ബിസിനസിലേക്കു കടന്നു.

anaswara-rajan-3

ഒറ്റയ്ക്കു യാത്ര പോകാറുണ്ടോ ?

ഒറ്റയ്ക്കു യാത്ര ചെയ്യാനാണു താൽപര്യം. എന്റേതു മാത്രമായ സ്പേസ് വല്ലാതെ ഇഷ്ടപ്പെടുന്നയാളാണ്. ദൂരെ ഒരിടത്തു  പ്രകൃതിഭംഗി ആസ്വദിച്ച്, ഇഷ്ടമുള്ള പുസ്തകം വായിച്ച്, ചായയൊക്കെ കുടിച്ച് ഒറ്റയ്ക്കു സമയം ചെലവഴിക്കുക എന്തു രസമാണ്.

ആദ്യമായി പോയതു വയനാട്ടിലേക്കായിരുന്നു. അന്ന് ഒറ്റയ്ക്കു പോകാൻ അമ്മ സമ്മതിച്ചില്ല. ആരെയെങ്കിലും കൂട്ടി പോയാൽ മതിയെന്നു പറഞ്ഞു. എന്റെ സുഹൃത്താണ് അന്ന് എന്നെ കൊണ്ടുവിട്ടത്. ഇപ്പോൾ ഒറ്റയ്ക്കു പോകാറുണ്ട്. ചില യാത്രകൾ കൂട്ടുകാരൊത്തും പോകാറുണ്ട്. ട്രെയ്നിൽ എസിയിൽ യാത്ര ചെയ്യാൻ ഇഷ്ടമില്ല. യാത്ര ചെയ്യുകയാണെങ്കിൽ വിൻഡോ സീറ്റ് കിട്ടിയേ പറ്റൂ. അതുകൊണ്ടു മിക്കവാറും യാത്ര ഫ്ലൈറ്റിലാണ്.


‘ഐസോഗ്രഫി’ രണ്ടു പെൺകുട്ടികളുടെ സർഗാത്മക ഒത്തുചേരൽ ആയിരുന്നില്ലേ ?

ഐസോഗ്രഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും വിചാരിച്ചത് എന്റെ ചേച്ചിയാണ് ഫൊട്ടോഗ്രാഫർ എന്നാണ്. ഐശ്വര്യ രാജൻ എന്നാണ് ഫൊട്ടോഗ്രഫറുടെയും എന്റെ ചേച്ചിയുടേയും പേര്.

വസ്ത്രം, മേക്കപ്, പോസ് എല്ലാം ഐശ്വര്യയുടെ പ്ലാൻ അനുസരിച്ചായിരുന്നു. രാവിലെ ആറു മണിക്ക് ഇറങ്ങി, പ ത്തു മണിയായപ്പോൾ ഷൂട്ടു പൂർത്തിയാക്കി ഞങ്ങൾ തിരികെ വന്നു. വളരെ ചില്ലിങ് ആയ അനുഭവമായിരുന്നു. അൽപം എക്സ്പോസ്ഡ് ആയ വസ്ത്രമായിപ്പോയി എന്നു പറഞ്ഞാണു ചാൻസിനു വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് ആളുകൾ ചോദിച്ചത്. ഫോട്ടോസ് അച്ഛനും അമ്മയ്ക്കും ചേച്ചിക്കും  ഇഷ്ടമായി. എന്നാലും നെഗറ്റിവ് കമന്റ്സ് കാണുമ്പോൾ അമ്മയ്ക്കു വിഷമം തോന്നും.

ഐസോഗ്രഫിക്കു ശേഷം മറ്റൊരു പരാതി മെലിഞ്ഞിരിക്കുന്നു എന്നതായിരുന്നു. സൂപ്പർ ശരണ്യ കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നായിരുന്നു ചോദ്യം. എന്താണ് ആ ചോദ്യം ചോദിക്കാനുള്ള കാരണമെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.  

18 വയസ്സ് പെൺകുട്ടികൾക്ക് മാറ്റം വരുന്ന പ്രായമല്ലേ.  രണ്ടു വർഷം കൂടി കഴിയുമ്പോൾ ഇനിയും മാറ്റങ്ങൾ വരും.  അഞ്ചാറു വർഷം മുൻപുള്ള ആരുടെ ഫോട്ടോ എടുത്തു നോക്കിയാലും വലിയ മാറ്റങ്ങൾ കാണാൻ കഴിയില്ലേ. മനുഷ്യർ രൂപത്തിലും ഭാവത്തിലും മാറിക്കൊണ്ടിരിക്കുമല്ലോ. അതിൽ മറ്റുള്ളവർക്ക് എന്തിനിത്ര അസ്വസ്ഥത.

പഠനം ഏതുവരെ എത്തി ?

വിദൂര വിദ്യാഭ്യാസം വഴി ബിഎസ്‍ഡബ്ല്യു കോഴ്സ് ചെയ്യുന്നു. കോളജിൽ പോകണം എന്നൊരു പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ, സിനിമയും റഗുലർ ക്ലാസും ഒത്തുപോകില്ല. അങ്ങനെയാണ് വിദൂര വിദ്യാഭ്യാസം തിരഞ്ഞെടുത്തത്.  

കോളജ് അനുഭവം നഷ്ടമാകുന്നതിൽ അൽപം വിഷമം ഇല്ലാതില്ല. പ്രത്യേകിച്ചു കൂട്ടുകാർ അടിച്ചുപൊളിക്കുന്ന ഫോട്ടോസ് കാണുമ്പോൾ. പക്ഷേ, സിനിമ ഒരുപാടിഷ്ടമാണ്. അതു തരുന്ന എ ക്സ്പീരിയൻസ് ശരിക്കും സ്പെഷൽ ആണ്. അതു ഞാ ൻ ആസ്വദിക്കുന്നുമുണ്ട്.

വനിത 2023 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലേഖനം