Friday 09 June 2023 02:46 PM IST

‘എല്ലാ ദിവസവും അതു തന്നാലും ഞാൻ കഴിക്കും, അമ്മ വയ്ക്കുന്ന ആ വിഭവം എന്റെ ഫേവറിറ്റ്’: അപർണ ബാലമുരളി

Merly M. Eldho

Chief Sub Editor

aparna-bala-mom

ലോകത്തെവിടെ പോയാലും ഏതെല്ലാം വിഭവങ്ങൾ കഴിച്ചാലും ശരി, അമ്മയുടെ കൈകൊണ്ടു വിളമ്പിത്തരുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയുണ്ട്. സ്നേഹവും കരുതലും ചാലിച്ചു തരുന്ന ആ വിഭവങ്ങളെക്കുറിച്ചുള്ള രുചിയോർമകൾ പങ്കുവയ്ക്കുന്നു, മലയാളികൾക്കു പ്രിയങ്കരിയായ നായിക അപർണ ബാലമുരളി പറയുന്നു...

ഇഷ്ടം അമ്മയുടെ വെജ് വിഭവങ്ങൾ– അപർണ ബാലമുരളി

സിനിമാഷൂട്ടിങ് തൃശൂരിലാണെങ്കിൽ ഉച്ചയൂണിന് അപർണ ബാലമുരളിക്ക് അമ്മ ശോഭയുടെ പൊതിച്ചോറെത്തും. നല്ല മത്തങ്ങ പുളിങ്കറി ഒഴിച്ച പൊതി തുറക്കുമ്പോൾ തന്നെ കൊതിയാവുമെന്നു പറയുന്നു അപർണ. ‘‘അമ്മ വയ്ക്കുന്ന മത്തങ്ങ പുളിങ്കറിയാണ് എന്റെ ഫേവറിറ്റ്. എല്ലാ ദിവസവും അതു തന്നാലും ഞാൻ കഴിക്കും.എനിക്കത്ര ഇഷ്ടാ. അമ്മ വയ്ക്കുന്ന വെജിറ്റേറിയൻ കറികൾക്കെല്ലാം തന്നെ അസാധ്യ രുചിയാണ്. ’ അപർണ പറഞ്ഞു തുടങ്ങി.

‘‘മത്തങ്ങ പോലെ തന്നെ അമ്മയുടെ മാമ്പഴക്കൂട്ടാനും സൂപ്പറാണ്. ഇതിന്റെയൊക്കെ രു ചി പറഞ്ഞറിയിക്കാൻ പറ്റില്ല. ചോറും കൂട്ടി അ തു ഉരുട്ടിക്കഴിച്ച് അനുഭവിക്കുക തന്നെ വേ ണം.’’ അമ്മയുടെ വെജിറ്റേറിയൻ രുചികൾ താൻ പരീക്ഷിച്ചു നോക്കാറില്ലെന്നും അപർണ. ‘‘ബിരിയാണിയും നോൺവെജ് വിഭവങ്ങളുമാണ് എന്റെ പരീക്ഷണമേഖല.’’

>> മത്തങ്ങ പുളിങ്കറി

1. മത്തങ്ങ - കാൽ കിലോ

2. മഞ്ഞൾപ്പൊടി - കാല്‍ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

വെള്ളം – അരക്കപ്പ്

3. മല്ലി - ഒരു ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് - ഒരു ചെറിയ സ്പൂൺ

കടലപ്പരിപ്പ് - ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് - ആറ്–എട്ട്

4. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

വാളന്‍പുളി - അല്‍പം

5. ശ൪ക്കര - അൽപം

6. എണ്ണ – രണ്ടു വലിയ സ്പൂൺ

7. കടുക് – കാൽ ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി - മൂന്ന്, അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ മത്തങ്ങ രണ്ടാമത്തെ ചേരുവ ചേ൪ത്തു വേവിക്കുക.

∙ മൂന്നാമത്തെ ചേരുവ വറുക്കുക. ചൂടാറിയ ശേഷം തേങ്ങയും പുളിയും അല്‍പം വെള്ളവും ചേർത്തരയ്ക്കണം.

∙ വെന്ത മത്തങ്ങയില്‍ ശർക്കര ചേർത്തു തിളപ്പിക്കണം.

∙ ശർക്കര അലിയുമ്പോൾ അരപ്പ് ചേർത്തു തിളപ്പിക്കുക. പാകത്തിന് കുറുകി വരുമ്പോൾ വാങ്ങുക.

∙ പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ചു കറിയില്‍ ചേർക്കാം.