Tuesday 30 April 2019 02:39 PM IST

‘നികൃഷ്ടമായാണ് അവർ എന്നോടു പെരുമാറിയത്; ഒരിക്കലും ഒരു മനുഷ്യനോടു പെരുമാറാൻ പാടില്ലാത്ത വിധം’

V R Jyothish

Chief Sub Editor

aristo00986 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഓർക്കുമ്പോൾ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തിൽ. ഒരിക്കൽ അച്ഛനെ കാണാൻ പോയത്. കുട്ടിക്കാലത്ത് പല സന്ദർഭങ്ങളിലും അച്ഛനെ കാണാൻ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെനിന്നു കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോടു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല.

ഒരു ദിവസം അമ്മ പറഞ്ഞു;  അച്ഛൻ െറയിൽവേയിൽ നിന്നു റിട്ടയർ ആകുകയാണ്. നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.’ അഞ്ചു പെൺമക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛൻ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോൾ ഞാൻ അടുത്തു ചെന്നു. ‘അച്ഛാ..ഞാൻ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാൻ വേണ്ടി വന്നതാണ്.’ എന്നു പറഞ്ഞു.

‘അച്ഛനോ??? ആരുടെ അച്ഛൻ. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്ക്കൊള്ളണം. ഇവിടെ നിന്ന്..’ ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛൻ. ഞാൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാൻ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു.

അന്നു രാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി. ഒരിക്കൽ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. ആ സംഭവം ഓർത്താൽ ഇന്നും എനിക്ക് ഉറങ്ങാൻ കഴിയില്ല.’’- പറയാതെ പറയുന്ന കദനകഥകളാണു ജീവിതം എന്ന് അരിസ്‌റ്റോ സുരേഷ് എഴുതിയിട്ടുണ്ട്; ആ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്നു പറയുന്നത് ആദ്യമായാണ്.

‘പറയാതെ പറയുന്ന കദനകഥകളാണോ ജീവിതം?

അതല്ലേ  സത്യം.  എല്ലാവരുടെയും   ജീവിതത്തിൽ  ഇങ്ങനെയൊരു വരി കാണും. അച്ഛൻ ഉപേക്ഷിച്ചുപോയ ശേഷം  അമ്മ വേറെ കല്യാണം കഴിച്ചു. അദ്ദേഹത്തെയാണ് ഞാൻ ഇ ളയച്ഛൻ എന്നു വിളിച്ചുവളർന്നത്. റെയിൽവേയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. കഠിനമായ ശാരീരികാധ്വാനം ആ വശ്യമുള്ള ജോലി. അച്ഛൻ ഉപേക്ഷിച്ചുപോയ എന്നെയും എന്റെ ചേച്ചിയെയും അദ്ദേഹം സ്വന്തം മക്കളായിത്തന്നെ പരിഗണിച്ചു. അച്ഛൻ മരിക്കുന്നതുവരെ അമ്മയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങൾ രണ്ടു മക്കൾക്കും എന്തെങ്കിലും കൊടുക്കും. മക്കളോട് എന്തെങ്കിലും കാരുണ്യം കാണിക്കും. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല.

അരിസ്‌റ്റോ ഒരു പേരല്ല സൂചനയാണ് അല്ലേ?

തിരുവനന്തപുരത്ത് അരിസ്‌റ്റോ ജംഗ്ഷനിൽ ചുമട്ടുതൊഴിലാളിയായിരുന്നു ഞാൻ. അരിസ്‌റ്റോ ലോഡ്ജിലേക്ക് ആളെ കൊണ്ടുകൊടുക്കുകയായിരുന്നു പണി. തമ്പാനൂർ റെയിൽവേ സ്‍റ്റേഷനിലും ബസ്‌സ്റ്റാൻഡിലും വന്നിറങ്ങുന്നവർക്ക് ചെറി യ ചെലവിൽ അരിസ്‌റ്റോ ഹോട്ടലിൽ മുറി തരപ്പെടുത്തിക്കൊടുക്കും. അതിന് കമ്മിഷൻ കിട്ടും. അങ്ങനെ അരിസ്‌റ്റോ സുരേഷ് എന്ന് കൂട്ടുകാർ വിളിക്കാൻ തുടങ്ങി. എഴുത്തുകാരനാകണമെന്ന് കുട്ടിക്കാലത്തേയുള്ള മോഹമായിരുന്നു. അന്ന് സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികളുെട പ്രസിദ്ധീകരണങ്ങൾ എടുത്ത് വായിക്കും. എന്നിട്ട് അതിൽ നിന്നൊരു കഥയോ കവിതയോ പകർത്തിയെഴുതി അരിസ്‌റ്റോ സുരേഷ് എന്ന് ഒപ്പിട്ട് വായിക്കാൻ കൊടുക്കും. ആദ്യമൊക്കെ സഹപാഠികൾക്ക് അദ്ഭുതമായിരുന്നു. പിന്നീട് കള്ളി വെളിച്ചത്തായി. അതോടെ സ്വന്തമായി എഴുതണം എന്ന ആഗ്രഹം തോന്നി. പാട്ടെഴുത്ത് തുടങ്ങിയത് അങ്ങനെയാണ്.

തമ്പാനൂർ ഗവൺമെന്റ് യു. പി. സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർഥി ഞാനായിരുന്നു ഏഴാം ക്ലാസുവരെ. എട്ടാം ക്ലാസ്സിൽ ഞാൻ എസ്. എം. വി. ൈഹസ്കൂളിൽ ചേർന്നു. അന്നുമുതൽ എന്നോടൊപ്പം  കൂടിയതാണ് സിനിമ. എസ്. എം.വി. സ്കൂളിലേക്കുള്ള വഴിയിലായിരുന്നു തിരുവനന്തപുരത്തെ പ്രധാനപ്പെട്ട തിയറ്ററുകൾ. വീട്ടിൽ എനിക്കു താഴെ നാലു സഹോദരിമാരാണ്. അമ്മയും  ഇളയച്ഛനും ജോലിക്കു പോകുന്നുണ്ട്. എന്നാലും  എനിക്ക് അനാഥത്വം അനുഭവപ്പെട്ടു. അതിൽ നിന്നുള്ള മോചനമായിരുന്നു സിനിമ.

എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു അല്ലേ?

എട്ടാം ക്ലാസ്സിൽ ഞാൻ ഭംഗിയായി തോറ്റു.എന്നാൽ അടുത്ത വർഷം  നന്നായി പഠിച്ച്  ജയിക്കണം എന്നൊന്നും എനിക്ക് തോ ന്നിയില്ല. അതിനുശേഷം തിയറ്ററുകളിലെ സ്ഥിരം സന്ദർശകനായി. രാവിലെ എണീറ്റ് ആക്രിസാധനങ്ങൾ പെറുക്കാൻ പോകും. പ്ലാസ്റ്റിക് കുപ്പി, പാട്ട അങ്ങനെ കിട്ടുന്നതൊക്കെ പെറുക്കും. കൂട്ടത്തിൽ അമ്പലങ്ങളിലും പള്ളികളിലുമൊരു  ഓട്ടപ്രദക്ഷിണം നടത്തും. പ്ലാസ്റ്റിക് ചെരുപ്പുകളാണ് ലക്ഷ്യം. രണ്ടുജോടി ചെരുപ്പ് പൊക്കിയാൽ ഒരു സിനിമാടിക്കറ്റിന്റെ കാശ് കിട്ടും.

എട്ടാം ക്ലാസിൽ രണ്ടുകൊല്ലം തോറ്റപ്പോൾ മൂന്നാം കൊല്ലം ഹെഡ്മാസ്റ്റർ സ്കൂളിൽ നിന്നു പറഞ്ഞുവിടുകയായിരുന്നു. ‘നിങ്ങളുടെ മകനെ പഠിപ്പിക്കാനുള്ള യോഗ്യത ഈ സ്കൂളിന് ഇല്ല. അതുകൊണ്ട് ഇവനെ വേറെ ഏതെങ്കിലും നല്ല സ്കൂളിൽ ചേർക്കണം.’ എന്നാണ് ഹെഡ്മാസ്്റ്റർ അമ്മയോട് താഴ്മയായി അപേക്ഷിച്ചത്. സ്കൂളിൽ നിന്ന് നിർബന്ധിത ടി.സിയും വാങ്ങി വീട്ടിലേക്കു നടക്കുകയാണ്. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ എന്നെ ശകാരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പിച്ചുന്നു. അമ്മയ്ക്കു പിറകേ അനുസരണയുള്ള കുട്ടിയായി ഞാൻ നടക്കുന്നു. ശ്രീകുമാർ തിയറ്ററിനു മുന്നിലെത്തിയപ്പോൾ ഞാൻ െമല്ലെ നടത്തത്തിന്റെ വേഗത കുറച്ചു. ഞാൻ പിറകിലുണ്ട് എന്ന ധാരണയിൽ അമ്മ എന്നെ ശകാരിച്ചുകൊണ്ട് നടക്കുന്നു. ഞാൻ ടിക്കറ്റിനുള്ള ക്യൂവിന് ഇടയ്ക്ക് കയറി. പിറകിലുണ്ടെന്ന ധാരണയിൽ അമ്മ എന്നെ വഴക്കു പറഞ്ഞ് നടന്നുപോകുന്നത് ഞാൻ ദൂരെ നിന്നു കാണുന്നുണ്ടായിരുന്നു.

aristo8543

സിനിമയിൽ എത്തും എന്നു കരുതിയിരുന്നോ?

തീർച്ചയായും. സിനിമ തലയ്ക്കു പിടിച്ച് വിദ്യാഭ്യാസം തുലച്ച് അങ്ങനെ നടന്നെങ്കിലും ഒരു സംവിധായകനാകുക എന്നായിരുന്നു മനസ്സിൽ. സിനിമ സംവിധായകന്റെ കലയാണ് എന്നുതന്നെയാണ് അന്നും ഇന്നും എന്റെ വിശ്വാസം. പക്ഷേ, എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച ഒരാൾ എങ്ങനെയാണ് സംവിധായകനാകുക? അതിനും വഴി കണ്ടുപിടിച്ചു. ആദ്യമൊരു തിരക്കഥാകൃത്താകുക. എന്നിട്ട് ഏതെങ്കിലും സംവിധായകർക്കൊപ്പം നിന്ന് സംവിധാനം പഠിക്കുക. അങ്ങനെ മൂന്നാലു തിരക്കഥയുമായി ഞാൻ ചില സംവിധായകരെ കാണാൻ പോയി. നികൃഷ്ടമായാണ് അവർ എന്നോടു പെരുമാറിയത്. ഒരിക്കലും ഒരു മനുഷ്യനോടു പെരുമാറാൻ പാടില്ലാത്തവിധം. അതിൽ പലരും ഇപ്പോൾ ഒരൂ പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നുണ്ട്. അങ്ങനെ പറയാൻ പാടില്ലാത്തതാണ്. പക്ഷേ, എന്നോടു പെരുമാറിയ രീതി വച്ച് പറഞ്ഞുപോയതാണ്.

ആ സമയത്ത് െഎവി ശശി സാറിന്റെ സിനിമ കണ്ട് ആവേശം കൊണ്ട് നടക്കുകയാണ്. ഒരു ദിവസം  മദ്രാസിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. മൂന്നാലു തിരക്കഥകൾ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം പറഞ്ഞു; ‘തിരക്കഥ കൊള്ളാം  പക്ഷേ, ഇതൊരു സിനിമയാകണമെങ്കിൽ കോടിക്കണക്കിന് രൂപ വേണ്ടി വരും. അതുകൊണ്ട് സുരേഷ് കുറച്ചുനാൾ കാത്തിരിക്കണം.’ ഈ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് മകൾ ജനിച്ചിട്ടില്ല. അദ്ദേഹം  തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ഞാൻ പോയി കാണാറുണ്ടായിരുന്നു. പക്ഷേ, സിനിമ മാത്രം നടന്നില്ല.

ഒരിക്കൽ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്?

റെയിൽവേയിൽ അമ്മ ജോലി ചെയ്യുന്ന സമയം. ഞാനന്ന് സ്കൂളിൽ പഠിക്കുന്നു. ഉച്ചയ്ക്ക് അമ്മയ്ക്ക് ആഹാരം കൊണ്ടു പോകുന്നത് ഞാനാണ്. അതിനുശേഷം നേരെ പോകുന്നത് റെയിൽവേ സ്േറ്റഷനിലേക്കാണ്. അവിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറുക. ചാടിയിറങ്ങുക എന്നതൊക്കെയാണു പ്രധാന ഹോബി. ഒരിക്കൽ അങ്ങനെ ചാടിക്കയറിയപ്പോൾ വണ്ടിക്ക് അടിയിലേക്കു വീണു. സ്‌റ്റേഷനിൽ നിന്ന് കൂട്ടനിലവിളി ഉയർന്നു. ട്രെയിൻ കടന്നുപോയപ്പോൾ എല്ലാവരും കൂടി ഓടിക്കൂടി എന്റെ ചതഞ്ഞരഞ്ഞ മൃതദേഹം കാണാൻ. അവർ നോക്കുമ്പോൾ ഞാൻ തലയുയർത്തി നോക്കുകയാണ്. ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ എഴുന്നേറ്റു. ഫ്ലാറ്റ്ഫോമിൽ നിന്ന പ്രായമുള്ള ഒരാൾ എന്നെ കൈപിടിച്ച് ട്രാക്കിൽ നിന്ന് ഫ്ലാറ്റ്ഫോമിലേക്കു കയറ്റി. ആളുകളൊക്കെ എന്നെയൊരു അദ്ഭുതജീവിയെപ്പോലെ നോക്കിനിന്നപ്പോൾ ആ മനുഷ്യൻ എന്റെ കരണക്കുറ്റിക്ക് ഒരടി തന്നിട്ടു പറഞ്ഞു; ‘ഇനി മേലാൽ ഇത് ആവർത്തിക്കരുത്. ആ അടിയുടെ വേദന ഇപ്പോഴും മാറിയിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും ഞാനത് ഓർക്കാറുമുണ്ട്.

ഐ.വി. ശശി സഹായിച്ചോ?

അങ്ങാടി’യിലെ ജയനാണെന്ന് സ്വയം ധരിച്ച് അടിപിടി, പൊലീസ് കേസ്, പാർട്ടി പ്രവർത്തനം, ജാഥ  ഇങ്ങനെ  നടക്കുകയാണ്. ഏറ്റവും പ്രിയപ്പെട്ട ജോലി തിയറ്ററിൽ ബ്ലാക് ടിക്കറ്റ് വിൽപ്പനയാണ്. കത്തിയും ഊരിപ്പിടിച്ചാണ് ടിക്കറ്റ് വിൽപന. അതിനിടയിലാണ് അപകടത്തിൽ പല്ലു മുഴുവൻ നഷ്ടപ്പെട്ടത്. ഇടയ്ക്ക്  പത്രവാർത്ത കണ്ടു. ഐ. വി. ശശിസാറിന്റെ മകൾ അനു സിനിമയിൽ അഭിനയിക്കുന്നു. ശശി സാർ തിരുവനന്തപുരത്തുണ്ടെന്നറിഞ്ഞ് ഞാൻ കാണാൻ ചെന്നു. ഞാൻ സാറിനോടു പറഞ്ഞു. ‘ഞാൻ ആദ്യമായി അങ്ങയെ കാണാൻ വരുമ്പോൾ മകൾ ജനിച്ചിട്ടില്ല. ഇപ്പോൾ അവൾ സിനിമയിൽ അഭിനയിക്കുകയാണ്. ഇനിയെങ്കിലും എന്നെ അസിസ്റ്റന്റ് ആക്കണം’. അദ്ദേഹം സമ്മതിച്ചു. അതിനുശേഷം ഇറങ്ങിയ സിനിമയാണു ബൽറാം വേഴ്സസ് താരാദാസ്. പക്ഷേ, ആ സമയത്തായിരുന്നു തിരുവനന്തപുരം  ഉപതിരഞ്ഞെടുപ്പ്. ചുമട്ടുതൊഴിലാളിയായ എനിക്ക് ഇലക്‌ഷൻ സമയത്ത് വിട്ടു നിൽക്കാൻ പറ്റിയില്ല. അങ്ങനെ ആ സിനിമയും നഷ്ടപ്പെട്ടു.

സ്നേഹിക്കാൻ ഒത്തിരി പേരുണ്ടായിരുന്നു വീട്ടിൽ?

എന്റെ അമ്മ പെറ്റ അഞ്ച് സഹോദരിമാരുണ്ട് അതിലൊരാൾ അടുത്തകാലത്ത് മരിച്ചു. കൂടാതെ ഒരു ചേച്ചി കൂടെയുണ്ട്. അരിസ്‌റ്റോ ജംഗ്ഷനിലെ ഡ്രൈ ക്ലീനിങ് സെന്ററിൽ ജോലി ചെയ്തിരുന്ന ഗിരിജ. ജീവിതത്തിൽ ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയത് ആ ചേച്ചിയുെട അനുഗ്രഹവും  പ്രാർഥനയും കൊണ്ടാണ്. അല്ലെങ്കിൽ എന്നെപ്പോലെ െതരുവിൽ ജനിച്ച് വളർന്ന ഒരാൾ ഇതിനകം  പരലോകത്ത് എത്തിയേനേ. അല്ലെങ്കിൽ പരോൾ കിട്ടാത്ത ഏതെങ്കിലും വകുപ്പിൽപ്പെട്ട് ജയിലിലായേനേ.

എഴുതുന്ന പാട്ടും കവിതയും തിരക്കഥയുമൊക്കെ സൂക്ഷിക്കാൻ എനിക്ക് ഒരിടമില്ലല്ലോ? അതുകൊണ്ട് ഞാനത് ഈ ചേച്ചിയെയാണ് ഏൽപ്പിക്കുന്നത്. അക്കൂട്ടത്തിൽ ഞാനെഴുതിയ ഒരു സരസ്വതി സ്തുതി ഗിരിജേച്ചി ഞാൻ അറിയാതെ തമ്പാനൂർ ഗണപതി കോവിലിലെ ഭജനസംഘത്തിനു കൊടുത്തു. അവർ അത് സംഗീതം െചയ്ത് പാടി. അങ്ങനെ സരസ്വതി സ്തുതി പാടിക്കൊണ്ടാണ് ഞാൻ കലാലോകത്തേക്ക് കാലെടുത്തുവച്ചത്. സുഹൃത്തുക്കളൊക്കെ പറഞ്ഞു; എന്നെക്കൊണ്ട് നാടൻ പാട്ടുകളൊക്കെ എഴുതാൻ പറ്റും. ഒരു കൈ നോക്കിയാലോ എന്ന് എനിക്കും തോന്നി. സുഹൃത്ത് ഗോപൻചേട്ടനെക്കുറിച്ചായിരുന്നു ആദ്യത്തെ പാട്ട്.

ആദ്യത്തെ പാട്ടിനുശേഷം കുറച്ചുപാട്ടുകൾ കസറ്റിനും ആൽബങ്ങൾക്കും വേണ്ടി എഴുതി. ഫ്ലക്സിലും ബോർഡിലൊക്കെ എന്റെ പടം അച്ചടിച്ചു. അങ്ങനെ ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് അംഗീകാരം നാട്ടിലും സുഹൃത്തുക്കളുടെ ഇടയിലുമുണ്ടായി. എന്നാൽ ആ സമയത്ത് ഞാൻ ഒരു റിമാൻഡ് േകസിൽ പ്രതിയായി ജയിലിലായി. ജയിലിൽ നിന്നു ഞാൻ പുറത്തുവന്നത് പുതിയൊരു മനുഷ്യനായാണ്. ഒരു കലാകാരൻ എന്ന നിലയിൽ കിട്ടുന്ന അംഗീകാരം ഒരുവശത്ത്. കുറ്റവാളി എന്ന നിലയിലെ ദുഷ്പേര് മറുവശത്ത്. ഇതിൽ രണ്ടിനും ഇടയിൽപ്പെട്ട് ഞാൻ വല്ലാത്ത സംഘർഷത്തിലായി.

ജയിലിൽ നിന്നു തിരിച്ചുവന്നപ്പോൾ ഞാൻ അക്ഷരാർഥത്തിൽ അനാഥനായി. കിടക്കാൻ ഒരിടമില്ലാതായി. ഞാൻ എഴുതിവച്ചതൊക്കെ നഷ്ടപ്പെട്ടു. അമ്മയെയും പെങ്ങന്മാരെയും അഭിമുഖീകരിക്കാൻ വയ്യാതായി. സുഹൃത്തുക്കൾ മനസുകൊണ്ട് അകലുന്നതായി തോന്നി.

പ്രേമിച്ചിട്ടുണ്ടോ?

ഉണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ട്. ഒരു സിനിമയുടെ തിരക്കഥ തയാറാക്കുന്ന തിരക്കിലായിരുന്നു ഇതുവരെ. പാട്ടുകളും റിക്കോർഡ് ചെയ്തു കഴിഞ്ഞു. സംവിധായകനാകുക എന്ന മോഹം  സഫലമായിക്കഴിഞ്ഞാൽ വിവാഹം. ‘ആക്‌ഷൻ ഹീ റോ ബിജു’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. നല്ല സുഹൃത്തുക്കളായി. ഇപ്പോൾ പൊരിഞ്ഞ പ്രണയത്തിലാണ്. കോളജ് കന്റീൻ നടത്തിപ്പുകാരിയാണ് പുള്ളിക്കാരി. ദിവസവും  വിളിക്കും. നന്നായി പാട്ടു പാടുന്ന ആളാണ്. ഞാൻ അവർക്കുവേണ്ടി പാട്ടുകൾ എഴുതാറുമുണ്ട്. പ്രണയം നിങ്ങളെക്കൊണ്ട് കൂടുതൽ ഭംഗിയായി എഴുതിപ്പിക്കുന്നു. പ്രണയം പോലെ എഴുത്തിനെ പ്രചോദിപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്ത് ഇല്ല.

കമലഹാസനുമായുള്ള കൂടിക്കാഴ്ച?

മദനോത്സവം എന്ന സിനിമ റിലീസ് െചയ്ത അന്ന് ബ്ലാക്കിൽ ടിക്കറ്റ് വിറ്റതും കമലഹാസനും േവണ്ടി ജയ് വിളിച്ചതുമാണ്. ഈ അടുത്താണ് അദ്ദേഹത്തെ കണ്ടത്. എന്നെ അദ്ദേഹം അടുത്ത് വിളിച്ചിരുത്തി. സംസാരിച്ചു. ഞാൻ മദനോത്സവത്തിലെ മാടപ്രാവേ... വാ.... എന്ന പാട്ടു പാടി. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അതുപോലെ മമ്മൂക്കയോടൊപ്പം അഭിനയിച്ചു. ലാലേട്ടൻ വളരെ സ്നേഹത്തോടെ പെരുമാറി. ഞാൻ ഓർക്കാറുണ്ട് എന്നെപ്പോലെ തെരുവ് മേൽവിലാസമായ  എത്രപേർക്ക് ഇതിനുള്ള ഭാഗ്യമുണ്ടാകും എന്ന്.

പോകാനൊരു ഇടമില്ലാതെ തെരുവിൽ ഉറങ്ങുന്നവനായിരുന്നു ഞാൻ. പിന്നെ, ലക്ഷം രൂപ വിലപിടിപ്പുള്ള െമത്തയിലും കിടന്ന് ഉറങ്ങി. അപ്പോഴൊക്കെ ഞാൻ ൈദവത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ചായിരുന്നു ചിന്തിച്ചത്. വർഷങ്ങൾക്കു മുൻപ്  ഒരു തെറ്റും ചെയ്യാതെയും  ഞാൻ കേസിൽ പെട്ടിട്ടുണ്ട്. റിമാൻഡ് പുള്ളിയായി രണ്ടാഴ്ച ജയിലിൽ കിടന്നു. ഞാൻ നിരപരാധിയാണെന്ന് അന്നത്തെ സബ്കലക്ടറോട് ഞാൻ താണുേകണ് പറഞ്ഞു; ഈ േകസിൽ ഞാൻ നിരപരാധിയാണ്. അദ്ദേഹം അത് കേട്ടില്ല. എന്നെ റിമാൻ‍ഡ് ചെയ്തു.

വർഷങ്ങൾക്കിപ്പുറം അതേ ഉദ്യോഗസ്ഥൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഞാനായിരുന്നു മുഖ്യാതിഥി. അന്ന് അദ്ദേഹം എ ന്നെ ഒരുപാടു പ്രശംസിച്ചു സംസാരിച്ചു. പണ്ട് കരഞ്ഞ് കൈകൂപ്പി  മുന്നിൽ നിന്ന ആളാണ് ഞാൻ എന്ന കാര്യം അദ്ദേഹം മറന്നിട്ടുണ്ടാകും. എന്നാൽ എനിക്കത് പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ? ഇത്തരം ചില രംഗങ്ങൾ കൂടി വരുമ്പോഴാണ്  ജീവിതം പൂർണമാകുന്നത്; ഒരു പരിധിവരെയെങ്കിലും.

aristo987532