നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഒാർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്...
ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഒാർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം. ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ നീട്ടം. ഇങ്ങനെ ചങ്കിൽ വന്നു തൊടുന്നതെന്തും എടുത്തു സൂക്ഷിച്ചു വയ്ക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. പക്ഷേ, വളർന്നപ്പോൾ മനസ്സിലായി ജീവിതത്തിന്റെ മുഴുവൻ ശേഷിപ്പുകളും, ഒാർമകൾ പോലും മുഴുവനായി നമുക്കു കൊണ്ടു നടക്കാനാവില്ല എന്ന്.
അങ്ങനെയാണു പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്കു കൊടുത്തുതുടങ്ങിയത്. എന്റെ ചില സാരികളെ മറ്റാരെങ്കിലും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നു തോന്നിയാൽ അതവർക്കു സമ്മാനിക്കും. എന്നിട്ടും അലമാര വിട്ടു പോകാത്ത സാരികൾ ചിലപ്പോൾ പത്തിൽ താഴെയേ ഉണ്ടാകൂ. അതിലൊന്നാണ് ശ്രീകാന്തിന്റെ അമ്മ വിവാഹത്തിനു മുൻപു സമ്മാനിച്ച സാരി.
അന്നു ഞാൻ എറണാകുളത്ത് എഫ്‌എം റേഡിയോയിൽ ജോലി ചെയ്യുകയാണ്. ആയിടയ്ക്കു ദുബായ്‍യിൽ പുതിയതായി തുടങ്ങുന്ന റേഡിയോ സ്റ്റേഷനിലേക്ക് എനിക്കു സെലക്‌ഷൻ ആയി. പോകും മുൻപ് ഏട്ടന്റെ അമ്മ ഒരാഗ്രഹം പറഞ്ഞു. ഭാവി മരുമകളെ ഒന്നു കാണണം. പ്ലസ്‌ടു മുതലുള്ള പ്രണയമാണ്. ഞങ്ങൾ വിവാഹം കഴിക്കുമെന്നു കുടുംബത്തിൽ എല്ലാവർക്കും ഉറപ്പാണ്. പക്ഷേ, കല്യാണ നിശ്ചയം കഴിഞ്ഞിട്ടുമില്ല.
അങ്ങനെ രഹസ്യ കൂടിക്കാഴ്ചയ്ക്കായി എറണാകുളത്തെത്തിയ അമ്മയ്ക്കൊപ്പം ഞാൻ കാറിൽ കയറുന്നു. ഒാടുന്ന കാറിലിരുന്ന് ഒരുപാടു വർത്തമാനം പറയുന്നു. അന്ന് എനിക്കു സമ്മാനിക്കാനായി അമ്മ ഒരു സാരി കയ്യിൽ കരുതിയിരുന്നു. നീലയിൽ കറുപ്പു ബോർഡർ ഉള്ള ഒരു സിൽക് സാരി. ദുബായ്ക്കു പുറപ്പെടുമ്പോൾ നിധിപോലെ പെട്ടിയിൽ എടുത്തു വച്ചിരുന്നു അത്. മകന്റെ സ്വന്തമാകാൻ പോകുന്ന പെൺകുട്ടിയെ ഒരമ്മ ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ആദ്യ നിമിഷമുണ്ടല്ലോ. അതാണ് എനിക്ക് ഇന്നും ആ സാരി.
തൊടുപുഴയാറിൻ തീരത്ത്
തൊടുപുഴയിലെ തട്ടക്കുഴ എന്ന ഗ്രാമത്തിലാണു ജനിച്ചത്. അച്ഛൻ അശോകൻ ഗൾഫിലായിരുന്നു. അമ്മ സോമയും ചേട്ടൻ അമലും പിന്നെ, തോടും പാടവും എല്ലാമുള്ള നല്ലൊരു ഗ്രാമവും കൂടെയുണ്ടായിരുന്നു.
അന്നൊക്കെ അലമാര തുറന്ന് അമ്മ അഭിമാനത്തോടെ എടുത്തുകാട്ടുന്നതും ഞാൻ കണ്ണുവിടർത്തി കാണുന്നതുമായ ഒരു സാരിയുണ്ട്. അച്ഛൻ പെണ്ണുകാണാൻ വന്നപ്പോൾ അമ്മ ഉടുത്ത ഒാറഞ്ച് നിറമുള്ള പോൾക്കാ ഷിഫോൺസാരി.
ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ എനിക്കു സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആരോടെങ്കിലും തുറന്നു പറയാൻ ധൈര്യമില്ല. പഠിച്ചു നല്ല ജോലി നേടണമെന്നേ കുട്ടികൾ ആഗ്രഹിക്കാൻ പാടുള്ളൂ എന്നായിരുന്നു അന്നത്തെ ധാരണ. എങ്കിലും ആ പ്രായത്തിൽ തന്നെ മനസ്സിലുള്ളത് കുത്തിക്കുറിക്കുന്ന ശീലം തുടങ്ങിയിരുന്നു. അതുകൊണ്ടാകാം ഞാൻ എഴുത്തുകാരിയായി മാറുമെന്ന് ഉറപ്പുണ്ടായിരുന്ന കുറച്ചുപേർ അന്നേ ചുറ്റുപാടും ഉണ്ടായിരുന്നു.
പ്ലസ് ടൂ പഠിക്കുമ്പോഴാണ് ആദ്യമായി സാരി ഉടുത്തത്. ആ സമയത്താണു സ്കൂളിൽ സീനിയർ ആയിരുന്ന ശ്രീകാന്തുമായുള്ള ഇഷ്ടവും. അമ്മയുടെ കേരള സാരിയണിഞ്ഞു സ്കൂളിലെത്തുമ്പോൾ പുള്ളിക്കാരൻ കാണുന്നുണ്ടോ എന്നു മാത്രം കണ്ണുകൾ തിരഞ്ഞു നടന്നു. ക ണ്ടു എന്നു തിരിച്ചറിഞ്ഞപ്പോൾ മനസ്സു നിറഞ്ഞു. അന്ന് അതായിരുന്നു ഏറ്റവും വലിയ സ്വർഗം.
പക്ഷേ, സ്കൂൾ പ്രണയമല്ലേ, പെട്ടെന്നു തന്നെ വീട്ടിലറിഞ്ഞു. അതോടെ വിലക്കായി. ഡിഗ്രി പഠിച്ചത് അൽഫോൻസ കോളജിലാണ്. കോളജ് ഫേർവെല്ലിനാണ് ആ ദ്യമായി ഒരു സാരി സ്വന്തമാകുന്നത്. പിങ്ക് നിറമുള്ള ജോർജറ്റ് സാരി. അതിനുശേഷം എംബിഎ പഠിക്കുമ്പോഴാണു ശ്രീകാന്ത് വീണ്ടും തേടിവന്നതും പ്രണയം തെല്ലും അസ്തമിച്ചിട്ടില്ലെന്നു രണ്ടുപേരും തിരിച്ചറിയുന്നതും. ഒന്നുറച്ചു നിന്ന ശേഷം എല്ലാവരുടേയും സമ്മതത്തോടെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു ശ്രീകാന്ത് പിന്നീട് ദുബായ്‍ക്കു പോയി.
എംബിഎ പഠനശേഷം സെൽഫ് ഫിനാൻസിങ് കോളജിൽ അധ്യാപികയായി ചേരുമ്പോൾ കുട്ടികളും ടീച്ചറും തമ്മിൽ ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസം മാത്രം. കുറച്ചു ബഹുമാനം തോന്നിക്കോട്ടെ എന്നു വിചാരിച്ചു ഞാൻ സാരിയുടുത്തു തുടങ്ങി. കറുപ്പ്, ക്രീം, ബ്രൗൺ, ഗ്രേ തുടങ്ങിയ ബേസിക് നിറങ്ങളിൽ നാലു ബ്ലൗസുകൾ. അവയ്ക്ക് ഇണങ്ങുന്ന കോട്ടൻ സാരികൾ. പക്ഷേ, ആ ആറുമാസത്തിലാണു കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി സാരിയുടുക്കാനും ബസ്സിൽ കയറിയിറങ്ങി കൂൾ ആയി സാരി ഉടുത്തു നടക്കാനും പഠിച്ചത്.
കരിയർ ചാട്ടങ്ങൾ
ഇനിയുമെന്തൊക്കെയോ ചെയ്യാനുണ്ടല്ലോ എന്ന അലട്ടൽ ആണ് മുന്നോട്ടു നയിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. അധ്യാപനത്തിനിടയിൽ പല പരിപാടികളിൽ അവതാരകയാകുമായിരുന്നു. നല്ല ശബ്ദമാണല്ലോ റേഡിയോയിൽ ഒന്നു ശ്രമിച്ചുകൂടെ എന്ന് ആരോ ചോദിക്കുന്നു. അങ്ങനെ റേഡിയോയിൽ എത്തി. ഇതാണ് ഇനി എന്റെ ഭാവി എന്നു കരുതുമ്പോഴാണു ടെലിവിഷൻ ചാനലിൽ അവതാരകയായാൻ ക്ഷണം കിട്ടുന്നത്. ചക്കപ്പഴം സീരീസിനു സംസ്ഥാന ടെലിവിഷൻ അവാർഡും വന്നു.
അപ്പോഴും എന്റെ മനസ്സിൽ ഇതു മാത്രമല്ല ഞാൻ ചെയ്യേണ്ടത്, ഇനിയുമന്തോ ഉണ്ട് എന്ന തോന്നലുണ്ട്. കോവിഡ് കാലത്ത് ഒരുപാടുപേർ വീടിനുള്ളിൽ ഏകാന്തത അനുഭവിക്കുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു, ആരും സംസാരിക്കാൻ ഇല്ലെങ്കിൽ എന്നെ വിളിക്കാം. അതോടെ മനസ്സിലായി, മറ്റുള്ളവരെ കേൾക്കാൻ, ആശ്വസിപ്പിക്കാൻ ഒക്കെ കഴിയുന്ന ഹീലിങ് പവർ എവിടെയോ എന്നെ തൊട്ടുനിൽക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ഒരു സർട്ടിഫൈഡ് ലൈഫ് കോച്ച് ആണ്. ബികമിങ് എന്നപേരിൽ സ്വന്തം പ്ലാറ്റ്ഫോം ഉണ്ട്.
ഇതിനിടയിലൂടെ മൂന്നു പുസ്തകങ്ങൾ എഴുതി. മൂന്നും എന്റെ പെൺമക്കൾ പദ്മയും കമലയും പോലെതന്നെ പ്രിയപ്പെട്ടവ. ആദ്യ പുസ്തകം ‘ഠ’ ഇല്ലാത്ത മിഠായികൾ, അനുഭവക്കുറിപ്പുകൾ കഥ രൂപത്തിൽ എഴുതിയതാണ്. മഴയുറുമ്പുകളുടെ രാജ്യം, കവിതാ സമാഹാരമായിരുന്നു. മൂന്നാമത്തെ പുസ്തകം കാളി, ചെറുകഥകളും.
ആദ്യ പുസ്തകത്തിന്റെ റിലീസിന് ഷാർജ ഇന്റർനാഷനൽ ബുക് ഫെയറിൽ പോയി. അന്നുടുക്കാൻ ഒാഫ് ഷേഡുള്ള സോഫ്റ്റ് കോട്ടൻ സാരി എന്നു മനസ്സിലുറപ്പിച്ച് തേടി നടപ്പുതുടങ്ങി. ഒരു ദിവസം മുഴുവൻ അലഞ്ഞിട്ടും സാരി കിട്ടാതെ ബേക്കറിയിൽ ചായകുടിക്കാൻ കയറിയതാണ്. അതാ അവിടെ ഒരു കൊച്ചുകടയിൽ നിന്ന് എന്നെ നോക്കുന്നു കാവി നിറമുള്ള കോട്ടൻ സാരി. ആദ്യ ചിത്രത്തിലെ മാമ്പഴ മഞ്ഞ സാരി, നൃത്തം പഠിപ്പിച്ച ടീച്ചർ പിറന്നാളിന് സമ്മാനിച്ചതാണ്. ഒരു സന്തോഷ നിമിഷത്തിൽ ഞാൻ തന്നെ എനിക്കു ഗിഫ്റ്റ് ചെയ്തതാണ് രണ്ടാമത്തെ ചിത്രത്തിലെ വൈറ്റ് സാരി.
ഒരുപാടു വില കൂടിയതെന്തും വാങ്ങിപ്പോയാൽ കുറ്റബോധം തോന്നുന്ന ആളാണ് ഞാൻ. എത്ര ഇഷ്ടം തോന്നിയ ഉടുപ്പും സ്വന്തമാക്കുന്നത് ടാഗ് നോക്കി മാത്രം. 600- 2000 റേഞ്ച് ഉള്ള സോഫ്റ്റ്കോട്ടൻ സാരികൾ ആണ് കൂടുതലും കയ്യിൽ. കോട്ടൻ സാരി ആയാലും സ്റ്റാർച് ചെയ്തു വടിപോലെ നിൽക്കുന്നത് ഇഷ്ടമല്ല. നമ്മൾ സാരി വടിവിൽ ഒതുങ്ങി നിൽക്കുന്നതിനു പകരം സാരി നമ്മളിലൂടെ ഒഴുകണം. പുഴ പോലെ.
</p>