അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്നു.
ശ്രീ എന്റെ തൊട്ടടുത്തുണ്ട്
പക്ഷേ, ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ലായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് ഈ വീടിന്റെ ഏകാന്തതയിലേക്കു വന്നപ്പോൾ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിദ്ധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. എന്നെ വിളിക്കുന്ന ശബ്ദമായി, കിടപ്പുമുറിയിൽ എന്റെയരികിൽ ഇരിക്കുന്ന സാമീപ്യമായി. എന്റെ ഹെഡ് ഫോൺ ഒരു സ്ഥലത്തും നോക്കിയിട്ടും കാണാതെ വന്നപ്പോൾ ‘ശ്രീ, എവിടെയാ വച്ചിരിക്കുന്നത്’ എന്നു ഞാൻ ഉറക്കെ ചോദിച്ചു. പിന്നെ, ഒരു ബാഗിൽ നോക്കിയപ്പോൾ അതിനുള്ളിലിരിക്കുന്നു ഞാൻ തിരഞ്ഞ ഹെഡ് ഫോൺ! നേരത്തെ ഞാൻ ആ ബാഗ് പരിശോധിച്ചതായിരുന്നുവെന്നതാണ് അദ്ഭുതം. അതുപോലെ പലപ്പോഴും പല കാര്യത്തിലും ശ്രീ എന്നെ നയിക്കും പോലെ തോന്നി.
ശ്രീയ്ക്ക് അസുഖം വന്ന സമയത്താണ് ‘ഞാൻ േമരിക്കുട്ടി’ യിലെ ‘ദൂരെ ദൂരെ ഇതൾ വിടരാനൊരു സ്വപ്നം കാത്തു നിൽക്കുന്നു’ എന്ന ഗാനത്തിനെനിക്ക് ചാനൽ അവാർഡ് കിട്ടുന്നത്. കുേറ വർഷത്തിനു ശേഷമാണ് എനിക്കൊരു ഹിറ്റ് പാട്ട് കിട്ടുന്നത്. ഈ സന്തോഷം പോലും ശ്രീ പോകുന്നതിനു മുൻപായി ദൈവം അറിഞ്ഞു തന്നതു പോലെ... എനിക്കൊരു സന്തോഷം തന്നിട്ട് ശ്രീ പോയതു പോലെ...
ശ്രീ എന്റെ ജീവിതപങ്കാളിയും ആത്മസുഹൃത്തുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്. വീട്ടിലെ ഒരു കാര്യം പോലും ഞാനറിഞ്ഞിരുന്നില്ല. മക്കളെ വളർത്തിയത്, ഞങ്ങളുെട രണ്ടു പേരുടെയും വീട്ടുകാര്യങ്ങൾ അറിഞ്ഞു ചെയ്തുകൊണ്ടിരുന്നത്, എന്റെ ബാങ്ക് അക്കൗണ്ട് പോലും കൈകാര്യ െചയ്തിരുന്നത്... എല്ലാം ശ്രീയായിരുന്നു.
മഹാരാജാസ് കോളജിൽ വച്ചാണ് ഞങ്ങളാദ്യം കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിക്ക് ഒരേ ക്ലാസിലായിരുന്നു. ശ്രീയാണ് എന്നെ നിർബന്ധിച്ച് പാട്ടു മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. ഞാനൊരു അന്തർമുഖനായി ഒതുങ്ങി നടക്കുന്ന കാലം. ഡിഗ്രിക്കു പഠിക്കുമ്പോൾ പാട്ടു മത്സരത്തിന് സർവകലാശാലാ തലത്തിൽ സമ്മാനം കിട്ടിയതിനും പിന്നെ, സിനിമയിൽ പാടിയതിനും അറിയപ്പെടുന്ന ഗായകനായതിനും എല്ലാം പിന്നിൽ ശ്രീയുടെ സ്നേഹവും പ്രോത്സാഹനവും പിന്തുണയുമായിരുന്നു. പ്രീഡിഗ്രിക്കാലത്തേ ഞങ്ങൾ പരസ്പരമുള്ള പ്രണയം തിരിച്ചറിഞ്ഞിരുന്നു. പിന്നെ, ഡിഗ്രിക്കും ഒരേ ക്ലാസിലായി. അന്നു മനസ്സിലാക്കി ഞങ്ങൾ ഒന്നിച്ചായിരിക്കും ഭാവി ജീവിതമെന്ന്. കൂട്ടുകാർക്കും അധ്യാപകർക്കുമൊക്കെ ഞങ്ങളുെട ഇഷ്ടത്തെക്കുറിച്ചറിയാമായിരുന്നു.
വിശദമായ വായനയ്ക്ക് വനിത സെപ്റ്റംബർ രണ്ടാംലക്കം കാണുക