Monday 08 July 2024 12:54 PM IST

‘അച്ഛന്റെ വ്യാജ മരണവാർത്തകളിൽ ഞാന്‍ പേടിക്കാറില്ല, പക്ഷേ അന്ന് ശരിക്കും പേടിച്ചു പോയി’: ചന്തു സലിംകുമാർ പറയുന്നു

V R Jyothish

Chief Sub Editor

chandhu

‘ഓൾ ദ് സൺസ് ആർ മാത്തമറ്റിക്സ്’ (എല്ലാ മക്കളും കണക്കാണ്) വടക്കൻ പറവൂരിലെ ലാഫിങ് വില്ലയിലിരുന്നു സലിം കുമാർ ആദ്യനിറയൊഴിച്ചു. പിന്നെ, റീൽസിലും ട്രോളിലും നിറയുന്ന ചിരിയുടെ സലിംമുഴക്കം.

‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ താരമായി മാറിയ മകൻ ചന്തുവിനൊപ്പം വനിതയോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതിങ്ങനെ. ‘‘മുജന്മശത്രുക്കളാണ് ഈ ജന്മത്തിലെ മക്കളെന്നു പറയാൻ ഞാൻ തയാറല്ല. അതുകൊണ്ട് ഒപ്പമിരുത്തിയൊക്കെ സംസാരിക്കാം.’’ സലിംകുമാ ർ സംഭാഷണത്തിനു തുടക്കമിട്ടു.

‘‘ചന്തുവിന് അന്നു മൂന്നു വയസ്സ്. ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയം. നാദിർഷയുടെ ‘ഉണക്കചെമ്മീൻ’ എന്ന ടെലിഫിലിമിൽ എനിക്കാണ് മുഖ്യവേഷം. അതിലൊരു കൊച്ചുപയ്യനെ വേണം. ചന്തുവിനെ വിളിച്ചാലോ എന്നാണ് ആലോചന.

ഞാൻ സംശയിച്ചു നിന്നു. ‘ഒന്നുമില്ലേലും നിന്റെ മോനല്ലേ, എന്തേലും ചെയ്യാനൊക്കെ അ റിയാമായിരിക്കും.’ നാദിർഷ പ്രോത്സാഹിപ്പിച്ചു. മടിച്ചു മടിച്ച് ഞാൻ പറഞ്ഞു. ‘ അവൻ ജയനെയൊക്കെ അനുകരിക്കും.’. നാദിർഷ ആവേശത്തോടെ പറഞ്ഞു. ‘വിളിക്ക്, ചന്തുവിനെ വിളിക്ക്’. അതനുസരിച്ച് ഞാൻ വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ഒരു ടെംപോ ട്രാവലറിൽ ബാലനടനാകാൻ ചന്തു എത്തി. മേക്കപ് വേണമെന്നു നാദിർഷ പറഞ്ഞു. മോനെ മേക്കപ് ചെയ്യുന്നിടത്തേക്കു വിട്ടു. അ‍ഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവിടെ നിന്നു പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നു. മേക്കപ്മാൻ ചാടി പുറത്തു നിൽക്കുന്നു.

ഞങ്ങൾ സ്ഥലത്തെത്തി. പ്രശ്നം ഒരു വള്ളി നിക്കറാണ്. ഇവനോടു വള്ളിനിക്കറിടാൻ പറഞ്ഞു; ഇവൻ അന്നേ വരെ ആ സാധനം കണ്ടിട്ടില്ല. അതിന്റെ വള്ളി കയറാണെന്നും അതിൽ ഇവനെ കെട്ടിത്തൂക്കും എന്നൊക്കെ പേടിച്ചു.അല്ലേ....’’

ചന്തു: അതുമാത്രമല്ല ഡയലോഗും പ്രശ്നമായിരുന്നു. അച്ഛനെ ‘എടാ’ എന്നു വിളിക്കാനാണ് ആദ്യം പറഞ്ഞുതന്നത്. അതുകേട്ടപ്പോൾ എന്റെ കൺട്രോൾ പോയി. അങ്ങനെയാണ് അക്രമാസക്തനായത്.

സലിംകുമാർ: പിന്നെ, ആറേഴു വർഷം കഴിഞ്ഞാണു റാഫിക്ക (റാഫി–മെക്കാർട്ടിൻ സഖ്യത്തിലെ റാഫി) ലവ് – ഇൻ സിങ്കപ്പൂർ എന്ന സിനിമയിൽ എന്റെ കുട്ടിക്കാലം അഭിനയിക്കാൻ ഇവനെ വിളിക്കുന്നത്. ചാവക്കാട് അനുഭവം ഉള്ളതു കൊണ്ട് റാഫിക്കയോടു പറഞ്ഞു. ‘നിങ്ങൾക്കു റിസ്ക് എടുക്കാൻ പറ്റുമെങ്കിൽ വിളിക്കു. ഞാനെ ന്തായാലും സെറ്റിൽ വരില്ല.’ എന്തു പ്രശ്നം ഉ ണ്ടായാലും ഞാനേറ്റു എന്നു റാഫിക്ക. ഷൂട്ട് ര ണ്ടു ദിവസം പിന്നിട്ടു. ഞാന്‍ റാഫിക്കയോടു ചോദിച്ചു. ‘എങ്ങനെയുണ്ട് എന്റെ മോൻ.’ ഒട്ടും ആലോചനയില്ലാതെയായിരുന്നു റാഫിക്കയുടെ മറുപടി

‌‘ നിന്നെക്കാളും നന്നായി അവൻ അഭിനയിച്ചു’

ചന്തു: ആ സെറ്റിലും എന്നെക്കാത്ത് ഒരു വള്ളിനിക്കർ ഉ ണ്ടായിരുന്നു. അത് ഇ‌ട്ടാണ് അഭിനയിച്ചത്.

സലിംകുമാർ: ഇത്തവണ ചന്തു തോറ്റില്ല.

ചന്തു: ഒരു വള്ളിനിക്കറിനും ചന്തുവിനെ രണ്ടു വട്ടം തോൽപ്പിക്കാനാവില്ല അച്ഛാ..

ചന്തു, ആരോമൽ... എന്തുകൊണ്ടാണ് വടക്കൻ പാട്ടിലെ പേരുകൾ മക്കൾക്കിട്ടത്?

സലിംകുമാർ: വടക്കൻ പാട്ടുമായി ബന്ധപ്പെട്ടൊന്നുമല്ല. സ ഹോദരൻ അയ്യപ്പന്റെ നാട്ടിൽ നിന്നാണല്ലോ ഞങ്ങൾ വരുന്നത്. അങ്ങനെ ആദർശം തലയ്ക്കു പിടിച്ച് ചന്തു ജോസഫ് ഹംസ എന്നായിരുന്നു മകനിട്ട ആദ്യപേര്. പിന്നെ, കുടുംബക്കാരുടെ മുഖത്തു നോക്കാൻ കഴിയാതായി. മനുഷ്യൻ ഒരു കുടുംബജീവി കൂടിയാണല്ലോ. അങ്ങനെയാണു ചന്തു എന്നു മാത്രമായത്.

ചന്തു ഉള്ള കുടുംബത്ത് ആരോമലും വേണമല്ലോ. അ ങ്ങനെ ഇളയവൻ ആരോമലായി. ഒരു പെൺകുട്ടിയുണ്ടായാൽ ഇടാൻ വച്ച പേരാണ് ആർച്ച. ആദ്യത്തെ രണ്ടും ആ ൺകുട്ടികളായി. പിന്നെ, ഭാര്യയുടെ നിസ്സഹകരണം കാരണം കുട്ടികളുണ്ടായില്ല. അങ്ങനെ ആർച്ച എന്ന പേര് വേസ്റ്റായി. (അതിനൊരു തുടർച്ചയെന്ന പോലെ ഭാര്യ സുനിതയുടെ ചിരി)

സലിംകുമാർ: ഇവൻ ‘മഞ്ഞുമ്മൽ ബോയ്സി’ൽ അഭിനയിക്കുന്ന കാര്യമൊന്നും ഞാൻ അറിഞ്ഞില്ല.

ചന്തു: സിനിമയല്ലേ അച്ഛാ.... പ്രോജക്റ്റ് ആവാതെ ഒ ന്നും പറയാൻ പറ്റില്ലല്ലോ? എന്നെ സിനിമയിലേക്കു നിർദേശിച്ച ശ്രീരാഗ് ചേട്ടന് ആദ്യത്തെ നന്ദി. സംവിധായകൻ ചിദംബരം എന്റെ സുഹൃത്താണ്. നടൻ ഗണപതി അടുത്ത സുഹൃത്തും.

ഇനി എന്റെ റോളുറപ്പിച്ച മറ്റൊരു കഥ കൂടി പറയാം. ‘ഒരു യമണ്ടൻ പ്രണയകഥയിൽ’ അച്ഛൻ അഭിനയിച്ചിരുന്നു. അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു സൗബിനിക്ക (സൗബിൻ സാഹിർ). ആ സെറ്റിൽ ഞാൻ അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അച്ഛനു കാലിനു സുഖമില്ലാത്തതുകൊണ്ടു ഞാൻ ഇടയ്ക്കു അച്ഛന്റെ കാലു തിരുമ്മിക്കൊടുക്കുമായിരുന്നു.

അത് സൗബിനിക്ക കണ്ടിരുന്നു. അന്നേ അദ്ദേഹം തീരുമാനിച്ചത്രേ; ‘ഒരു സിനിമ ചെയ്യുകയാണെങ്കിൽ അച്ഛന്റെ കാലു തിരുമ്മിക്കൊടുക്കുന്ന ഈ മകനു നല്ലൊരു റോ ൾ കൊടുക്കുമെന്ന്.’ സൗബിനിക്ക അതു പാലിച്ചു.

സലിംകുമാർ: അതുകൊണ്ട് എല്ലാ മക്കളും അച്ഛന്മാരുടെ കാലു തിരുമ്മിക്കൊടുക്കണം. ഇനിയെങ്ങാനും സിനിമയിലെടുത്താലോ?

മക്കളെ സിനിമയിലേക്കു കൊണ്ടുവരാൻ എന്തുകൊണ്ട് ഇതുവരെ ശ്രമിച്ചില്ല?

സലിംകുമാർ: പാർട്ടി സെക്രട്ടറി ശുപാർശ ചെയ്താലോ ഇന്റർവ്യൂവിന് മാർക്ക് കൂട്ടിക്കൊടുത്താലോ സിനിമയിൽ നിൽക്കാൻ ആർക്കും കഴിയില്ല. അടിസ്ഥാനപരമായി സിനിമാവാസനയും പ്രതിഭയും വേണം.

കടലിലെ ആമ കടൽക്കരയിൽ വന്നാണു മുട്ടയിടുന്നത്. ഏകദേശം 100 മീറ്ററോളം കരയിലേക്കു വരും. മണലിൽ കുഴിയെടുത്തു മുട്ടയിട്ട് കുഴി മൂടി അതു കടലിലേക്കു പോവും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങൾ നേരെ പടിഞ്ഞാറേക്കു പോയി കടലിലിറങ്ങും. അതു കിഴക്കോട്ടോ തെക്കോട്ടോ വടക്കോട്ടോ പോവില്ല. ഇതാണു ജന്മവാസന. ഒന്നോ രണ്ടോ സിനിമയിൽ ശുപാർശ കൊണ്ടു നിൽക്കാം. പക്ഷേ, മൂന്നാമത്തെ സിനിമയിൽ അതു പറ്റില്ല.

അതറിയാവുന്നതുകൊണ്ടാണു ഞാൻ രണ്ടുമക്കളേയും നന്നായി പഠിപ്പിച്ചത്. ചന്തു ഇംഗ്ലിഷ് സാഹിത്യത്തിൽ പിജിയും എൽഎൽബിയും കഴിഞ്ഞ ശേഷമാണ് ഇപ്പോൾ സിനിമയിൽ സജീവമായത്.

‘മഞ്ഞുമ്മൽ ബോയ്സ് ’ കണ്ടിട്ട് എന്തു തോന്നി?

സലിംകുമാർ: സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എൻ. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനി മയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകൻ ചന്തു അതിൽ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷം. മകൻ അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടില്ലെന്നു പറഞ്ഞപ്പോൾ കൃഷ്ണ പറഞ്ഞു; ‘സ്വന്തം മകൻ അഭിനയിച്ച ഹിറ്റ് സിനിമ ഒരുമാസം കഴിഞ്ഞും കാണാത്ത താൻ എന്തൊരു അച്ഛനാണ്.’ പിറ്റേന്നു തന്നെ ഞാൻ പോയി സിനിമ കണ്ടു.

ചന്തു: മഞ്ഞുമ്മൽ ബോയ്സ് റിലീസ് ആയ േശഷം കൊടൈക്കനാലിലേക്കു ടൂറിസ്റ്റുകളുടെ ഒഴുക്കാണ്.

സലിംകുമാർ: മലയാളികൾ വിനോദയാത്ര പോകുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ അഞ്ചു സ്ഥലങ്ങളാണ് നൂറ്റാണ്ടായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മൈസൂർ, ഊട്ടി, കൊടൈക്കനാൽ, മൂന്നാർ പിന്നെ തേക്കടിയും.

ഇങ്ങനെ പോകുന്നവരിൽ ചിലർക്കു വണ്ടിയിൽ നിന്നു തന്നെ പുറത്തിറങ്ങാൻ മടിയാണ്. യാത്രയിൽ നമ്മൾ സ ന്തോഷ് ജോർജ് കുളങ്ങരയെ മാതൃകയാക്കണം‌. പുതിയ സ്ഥലങ്ങൾ കണ്ടാണ് എന്നും അദ്ദേഹത്തിന്റെ സഞ്ചാരം.

ചന്തുവിന്റെ വാട്സാപ് ഡിപി രജനികാന്തിനൊപ്പമുള്ളതാണല്ലോ?

ചന്തു: രജനി സാറിന്റെ സിനിമ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്നതാണ് എന്റെ രീതി. ശിവാജി സിനിമ മുതൽ തുടങ്ങിയ ശീലമാണ്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന് അദ്ദേഹത്തെ േനരിൽ കാണുക എന്നതായിരുന്നു. അതു സാധിച്ചു. അതിനു മഞ്ഞുമ്മൽ ബോയ്സ് കാരണമായി.

സലിംകുമാർ: ഇവൻ രജനികാന്തിനെ വച്ചു സിനിമ വരെ എഴുതിയിട്ടുണ്ട്. അതും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ.

ചന്തു: ഒരു ജയിൽ ചാട്ടത്തിന്റെ കഥയാണ് അത്. രജനി സാറിനെയോ കമൽ സാറിനെയോ നായകനാക്കണം എന്നായിരുന്നു പ്ലാൻ. അന്നു പത്താം ക്ലാസ്സിലാണല്ലോ പഠിക്കുന്നത്. പിന്നീടാണു കാര്യങ്ങളൊക്കെ ബോധ്യപ്പെടുന്നത്. രജനിസാറിനെ കാണാൻ പോകുന്നതു സ്വപ്നം കാണുന്നതുപോലെയായിരുന്നു.

‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട് ഒരുമാസം കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം ഞങ്ങളെ കാണുന്നത്. എന്നിട്ടും സിനിമയിലെ ഓരോ സീനും അദ്ദേഹം എടുത്തു പറഞ്ഞു. ഞങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരു പോലും അദ്ദേഹം പറഞ്ഞു. ഒരു അദ്ഭുതമനുഷ്യൻ തന്നെ.

salim-kumar-25

സലിംകുമാർ: എന്റെ മകനാണ് എന്ന കാര്യം ഇവൻ ആ രോടും പറഞ്ഞില്ല. എന്നിട്ടും ഇവനെ തിരിച്ചറിഞ്ഞു.

ചന്തു: സ്കൂളിലോ കോളജിലോ ഞങ്ങൾ പറഞ്ഞിട്ടില്ല സലിം കുമാറിന്റെ മക്കളാണെന്ന്. രജനിസാറിനോടും കമൽ സാറിനോടും ആദ്യം പറഞ്ഞില്ല. കമൽ സാറിനോട് എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു. നേരിൽ കണ്ടപ്പോൾ വാക്കുകൾ പുറത്തു വന്നില്ല.

സോഷ്യൽ മീഡിയയുടെ കൊലപാതകങ്ങളിൽ വേദന തോന്നിയിട്ടുണ്ടോ?

സലിംകുമാർ: സോഷ്യൽ മീഡിയ എന്നെ എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. എനിക്കതിൽ പരിഭവമൊന്നുമില്ല. എന്നായാലും നമ്മൾ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചിട്ടല്ല നമ്മളെ ഈ ഭൂമിയിൽ കൊണ്ടുവന്നത്.

നമ്മളെ കൊണ്ടുപോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷേ, ഇത്തരം വാർത്തകൾ വരുമ്പോൾ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണ്.

ചന്തു: ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ പൊതുവേ കാര്യമാക്കാറില്ല. പക്ഷേ, ഒരിക്കൽ ശരിക്കും പേടിച്ചുപോയി. പൂത്തോട്ട എസ്.എൻ കോളജിൽ പഠിക്കുന്ന സമയം. ഹോസ്റ്റലിലാണ്.

പാതിരാത്രി കഴിഞ്ഞപ്പോൾ സുഹൃത്തുക്കളൊക്കെ മെസേജും ലിങ്കും അയയ്ക്കുന്നു. അച്ഛന്റെ ചരമവാർത്തകളാണ്. എന്തു ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ചില മെസേജുകൾ വന്നു. വീട്ടിൽ നിന്ന് ആരും വിളിച്ചിട്ടുമില്ല. പിന്നെ, രണ്ടും കൽപിച്ച് ആരോമലിനെ വിളിച്ചുണർത്തി. നേരെ കാര്യം ചോദിക്കണ്ട എന്നു തോന്നി.

‘ഡാ.. എന്തുണ്ട് വിശേഷം’. എന്നു ചോദിച്ചു. അവൻ ന ല്ല ഉറക്കത്തിലായിരുന്നു. ‘പോയി കിടന്നുറങ്ങെടോ, വെളുപ്പിന് രണ്ടു മണിക്കാണോ, സുഖവിവരം തിരക്കുന്നത്?’. പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛനു കുഴപ്പമൊന്നുമില്ല എന്നു മനസ്സിലാക്കി. അങ്ങനെ എത്ര അനുഭവങ്ങൾ.

സിനിമയുടെ തിരക്കുകളിലായ അച്ഛനെ മിസ് ചെയ്തിട്ടുണ്ടോ?

ചന്തു: അച്ഛനെ ഞങ്ങൾക്ക് ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം 100 കിലോമീറ്റർ ചുറ്റളവിലാണു ഷൂട്ടിങ് എ ങ്കിൽ അച്ഛൻ രാത്രി വീട്ടിൽ വരും.

സലിംകുമാർ: രാത്രി എത്ര താമസിച്ചു വന്നാലും ഇവന്മാര് ഉറങ്ങാതിരിക്കും. സമ്മാനപ്പൊതിക്കൊന്നുമല്ല. അച്ഛനെ കാണാൻ വേണ്ടി മാത്രം. അത് അറിയാവുന്നതുകൊണ്ടുകൂടിയായിരുന്നു എത്ര വൈകിയാണെങ്കിലും ഞാൻ വീട്ടിൽ എത്തിയിരുന്നത്.

മക്കൾക്കു ഭാവി ജീവിതം മെച്ചപ്പെടുത്താനുള്ള ഉപ ദേശം വല്ലതും കൊടുക്കാറുണ്ടോ?

സലിംകുമാർ: എന്റെ രണ്ടുമക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ഇന്നേവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു േപരോടു പറഞ്ഞുപോയി. അതിന്റെ ഭവിഷ്യത്ത് മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിക്കുന്നതുപോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കൾക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു.

ചന്തു: സിനിമ പിന്നെ നിമിത്തം കൂടിയാണല്ലോ? മഞ്ഞുമ്മ ൽ ബോയ്സിന്റെ കഥ ഒരിക്കൽ ഒരു പെൺകുട്ടി ചാനലിൽ കഥാപ്രസംഗമായി അവതരിപ്പിച്ചു. അതുകേട്ടു നടൻ വിജയരാഘവൻ സാർ പറഞ്ഞു. ഇതൊരു സിനിമാക്കഥയാണല്ലോ എന്ന്. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് അതു ചെയ്യാനുള്ള യോഗമുണ്ടായതു ചിദംബരത്തിനാണ്.

ജീവിതത്തിലെ ഭാഗ്യങ്ങൾ?

സലിംകുമാർ: എന്റെ ഭാഗ്യമാണ് ഭാര്യ സുനിത. പിന്നെ അ മ്മ, മക്കൾ. മക്കളുടെ ഈ പ്രായത്തിൽ ഞാൻ നന്നായി മദ്യപിക്കുമായിരുന്നു. പുകവലിക്കുമായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തി. എന്റെ അറിവിൽ ഇവർ രണ്ടുപേരും അങ്ങനെയൊന്നും ചെയ്യുന്നില്ല. അങ്ങനെ രണ്ടുമക്കളെ കിട്ടുക ഭാഗ്യമല്ലേ?

സിനിമാ നടനെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയതു ശ്രീലങ്കയിൽ പോയപ്പോഴാണ്. ഉൾദ്വീപിലൂടെ സ ഞ്ചരിക്കുമ്പോൾ ഒരു കർഷകൻ ഉറക്കെ വിളിച്ചു. ‘ഹലോ നടികർ സലിംകുമാർ’ അതൊരു അഭിമാന നിമിഷമായിരുന്നു എനിക്കും കുടുംബത്തിനും.

അതു പറയുമ്പോൾ സലിംകുമാറിന്റെ കണ്ണു നിറഞ്ഞിരുന്നു. പിന്നെ, മലയാളികൾക്കു പരിചിതമായ ആ ചിരിയാൽ അദ്ദേഹമതു മായ്ച്ചു.

ലാഫിങ് വില്ലയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടവപ്പാതിയും നിന്നു ചിരിക്കുകയായിരുന്നു...

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ