‘കടലമാവും, പയറുപൊടിയും ഉപയോഗിച്ചുള്ള തേച്ചുകുളി മുടക്കില്ല’: ബോഡി സ്ക്രബിന് ഈ രഹസ്യക്കൂട്ട്: ദിവ്യ പിള്ള പറയുന്നു

Mail This Article
ദുബായിലാണ് ജനിച്ചതും വളർന്നതും എങ്കിലും ജീവിതരീതികളിൽ മലയാളിത്തം ദിവ്യ പിള്ള വിട്ടുകളഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദിവസങ്ങളിലെ എണ്ണ തേച്ചുകുളിയും അമ്പലദർശനവും ദിവ്യയുെട ജീവിതത്തിന്റെ ഭാഗമായിരുന്നു. സൗന്ദര്യസംരക്ഷണത്തിലാകട്ടെ നാടൻ രീതികളായിരുന്നു ദിവ്യയ്ക്കു പ്രിയം. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഫുൾ ക്രെഡിറ്റ് ദിവ്യ നൽകുന്നത് അമ്മ ചന്ദ്രികാ പിള്ളയ്ക്കാണ്.
അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദിവ്യ പിള്ള പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ബ്യൂട്ടി ടിപ്സ് മനോരമ ആരോഗ്യം വായനക്കാർക്കു വേണ്ടി ദിവ്യ പങ്കുവയ്ക്കുന്നു.
Amma’s Beauty Tips
എന്റെ അമ്മ നഴ്സ് ആയിരുന്നു. നമ്മുടെ ചർമത്തിനു എന്തു വേണം, വേണ്ട എന്നതിനെക്കുറിച്ചൊക്കെ അമ്മയ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. സൗന്ദര്യ സംരക്ഷണത്തിൽ അമ്മയുടേതായ ഒട്ടേറെ ടിപ്സ് ഉണ്ട്. ദുബായിൽ വെള്ളിയാഴ്ച ആണല്ലോ പൊതുഅവധി. അന്ന് എണ്ണ തേച്ചുകുളിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമാണ്. ആദ്യം ശരീരം മുഴുവൻ എണ്ണ തേച്ചു പിടിപ്പിക്കും. പിന്നെ കടലമാവ്, മഞ്ഞൾ, പയറുപൊടി പാൽ, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് ശരീരം മുഴുവൻ പുരട്ടും. പത്ത് മിനിറ്റ് കഴിഞ്ഞാണ് കുളിക്കുക. തലയിൽ എണ്ണ പിടിച്ച ശേഷം കുറച്ചു നേരത്തേയ്ക്ക് പിന്നി കെട്ടിവയ്ക്കും. കോളജിൽ പോകുന്നതു വരെ എല്ലാ വെള്ളിയാഴ്ചയും ഈ ശീലം ഉണ്ടായിരുന്നു. അതിൽ മുടക്കം വരുത്താൻ അമ്മ സമ്മതിച്ചിരുന്നില്ല.
വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിൽ കല്ലുപ്പ് പൊടിച്ചതു യോജിപ്പിച്ച് ദേഹം മുഴുവൻ പുരട്ടും. സ്‌ക്രബ് പോലെ. ശേഷം മുകളിൽ
പറഞ്ഞ കൂട്ട് സോപ്പ് പോലെ തേയ്ക്കും. ശരീരത്തിലെ എണ്ണമയം മുഴുവൻ പോകും. മൃദുവാകുകയും ചെയ്യും. പയർ പൊടിക്കുപകരം ഓട്സ് പൊടിച്ചതും ഉപയോഗിക്കും.
Beauty from home
ചെറുപ്പത്തിൽ അമ്മ െചയ്തുതരുമായിരുന്ന കുറെ പൊടിക്കൈകൾ ഉണ്ട്. റോസാപ്പൂ കഴുകി വെള്ളത്തിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം അരച്ചെടുത്ത് ചുണ്ടിൽ
തേയ്ക്കും. ബീറ്റ്റൂട്ട് അരച്ച് മുഖത്ത് പുരട്ടുമായിരുന്നു. ഇങ്ങനെ െചയ്താൽ കവിളിനു നല്ല റോസ് നിറം ലഭിക്കും. ചർമം ക്ലീൻ ആവുകയും ചെയ്യും. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കി
ഉപയോഗിക്കും. മുഖത്തിലെയും ശരീരത്തിലെയും കരുവാളിപ്പു മാറാൻ ഉരുളക്കിഴങ്ങ് സഹായിക്കും. പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്തു പുരട്ടും. മുടിയിൽ തൈര് തേയ്ക്കും. എണ്ണ ചൂടാക്കി, അതിൽ ഉള്ളിയും കുരുമുളകും ഇട്ട ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കും. ചെറിയ ഉള്ളി അരച്ചതു തലയിൽ പുരട്ടിയ ശേഷം മസാജ് ചെയ്യും. ഇത് മുടി കൊഴിച്ചിൽ മാറ്റും. പുരികം കൊഴിച്ചിൽ മാറാൻ ആവണക്കെണ്ണ പുരട്ടുമായിരുന്നു. വീട്ടിൽ എന്താണോ ഉള്ളത് അതാണ് അമ്മ ഉപയോഗിച്ചിരുന്നത്. അല്ലാതെ സൗന്ദര്യസംരക്ഷണത്തിനായി വില കൂടിയ ഉൽപന്നങ്ങൾ വാങ്ങാറില്ലായിരുന്നു.
Curd & Egg
അൽപ്പം മുതിർന്ന ശേഷം പിന്നെ അമ്മയ്ക്കു പിടി കൊടുക്കാതെയായി. എന്നാലും ആഴ്ചയിൽ രണ്ടു തവണ കടലമാവ്, പയറുപൊടി എന്നിവ ഉപയോഗിച്ചുള്ള തേച്ചു കുളി മുടക്കാറില്ല. പിന്നെ വെളിച്ചെണ്ണയും ഉപ്പും കൊണ്ടുള്ള ബോഡി സ്ക്രബും. മുടിയിലെ വരൾച്ച മാറാൻ തൈരും മുട്ടയുടെ മഞ്ഞയും യോജിപ്പിച്ച്
മുടിയിൽ തേയ്ക്കും. പിന്നെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയും. മുടി നല്ല സോഫ്റ്റ് ആകും. ഷാംപൂ സ്ഥിരം ബ്രാൻഡ് ഇല്ല. പുതിയ ബ്രാൻഡ് കണ്ടാൽ അതും പരീക്ഷിക്കും.
Suntan Removal
ഷൂട്ടിങ്ങിനിടെ സൺടാൻ വന്നാൽ ഉരുളക്കിഴങ്ങ്
പേസ്റ്റ് പുരട്ടും. ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ തൈര്. തക്കാളിയും നല്ലതാണ്. താമസിക്കുന്നിടത്ത് എന്താണോ ലഭ്യമായത് അത് ഉപയോഗിക്കും.
Makeup removal
ബ്രാൻഡഡ് മേക്കപ്പ് ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. ചർമം സെൻസിറ്റീവ് ആണ്. അതിനാൽ നല്ല ഉൽപന്നങ്ങൾ മാത്രമെ ഉപയോഗിക്കൂ. മേക്കപ്പ് കളയാൻ വെളിച്ചെണ്ണയാണ് എന്റെ ചർമത്തിന് ചേരുന്നത്. പിന്നെ
ഫേയ്സ് വാഷ് കൊണ്ടു മുഖം വൃത്തിയാക്കും. എന്നും രാത്രി കിടക്കുന്നതിനു മുൻപ് കുളി കഴിഞ്ഞ് ശരീരത്തിൽ മോയിസ്ചറൈസർ പുരട്ടും. മുഖത്ത് മോയിസ്ചറൈസറും സീറവും പുരട്ടിയ ശേഷം
ഫേയ്സ് റോളർ കൊണ്ട് മുഖത്തിലും കഴുത്തിലും മസാജ് ചെയ്യും.
Keratin for soft hair
ബ്യൂട്ടി പാർലറിൽ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാനും മുടി മുറിക്കാനും പോകും. ത്രെഡ്ഡിങ് ഒക്കെ സ്വന്തമായി ചെയ്യും. പെഡിക്യൂർ, മാനിക്യൂർ എന്നിവ മാസത്തിൽ രണ്ടു തവണ ചെയ്യാറുണ്ട്.