Thursday 25 July 2024 12:27 PM IST

‘അക്കാരണത്താൽ ഞങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി, സൗഹൃദത്തിനു വേണ്ടി സ്നേഹത്തോടെ പിരിഞ്ഞു’: ദിവ്യ പിള്ള

Anjaly Anilkumar

Content Editor, Vanitha

divya-pillai-74

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച കുപ്പിവളകൾ. ആ രംഗം ഒന്നുകൂടെയൊന്നു പൊലിപ്പിക്കാൻ എന്നപോലെ ‘കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം, കലാകാരൻ’ എന്ന ഗാനം സ്പീക്കറിൽ ഉയർന്നു കേട്ടു.

‘അയാൾ ഞാനല്ല’ എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ ദിവ്യ പറഞ്ഞത് പുതിയ ചിത്രമായ ബസൂക്കയുടെ വിശേഷങ്ങൾ മുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഗോസിപ്പു‌കളുടെ യാഥാർഥ്യം വരെ.

മമ്മൂക്കയ്ക്കൊപ്പം ബസൂക്കയിൽ അഭിനയിച്ചല്ലോ ?

മമ്മൂക്കയാണ് ലീഡ് എന്നറിഞ്ഞപ്പോഴേ ത്രിൽഡ് ആയി. മുൻപ് മമ്മൂക്ക നായകനായ മാസ്റ്റർ പീസി ൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്യുന്നത്. ഷോട്ടിന്റെ സമയത്തു കോൺഷ്യസ് ആകുന്നുണ്ടായിരുന്നു. അത് മനസ്സിലായിട്ടാകണം മമ്മൂക്ക സമാധാനിപ്പിച്ചു. ‘‘സിങ്ക് സൗണ്ടിനെക്കുറിച്ചു മറന്നേക്കൂ. നമ്മൾ ഏറ്റവും കൃത്യതയോടെ ഡയലോഗുകൾ പറയുന്നതു സ്പോട്ടിലാണ്. അതുമായി ചേർത്തുവയ്ക്കാനുള്ള ശ്രമങ്ങളാണ് ഡബിങ് സ്റ്റുഡിയോയിൽ നടക്കുന്നത്. ലൈവായി സംസാരിക്കുമ്പോൾ വൈകാരികത കൂടും. അതുമാത്രമാണ് ഇവിടെ വേണ്ടത്.’’ ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

തമിഴിലേക്കുള്ള അരങ്ങേറ്റം വിജയ് സേതുപതിക്കൊപ്പമാണല്ലോ?

വളരെയധികം ആസ്വദിച്ചു ചെയ്യുന്ന സിനിമയാണ് എയ്സ്. വിജയ് സേതുപതി, യോഗി ബാബു, രുക്മിണി വസന്ത് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലേഷ്യയിലെ തമിഴ് വിഭാഗത്തിന്റെ കഥ പറയുന്ന സിനിമയാണ്.

കൽപന എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വലിയ പ്രശ്നങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും തമാശയും ചിരിയും കളിയുമായി നടക്കുന്ന ആളാണ് കൽപന. ഇതുവരേയും ഞാൻ ഹ്യൂമ ർ കൈകാര്യം ചെയ്തിട്ടില്ല. അതു ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നു കേട്ടിട്ടുണ്ട്. ഇപ്പോഴാണതു മനസ്സിലായത്.

വിജയ് സാറും യോഗി ബാബുവും ഞൊടിയിടയ്ക്കുള്ളിലാണ് കഥാപാത്രമാകുന്നതും തമാശകൾ പൊട്ടിക്കുന്നതും. അവർക്കൊപ്പം പിടിച്ചു നി ൽക്കാൻ കുറച്ചു ബുദ്ധിമുട്ടി. ‌വിജയ് സർ ആണ് ഡയലോഗ് മോഡുലേഷൻ പറഞ്ഞു തരുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള ഒരു സീനിൽ അദ്ദേഹത്തിന് ഒരുപാട് മാസ് ഡയലോഗ് പറയാനുണ്ട്. തിയറ്ററിൽ കയ്യടി മുഴങ്ങുമെന്ന് ഉറപ്പുള്ളതാണ് പലതും.

എയ്സിലെ കൽപനയെ എനിക്കു പ്രിയപ്പെട്ടതാക്കി മാറ്റുന്ന മറ്റൊരു ഘടകം നടി കൽപന ചേച്ചിയാണ്. ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ്. ഞാൻ ആദ്യമായി ചെയ്യുന്ന കോമഡി കഥാപാത്രത്തിനും അതേ പേരു കിട്ടിയല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്. മുൻപ് ദ് വില്ലേജ് എന്നൊരു വെബ് സീരീസ് തമിഴിൽ ചെയ്തിട്ടുണ്ട്.

തെലുങ്കിലും സജീവമാകുകയാണല്ലോ?

നാഗചൈതന്യയും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ‘തണ്ടേൽ’ ആണു തെലുങ്കിൽ ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. തീരദേശവാസികളുടെ കഥ പറയുന്ന ചിത്രം യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ‘പ്രേമം’ കണ്ടു മലർ മിസിന്റെ ഫാൻ ആയ ആളാണു ഞാൻ. സായിയെ നേരിൽക്കണ്ടപ്പോൾ വളരെ എക്സൈറ്റഡ് ആയി. അടുത്തു കഴിഞ്ഞപ്പോൾ നല്ല സുഹൃത്തുക്കളായി. തണ്ടേലിൽ ഡാൻസ് ഉണ്ടോ എന്നു ചോദിച്ചപ്പോൾ സാ‌യി പറഞ്ഞത്, ഒരുമിച്ച് ഡാൻസ് കളിക്കാമെന്നാണ്.

തെലുങ്കിലെ എന്റെ രണ്ടാമത്തെ സിനിമയായ മംഗളവാരത്തിൽ രാജേശ്വരി ദേവി എന്ന നെഗറ്റീവ് കഥാപാത്രമാണ്. കഥാപാത്രത്തിനായി കുറച്ചു വണ്ണം കൂട്ടി. തെലുങ്ക് പഠനം ആരംഭിച്ചു. ഹിന്ദിയിൽ ചില സിനിമകൾക്കായി ഒഡിഷൻസ് നടക്കുന്നുണ്ട്.

divya-pillai-1

ടൊവിനോയ്ക്കൊപ്പം അഭിനയിച്ച ‘കള’യിലെ രംഗങ്ങൾ സ മൂഹമാധ്യമങ്ങളിൽ വൈറലായല്ലോ?.

സിനിമയെ സിനിമയായി കണ്ടാൽ പോരെ. എന്തിനാണ് ഒരു രംഗമെടുത്ത് പല ക്യാപ്ഷനുകൾ ചേർത്ത് ഇങ്ങനെ ചെയ്യുന്നത്. ‘കള’യിലെ വിദ്യ എനിക്കു വളരെ സ്പെഷലാണ്. കഥ കേട്ടപ്പോൾ കൈ കൊടുക്കണോ എന്നൊന്നു സംശയിച്ചു.

‘കരയാനും ചിരിക്കാനും ഇല്ലാത്ത മടി, ഇന്റിമേറ്റ് രംഗങ്ങളിൽ എന്തിനാണ്’ എന്നു ചോദിച്ചു സംവിധായകൻ രോഹിത്. ശരിയാണല്ലോ എന്ന് എനിക്കും തോന്നി. ‘കള’ നല്ലൊരു തീരുമാനമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

ഏവിയേഷൻ മേഖലയിൽ നിന്നു സിനിമയിലേക്കത്തിയത്?

ഞാൻ ജനിച്ചു വളർന്നതൊക്കെ ദുബായിലാണ്. അച്ഛൻ നാരായണ പിള്ളയ്ക്കു ദുബായിൽ ബിസിനസ് ആയിരുന്നു. അമ്മ ചന്ദ്രിക പിള്ള ക്ലിനിക്കൽ ഓഡിറ്ററും. ചെറുപ്പത്തിൽ വിമാനത്തിന്റെ ശബ്ദം കേട്ടാലുടന്‍ ഫ്ലാറ്റിന്റെ ബാ ൽക്കണിയിലേക്ക് ഓടുന്ന കുട്ടിയായിരുന്നു ഞാൻ. അന്നേ മനസ്സിൽ കയറിയ ആഗ്രഹമാണ് ഏവിയേഷൻ രംഗത്ത് ജോലി ചെയ്യുക എന്നത്. കഠിനമായി അധ്വാനിച്ചു, ആഗ്രഹിച്ചതു സ്വന്തമാക്കി. ജോലിക്കിടെയാണ് ആദ്യ സിനിമയിലേക്കുള്ള ക്ഷണം വരുന്നത്.

ദിവ്യയുടെ വിവാഹം, വിവാഹമോചനം, പ്രണയം... ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ടല്ലോ?

മഴയിൽ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണു ഞാനും. ഫേക്ക് ഐഡിയുടെ പിന്നിൽ ഇരുന്ന് ആർക്കും എന്തും പറയാം. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എ ന്റെ സ്വകാര്യതയല്ലേ? എന്തിനാണു മറ്റുള്ളവർ അവിടേക്ക് എത്തി നോക്കുന്നത്. ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ. അതേക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ട് എന്നുപോലും തോന്നുന്നില്ല.

ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകൾ പലതും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോൾ പറയാം. ഞങ്ങൾ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകൾ. അദ്ദേഹം വിദേശി ആയതിനാൽ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഞങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കണ്ടല്ലോ എന്നു കരുതി സ്നേഹത്തോടെ പിരിഞ്ഞു.

നിയമപരമായി വിവാഹിതയാകാത്ത ഞാൻ എങ്ങനെയാണു വിവാഹമോചനം നേടുക? ഇതൊക്കെ നടന്നു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം മറ്റൊരു വിവാഹം ക ഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു.

ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും ഇപ്പോൾ മാവേലിക്കരയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. വിശ്രമജീവിതം ആനന്ദകരമാക്കാൻ കുറച്ചു കൃഷിയുമുണ്ട്. ചേച്ചി പൂജ ഭർത്താവ് അഭിലാഷിനും മകൻ അദ്വൈതിനുമൊപ്പം ചെന്നൈയിലാണു താമസം. എന്നെ ഞാനായി കാണുന്ന, ചേർത്തു പിടിക്കുന്ന ഈ മനുഷ്യരാണ് എ ന്റെ ജീവിതത്തിലെ വലിയ സന്തോഷം, എന്റെ ലോകം.

അഞ്ജലി അനിൽകുമാർ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ