Saturday 06 July 2024 01:10 PM IST

‘പഴയ താരങ്ങളെ പുതു തലമുറയ്ക്ക് അത്രയ്ക്ക് വിലയുണ്ടാവില്ല. പക്ഷേ ഒരുകാലത്ത് അവർ എന്തായിരുന്നു എന്ന് നമുക്കറിയാം...’, ഇടവേള ബാബു

Vijeesh Gopinath

Senior Sub Editor

edavela-babu-actor-interview-cover ഇടവേള ബാബു; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഇടയ്ക്കെപ്പോഴോ ചോദിച്ചു, എന്തുകൊണ്ടാണ് വിവാഹം കഴിക്കാതെ പോയത്? ചിരിയോടെ ഇടവേള ബാബുവിന്റെ മറുപടി വന്നു, ‘‘തെളിവു സഹിതം മറുപടി പറയാം. പക്ഷേ, ഈ അഭിമുഖം കഴിയുന്നതു വരെ കാത്തിരിക്കണം.’’

എന്നിട്ട് എപ്പോഴും ‘അമ്മേ..’ എന്നു വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ പോലുള്ള മൊബൈൽഫോൺ കുറച്ചു ദൂരേയ്ക്ക് മാറ്റി വച്ചു. പറഞ്ഞിട്ടു കാര്യമില്ല, വാശിക്കുഞ്ഞ് ഇടയ്ക്കിടെ കരയുന്നുണ്ട്. ‘എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...’ എന്ന റിങ്ടോൺ മറുതലയ്ക്കൽ ആരോ കേൾക്കുന്നുണ്ട്. വർഷങ്ങളായി ആ പാട്ടാണ് ഇടവേള ബാബുവിന്റെ റിങ്ടോൺ.

ഉറപ്പാണ്, ആ വിളിക്കുന്നതു സിനിമയുടെ ലോകത്തെ ആരൊക്കെയോ ആണ്. ചിലപ്പോൾ പരാതികളാവാം, അല്ലെങ്കിൽ സങ്കടങ്ങളാവാം അതുമല്ലെങ്കിൽ പ്രതിസന്ധികളാവാം.... അവർക്കൊക്കെ ഇടവേള പോലുമില്ലാതെ വിളിക്കാവുന്ന നമ്പരാണല്ലോ അത്. ഒടുവിൽ ഇടവേള ബാബു തീരുമാനിച്ചു, ഇരുപത്തഞ്ചു വർഷമായി അമ്മയുടെ നേതൃസ്ഥാനത്തുണ്ട്. ഇനി ഇടവേള വേണം.

പലരുടെയും ആശ്വാസമാണ് ഇടവേള ബാബു. എന്നിട്ടും ഇനിയും ജനറൽ സെക്രട്ടറി ആവാനില്ലെന്ന് ഉറപ്പിച്ചത് എന്തുകൊണ്ടാണ്?

കാൽ നൂറ്റാണ്ട് ചെറിയൊരു കാലയളവല്ല. 25 വർഷം മുൻപുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും എന്റെ ചിന്തകൾക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാൻ മാറിയില്ലെങ്കിൽ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നൽ അപടകരമാണ്. ആ ചിന്ത വന്നാൽ അമ്മ മുന്നോട്ടു പോവില്ല.

edavela-babu-leaving-amma-general-secretary അമ്മ ജനറൽ ബോഡി യോഗത്തെ തുടർന്നുള്ള ഗ്രൂപ്പ് ഫോട്ടോ (ഫയൽ ഫോട്ടോ)

നമ്മള്‍ ചെയ്ത നല്ല കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയണമെന്നുണ്ട്. ഈ സ്ഥാനത്തു നിന്ന് ഞാൻ മാറി നിന്നാലേ അമ്മയ്ക്കു വേണ്ടി ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അനുഭവിക്കാനാവൂ. അടുത്ത മീറ്റിങു മുതൽ എന്റെ സ്ഥാനം വേദിയിലല്ല, സദസിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയാറെടുത്തു കഴിഞ്ഞു.

കഴിഞ്ഞ വാർഷികയോഗത്തിൽ മമ്മൂക്ക വികാരഭരിതമായി സംസാരിച്ചു. ‘ബാബുവിനെ വിട്ടിട്ട് ഒരമ്മയില്ല, കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവർ. ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസിൽ കയറി ഇരുന്നിട്ടു കാര്യമുണ്ടോ?’

ആറു വര്‍ഷമായി പ്രസിഡന്‍റ് ലാലേട്ടനാണ്. എത്രയോ രേഖകളിൽ ഒപ്പിടുന്നു. പലപ്പോഴും ചേട്ടനതു വായിച്ചു നോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട്. അതൊരു വിശ്വാസമാണ്.

edavela-babu-amma-executive-members അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം (ഫയൽ ഫോട്ടോ)

താരനിശകളുടെ സംവിധാനം മുതൽ ഒാഫീസ് ബോയ് യുടെ ജോലി വരെ ചെയ്യുന്നുണ്ട്. ജോലിഭാരം തിരിച്ചറിഞ്ഞിട്ടാവാം, ഒരിക്കല്‍ ലാലേട്ടന്‍ പറഞ്ഞു, ‘ബാബു തുടരണമെന്നു ഞാൻ ഒരിക്കലും പറയില്ല, അത്രമാത്രം സ്ട്രെയിൻ എടുക്കുന്നുണ്ട്. പക്ഷേ, അതു പലരും കാണാതെ പോവുന്നു...’

സത്യമാണ് ലാലേട്ടന്‍ പറഞ്ഞത്. ബിപിയുടെ രണ്ടു ഗുളികയാണ് ദിവസവും ഞാൻ കഴിക്കുന്നത്.

പല തലമുറയിൽ പെട്ട പ്രഗത്ഭർക്കൊപ്പം അവരുെട ഏറ്റവും അടുത്തയാളായി നിൽക്കാനായതു മഹാഭാഗ്യമാണ്. മധു സാർ മുതൽ ഷെയിൻ നിഗം വരെയുള്ളവർ അവരുടെ ഏറ്റവും അടുത്തയാളോടെന്ന പോലെ സംസാരിക്കും. ഇത്തരം അനുഭവങ്ങൾ ഞാനൊരു നടൻ മാത്രമായിരുന്നെങ്കിൽ കിട്ടണമെന്നില്ല. അമ്മ എന്ന പ്രസ്ഥാനത്തിന്റെ ബലം കൊണ്ടാണ് ഈ അടുപ്പം കിട്ടിയത്.

എങ്കിലും ചില നീറലുകൾ മനസ്സിൽ ഉണ്ടാവില്ലേ?

അതു പിന്നെ മനുഷ്യൻ അല്ലേ? തീർച്ചയായും ചിലരുടെ പെരുമാറ്റങ്ങൾ മനസ്സിൽ തട്ടും. എന്നെക്കാൾ കൂടുതൽ ഞാൻ അമ്മയെ സ്നേഹിച്ചതുകൊണ്ടാവാം അമ്മയിലെ പ്രശ്നങ്ങൾ എന്റെ വേവലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫലകാര്യങ്ങള്‍ വരെ. ആരെയും പിണക്കാതെ പരിഹരിക്കാനാണു ശ്രമം. ഞാൻ കാരണം ഒരു ഷൂട്ടും നിർത്തിവച്ചിട്ടില്ല. എന്തു പ്രശ്നമാണെങ്കിലും ണ്ടെങ്കിലും ഷൂട്ട് തടസപ്പെടാതെ പരിഹരിച്ചിട്ടുണ്ട്.

edavela-babu-actor-interview-profile ഇടവേള ബാബു; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്. ഒരു പ്രധാന നടന്റെ മകൻ. അദ്ദേഹവും നടനാണ്. അച്ഛൻ ‘അമ്മ’യില്‍ നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകന്‍ നടന്‍ ഒരു സെറ്റിലിരുന്നു പറഞ്ഞു, ‘എന്തിനാണു നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?’

പഴയ താരങ്ങളെ പുതു തലമുറയ്ക്ക് അത്രയ്ക്ക് വിലയുണ്ടാവില്ല. പക്ഷേ ഒരുകാലത്ത് അവർ എന്തായിരുന്നു എന്ന് നമുക്കറിയാം. ഇത്തരം ഒരുപാട് സന്ദർഭങ്ങളുണ്ട്. പക്ഷേ, അതൊന്നും തുറന്നു പറയാനാവില്ല.

ഒരു വർഷം മൂന്നുകോടി രൂപയോളം ‘അമ്മ’യ്ക്കു െചലവുണ്ട്. അതു കണ്ടെത്തുന്നതു വലിയ ഉത്തരവാദിത്തമാണ്. ഈ ടെൻഷനെല്ലാം പതിവായതോടെ അവ എന്റെ ആരോഗ്യത്തെ ബാധിച്ചു, സൗഹൃദങ്ങളെ ബാധിച്ചു. സുഹൃത്തുക്കൾക്ക് ഒരാവശ്യം വരുമ്പോൾ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു.

ഒപ്പം ഒരുപാട് വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോ?

ഒരുപാട് വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. തിലകൻ ചേട്ടനെ സംഘടനയില്‍ നിന്നു പുറത്താക്കിയ സംഭവം, ഷമ്മി തിലകനുമായുള്ള പ്രശ്നങ്ങള്‍, ഡബ്ല്യൂസിസി സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍, ദിലീപ്. സംഭവം... അങ്ങനെ കുറേ പ്രതിസന്ധികളിലൂടെ കടന്നു പോയി. എടുത്ത തീരുമാനങ്ങളെല്ലാം സംഘടനയുടെ നിയമപ്രകാരമാണ്. അതുകൊണ്ടു തന്നെ തെറ്റുപറ്റി എന്ന തോന്നലുമില്ല.

പല അനാവശ്യ വിവാദങ്ങളെയും മറികടന്നു. ഇനിയും അത്തരം പ്രശ്നങ്ങൾ കൂടാനാണു സാധ്യത. ‘അമ്മ’ സംഘടന രൂപീകരിച്ച സമയത്ത് അംഗങ്ങൾക്ക് രാഷ്ട്രീയ ചായ് വേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ പലരും സജീവ രാഷ്ട്രീയപ്രവർത്തകരാണ്. അതുമൂലമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനയിലേക്കു കടന്നു വരാം. ഏറ്റവും ഒടുവിൽ ലോക്സഭാ ഇലക്ഷന്റെ പ്രചാരണത്തിനിടയിൽ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാറിന്റെ പ്രസ്ഥാവന തന്നെ ഉദാഹരണം. അതു വേണ്ടിയിരുന്നില്ലെന്നു തോന്നി. എല്ലാവരും അമ്മയുടെ മക്കൾ അല്ലേ...

സോഷ്യൽമീഡിയ വന്നതോടെ സംഘടനയിൽ ഒതുങ്ങി നിന്നിരുന്ന തുറന്നു പറച്ചിലുകൾ പൊതുജനമധ്യത്തിലേക്കെത്തി. അഭിപ്രായ സ്വാതന്ത്ര്യമല്ലേ എന്നു ചോദിച്ചാല്‍ ശരിയാണ്. പക്ഷേ, സംഘടയുടെ കെട്ടുറപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ ശരിയാണോ എന്നാലോചിക്കണം. സത്യം എന്താണെന്ന് പോലുമറിയാതെയുള്ള ആക്രമണങ്ങളാണ് പലതും...

ജീവിതത്തിലെ ചില നിമിത്തങ്ങളെക്കുറിച്ച് പറയാമോ?

ലാലേട്ടനും മുകേഷും അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ മാനേജർ കുറച്ചു കാലം ഞാനായിരുന്നു. ബെംഗളൂരുവിലെ ഷോ കഴിഞ്ഞ് നാട്ടിലേക്കു തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ലാലേട്ടനും മുകേഷും ഞാനും ഫ്ലൈറ്റിലും ബാക്കിയുള്ളവർ വോൾവോ ബസിലും മടങ്ങാനാണു തീരുമാനിച്ചത്.

edavela-babu-leaving-amma-general-secretaryship-profile-photo ഇടവേള ബാബു; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പക്ഷേ, നാടകം കഴിഞ്ഞപ്പോൾ അഭിനേതാക്കൾക്കായി തയാറാക്കിയ ഭക്ഷണം കേടുവന്നു. അതോടെ പ്ലാൻ മാറി. ഞാനും ബസിൽ പോവാൻ തീരുമാനിച്ചു. ഹോട്ടലിലെത്തി കുളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ, ഞങ്ങള്‍ മടങ്ങുന്ന ബസ് അപകടത്തിൽ െപടും. രാത്രി യാത്ര ഒാര്‍ത്തുള്ള പേടിയാണെന്നു കരുതിയെങ്കിലും ഒപ്പമുള്ള മുപ്പതോളം അംഗങ്ങളുടെ പേര് പേപ്പറിലെഴുതി പോക്കറ്റിലിട്ടു.

യാത്ര തുടങ്ങി. വഴിയില്‍ ഭക്ഷണം കഴിച്ചു. ക്ഷീണം െകാണ്ട് എല്ലാവരും ഉറക്കത്തിലായി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. ബസ് എവിടെയോ ഇടിച്ച്, മൂന്നു പ്രാവശ്യം മറിഞ്ഞ് ഒരു കൊക്കയിലേക്കാണ് വീണത്. കൂട്ടക്കരച്ചിലും നിലവിളിയും... ഞാൻ കൈകൊണ്ട് ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു പുറത്തു കടന്നു. ആരൊക്കെയോ ബസിൽ നിന്ന് എല്ലാവരെയും വലിച്ചു റോഡിലേക്കു കിടത്തി. പെട്ടെന്നാണ് പോക്കറ്റിലുള്ള ലിസ്റ്റിനെക്കുറിച്ച് ഒാര്‍മ വന്നത്. അതു നോക്കി പേരുകള്‍ വായിച്ചു. അന്നേരമാണ് ഒരാളെ കാണാനില്ലെന്നു തിരിച്ചറിഞ്ഞ്. അദ്ദേഹം ബസിനടിയിൽ ആയിപ്പോയിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഒരു വണ്ടിയും നിർത്തിയില്ല. ഭാഗ്യം കൊണ്ടാവാം, മജീഷ്യൻ മുതുകാടിന്റെ ട്രൂപ്പിന്റെ വാഹനം അതു വഴി കടന്നു പോയി. അതോടിച്ചിരുന്ന ഡ്രൈവർ എന്നെ തിരിച്ചറിഞ്ഞു. ആശുപത്രിയിലെത്തുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു.

ഈ വിവരം പറയാന്‍ ഞാൻ ലാലേട്ടനെ വിളിച്ചു. ഫോണെടുത്തയുടന്‍ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം, ‘മോനേ, എന്തെങ്കിലും അപകടമുണ്ടായോ...?’ ലാലേട്ടന്റെ മനസ്സിലും ഒരു അപകടത്തിന്‍റെ തോന്നലുണ്ടായെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു.

അമ്മയിലെ തിരക്കിനിടയിൽ എത്രയോ ദിവസങ്ങൾ സ്വന്തം അമ്മ കാത്തിരുന്നിട്ടുണ്ടാവും അല്ലേ?

അമ്മയുടെ കാത്തിരിപ്പ് വലുതായിരുന്നു. പലപ്പോഴും ‘അമ്മ’ സംഘടനയിലെ തിരക്കുകൾ കാരണം അമ്മയെ ഒന്നു ഫോൺ ചെയ്യാൻ കൂടി സാധിച്ചിരുന്നില്ല. എന്റെ ശബ്ദം കേൾക്കാൻ അമ്മ എത്ര കാത്തിരുന്നിട്ടുണ്ടാവും എന്നൊക്കെ ഇപ്പോഴാണ് തിരിച്ചറിയുന്നത്.

edavela-babu-actor-interview-amma ഇടവേള ബാബു അമ്മയോടൊപ്പം (ഫയൽ ഫോട്ടോ)

അമ്മയുടെ മരണം വലിയ സങ്കടമാണ്. അന്ന് അമ്മയുടെ പിറന്നാളായിരുന്നു. കേക്ക് മുറിച്ച് ഭക്ഷണവും കഴിച്ച് അമ്മ ഉറങ്ങാൻ കിടന്നു. ഞാൻ മുറിയിലേക്കു പോയിട്ടേയുള്ളൂ. അപ്പോഴേക്കും എന്തോ ശബ്ദം കേട്ട് ഒാടിച്ചെന്നു.നോക്കുമ്പോൾ അമ്മ ചാരിയിരിക്കുന്നു. എപ്പോഴും പറയും, ആരെയും ബുദ്ധിമുട്ടിക്കാതെ പോവണമെന്ന്. അതു സംഭവിച്ചു.

അമ്മ സംഗീത–നൃത്ത അദ്ധ്യാപികയായിരുന്നു. കുട്ടിക്കാലത്ത് അമ്മയുെട ശിക്ഷണത്തില്‍ ഞാന്‍ നൃത്തം പഠിച്ചു. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. മദ്യപാനമില്ലാത്ത പക്കാ വെജിറ്റേറിയനായ ഒരു പാവത്താന്‍.

ഞാൻ വിവാഹിതനാവാത്തത് അമ്മയുടെയും അച്ഛന്റെയും വലിയ ദുഃഖമായിരുന്നു. വീട്ടിലെത്തുന്ന സുഹൃത്തക്കളോടൊക്കെ, ‘പെട്ടെന്നു വിവാഹം കഴിക്കാൻ’ എന്നെ നിർബന്ധിക്കണമെന്നു പറയും. ഞാന്‍ പക്ഷേ, അതിനു വഴങ്ങിയില്ല. അച്ഛനുമമ്മയും പറഞ്ഞതിൽ വിവാഹക്കാര്യം മാത്രമാണ് ഞാന്‍ അനുസരിക്കാതെ ഇരുന്നത്.

അഭിമുഖത്തിന്റെ തുടക്കത്തിൽ പറഞ്ഞില്ലേ തെളിവു സഹിതം പറയാമെന്ന്... എന്തായിരുന്നു വിവാഹത്തിനോടു മുഖം തിരിച്ചത്.

ഇടവേള ബാബു മൊബൈൽ എടുത്തു കാണിക്കുന്നു. രണ്ടു മണിക്കൂറിനിടയിൽ 23 മിസ്ഡ് കോള്‍.അതിൽ താര ങ്ങളുണ്ട്, നിർമാതാക്കളുണ്ട്, നാട്ടിലും വിദേശത്തുമുള്ള സുഹൃത്തുക്കളുണ്ട്, ജിഎസ്ടി ഒാഫീസിൽ നിന്നുണ്ട്...

edavela-babu-actor-interview-pic

‘ഇതാണ് ആ തെളിവ്. എനിക്കു കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു. പലരോടും ഇന്ന സമയത്തു വിളിക്കാമെന്നു പറയും. പക്ഷേ, നടക്കില്ല. അതു തുടർന്നുകൊണ്ടേ ഇരുന്നാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ? അവർക്ക് സംസാരിക്കാൻ സൗകര്യമുള്ള സമയത്ത് എന്നെ കിട്ടില്ല. പിന്നെങ്ങനെ നടക്കാനാണ്...

ഇപ്പോൾ തോന്നുന്നു ഒരു കൂട്ടു വേണമെന്ന്. കല്യാണം കഴിക്കണെമെന്നൊന്നുമല്ല, പക്ഷേ, എനിക്കൊപ്പം ഒരാൾ ഉണ്ടാവും. എന്റെ തിരക്കുകൾ മനസിലാക്കുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാൾ. ഒപ്പം നടക്കാൻ ഒരാൾ.

ആ ആൾ സിനിമയിൽ നിന്നാവുമോ?

ഇടവേള ബാബു സുന്ദരമായി പുഞ്ചിരിച്ചു. കാൽ നൂറ്റാണ്ട് കാലം അമ്മയിലെ പടയപ്പകളെയും ചില്ലിക്കൊമ്പന്മാരെയും വിരൽത്തുമ്പിലാക്കിയ അതേ തന്ത്രച്ചിരി.‌