അജയന്റെ അറിയിപ്പാണ് ആദ്യം മുഴങ്ങിയത്. ‘‘മുൻപ് നമ്മൾ കുടുംബഫോട്ടോ എടുത്തതു പോലെയാകണമെന്നില്ല ഇപ്പോൾ. ദീത്തു ഒരു പാവം ആയിരുന്നു. ഇളയവൾ ആള് ചട്ടമ്പിയാണേ.’’
അജയന്റെ വീട്ടിലെ കുഞ്ഞു താരം ഒരു വയസ്സുകാരി ദിച്ചു എന്ന ദ്വിജ കീർത്തി, ചേച്ചി ദീപ്തകീർത്തിയുടെ കൈകളിലേറി തങ്കത്തള കിലുക്കി വന്നു. ഭാഗ്യം, ആളിന്നു നല്ല മൂഡിലാണ്.
ദീത്തു അച്ഛനെക്കാൾ വളർന്നു. അവൾക്ക് അച്ഛനൊരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. അതും സമ്മാനിച്ചയാളെക്കാൾ വളർന്നു. ഇനി?
‘‘ഇനി ദിച്ചുവും എന്നെക്കാൾ വളരും. ഞാനവരുടെ സൂപ്പർ ഡാഡിയായി വിലസി നടക്കും.’’ പൊട്ടിച്ചിരിയോടെ അജയൻ പറഞ്ഞു.
‘‘ദീത്തു കുഞ്ഞായിരുന്നപ്പോൾ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവൾ ഡോക്ടറാകുമ്പോൾ രോഗിയാകുന്നതും അമ്മയാകുമ്പോൾ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛൻ തന്നെ അരികിലുള്ള സ്ഥിതിക്കു വേറെ കളിപ്പാട്ടമെന്തിനാണ്. ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തു.
ഇത്രയും പ്രായവ്യത്യാസമുള്ളതുകൊണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്തോ എന്നെല്ലാം ആളുകൾ ചോദിച്ചു. അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാൻ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താത്പര്യം.
ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എ ന്നൊരാഗ്രഹം തുടങ്ങി. ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണു ദീത്തുവിന്. കുഞ്ഞായിരുന്നപ്പോൾ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാൽ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെയും എന്നൊക്കെ പറഞ്ഞോണ്ടിരുന്നയാൾ ഇപ്പോൾ ഒറ്റയടിക്ക് ‘വാവയെ’ എന്നാണു പറയുന്നത്.
കുഞ്ഞു വന്നതോടെ 15 വർഷം പുറകിലേക്ക് ഞ ങ്ങളെല്ലാവരും പോയി. പ്രായം കുറഞ്ഞതുപോലെ. അന്നത്തെക്കാൾ ഫ്രീ ആണ് ഞാനും ഗായത്രിയും. കുഞ്ഞിനെ നോക്കാൻ ചേച്ചിയമ്മയുണ്ടല്ലോ.
എങ്ങനെയുള്ള അച്ഛനാണ് അജയൻ?
എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തുകൊണ്ടു നടക്കാൻ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യിൽ തന്നാൽ വച്ചുകൊണ്ടിരിക്കാൻ പറ്റും.
ദീത്തുവിനെ എടുക്കൽ എളുപ്പമായിരുന്നു. ഇളയവൾ അടങ്ങിയിരിക്കാത്ത പ്രകൃതമായാതിനാൽ എടുക്കാൻ പ്രയാസമാണ്. പ്രകൃതം കണ്ടിട്ട് അവൾ താമസിയാതെ എന്നെയെടുത്തു തലകുത്തി നിർത്തും എ ന്നാണു തോന്നുന്നത്.
ദീത്തുവിന്റെയും ദിച്ചുവിന്റെയും പവർഫുൾ അ ച്ഛൻ തന്നെയാണ്. ഉത്തരവാദിത്തം കൃത്യമായി നി ർവഹിക്കുകയും അഭിപ്രായങ്ങൾ ശക്തമായി പറയുകയും ചെയ്യുന്ന അച്ഛനാണു ഞാൻ.
ഭാര്യ ഗായത്രിയോട് ഗൗരവക്കാരനാണോ ?
വീട്ടിലെ സ്ത്രീകൾക്കു ജോലിയൊഴിഞ്ഞ നേരമില്ല എ ന്നു നമുക്കറിയാം. എന്നിട്ടും എന്റെ കാര്യങ്ങളെല്ലാം അവൾ ഭംഗിയായി നോക്കും. വീട്, കുട്ടികളുടെ കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്യും. അവളുടെ സമാധാനവും സന്തോഷവും എനിക്ക് ഏറ്റവും പ്രധാനമാണ്.
എങ്കിലും വല്ലപ്പോഴുമൊക്കെ ഗായത്രിയോടു ദേഷ്യപ്പെടുകയും ചെയ്യും. പറഞ്ഞേൽപിച്ച കാര്യങ്ങൾ, പല തവണ പറഞ്ഞ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദേഷ്യം വരും. അതേസമയം എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് എന്നെ ബോധ്യപ്പെടുത്തിയാൽ അതംഗീകരിക്കുകയും ചെയ്യും. എന്നോടു ദേഷ്യപ്പെട്ട് ഒരു കാര്യം പറഞ്ഞാൽ ആരായാലും ഞാനതു ചെയ്യില്ല. സമാധാനത്തോടെ പറയുന്നതാണിഷ്ടം.
സെലിബ്രിറ്റി ജീവിതം ഇഷ്ടപ്പെടാത്തയാളാണു ഗായത്രി. അതുകൊണ്ടു സ്വകാര്യജീവിതവും സിനിമാ ജീവിതവുമായി കൂട്ടിക്കുഴയ്ക്കാറില്ല. സിനിമാക്കാർ മാത്രമായി സൗഹൃദവും ബന്ധങ്ങളും എന്ന രീതിയൊന്നും എനിക്കും പറ്റില്ല.
തമിഴിൽ കത്തിക്കയറുകയാണല്ലോ അജയൻ?
കോവിഡിനു മുൻപ് മലയാളത്തിൽ രണ്ടു സിനിമകൾ പ്ലാ ൻ ചെയ്തിരുന്നെങ്കിലും നടക്കാതെ പോയി. കോവിഡിനു ശേഷം നല്ല കഥാപാത്രങ്ങൾ വന്നതു തമിഴിൽ നിന്നായിരുന്നു. തമിഴിൽ ഒടുവിൽ ചെയ്തതു ബഗീര, മേധാവി എന്നീ ചിത്രങ്ങളാണ്. 2006ൽ ചെയ്ത ‘ഡിഷ്യൂം’ ആയിരുന്നു ആദ്യ തമിഴ് ചിത്രം. കുട്ടികൾക്കു വേണ്ടി സിനിമയിൽ ഡ്യൂപ്പിടുന്ന മുതിർന്ന ഒരാളുടെ വേഷം.
ആ കഥാപാത്രത്തിനു മികച്ച സഹനടനുള്ള സ്റ്റേറ്റ് അ വാർഡ് കിട്ടി. ഫൈറ്റ് രംഗങ്ങളൊക്കെയുള്ളതുകൊണ്ട് ആ സിനിമയ്ക്കു വേണ്ടി ജിം ട്രെയിനിങ് എടുത്തു. ഓരോ ദിവസത്തെ ഷൂട്ട് കഴിയുമ്പോഴും ചൂടുവെള്ളം നിറച്ച ബക്കറ്റിൽ കിടന്നാലേ പിറ്റേന്നു പോകാൻ കഴിയുമായിരുന്നുള്ളു. കുതിരപ്പുറത്തുള്ള സഞ്ചാരമൊക്കെ വലിയ റിസ്ക് തന്നെയായിരുന്നു.
എന്നെപ്പൊലൊരാൾക്കു ജിമ്മിന്റെ ആവശ്യമെന്താണ് എന്ന് തോന്നാം. എനിക്കും അതറിയില്ലായിരുന്നു. അത്തരമൊരു കഥാപാത്രം വന്നതുകൊണ്ടു മാത്രമാണു ചെയ്തത്. ട്രെയിനറുടെ സഹായത്തോടെ പറ്റിയ രീതിയിലുള്ള പുഷ് അപ്പും വെയിറ്റ് ട്രെയിനിങ്ങുമാണ് ചെയ്തത്. അതുകൊണ്ട് ഒരുപാടു ഗുണങ്ങളുണ്ടായി. പഞ്ഞിപോലെ മൃദുവായിരുന്ന ശരീരം ഉറച്ചു. ആരോഗ്യം മെച്ചപ്പെട്ടു.
എനിക്കു വരാവുന്ന അപകടങ്ങൾ മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റില്ല എന്നതാണു ശരിക്കുള്ള റിസ്ക്ക്. ഒരിക്കൽ ശ്വേത മേനോനുമൊത്ത് ഒരു ഷൂട്ട് ഉണ്ടായിരുന്നു. ശ്വേതയുടെ സൈക്കിളിനു മുന്നിലെ ബാസ്ക്കറ്റിൽ എന്നെ നിർത്തിക്കൊണ്ടുള്ള രംഗമാണ്. ഹാൻഡിൽ ചരിഞ്ഞതോടെ ഞാൻ ബാലൻസ് തെറ്റി ബാസ്കറ്റിൽ നിന്നും താഴേക്കുപതിച്ചു. ചുണ്ടും മോണയും വലിയ തോതിൽ മുറിഞ്ഞു.
മലയാളത്തിൽ അവസാനം ചെയ്ത രണ്ടു ചിത്രങ്ങൾ ഇളയരാജയും ഫാൻസി ഡ്രസുമാണ്. ഫാൻസി ഡ്രസിന്റെ നിർമാതാവായിരുന്നു. കുട്ടിയും കോലും എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതിനുള്ള ധൈര്യം എനിക്കു തന്നതു വിനയൻ സാറാണ്. അതൊരു പരീക്ഷണമാ യിരുന്നു. അത്രയധികം കാര്യങ്ങൾ ഒരുമിച്ചു ചെയ്യണമല്ലോ. അ തിൽ വിജയിച്ചു. ഇനിയും സിനിമ സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. മനസ്സിൽ കഥയുണ്ട്.
‘അത്ഭുത ദ്വീപി’ന്റെ രണ്ടാം ഭാഗം വരുന്നുണ്ടല്ലോ. റിസ്ക് ഉള്ള കഥാപാത്രം ആയിരിക്കുമോ ?
വിനയൻസാറിന്റെ കഥാപാത്രമായതിനാൽ എന്തായിരിക്കും എന്ന ആകാംക്ഷ നിങ്ങളെപ്പോലെ എനിക്കുമുണ്ട്. ‘അജയാ നമുക്കു പഴയതിലും ഗംഭീരമാക്കണം’ എന്നദ്ദേഹം പറഞ്ഞു. എന്നെപ്പോലൊരാളെ, അല്ലെങ്കിൽ തുടക്കക്കാരെ പ്രധാനകഥാപാത്രമാക്കിയും നായകനാക്കിയും സിനിമയെടുക്കുക എന്നതൊക്കെ അദ്ദേഹം എടുക്കുന്ന റിസ്ക്കുകളാണ്. വിജയിപ്പിക്കാനും അദ്ദേഹത്തിനറിയാം. ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിറവേറ്റുകയാണ് ഞാൻ ചെയ്യാനുള്ളത്. എന്റെ മുന്നിലേക്കുവരുന്ന ഏതു വെല്ലുവിളിയും ഏറ്റെടുക്കുകയാണു പതിവ്.
എവിടുന്നു കിട്ടി ഈ ആത്മവിശ്വാസം?
കുറവുകളെക്കുറിച്ച് ഓർക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങളിലൂടെയായിരുന്നു ഒരു കാലത്തെ എന്റെ യാത്ര. ചെയ്തുതീർക്കാനുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളു. ഞങ്ങൾ മൂന്നുമക്കളാണ്. അച്ഛൻ രാധാകൃഷ്ണൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ അംബുജാക്ഷിയമ്മ. രണ്ടു സഹോദരിമാർ. ഒരാളിപ്പോൾ ഏറ്റുമാനൂർ കോടതിയിൽ ക്ലർക്ക് ആണ്. ഒ രാൾ എറണാകുളത്തു താമസിക്കുന്നു.
ഉത്തരവാദിത്തങ്ങൾ തന്നാലേ അതു ചെയ്യാനുള്ള പ്രാപ്തി കൈവരൂ എന്നു വീട്ടിൽ എല്ലാവരും കരുതിയിരുന്നു. പരീക്ഷണങ്ങളുടെ ആ കാലഘട്ടത്തിൽ ഞാൻ പോലുമറിയാതെ പ്രാപ്തി എന്നിലേക്കു വന്നു. മറ്റുള്ളവരെപ്പോലെ ആയിരിക്കാനുള്ള അവസ്ഥ അങ്ങനെ എനിക്കു ലഭിച്ചു.
കലാജീവിതത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് അച്ഛനും അമ്മയുമാണ്. വാടക വീടുകളിലായിരുന്നു അക്കാലത്തു താമസം. എന്നിട്ടും ആദ്യമായി മിമിക്രിക്കു സമ്മാനം കിട്ടിയ സ്റ്റീൽ വിളക്കടക്കം നഷ്ടപ്പെടാതെ അച്ഛനമ്മമാർ സൂക്ഷിച്ചു വച്ചു. ഇന്ന് ആ വിളക്കു മുതൽ കിട്ടിയ സമ്മാനങ്ങളെല്ലാം എന്റെ വീട്ടിലുണ്ട്.
ഇപ്പോൾ താമസം ചോറ്റാനിക്കരയിലാണ്. ഗ്രാമാന്തരീക്ഷമാണ് ഇഷ്ടം. ചാനൽ പരിപാടികൾക്കും സിനിമകൾക്കു വേണ്ടിയും യാത്രാസൗകര്യം കണക്കാക്കിയാണ് കോട്ടയത്തു നിന്ന് എറണാകുളത്തേക്കു താമസം മാറ്റിയത്. മുൻപൊക്കെ ബസിൽ കയറിയാണ് എത്രദൂരത്തുള്ള പരിപാടികൾക്കും പോയിരുന്നത്. ഇന്ന് കാറിൽ പോയാൽ പോലും ബ്ലോക് മൂലം സമയത്ത് എത്തുക പ്രയാസമാണ്. അതുകൊണ്ടു കോട്ടയത്തേക്കും എറണാകുളത്തേക്കും എയർപോർട്ടിലേക്കും എളുപ്പം എത്താവുന്ന ദൂരം കണക്കാക്കി ചോറ്റാനിക്കരയിൽ താമസമാക്കി.
അജയനെ ബോഡി ഷെയ്മിങ് ചെയ്തു എന്നു പറഞ്ഞ് ബിനു അടിമാലിക്കെതിരേ പലരും തിരിഞ്ഞിരുന്നു ?
‘ചേട്ടൻ പേടി മാറ്റാൻ ആനയുടെ അടീക്കൂടെ പോണ്ട.. വല്ല ആനപ്പിണ്ടവും വീണാൽ ചേട്ടനേതാ പിണ്ടമേതാന്നു തിരിച്ചറിയാൻ പറ്റാതാകും’ എന്ന കമന്റാണു പ്രശ്നമായത്. ആ കമന്റ് ഞാനാണു ബിനുവിനെക്കൊണ്ടു പറയിപ്പിച്ചത്. ബിനുവിനെ പലരും ഉന്നം വച്ചു ആക്രമിച്ച സമയത്ത് ഇതും ഉപയോഗിക്കപ്പെട്ടതാണ്.
എന്നെ ഏറ്റവും കൂടുതൽ ബോഡി ഷെയിം ചെയ്തിട്ടുള്ളയാൾ ഞാനാണ്. എന്റെ രൂപമാണ് പരിപാടിയിൽ ആദ്യത്തെ ചിരിയുണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് എന്നെ കലാകാരനാക്കിയത്. ആ ചിരിയെ പോസിറ്റീവായി എടുക്കുകയും വളർത്തുകയും ചെയ്തു. ഇന്ന് പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് അവബോധമുള്ള സമൂഹം വളർന്നതിനാൽ മറ്റൊരാൾക്കെതിരേ തമാശ പറയുമ്പോൾ തീർച്ചയായും ആലോചിക്കേണ്ടി വരും. എന്നിരുന്നാലും കോമഡി ചെയ്യുന്നവരെ ഇത്തരം ഒരു വൃത്തത്തിലാക്കിയാൽ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകും.
വിദേശരാജ്യങ്ങളിലെ സ്റ്റാൻഡ് അപ് കോമഡികളി ൽ എന്തൊക്കെയാണവർ പറയുന്നത്. അതു തമാശയായിത്തന്നെ എടുക്കപ്പെടുന്നു. ഒരു വേദിയിൽ അവിടുത്തെ മൂഡ് അനുസരിച്ചു പറയുന്ന കാര്യങ്ങൾ കട്ട് ചെയ്തു റീൽ ആയി കാണുമ്പോൾ മറ്റൊരു വിധത്തിലായിരിക്കും മനസ്സിലാക്കപ്പെടുന്നത്. അതു മാത്രം കണ്ട് ബോഡി ഷെയ്മിങ് ചെയ്തു എന്നോ അഹങ്കാരത്തോടെ സംസാരിച്ചു എന്നോ വിലയിരുത്താനാകില്ല.
അതേ സമയം പൊതു സാഹചര്യങ്ങളിൽ തമാശ പറയുമ്പോൾ ബോഡി ഷെയ്മിങ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക തന്നെ വേണം. ഉന്നത സ്ഥാനത്തിരിക്കുന്ന പലരും പറയുന്നൊരു കമന്റാണ് ‘അന്ധൻ ആനയെ കണ്ട പോലെ’ എന്നത്. അത്തരം പദങ്ങൾ പലരും ഉപയോഗിച്ചു കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.
ശാരീരിക പരിമിതിയുള്ളയാളുകളെ പൊതുവിടത്തിൽ കളിയാക്കുന്നതും പ്രോഗ്രാമിൽ പറയുന്ന തമാശകളും ത മ്മിൽ വ്യത്യാസമുണ്ട്.
ക്വാഡൻ എന്ന കുഞ്ഞിനെ കൂട്ടുകാർ ബോഡി ഷെയ്മിങ് ചെയ്തതിന്റെ പേരിൽ അവൻ വിഷമിച്ചു കരഞ്ഞപ്പോഴാണ് ആദ്യമായി ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ചു പ്രതികരിക്കുന്നത്. അവന്റെയമ്മ അന്നെന്നെ വിളിച്ചു സംസാരിച്ചു. എന്റെ വാക്കുകൾ അവനെ സ്വാധീനിച്ചുവെന്നും ആത്മവിശ്വാസത്തോടെ ഹോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണെന്നും പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ലൈവ് ആണല്ലോ?
വിവാദ വിഷയങ്ങളെക്കുറിച്ചു പലപ്പോഴും ഉടൻ പ്രതികരിക്കാറില്ല. ഒരു വിഷയം ഉയർന്നയുടൻ അതിന്റെ യാഥാർഥ്യം പുറത്തു വന്നിട്ടുണ്ടാകില്ല. ഉടനടിയുള്ള പ്രതികരണങ്ങൾ ചിലപ്പോൾ കുഴപ്പത്തിലേക്കു നയിക്കും. ഒരു വിഷയം ഉണ്ടായാൽ അതിൽ ഞാൻ പ്രതികരിക്കുന്നതു കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടോ എന്നു ആലോചിച്ച ശേഷമേ ചെയ്യാറുള്ളു.
പോസിറ്റീവ് ആയ എല്ലാ കാര്യങ്ങൾക്കും ഞാനുണ്ടാകും. സോഷ്യൽ മീഡിയയിലും സമൂഹത്തിലും സമാധാനത്തോടെ സന്തോഷത്തോടെ ഇടപെടാനാണ് ഇഷ്ടം.
രാഖി റാസ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ