Saturday 29 September 2018 04:24 PM IST

ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും, ജീവിതം കൊണ്ട് ഒറ്റയാനായ സിനിമാക്കാരൻ!

Nithin Joseph

Sub Editor

vettukili_prakash ഫോട്ടോ: സരിൻ രാംദാസ്

സിനിമയിലെ ചിലരുടെ ജീവിതം സിനിമ പോലെതന്നെ വിചിത്രമാണ്. ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും ജീവിതം കൊണ്ട് ഒറ്റയാനായ ഒരു സിനിമാക്കാരനിവിടുണ്ട്. മോഹന്റെ ‘തീർഥം’ എന്ന സിനിമയിൽ തുടങ്ങി പോത്തേട്ടന്റെ ബ്രില്യൻസും കടന്ന് ‘പ്രേമസൂത്രം’ വരെ എത്തി നിൽക്കുന്ന വെട്ടുകിളി.

‘എന്നോട് ഇഷ്ടം കൂടാമോ’ എന്ന സിനിമയിലെ ‘വെട്ടുകിളി’യെന്ന പേരുമായാണ് മലയാള സിനിമയിൽ പ്രകാശൻ പ്രശസ്തനാകുന്നത്. സിനിമാ മേഖലയിൽ 30 വര്‍ഷം പൂർത്തിയാക്കുന്ന വെട്ടുകിളി പ്രകാശ് വെള്ളത്തിൽ വീ ണ ഇലപോലെ നിശബ്ദമായി ഒഴുകുകയായിരുന്നു.

‘‘30 വർഷത്തിലേറെയായി ഞാൻ മലയാളസിനിമയ്ക്കൊപ്പമുണ്ട്. നൂറിലേറെ സിനിമകളും അതിലുമേറെ നാടകങ്ങളും ചെയ്യാൻ സാധിച്ചു. ഞാനൊരിക്കലും സിനിമയിൽനിന്ന് മാറി നിന്നിട്ടില്ല. കിട്ടിയ അവസരങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, പലരും ചോദിക്കുന്നത് ഇടയ്ക്ക് എന്തിനാണ് ഇടവേള എടുത്തതെന്നാണ്.’’

സിനിമകളിൽ പേരിടീൽ പല രീതിയിൽ സംഭവിക്കാറുണ്ട്. വെട്ടുകിളിയെന്ന പേര് എങ്ങനെ വീണു?

പ്രകാശ് വി.ജി എന്നതാണ് യഥാർഥ പേര്. കമൽ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വെട്ടുകിളി. അന്ന് ഷൺമുഖൻ എന്നൊരു പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവുണ്ടായിരുന്നു, പഴയൊരു പുലി. അദ്ദേഹമാണ് വെട്ടുകിളി എന്ന പേര് വേണമെന്ന് നിർബന്ധം പിടിച്ചത്, സാഗാ അപ്പച്ചന്റെ മുന്നിൽ വച്ചായിരുന്നു പേരിടീൽ. പ്രകാശൻ എന്ന പേരു മാത്രമായാൽ ആള് മാറി പോകുമെന്നും അവസരങ്ങൾ കുറയുമെന്നും പറഞ്ഞായിരുന്നു അന്നവർ അങ്ങനെ തീരുമാനിച്ചത്. ‘ഒരു പേരല്ലേ, മാറ്റിക്കോളൂ’ എന്ന് ഞാനും പറഞ്ഞു, അങ്ങനെ പ്രകാശ് വെട്ടുകിളി പ്രകാശായി.‌

നാടകത്തിലൂടെയാണോ സിനിമയിലെത്തിയത്?

തൃശൂർ അയ്യന്തോളാണ് സ്വദേശം. നാടകത്തോടുള്ള ഭ്രമം ചെറുപ്പത്തിലേ കൂടെ കൂടിയതാണ്. അതിനുവേണ്ടി കുടുംബം വരെ ഉപേക്ഷിച്ചുവെന്ന് പറയാം. വീട്ടുകാരറിയാതെയാണ് തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. അന്ന് ഞങ്ങൾ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ കുറച്ചുപേർ ചേർന്നൊരു നാടകട്രൂപ്പ് നടത്തിയിരുന്നു.

1984ൽ കാലിക്കറ്റ് സർവകലാശാല വൈക്കം മുഹമ്മദ് ബഷീറിന് ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ അവിടെ ഞങ്ങളൊരു തിയറ്റർ ഫെസ്റ്റ് നടത്തി. അതിൽ മൂന്നാല് നാടകങ്ങളിൽ പ്രധാന വേഷം ചെയ്തത് ഞാനാണ്. അന്ന് എന്റെ ഫോട്ടോ ഏതോ മാസികകളിൽ അച്ചടിച്ചു വന്നു. അത് കണ്ടിട്ടാണ് സംവിധായകൻ മോഹൻ ‘തീർഥം’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്.

പിന്നീട് കുറെ അവസരങ്ങൾ ലഭിച്ചു. ‘ഇസബെല്ല’ യി ലെ ടോണി, ‘പിറവി’യിലെ ഹരി, ‘ഒറ്റയാൾ പട്ടാള’ത്തിലെ വേലായുധം... അങ്ങനെ മറക്കാൻ കഴിയാത്ത കുറച്ച് നല്ല വേഷങ്ങൾ.

സിനിമയ്ക്കു പുറത്തെ ജീവിതം?

ഒറ്റയ്ക്കുള്ള ഒരു ചെറിയ ജീവിതമാണ്. കൂട്ടിനാരുമില്ല. ഒ രു കൂട്ടിനെക്കുറിച്ചൊക്കെ പണ്ട് ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ജീവിത സാഹചര്യങ്ങൾ കാരണം ആ സമയത്ത് ഒന്നും നടന്നില്ല. പിന്നെയങ്ങ് ഒറ്റയ്ക്ക് ജീവിക്കാമെന്ന് വിചാരിച്ചു. തൃശൂരിൽ എന്റെയൊരു കസിൻ ബ്രദറിന്റെ കൂടെയാണ് ഇപ്പോൾ താമസം.

എൽഐസി ഏജന്റായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. പാലസ് റോഡിൽ വീടിന്റെ അടുത്ത് തന്നെയാണ് ഓഫിസും. കൃഷ്ണപ്രസാദ് എന്നൊരു സുഹൃത്താണ് എനിക്കീ ജോലി ശരിയാക്കി തന്നത്. ഈ സുഹൃത്ബന്ധം ഒന്നുകൊണ്ടാണ് ജോലിത്തിരക്കിനിടയിലും സിനിമയിലും നാടകത്തിലും അഭിനയിക്കാൻ കഴിയുന്നത്.

vettukili ഫോട്ടോ: സരിൻ രാംദാസ്

സുഹൃത്തുക്കൾ കൂടുതലും ചെറുപ്പക്കാരാണല്ലോ?

ചെറുപ്പക്കാരുടെ ഒരു പട്ടാളം തന്നെ ഉണ്ടെന്ന് പറയാം. അവർക്ക് ഞാനൊരു സുഹൃത്തും മുതിർന്ന സഹോദരനുമെല്ലാമാണ്. എപ്പോഴും കൂടെയുണ്ടാകും അവർ. ഞങ്ങളൊരുമിച്ച് ഷോർട് ഫിലിമുകൾ ചെയ്യാറുണ്ട്. ഇടയ്ക്ക് അവരെന്നോട് പറയാറുണ്ട്, ‘പ്രകാശേട്ടൻ ഇങ്ങനൊന്നും പോയാൽ പോര, സിനിമയിൽ കുറച്ചു കൂടി സീരിയസ് ആകണം’ എന്ന്. എനിക്കു വേണ്ടി ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയതും അ തിൽ പോസ്റ്റുകൾ ഇടുന്നതുമെല്ലാം അവരാണ്. ചില സിനിമ കളിലേക്ക് വിളിക്കുമ്പോൾ ഞാൻ പോകാൻ താൽപര്യം കാണിച്ചില്ലെങ്കിൽ നിർബന്ധപൂർവം പറഞ്ഞുവിടാറുണ്ട്. അവർക്കൊപ്പം ചേരുമ്പോൾ ഞാനും ചെറുപ്പമാകുന്നു.

‘തൊണ്ടിമുതലി’ലേക്ക് ആദ്യം ദിലീഷ് വിളിക്കുമ്പോൾ എ നിക്ക് അദ്ദേഹത്തെ പറ്റി അറിയുക പോലുമില്ല. ഈ കുട്ടികളോടൊപ്പം ‘കാലത്തിന്റെ കാൽപാടുകൾ’ എന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നു. ആ സമയത്താണ് വിളി വന്നത്. ദിലീ ഷ് സിനിമയിലേക്ക് വിളിച്ച കാര്യം പറഞ്ഞപ്പൊൾ അവരാണ് ദിലീഷ് പോത്തനാളൊരു സംഭവമാണെന്ന് വിശദീകരിച്ച് പറഞ്ഞ് തന്നത്. മടി പിടിച്ച് ഇരുന്ന എന്നെ ഉന്തി തള്ളി ഭീഷണിപ്പെടുത്തി സിനിമയിലേക്ക് വിട്ടതും ആ കുട്ടികളാണ്. ചെന്നയുടനെ എന്നോടു ചോദിച്ചത് ‘മഹേഷിന്റെ പ്രതികാരം’ കണ്ടിരുന്നോ എന്നാണ്. ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ചോദിച്ചപ്പോള്‍ കണ്ടെന്നു പറ‍ഞ്ഞു. പിന്നെ, ഈ ‘പയ്യൻസ് പട്ടാള’മാണ് എന്നെ ആ സിനിമ കാണിച്ചത്.

ആളുകൾ ഒരുപാട് വാഴ്ത്തിയ ‘പോത്തേട്ടൻ ബ്രില്യൻസ്’ വല്ലതും കണ്ടെടുത്തോ ?

പോത്തേട്ടൻ പറയാറുണ്ട്, എനിക്ക് നന്നായി മനസ്സിലായാൽ മാത്രമേ മറ്റുള്ളവർക്ക് സിനിമ മനസ്സിലാക്കി കൊടുക്കാൻ പറ്റൂ എന്ന്. ‘മഹേഷിന്റെ പ്രതികാര’ത്തിൽ നമ്മൾ കണ്ടുപിടിച്ചതൊന്നും ബ്രില്യൻസിനായി ചെയ്തതല്ല. അദ്ദേഹത്തിന് മനസ്സിലായതെല്ലാം പ്രേക്ഷകർക്ക് മനസ്സിലാകണം, ആ ചിന്തയാണ് യഥാർഥത്തിൽ ബ്രില്യൻസ്.

ശ്രീകണ്ഠൻ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ നായികയായ ശ്രീജയുടെ അച്ഛൻ കഥാപാത്രം. ഓട്ടോ ഓടിച്ചു കുടുബം നോക്കുന്ന ഒരു സാധാരണക്കാരനായ കഥാപാത്രം. ഓട്ടോയുടെ പേര് ശ്രീജയെന്നാണ്, അതുകൊണ്ട് സിനിമയിൽ ശ്രീജ ചേട്ടനെന്നും വിളിക്കുന്നുണ്ട്. ചേർത്തല, വൈക്കം ഭാഗങ്ങളിലായി ഷൂട്ട് ചെയ്ത ആദ്യ ഭാഗങ്ങളിൽ മാത്രമാണ് ഞാനുള്ളത്. പക്ഷേ, ഇതുവരെ ചെയ്തതിൽ എനിക്കേറെ പ്രിയപ്പെട്ട വേഷങ്ങളിലൊന്നാണ് അ ത്. ഇപ്പോഴത്തെ കുട്ടികളിൽ പലരും എന്നെ തിരിച്ചറിയുന്നത് ശ്രീജയുടെ അച്ഛൻ എന്നാണ്. അതിനു ശേഷം ‘പ്രേമസൂത്ര’ത്തിൽ പപ്പടം ഉണ്ടാക്കി വിൽക്കുന്ന സുബ്രഹ്മണ്യ പപ്പൻ ആയി അഭിനയിച്ചു. അതും മറ്റൊരു മനോഹര അനുഭവം. ഇപ്പോൾ അഭിനയിക്കുന്നത് സൗബിൻ ഷാഹിർ നായകനാകുന്ന ‘അമ്പിളി’യിലാണ്.

പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യുമ്പോൾ?

മോഹന്‍ സാറിന്റെ സിനിമയിലൂടെ തുടങ്ങി. ഷാജി. എൻ ക രുൺ, ടി.കെ.രാജിവ്കുമാർ എന്നിങ്ങനെ ഒരുപാട് പേരുടെ സിനിമകളുടെ ഭാഗമായി. സത്യൻ അന്തിക്കാടിന്റെ ആറ് സിനിമകളിൽ അഭിനയിച്ചു. ഒരിക്കൽപോലും അവസരം തേടി ആരെയും സമീപിച്ചിട്ടില്ല. അതിനായി ബന്ധങ്ങൾ സൂക്ഷിച്ചിട്ടുമില്ല.

മലയാള സിനിമയുടെ ഭാഗ്യമാണ് ഇന്നത്തെ പല സിനിമകളും. സിനിമയെ എത്ര മാത്രം വ്യത്യസ്തമാക്കാം എന്ന ഒരൊറ്റ ചിന്തയുടെ പുറത്താണ് ഇപ്പോഴത്തെ ടീം വർക്ക്. ‘തൊണ്ടിമുതലി’ന്റെ കാര്യം പറഞ്ഞാൽ, എപ്പോഴും ഒരു പേപ്പർ കഷ്ണ വുമായി ശ്യാം പുഷ്കരൻ അവിടെ കാണും, ഷോട്ട് എടുക്കും മുൻപ് എന്തെങ്കിലും പൊടിക്കൈകൾ ഇട്ട് സീൻ കൊഴുപ്പിക്കാൻ. വേണു സാർ സിനിമ ഷൂട്ട് ചെയ്യുന്നത് ഹൃദയം പറിച്ച് ക്യാമറയ്ക്കു പിറകിൽ വച്ച് അതിലൂടെ നോക്കിയിട്ടാണ് എന്നെനിക്ക് തോന്നാറുണ്ട്. രാജീവ് രവിയുടെ കൂടെ വർക്ക് ചെയ്തപ്പോഴും എനിക്കതേ തോന്നലുണ്ടായി.

ഒരേ തരം റോളുകളിലേക്ക് ഒതുങ്ങിപ്പോയെന്ന് തോന്നിയിട്ടുണ്ടോ?

സ്കൂൾ ഓഫ് ഡ്രാമയിൽ തിയറ്റർ ആർട്സാണ് പഠിച്ചത്. അ ന്നുമുതൽ അഭിനയിക്കണം എന്നൊരു ചിന്തയല്ലാതെ അതിന്റെ ബാധ്യതകളെ പറ്റിയൊന്നും ആലോചിച്ചിട്ടില്ല. വേഷങ്ങളോട് ഇഷ്ടം തോന്നുമ്പോഴെ ഒരു നടന് അത് അഭിനയിക്കാ ൻ പറ്റുകയുള്ളൂ. ആദ്യം സിനിമയിൽ മാനസിക വൈക ല്യമുള്ള ആളായാണ് വേഷം കിട്ടിയിരുന്നത്, പിന്നീട് കൂട്ടുകാരൻ റോളുകൾ വന്നു. അങ്ങനെയിരിക്കെ ‘ക്ഷണക്കത്തി’ന്റെ സെറ്റിൽ വരാമെന്ന് സമ്മതിച്ചൊരാൾ എത്തിയില്ല. പകരം ഞാനതിൽ അഭിനയിച്ചു, അങ്ങനെയായിരുന്നു തമാശ കഥാപാത്രങ്ങളിലേക്കുള്ള എൻട്രി.

ഹാസ്യം എന്നെ തിരഞ്ഞെടുക്കുകയായിരുന്നില്ല, ഞാൻ ഹാസ്യത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ രസകരമായ ഒരു കഥയുണ്ട്. പുതുമുഖമായ നിയാസ് മുസലിയാർ ആയിരുന്നു നായകൻ. ഷൂട്ടിങ് തുടങ്ങിയ സമയത്ത് എന്റെ കഥാപാത്രം ഇത്ര തമാശ നിറഞ്ഞതായിരുന്നില്ല. പക്ഷേ, സി നിമ മുന്നോട്ട് പോകുന്നില്ല. പുതിയ കുട്ടികളുടെ രീതിയും എ ന്റെ അഭിനയവും തമ്മിൽ ചേരുന്നില്ല. അപ്പോഴാണ് എന്റെ രീ തി മാറ്റി അവരുടേതിലേക്ക് ഇറങ്ങി ചെല്ലാമെന്ന തോന്നലുണ്ടാകുന്നത്. സംവിധായകനോട് പറഞ്ഞപ്പോൾ അദ്ദേഹവും സമ്മതിച്ചു. അങ്ങനെ എന്റെ കഥാപാത്രം തമാശക്കാരനായി.

പുതിയ സിനിമാ പ്രതീക്ഷകൾ?

കഥാപാത്രമെന്നത് ഒരിക്കലും നടന്റെ മാത്രം കഴിവല്ല. അത് എഴുത്തുകാരന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. കഥാപാത്രത്തെ രൂപപ്പെടുത്തുന്നത് അവരാണ്. ആ രൂപപ്പെടുത്തലിനു നിന്നുകൊടുക്കുക മാത്രമാണ് നടൻ ചെയ്യുന്നത്. കഥാപാത്രത്തിന്റെ വിജയം അയാൾക്ക് അവകാശപ്പെട്ടതല്ല. നല്ല സിനിമാക്കാരുടെ ടീം വർക്കുകൾക്കൊപ്പം നിന്നു സിനിമയിൽ പ്രവർത്തിക്കണം. അത് തന്നെയാണ് എന്നത്തെയും സിനിമാ പ്രതീക്ഷകൾ.