മാളവികയുടെ അമ്മ ബീനാ മോഹനൻ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി സെലിബ്രിറ്റികളുമായി അഭിമുഖം നടത്തിയ പത്രപ്രവർത്തകയാണ്. അമ്മ മകളോടു ചോദിക്കുന്ന അഞ്ചു ചോദ്യങ്ങൾ...
വനിതയ്ക്കു വേണ്ടി പ്രിയങ്കാ ചോപ്രയുമായി അഭിമുഖം നടത്തുമ്പോൾ മാളു എനിക്കൊപ്പം വന്നിരുന്നു. ലൈംലൈറ്റിലേക്ക് വരണമെന്ന് ആന്ന് ആഗ്രഹിച്ചോ?
ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ ഞാൻ പോയിട്ടുള്ളൂ. പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയം. മിസ് വേൾഡിനെ കാണാൻ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. നായികയാവുക എന്നൊന്നും എട്ടാം ക്ലാസുകാരിയുടെ സ്വപ്നത്തിലേ ഇല്ല.
മിസ് ഇന്ത്യ സ്വപ്നം മനസ്സിലുണ്ടായിരുന്നോ?
ടീനേജ് മുതൽക്കേ എനിക്ക് മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താൽപര്യം തോന്നിയില്ല. അത്തരം മത്സരങ്ങളിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു.
അച്ഛൻ ക്യാമറ ചെയ്യുന്ന സിനിമയിൽ അഭിനയിക്കുക മോഹമല്ലേ?
അത് ചോദിക്കാനുണ്ടോ? ആ സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ ഞാൻ നിൽക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്ന് കരുതുന്നു.
സഹോദരൻ ആദിത്യയുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നത് ഏതു കാര്യത്തിനാണ്?
ചെറുപ്പത്തില്‍ അമ്മ ഞങ്ങൾക്കിട്ട പേര് ഓർമയുണ്ടോ?ടോം ആന്‍ഡ് ജെറി. ഞാനാണ് ജെറി. അടികൂടാൻ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട. രണ്ടു പേരും പെട്ടെന്ന് ദേഷ്യം വരുന്നവരാണ്. ക്ഷമ വളരെ കുറവും. (യുകെയിൽ ആർക്കിയോളജി പഠിക്കുന്ന ആദിത്യ ഗിറ്റാറിസ്റ്റ് കൂടിയാണ്.)
ആദ്യ സ്റ്റാർ സ്റ്റക് ഏതാണ്?
ഷാരൂഖ് ഖാനെ കാണാൻ പോയത്. ഞാൻ ആദ്യമായി പരിചയപ്പെട്ട ബോളിവുഡ് സൂപ്പർസ്റ്റാർ. ഷോട്ട് തീർന്ന് അദ്ദേഹം വന്ന് ‘ഹായ്’ പറഞ്ഞു. എനിക്കു കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റിയില്ല. ‘ഇങ്ങനെയാണോ പെരുമാറേണ്ടതെ’ന്ന് അമ്മ അന്ന് വഴക്കും പറഞ്ഞു. പക്ഷേ, കാലുകൾ വിറയ്ക്കുന്നതു കൊണ്ട് എഴുന്നേൽക്കാൻ പറ്റിയില്ല, അതാണ് സത്യം.