Wednesday 21 February 2024 03:27 PM IST

‘സാരിയെന്നല്ല ഒരു വസ്തുവും സെന്റിമെന്റ്സിന്റെ പേരിൽ സൂക്ഷിച്ചു വയ്ക്കില്ല, അതിനു കാരണം...’: സാരീ ഗമയിൽ നാദിയ മൊയ്തു

Seena Cyriac

Chief Sub Editor

nadiya-saree-14

ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ സ്നേഹത്തോടെ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും മുംബൈയിൽ എന്റെ ഒഴുക്കിന് തടസ്സമേയില്ലായിരുന്നു.

പക്ഷേ, അടുത്ത കാലത്തായി രാവിലെ നടക്കാനിറങ്ങുമ്പോൾ പോലും ആളുകൾ ‘നല്ല പരിചയമുണ്ടല്ലോ’ എന്നൊക്കെ പറഞ്ഞു വരും. കുറെയധികം തെലുങ്കു സിനിമകൾ ഈയിടെ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു. പിന്നെ, തീർച്ചയായും സോഷ്യൽ മീഡിയയുടെ സ്വാധീനവും.

നാൽപതു വർഷം കൊണ്ട് സിനിമയിൽ കാണുന്ന പ്രധാന മാറ്റം അതാണ്. താരങ്ങളെ പൊതിഞ്ഞു നിന്നിരുന്ന മഞ്ഞുമറകളെല്ലാം മാഞ്ഞുപോയി. അവരുടെ ഒാരോ ചലനങ്ങളും ക്യാമറ ലെൻസുകൾ ഒപ്പിയെടുത്തുകൊണ്ടിരിക്കും. വെറുതേ ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും ആലോചിക്കണം, അണിഞ്ഞിരിക്കുന്ന ഉടുപ്പുകളെക്കുറിച്ചൊക്കെ...

‘നോക്കെത്താ ദൂരത്തി’ലെ ഉടുപ്പുകൾ ഏറെയും ഞാൻ തന്നെ വാങ്ങിയതോ തുന്നിച്ചെടുത്തതോ ആ ണ്. ‘കിളിയേ കിളിയേ, നറുതേൻ മൊഴിയേ’ എന്ന പാട്ടിലെ ആ മഞ്ഞ ചുരിദാർ ബാന്ദ്രയിൽ പോയി അളവെടുപ്പിച്ച് തയ്പ്പിച്ചതാണ്. നായിക ഗേളി നഗരത്തിൽ നിന്ന് മുത്തശ്ശിയെക്കാണാൻ നാട്ടുമ്പുറത്ത് എത്തുകയാണ്. അവൾക്കു വേണ്ടതു കേരളത്തിൽ കാണാത്ത ഫാഷൻ വേഷങ്ങൾ ആണ് എന്നു പറഞ്ഞു ഫാസിൽ സർ.

സൺഗ്ലാസ്സസ് മുടിയിലേക്ക് ഹെയർബാൻഡ് പോ ലെ കയറ്റിവച്ചതും നെറുകയിൽ ബൺപോലെ മുടികെട്ടിയതും, സൺഗ്ലാസ് വച്ചു നടന്നതുമെല്ലാം നദിയ സ്റ്റൈൽ എന്ന പേരിൽ പ്രശസ്തമായി. ഇന്നായിരുന്നെങ്കിൽ ഞാനതിനെല്ലാം പേറ്റന്റ് എടുത്തേനേ.

പള്ളിയിലെ മഞ്ഞസാരി

സിനിമയിൽ ആദ്യമായി സാരിയുടുത്തത് പദ്മിനി ആന്റിയുടെ കുഞ്ഞൂഞ്ഞമ്മക്കൊപ്പം പള്ളിയിൽ പോകുന്ന സീനിലാണ്. മഞ്ഞനിറമുള്ള കോട്ട സാരി. അന്നും ഇന്നും കോട്ട സാരികൾ എന്റെ പ്രിയപ്പെട്ടതാണ്. അതുപോലെതന്നെ ഉടുക്കുമ്പോൾ സുഖകരമായ കുളിരു ചുറ്റിയപോലെ തോന്നുന്ന മൽമൽ സാരികൾ, കണ്ണാടിപോലെ തിളക്കവും ഒതുക്കവുമുള്ള ചന്ദേരി സാരികൾ... പട്ടുസാരികൾ വാങ്ങാൻ രണ്ടുപ്രാവശ്യം ആലോചിക്കും. അതിനു മെയ്ന്റനൻസ് കൂടുതലാണ്. എന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യണമെന്ന് അൽപം കടുംപിടുത്തമുണ്ട്. ഇടയ്ക്കിടെ വെയിൽ കൊള്ളിക്കേണ്ട, കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കേണ്ട പട്ടിനു പകരം, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സാരികൾ മതിയല്ലോ എന്നു വിചാരിക്കും.

യുണീക് ആയ സാരികൾ വാങ്ങാൻ ഇഷ്ടമാണ്. എന്റെ കയ്യിൽ മേഘലചാദർ എന്ന മണിപ്പൂരി സാരിയുണ്ട്. അതു നമ്മുടെ ഹാഫ്സാരിയുടെ വേറൊരു പതിപ്പാണ്. സാരിക്കു വ്യത്യസ്തമായ ഡ്രേപ്പിങ് ആണ് താൽപര്യം. കടകളിൽ പോയി സാരി വാങ്ങുന്നതിലും ഇഷ്ടം എക്സിബിഷനുകളിൽ കൂട്ടുകാരികളുമായി ചുറ്റിനടക്കുമ്പോൾ മനസ്സിൽ കയറിക്കൂടുന്ന യുണീക് സാരികൾ വാങ്ങിക്കൊണ്ടുപോരുകയാണ്. കടയിൽ പോയാൽ ഒന്നോടിച്ചു നോക്കി നല്ലതുകിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അകത്തുകയറൂ. എല്ലാം വലിച്ചുവാരി ഇടില്ല. അ‍ഞ്ചു മിനിറ്റേ എടുക്കൂ സാരി വാങ്ങാൻ. സാരിക്ക് ഇണങ്ങുന്ന മിനിമൽ ആഭരണങ്ങളും ധരിക്കും.

ഞാൻ കുറച്ച് ഇമോഷനൽ ആണ്. പക്ഷേ, ഒബ്സസ്സീവ് അല്ല. അതുകൊണ്ട് ആരെങ്കിലും സമ്മാനിച്ച സാരികൾ ഉടുക്കുമ്പോൾ അവർക്ക് ഫോട്ടോ എടുത്ത് അയയ്ക്കും. എന്നാൽ സാരിയെന്നല്ല ഒരു വസ്തുവും സെന്റിമെന്റ്സിന്റെ പേരിൽ സൂക്ഷിച്ചു വയ്ക്കില്ല. ഇടയ്ക്കിടെ വീട് ക്ലീൻ ചെയ്ത് ആവശ്യമില്ലാത്തതെല്ലാം കളയും.

എങ്കിലും ചിലർ സാരികളെക്കുറിച്ച് സംസാരിക്കുന്നതു കേട്ടിട്ട് ആ സാരി പോയി വാങ്ങാറുണ്ട്. വീട്ടിലെ സഹായി ബംഗാളിയാണ്. അവർ സാരിനെയ്ത്തിനെകുറിച്ച് എപ്പോഴും പറയുന്നതു കേട്ടിട്ടാണ് ഒരിക്കൽ സുന്ദരമായ ബംഗാൾ കോട്ടൻ സാരി സ്വന്തമാക്കിയത്.

ചെറുപ്പം മുതലേ ചെയ്യുന്ന കാര്യങ്ങൾ പെർഫെക്ട് ആകണമെന്ന് നിർബന്ധമാണ്. ആ ചിട്ട പഠിപ്പിച്ചത് അമ്മയാണ്. ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. ചെലവാക്കുന്ന ഓരോ രൂപയുടെയും മൂല്യമറിഞ്ഞാണു വളർന്നത്. അതുകൊണ്ടാകാം ചിലപ്പോൾ ഏറെ ഇഷ്ടപ്പെട്ടാലും വലിയ വിലയുള്ള ഡിസൈനർ സാരികൾ വാങ്ങി അണിയാൻ എനിക്കു തോന്നാത്തതും. വല്ലപ്പോഴും അലമാരയിൽ നിന്നു പുറത്തെടുക്കുന്ന പാർട്ടി വെയർ സാരിക്ക് എന്തിനാണു ലക്ഷങ്ങൾ ചെലവാക്കുന്നത്?

കയ്യിലുള്ള സാരികൾ തന്നെ വെറുതെ ഇരുന്നു പോകേണ്ടെന്നു കരുതി കൂട്ടുകാർക്കെല്ലാം വിശേഷാവസരങ്ങളിൽ അണിയാൻ കൊടുക്കും. ഒരു കല്യാണത്തിനുടുത്താൽ ആ സാരി പിന്നെ, ഉടുക്കില്ല പലരും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കണ്ടുകഴിഞ്ഞല്ലോ എന്നു ചിന്തിച്ചിട്ടാണ്. പക്ഷേ, പഴയ സാരികൾ രൂപം മാറ്റിയും വെസ്റ്റേൺ ടോപ്പിനൊപ്പം ധരിച്ചും മുടിക്കെട്ടും ആഭരണങ്ങളും മാറ്റിയും വ്യത്യസ്തമാക്കി വീണ്ടും ഉടുക്കണമെന്നാണു ഞാൻ പറയുന്നത്. കയ്യിലുള്ളതെന്തും റീസൈക്കിൾ ചെയ്താൽ പ്രകൃതിയോടുകൂടി ചേർന്നു നിൽക്കാനാകും.

അന്നത്തെ കൗമാരക്കാരി

അച്ഛനും അമ്മയും ടാറ്റയിൽ ആണ് ജോലി ചെയ്തിരുന്നത്. ‍ഞാനും അനുജത്തിയും സ്കൂളിൽ ആയിരിക്കുമ്പോൾ എല്ലാ അവധിക്കാലത്തും അച്ഛന്റെ നാടായ തലശ്ശേരിയിലും അമ്മയുടെ നാടായ തിരുവല്ലയിലും വന്നു താമസിക്കും. നാട്ടിലെ സ്ത്രീകൾ മുണ്ടും ബ്ലൗസും അണിഞ്ഞ് ഒപ്പം തോർത്ത് ദാവണിപോലെ ഇട്ടു നടന്നുപോകുന്നതു കാണുമ്പോൾ കുട്ടിക്കാലത്ത് വലിയ കൗതുകമായിരുന്നു. വലുതായപ്പോൾ മനസ്സിലായി അതു പാടത്തും പറമ്പിലും പണിയെടുക്കുന്നതിനു സൗകര്യത്തിനാണെന്ന്. വസ്ത്രങ്ങൾ എപ്പോഴും നമ്മുടെ സൗകര്യത്തിനും ഇഷ്ടത്തിനുമാണു ധരിക്കേണ്ടതും.

സിനിമയിൽ എത്തുംമുൻപു തന്നെ ഷിരിഷുമായി പ്രണയത്തിലായിരുന്നു. കോളജ് പ്രണയമായിരുന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ചെങ്കിലും മൂന്നു വർഷത്തിനുള്ളിൽ വിവാഹിതയായി യുഎസ്സിലേക്കു പറന്നു.

അച്ഛനമ്മമാരെ ഞാൻ നന്ദിയോടെ ഒാർക്കും. പ്രോമിസിങ് ആയ കരിയർ കിട്ടിയിട്ടും ഇത്ര ചെറുപ്പത്തിൽ തന്നെ എന്റെ ഇഷ്ടത്തിന് വിവാഹം ചെയ്യാൻ അനുവദിച്ചതോർത്ത്. ഒന്നും പ്ലാൻ ചെയ്യാറില്ല അന്നും ഇന്നും. ജീവിതത്തിലേക്കു വരുന്നതിനെ കൈനീട്ടി സ്വീകരിച്ച് ആ ഒഴുക്കിൽ അങ്ങു പോകുകയാണ്.

മക്കൾ മുതിർന്ന ശേഷമാണു സിനിമയിലേക്കു രണ്ടാം വരവ്. എം. കുമരൻ സൺ ഒാഫ് മഹാലക്ഷ്മി എന്ന തമിഴ്‍സിനിമ. നോക്കെത്താ ദൂരത്തുപോലെ തന്നെ അതും ഒരു ടൈംലെസ് മൂവിയാണ്. എക്കാലത്തേയും ഹിറ്റ്. എ ന്നിട്ടും ഇനി എനിക്കു സിനിമ മതി എന്നൊന്നും ചിന്തിച്ചില്ല. ഷിരിഷിന്റെ ജോലിസംബംന്ധമായി മുംബൈയിൽ തിരിച്ചെത്തി സെറ്റിൽ ചെയ്ത ശേഷമാണ് സിനിമയിൽ ഇപ്പോൾ സജീവമായത്. മക്കൾ രണ്ടുപേരും ജോലിക്കാരായി. സനം ന്യൂയോർക്കിൽ. ജാന ലണ്ടനിൽ.

സിനിമയിൽ നിന്ന് ബ്രേക് എടുക്കാതിരുന്നെങ്കിൽ ഈ 40 വർഷത്തിനുള്ളിൽ എണ്ണമറ്റ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കില്ലായിരുന്നോ, നാഷനൽ അവാർഡ് വാങ്ങാൻ കഴിയില്ലായിരുന്നോ എന്നൊക്കെ ചിലർ ചോദിക്കും. കുറെയൊക്കെ ശരിയായിരിക്കാം. പക്ഷേ, ഇപ്പോഴും ആളുകൾ അന്നത്തെപോലെ സ്നേഹിക്കുന്നുണ്ടല്ലോ. അതു വലിയ അനുഗ്രഹമല്ലേ?

nadiya-33

വൈറലായ എണ്ണച്ഛായ ചിത്രം

ഇതു സോഷ്യൽ മീഡിയയിലൂടെ ഒരുപാടു പ്രചരിച്ച കലണ്ടർ ചിത്രമാണ്. നാം ഫൗണ്ടേഷനുവേണ്ടി ചെയ്ത ഒരു ചാരിറ്റി വർക്. സാമന്ത, രമ്യ കൃഷ്ണൻ, ശ്രുതി ഹാസൻ... തുടങ്ങി പ്രശസ്ത താരങ്ങളെക്കൊണ്ട് രവിവർമ ചിത്രങ്ങളെ റിക്രിയേറ്റ് ചെയ്തതാണ്. പ്രശസ്ത ഫൊട്ടോഗ്രഫർ ജി. വെങ്കിട്ട്റാമിന്റെ ചിത്രങ്ങൾ കോർഡിനേറ്റ് ചെയ്തതു സുഹാസിനി മണിരത്നം ആണ്.

യഥാർഥ രവിവർമ ചിത്രത്തിലെ സ്ത്രീ മഹാരാഷ്ട്രക്കാരി ആയിരിക്കാം. അവരുടെ സാരി ഉടുക്കൽ എനിക്ക് വലിയ ഇഷ്ടമാണ്. ഭർത്താവ് ഷിരിഷ് മഹാരാഷ്ട്ര സ്വദേശിയായതുകൊണ്ടാകാം അവരുടെ ട്രഡീഷനൽ സാരിയോട് ഇത്ര ഇഷ്ടം.

സീനാ ടോണി ജോസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ : ഗ്രാൻഡ് ഹയാത്, കൊച്ചി, ബോൾഗാട്ടി