Wednesday 02 December 2020 03:35 PM IST

‘മരിക്കുന്നതിനു മുൻപ് ചേട്ടന്റെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ട്; പക്ഷേ, അത് എങ്ങനെയെന്ന് മാത്രം ഇതുവരെ കണ്ടുപിടിച്ചില്ല’

V R Jyothish

Chief Sub Editor

rlv-rama2233fff ഫോട്ടോ: ബേസിൽ പൗലോ

ആത്മഹത്യയുെട മുനമ്പില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ.എൽ.വി. രാമകൃഷ്ണൻ എല്ലാം തുറന്നു പറയുന്നു, മരണത്തെക്കുറിച്ചു മാത്രം ചിന്തിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്... അവഗണനകള്‍ ഒരുപാട് നല്‍കിയ ജീവിതത്തെക്കുറിച്ച്...

‘അയിത്തമുള്ള പറയ സമുദായക്കാരനാണു സർ; ക്ഷമിക്കണം. ചിലങ്ക കെട്ടി ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ, എന്തിനാണ് ഈ ജീവിതം? ജാതിവിവേചനവും ലിംഗവിവേചനവും ഉള്ള ഈ സമൂഹത്തിൽ എന്തിനാണു ജീവിക്കുന്നത്...’

മനസ്സില്‍ കൂടൂകൂട്ടിയ നാടന്‍പാട്ടുകളിലൂെടയും അഭിനയത്തിലൂെടയും മലയാളിയെ മോഹിപ്പിച്ച കലാഭവന്‍ മണിയുെട സഹോദരന്‍ ഡോ. ആർഎൽവി രാമകൃഷ്ണൻ ഇങ്ങനെ കുറിച്ചത് ഹൃദയരക്തം കൊണ്ടായിരുന്നു. മോഹിനിയാട്ടത്തില്‍ ഉന്നത ബിരുദങ്ങളും േഡാക്ടറേറ്റും ഉണ്ടായിട്ടും ഒരു സർക്കാർ സ്ഥാപനത്തിൽ കേവലം ഇരുപതു മിനിറ്റ് നൃത്തം ചെയ്യാൻ ഈ കലാകാരനെ അനുവദിച്ചില്ല. കലാകാരനായി ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ മരണമാണു ഭേദമെന്നു തോന്നിയ ദുർബലനിമിഷത്തില്‍, ഒരുപിടി ഉറക്കഗുളികയിൽ എല്ലാം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. പക്ഷേ, ദൈവത്തിന്റെ ഇടപെടൽ അപ്പോഴുമുണ്ടായി. തനിക്ക് ഇനിയും എ ന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ.

രാമകൃഷ്ണൻ മുന്നിലിരുന്ന് സംസാരിക്കുമ്പോൾ ഒരു നിമിഷം നമ്മൾ സംശയിക്കും, ഇത് കലാഭവൻ മണി തന്നെയല്ലേ? അതേ രൂപം, ഭാവം, ശബ്ദം.

‘‘സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരാണു ഞങ്ങൾ. ദൈവം ഞങ്ങള്‍ക്ക് അൽപം കലാവാസന തന്നു. അതുകൊണ്ടു ജീവിച്ചോളാൻ പറഞ്ഞു. അതിനും സമ്മതിക്കാതിരുന്നാൽ പിന്നെ, എന്തു െചയ്യും. എന്തിനാണു ജീവിച്ചിരിക്കുന്നതെന്നു േപാലും തോന്നി. അങ്ങനെയാണ് ഒരു ദുർബലനിമിഷത്തിൽ മരിക്കാൻ തോന്നിയത്.’’

ഇതേ സാഹചര്യങ്ങളിൽ നിന്നു തന്നെയല്ലേ മണിയും വലിയ കലാകാരനായി പേരെടുത്തത്?

ചേട്ടന്‍ വലിയ കലാകാരനായത് ആരും ഔദാര്യം കാണിച്ചിട്ടല്ല. എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചേട്ടനും ഞാനും ഉത്സവപ്പറമ്പുകളിൽ ചെന്നു ഭാരവാഹികളോടു യാചിക്കും, ‘ഒരു പത്തു മിനിറ്റ് തരണം, രണ്ടു പാട്ട് പാടാനുള്ള അവസരം തരണം...’ എന്നൊക്കെ. ചിലർ സമ്മതിക്കും. ചിലർ ആട്ടിയോടിക്കും. തല്ല് കിട്ടിയ അവസരങ്ങൾ വരെയുണ്ട്. ഏതെങ്കിലുമൊരു അമ്പലത്തിലെ ഉത്സവനോട്ടീസിൽ പേരു വച്ചു പരിപാടി അവതരിപ്പിക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു അന്ന്. ഭാഗ്യത്തിന് ചേട്ടൻ സിനിമയിലെത്തി. അതോടെ ചേട്ടനെ എല്ലാവരും അറിഞ്ഞു. ഞാനൊരു നർത്തകനാണ്. മണിയുടെ അനുജൻ എന്ന മേൽവിലാസമാണ് എനിക്ക്. അതൊരു ഭാഗ്യമാണ്.

ഞാൻ കോളജിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് ചേട്ടനു മിമിക്രിയും സിനിമയും വരുമാനവുമൊക്കെയായത്. അതുവരെ ചേട്ടനെപ്പോലെ പല ജോലിയും െചയ്താണ് ഞാനും പഠിച്ചത്. അതിരാവിലെ ചാലക്കുടി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ കഴുകാൻ പോകും. ഒരു ഓട്ടോയ്ക്ക് രണ്ടുരൂപ കൂലി. പത്ത് ഓട്ടോറിക്ഷ കഴുകിയ േശഷമാണ് സ്കൂളിൽ പോകുന്നത്. വൈകുന്നേരം ഒരു ചിട്ടിക്കമ്പനിക്കു വേണ്ടി പൈസ പിരിവ്. അവധിദിവസങ്ങളിൽ കൂലിപ്പണി.

ഈ കഷ്ടപ്പാടിനിടയിലും വലിയ കലാകാരന്മാരായി പേരെടുക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനുവേണ്ടി എന്തു ത്യാഗത്തിനും തയാറായിരുന്നു. ജാതിവിവേചനവും അയിത്തവും കുട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നെപ്പോലെ നൃത്തത്തിൽ താൽപര്യമുള്ള ഒരു സുഹൃത്തുണ്ടായിരുന്നു, ചാലക്കുടിയിലെ ഒരു വലിയ തറവാട്ടില്‍. അവിടെ ഡാൻസ് പഠിപ്പിക്കാൻ ഒരു മാഷ് വരും. ഡാൻസിനോടുള്ള താൽപര്യം കൊണ്ട് അവിെട ഞാനും പോയി. കുറച്ചു കുട്ടികളുണ്ട് പഠിക്കാൻ. ആ കൂട്ടത്തിൽ ഞാനും കയറിയിരുന്നു. വീട്ടുകാരെന്നോടു ചോദിച്ചു. ‘നീ ഏതാന്ന്....’ രാമന്റെ മകനാണെന്നറിയിച്ചപ്പോള്‍ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.

അന്നേരം ഒരു വിഷമം തോന്നിയെങ്കിലും ഞാൻ അവിടെ  യിരിക്കാൻ യോഗ്യനല്ലെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും പിറ്റേന്നു പോയി. മാഷ് പഠിപ്പിക്കുന്നത് ദൂരെ നിന്നു കണ്ടു. മാഷിന്റെ മനസ്സലിഞ്ഞ്, എന്നെ വിളിച്ചു പറഞ്ഞു, ‘നീ എന്റെ വീട്ടിലേക്കു വാ... നിന്നെ സൗജന്യമായി ഡാൻസ് പഠിപ്പിക്കാം.’

അങ്ങനെ മാഷിന്റെ വീട്ടിൽപ്പോയി ഡാൻസ് പഠിച്ചുതുടങ്ങി. ആർഎൽവി ആനന്ദ് എന്നാണ് മാഷിന്റെ പേര്.

കടുത്ത ദാരിദ്ര്യത്തിന്റെ അനുഭവങ്ങൾ മണി പലയിടത്തും പറയാറുണ്ടായിരുന്നു?

ചേട്ടൻ പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാര്‍ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിക്കുന്നത്.

അയൽപക്കത്തെ സമ്പന്നവീടുകളിൽ നിന്ന് വിേശഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങൾക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിെടയാണ് പോകാൻ പാടില്ലാത്തത്, ഏതൊക്കെ വീടുകളുടെ മുന്നിൽ നിന്ന് എത്ര അടി മാറിനിൽക്കണം എന്നൊക്കെ.

രാമകൃഷ്ണന് ഡോക്ടറാകാനായിരുന്നു ആഗ്രഹമെന്ന് മണി പറഞ്ഞിട്ടുണ്ട്?

കുടുംബത്തിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഡോക്ടറാകണമെന്നു മോഹിച്ചു. പക്ഷേ, മനസ്സ് നൃത്തത്തിലായിരുന്നു. അങ്ങനെ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് പഠിച്ചിരുന്ന ഞാൻ അത് ഉപേക്ഷിച്ച്, തൃപ്പൂണിത്തുറ ആർ എൽവി കോളജിൽ മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേർന്നു. ആറുവർഷം അവിടെ. മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടി. പിന്നീട് ഒന്നാംറാങ്കോടെ എംഎ ബിരുദം. 2018 ൽ ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ആൺസ്വാധീനത്തിലായിരുന്നു എന്റെ ഗവേഷണം. എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ചേട്ടനെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷേ, ഡോക്ടറേറ്റ് കിട്ടിയപ്പോൾ അതു കാണാൻ മാത്രം ചേട്ടൻ ഉണ്ടായില്ല. ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താൽകാലിക അധ്യാപകനായി.

പഠനകാലത്തും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളിൽ നിന്നും ശില്‍പശാലകളില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ചേട്ടൻ ഉണ്ടായിരുന്നതുകൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായിപ്പോയത്. പലപ്പോഴും തോന്നിയിട്ടുണ്ട് ദൈവമേ... എന്തിനാണ് നീ ഞങ്ങൾ‌ക്ക് ഇത്തിരി കലാവാസന തന്നത്. അതില്ലായിരുന്നെങ്കിൽ ഞ ങ്ങൾ ഇപ്പോഴും ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമായിരുന്നല്ലോ.

RLV_133df

ഇപ്പോഴുണ്ടായ ദുരനുഭവങ്ങളുെട സാഹചര്യം?

കേരള സംഗീതനാടക അക്കാദമി എല്ലാ വർഷവും നൃത്തോത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്. അതത് ഭരണസമിതിയാണ് നൃത്തം അവതരിപ്പിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിസാര്‍ െചയര്‍മാനായ കഴിഞ്ഞ ഭരണസമിതി മൂന്നു പ്രാവശ്യം മോഹിനിയാട്ടം അവതരിപ്പിക്കാൻ എന്നെ വിളിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി എന്നെ വിളിക്കുന്നില്ല. ഞാൻ അയിത്തക്കാരനായി. എന്താണു കാരണമെന്നറിയില്ല.

ഇക്കുറി ഓൺലൈനായാണ് നൃത്തോത്സവം ഒരുക്കിയത്. അവിെട 20 മിനിറ്റ് മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരത്തിനു േവണ്ടി, അപേക്ഷയുമായി അക്കാദമി സെക്രട്ടറിയെ കാണാൻ പോയി. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് കാണാൻ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ അടിമുടി ചോദ്യം ചെയ്തു. അക്കാദമിയുടെ ചെയർപേഴ്സൻ െകപിഎസി ലളിതചേച്ചിയെ പോയി കണ്ടു. ആദ്യം അനുകൂല നിലപാട് എടുത്ത ചേച്ചി പിന്നീട് നിസ്സഹായയായി കണ്ടു. ആണുങ്ങൾക്ക് മോഹിനിയാട്ടമാടാന്‍ പറ്റില്ലെന്ന് നാട്യശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടെന്ന വിചിത്രമായ വാദവും ചേച്ചി നിരത്തി. ഞാൻ തർക്കിക്കാനോ പാണ്ഡിത്യം വിളമ്പാനോ ഒന്നും പോയില്ല.

ഞാൻ മുഖ്യമന്ത്രിക്കും സാംസ്കാരികവകുപ്പ് മന്ത്രിക്കും പരാതി കൊടുത്തു. ഒരു നടപടിയും ഉണ്ടായില്ല എന്നു മാത്രമല്ല ഞാൻ എന്തോ അപരാധം ചെയ്തു, നുണ പ്രചരിപ്പിച്ചു എന്നൊക്കെ പറഞ്ഞ് അക്കാദമി ചെയർപേഴ്സന്റെ പേരിൽ പത്രപ്രസ്താവനയും കണ്ടു. സത്യസന്ധത തെളിയിക്കാൻ മരണമല്ലാതെ മറ്റൊരു മാർഗം എന്റെ മുന്നിലില്ലായിരുന്നു. അങ്ങനെയാണ് ആ ദുർബലനിമിഷത്തിൽ ആത്മഹത്യക്കു ശ്രമിച്ചത്. ഒരു സർക്കാരിനോട് ഏറ്റുമുട്ടാനുള്ള കഴിവൊന്നും എനിക്കില്ല. ഞാനൊരു പാവം കലാകാരനാണ്. ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇങ്ങനെയൊരു അയിത്തം ഞങ്ങൾ പ്രതീക്ഷിച്ചില്ല. സത്യസന്ധമായി ജീവിക്കാൻ അനുവദിക്കില്ലെങ്കിൽ മരണമല്ലാതെ മറ്റെന്താണു മറുപടി.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതല്ല എനിക്കെതിരായ ജാതിവിവേചനം. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സമുദായത്തിലെ ഒരു യുവാവിന്, കലാരംഗത്ത് ഉന്നതബിരുദം നേടിയിട്ടും കലാപരിപാടി അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതാണ്. എനിക്ക് ഉറപ്പുണ്ട് ഞാനൊരു ഉന്നതജാതിക്കാരനായിരുന്നെങ്കിൽ ഈ പറയുന്ന അലിഖിതനിയമങ്ങളൊന്നും എനിക്ക് ബാധകമാകില്ലായിരുന്നു. കേരളത്തിലിപ്പോൾ ട്രാൻസ്ജൻഡേഴ്സിനു കൊടുക്കുന്ന പരിഗണനയെങ്കിലും എന്നെപ്പോലെ താഴ്ന്ന ജാതിക്കാർക്ക് തരണം. ഇതൊരു അപേക്ഷയാണ്.

മണി ഇടതുപക്ഷ അനുഭാവിയായിരുന്നു. നിങ്ങളും കുടുംബപരമായി അങ്ങനെയാണല്ലോ?

കാലങ്ങളായി ‍ഞങ്ങൾ ഇടതുപക്ഷ അനുഭാവികളാണ്. അച്ഛന്റെ പേരിൽ ചേട്ടനൊരു സ്മാരകമുണ്ടാക്കി ചാലക്കുടിയിൽ. അവിടെ വച്ച മൂന്നു പ്രതിമകളിലൊന്ന് ചെഗുവേരയുടേതാണ്. ചേട്ടൻ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കും എന്നൊരു വാർത്തയുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു അവഗണനയുണ്ടായത്. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ചേട്ടന് നല്ല നടനുള്ള അവാർഡ് കൊടുക്കാതെ തഴഞ്ഞത്. അന്ന് പറഞ്ഞു, മണിക്ക് ഇനിയും സമയമുണ്ടല്ലോ. എന്നിട്ടോ? അവാർഡിന് മണി കാത്തുനിന്നില്ല. എത്രയോ നാടൻ പാട്ടുകൾ പാടി ഹിറ്റാക്കിയ ഒരു കലാകാരനാണ് ചേട്ടൻ. ഫോക്‌ലോർ അക്കാദമി എല്ലാവർഷവും നാടൻപാട്ടു കലാകാരന്മാർക്ക് അവാർഡ് കൊടുക്കുന്നുണ്ടല്ലോ. എന്തേ കലാഭവൻ മണിക്ക് ഒരു അവാർഡ് കൊടുത്തില്ല?

മണിയുടെ ചിരി നിലച്ചിട്ട് അഞ്ചുവർഷമാകുന്നു. എന്താണ് കുടുംബത്തിന്റെ അവസ്ഥ?

മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തികസഹായം മാത്രമല്ല,  ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള്‍ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവള്‍.  ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്.  

rlv55fghhg

നാലര സെന്റിലെ കുടുംബവീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായി.

മണിയുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പൂർത്തിയായല്ലോ?

അതേ. മരിക്കുന്നതിനു മുൻപ് േചട്ടന്റെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ട്. അതു വാസ്തവം. പക്ഷേ, അത് എങ്ങനെയെന്ന് മാത്രം ഇതുവരെ കണ്ടുപിടിച്ചില്ല. സാക്ഷികളില്ല എന്നാണ് സിബിഐ പറഞ്ഞത്. കേസ് തുടരണമെങ്കിൽ സാമ്പത്തികം വേണം. അതില്ലാത്തതുകൊണ്ട് അേന്വഷണം അവസാനിപ്പിച്ചു.

മെയ്യെഴുതി, ചിലങ്കയണിഞ്ഞ് ഒരു ഫോട്ടോയെടുക്കാമോ എന്നു ചോദിച്ചപ്പോൾ രാമകൃഷ്ണൻ പറഞ്ഞു, ‘എനിക്കിപ്പോൾ ചിലങ്കയണിയാൻ തോന്നുന്നില്ല. ഞങ്ങളൊക്കെ ചണ്ഡാളന്മാരല്ലേ? ഞങ്ങൾക്ക് ചുടലനൃത്തമാണു വിധിച്ചിരിക്കുന്നത്, അല്ലാതെ മോഹിനിയാട്ടമല്ല.....’

മോഹിനിയാട്ടം നിരോധിച്ച കാലം

ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ നിരോധിച്ചു എന്നു പറയപ്പെടുന്ന മോഹിനിയാട്ടം പിന്നീട് പുനർജനിക്കുന്നത് കേരള കലാമണ്ഡലത്തിലൂടെയാണ്. (തിരുവിതാംകൂറിൽ മോഹിനിയാട്ടം നിരോധിച്ചിട്ടില്ലെന്നും ദാസിയാട്ടമാണ് നിരോധിച്ചതെന്നും വാദിക്കുന്നവരുണ്ട്.) മഹാകവി വള്ളത്തോളിന്റെ നിർദേശപ്രകാരം കൊരട്ടിക്കര കൃഷ്ണപണിക്കരാശാനാണ് വളരെ പ്രയാസപ്പെട്ട് കുറച്ചു നർത്തകിമാരെ കലാമണ്ഡലത്തിൽ എത്തിക്കുന്നതും മോഹിനിയാട്ടം നവീകരിക്കുന്നതും. ഇന്ന് ശ്രീശങ്കര സർവകലാശാല ഉൾപ്പെടെ കേരളത്തിലെ പല സ്ഥാപനങ്ങളിലും മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ട്. പക്ഷേ, കലാമണ്ഡലത്തിൽ പുരുഷന്മാർക്ക് മോഹിനിയാട്ടം പഠിക്കാൻ പറ്റില്ല. സ്ത്രീകൾക്ക് കഥകളിയും. ഇത് ഇന്ത്യക്കാർക്കു മാത്രം. വിദേശികളാണെങ്കിൽ ഒരു വിലക്കുമില്ല. മോഹിനിയാട്ടം പഠിക്കുകയും അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്ന കലാകാരന്മാര്‍ ഇപ്പോള്‍ കേരളത്തില്‍ ഒരുപാടുണ്ട്.

Tags:
  • Celebrity Interview
  • Movies