Wednesday 13 October 2021 03:20 PM IST

‘കുരുതി റിലീസായപ്പോൾ അതു കാണാൻ എന്റെ അമ്മ ഉണ്ടായില്ല’: ആ സങ്കടം ഇപ്പോഴും മനസിലുണ്ട്: സാഗർ സൂര്യ പറയുന്നു

Ammu Joas

Sub Editor

sagar-soorya ഫോട്ടോ: സച്ചിൻ സൂര്യ

‘കുരുതി’യിലെ വിഷ്ണു

‘കുരുതി’യിലേക്ക് ഓഡിഷനു പോകുമ്പോൾ ഇത്രയും പ്രാധാന്യമുള്ള വേഷമാണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ഹാരിസ് എന്ന പ്രൊഡക്‌ഷൻ കൺട്രോളർ പറഞ്ഞിട്ടാണ് അവിടെ ചെന്നത്. സംവിധായകൻ മനു വാരിയരും അസോഷ്യേറ്റ് ഇർഷാദ് ചേട്ടനും മാത്രമേ ഓഡിഷന് ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ചു ചില സീനുകൾ അഭിനയിപ്പിച്ച് ഷൂട്ട് ചെയ്തിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സെലക്ഷനുണ്ടെന്ന അറിയിപ്പു കിട്ടി. ഷൂട്ടിങ്ങും രസമായിരുന്നു. ആകെ കുറച്ചു പേരല്ലേ ഉള്ളൂ. പുതിയ ആളെന്ന കരുതൽ എല്ലാവരും തന്നു.

പൃഥ്വിരാജിന്റെ ഓക്കെ

ഓഡിഷന്റെ വിഡിയോ പൃഥ്വിരാജിന് അയച്ചു കൊടുത്ത് അദ്ദേഹം ഓക്കെ പറഞ്ഞ ശേഷമാണ് എന്നെ തിരഞ്ഞെടുത്തത്. സിനിമ റിലീസായി കഴിഞ്ഞ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് എന്റെ അഭിനയത്തെ കുറിച്ച് നല്ലതു പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആകാശത്തിനു താഴെയും മേലെയുമുള്ള എന്തിനെക്കുറിച്ചും അറിവുള്ള ആളാണ്. അദ്ദേഹത്തോട് ഒരു ചെറിയ കള്ളം പോലും പറയാൻ പറ്റില്ല. കൂടെയുള്ള എല്ലാവരെയും സപ്പോർട്ട് ചെയ്ത് സെറ്റിൽ മിക്കവാറും അദ്ദേഹം ഉണ്ടായിരുന്നു.

ആദിയല്ല ഞാൻ

എൻജിനീയറിങ്ങും പിജിയും കഴിഞ്ഞ് നല്ലൊരു ജോലി നേടി വീട്ടുകാരെ നോക്കി ‘തട്ടീം മുട്ടീം’ മുന്നോട്ടു പോകണമെന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അൽപം അഭിനയ മോഹവും പണ്ടേയുണ്ട്. അങ്ങനെയിരിക്കെയാണ് ആക്ട് ലാബില്‍ മൂന്നു ദിവസത്തെ ക്യാംപിനു പോയത്. അതുകഴിഞ്ഞ് അവിടെ തന്നെ ചെറിയ കോഴ്സും ചെയ്തു. രണ്ടു ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി. പിന്നെ, ചില ഷോർട് ഫിലിംസ്. ഉപരിപഠനത്തിനായി ഓസ്ട്രേലിയയ്ക്കു പോകാൻ തയാറായിരിക്കുമ്പോഴാണ് ‘തട്ടീം മുട്ടീം’ പരിപാടിയുടെ ഓഡിഷൻ. മീനൂട്ടിയുടെ ആദിയേട്ടനെ പ്രേക്ഷകരങ്ങു സ്നേഹിച്ചു. അതോടെ അഭിനയമേഖലയിൽ നിൽക്കാനായി ഇഷ്ടം.

ഇമേജ് മാറി

‘തട്ടീം മുട്ടീം’ സീരിയലിലെ അലസനും മടിയനും മണ്ടനുമായ ആദിയേട്ടനെയാണ് എല്ലാവർക്കും പരിചയം. ‘എടീ മീനാക്ഷീ...’ എന്ന് ഭാര്യയെ വിളിക്കാൻ പോലും ആദിക്ക് പേടിയാണ്. ഞാൻ റിയൽ ലൈഫിലും അങ്ങനെയാണോയെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും . ‘കുരുതി’യിലെ വിഷ്ണു വന്നതോടെ ആ ഇമേജ് മാറി. ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’, ‘ജനഗണമന’ തുടങ്ങിയ സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്.

അമ്മയുടെ വിയോഗം

കഴിഞ്ഞ വർഷം ജൂണിലായിരുന്നു അമ്മ മിനി മരിച്ചത്. ഒരിക്കലും നികത്താനാകാത്തതല്ലേ അമ്മയുടെ നഷ്ടം. അമ്മ അടിപൊളിയായിരുന്നു. എന്നെ എന്നും മോട്ടിവേറ്റ് ചെയ്തത് അമ്മയാണ്, ഞാൻ അഭിനയിക്കുന്നതിൽ അമ്മയ്ക്കായിരുന്നു ഏറ്റവും സന്തോഷവും. തട്ടീം മുട്ടീം പരിപാടിയുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണും. പക്ഷേ, ‘കുരുതി’ റിലീസായപ്പോൾ അതു കാണാനും സന്തോഷം പങ്കിടാനും അമ്മയുണ്ടായില്ല. ആ സങ്കടം മനസ്സിലുണ്ട്. മക്കൾ വിജയപടവുകൾ കയറുന്നത് അമ്മമാരെ സന്തോഷിപ്പിക്കാൻ കൂടിയാണല്ലോ...

മൂന്ന് ആണുങ്ങൾ

തൃശ്ശൂരിലെ വീട്ടിൽ ഞാനും അച്ഛനും അനിയനുമാണുള്ളത്. അഭിനയമാണ് എന്റെ മോഹം എന്നു പറഞ്ഞപ്പോൾ അച്ഛൻ സൂര്യൻ മറുത്തൊന്നും പറയാതെ കൂടെ നിന്നു. കൺസ്ട്രക്‌ഷൻ ഫീൽഡിലായിരുന്നു അച്ഛനു ജോലി. അനിയൻ സച്ചിനും സിനിമാരംഗത്തേക്കു ചുവടു വയ്ക്കുന്നു.