Saturday 01 June 2024 02:44 PM IST : By സ്വന്തം ലേഖകൻ

‘സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങൾ ഇടണമെങ്കിൽ വണ്ണം കുറയ്ക്കണം’: അമ്മയും അമ്മൂമ്മയും നൽകിയ വാണിങ്: സാനിയ പറയുന്നു

saniya-bolllgdss

സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനാണ് സാനിയയെ ചെറുപ്പക്കാരുടെ ‘യൂത്ത് ഐക്കൺ’ ആക്കുന്നത്. ബോഡി ഷെയ്മിങ്ങിനോടും സൈബർ ആക്രമണങ്ങളോടും സമചിത്തതയോടെയും പക്വതയോടെയും പ്രതികരിക്കുന്ന സാനിയ ഉറച്ച നിലപാടുകളുടെ പേരിലും ശ്രദ്ധേയയാണ്. വനിതയ്ക്കായി  മൂൻപ് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗം ചുവടെ...

–––

‘സാറ്റർഡേ നൈറ്റിൽ’ ബുള്ളറ്റിലാണല്ലോ വരവ്?

അതിലെ എന്റെ കഥാപാത്രം വൈഷ്ണവി, തണ്ടർ ബേർഡ് ഒാടിക്കുന്ന, ഡെഡ്‌ലോക്ക് ഹെയറുള്ള ട്രാവലറാണ്. എനിക്കു ബുള്ളറ്റ് ഒാടിക്കാൻ അറിയില്ലായിരുന്നു. ഈ സിനിമയ്ക്കു വേണ്ടിയാണ് പഠിച്ചത്. പലവട്ടം മറിഞ്ഞു വീണു, കൈ ഒടിഞ്ഞു. റിസ്ക് എടുക്കേണ്ട പടങ്ങൾ െചയ്യാൻ എനിക്കു വലിയ ഇഷ്ടമാണ്. ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന പടത്തിൽ ഫൈറ്റ് സീൻ െചയ്ത് ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ട്.

യാത്രകൾ ഒരുപാട് ഇഷ്ടമാണെനിക്ക്. ബൈക്കോടിക്കാ ൻ പഠിച്ച സ്ഥിതിക്ക് ഇനി അങ്ങനെ യാത്ര പോകാം എന്നതാണ് ആലോചന. ജീവിതത്തിൽ ഒന്നു താഴെ പോകുമ്പോൾ ഉടനെ ചിന്തിക്കുന്നത് യാത്രകളെ കുറിച്ചാണ്. അതാണ് എന്റെ വീണ്ടെടുക്കൽ. ദൂരെ പോകണമെന്നൊന്നുമില്ല. തൊട്ടടുത്ത് ഒരു കടൽതീരത്തോ മലമുകളിലോ...

പക്ഷേ, വൈഷ്ണവിയും ഞാനുമായി രൂപത്തിൽ വളരെയധികം വ്യത്യാസമുണ്ട് കേട്ടോ. അവളുടെ ഫാഷനും എന്റെ ഫാഷനും വ്യത്യസ്തമാണ്.

saniya-story-cover-

എന്തിനോടാണ് ഭയം?

തോൽവികളെയാണ് ഞാൻ ഭയക്കുന്നത്. അതിനെ നേരി ടാൻ മടിയില്ല, എന്നാലും ഭയമാണ്. എന്തായിരിക്കും മുന്നോട്ട് എന്നൊരു പേടി എപ്പോഴുമുണ്ട്. ക്വീൻ ചെയ്തു കഴിഞ്ഞ ശേഷം ഒരു സിനിമയും വന്നില്ല. അന്ന് അവാർഡ് ഒക്കെ കിട്ടിയതാണ്, എന്നിട്ടും... ആ സമയത്ത് നല്ല നിരാശ തോന്നിയിട്ടുണ്ട്. പിന്നീടാണ് ലൂസിഫറിൽ അവസരം കിട്ടിയത്. ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്ന ആളാണ്. കഴിവുണ്ടായിട്ടു മാത്രം കാര്യമില്ല.

സൂപ്പർ സ്റ്റാറുകളുടെ കൂടെയെല്ലാം അഭിനയിച്ചല്ലോ?

ലൂസിഫർ കണ്ടതിനു ശേഷം ഒത്തിരി പേർ അഭിനന്ദിച്ചു. ‘അത്രയും വലിയ താരങ്ങളുടെ മുൻപിൽ പിടിച്ചു നിന്നല്ലോ.’ ഓരോ സീൻ കഴിയുമ്പോഴും ‘നന്നായി ചെയ്തു’ എന്നു രാജുച്ചേട്ടൻ പറയുമ്പോൾ അതു അങ്ങനെതന്നെയാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നമ്മളിലെ അഭിനേതാവിനെ നന്നായി മോഡിഫൈ ചെയ്യുന്ന ആളാണ് പൃഥ്വിരാജ് എന്ന സംവിധായകൻ.

‘ക്യൂനി’ൽ ഞാൻ ഹീറോയിനായിരുന്നു. രാജുച്ചേട്ടൻ പറഞ്ഞിരുന്നു,‘കാരക്റ്റർ റോൾ ചെയ്തു തുടങ്ങിയാൽ പിന്നെ അതുതന്നെയായിരിക്കും വരിക’ എന്ന്. പിന്നീട് ‘പ്രീസ്റ്റി’ലും ‘സല്യൂട്ടി’ലും അത്തരം റോളുകൾ തന്നെയായിരുന്നു. പക്ഷേ, എനിക്കതിൽ വിഷമമില്ല. ഇപ്പോൾ റീലീസാകുന്ന ‘സാറ്റർഡേ നൈറ്റി’ലും എല്ലാവരുടെ ഒപ്പം പ്രധാന്യം വ രുന്ന ഒരു റോൾ. അത്രേയുള്ളൂ.

ഹീറോയിൻ എന്നതിനേക്കാൾ കുറച്ചുകൂടി സ്പേസുള്ള നല്ല മൂവികൾ ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹം. എന്നെ പകരം വയ്ക്കാൻ സാധിക്കില്ലെന്നു തോന്നുന്ന സിനിമകളാണ് ചെയ്യാൻ ശ്രമിക്കുന്നത്.

ആ തീരുമാനത്തിൽ പാർവതി തിരുവോത്താണ് എ ന്റെ മാതൃക. എനിക്കിഷ്ടമുള്ള, ഞാൻ വളരെ ആദരവോടെ നോക്കികാണുന്ന അഭിനേത്രിയാണ് പാർവതി ചേച്ചി.

ഞങ്ങളൊരുമിച്ചുള്ള പാട്ടും ഡാൻസും സൂപ്പറായിരുന്നു.

saniya-fffggstar

സിനിമയിലേക്ക് അപ്രതീക്ഷിത വരവായിരുന്നോ?

കുട്ടിക്കാലത്ത് അഭിനയ ചിന്തയേയില്ല. സിനിമാ മേഖലയിലേക്ക് ഫിറ്റാണോ ഞാൻ എന്നുപോലും അറിയില്ല. ‘ബാല്യകാല സഖി’ നോവൽ സിനിമയായപ്പോൾ സു ഹറയുടെ കുട്ടിക്കാലം അഭിനയിച്ചാണ് തുടക്കം. അന്നെനിക്ക് എട്ടു വയസ്സേയുള്ളൂ. റിയാൽറ്റി ഷോ വേദിയിൽ കണ്ടാണ് സംവിധായകൻ പ്രമോദ് പയ്യന്നൂർ എന്നെ തിരഞ്ഞെടുക്കുന്നത്. ‌

പിന്നീട് നൃത്തത്തിലേക്കു തന്നെ മടങ്ങി. ‘ഡി ഫോർ ഡാൻസി’ൽ പങ്കെടുക്കുമ്പോഴാണ് ‘ക്യൂൻ’ വരുന്നത്. അ തു കഴിഞ്ഞും ‘സിനിമ എനിക്കു പറ്റിയ പണിയല്ല’ എന്നാണ് തോന്നിയത്. ലൂസിഫറിനു ശേഷം മനസ്സിലുറച്ചു. ‘ഞാ ൻ സിനിമയിലും സെറ്റാകുന്ന ഒരാളാണ്.’

2018 ൽ പ്ലസ്ടു കഴിഞ്ഞു പിന്നെ, പഠിക്കാൻ ചേർന്നില്ല. അഭിനയം പഠിക്കാനായി വിദേശത്ത് പോകാനൊരുങ്ങുന്നു. ഇടയ്ക്ക് സിനിമയിലേക്ക് ഓഫർ വന്നാൽ വന്നു ചെയ്യും. ചേച്ചി സാധികയും ബിഎസ്‌സി സൈക്കോളജി കഴിഞ്ഞു വിദേശത്തു പഠിക്കാൻ പോകുകയാണ്. അച്ഛൻ അയ്യപ്പൻ എൻജിനീയറാണ്. ഇപ്പോൾ സ്വന്തം ബിസിനസ് നടത്തുന്നു. അമ്മ സന്ധ്യ.

കുട്ടിക്കാലത്ത് എന്തിനോടായിരുന്നു പ്രിയം?

അമ്മ പറയാറുണ്ട്, ഞാൻ കുഞ്ഞിലേ പാട്ടു കേൾക്കുമ്പോ ൾ താളം അനുസരിച്ച് കാൽപാദം അനക്കുമെന്ന്. അന്ന് വ ലിയ ‘എക്സ്പ്രഷൻ ക്യൂൻ’ ആയിരുന്നു. അച്ഛൻ നന്നായി ഡാൻസു ചെയ്യും. തമിഴരുടെ ആനന്ദനടനമില്ലേ, അത് അച്ഛനുമുണ്ട്. ചെന്നൈ സ്വദേശിയാണ്. ഈയടുത്ത് അച്ഛനും മകളുമായി തന്നെ ഞങ്ങളൊരു തമിഴ് സിനിമയിൽ അഭിനയിച്ചു. ചിത്രം റിലീസിനൊരുങ്ങുന്നു.

ജീവിതത്തിൽ പ്ലാൻ ബി ഉണ്ടോ?

ബിയും സിയും എല്ലാമുണ്ട്. സിനിമയിൽ ഒന്നുമായില്ലെങ്കിൽ ഡാൻസ് ക്ലാസ് തുടങ്ങി കുട്ടികളെ പഠിപ്പിക്കും. അഭിനയത്തിൽ വന്നില്ലായിരുന്നുവെങ്കിൽ നിഫ്റ്റിൽ പഠിച്ച് ഫാഷൻ ഡിസൈനറായേനെ. മികച്ച നടിക്കുള്ള അവാർഡ് നേടുന്നതാണ് ഇപ്പോൾ സ്ഥിരമായി കാണുന്ന സ്വപ്നം. അന്നു പറയേണ്ട മറുപടി പ്രസംഗം തയാറാക്കി വച്ചിട്ടുണ്ട്.

ഉറച്ച ധൈര്യം ആരുടെ പകർച്ചയാണ്?

അമ്മ ഒരു പുലിയാണ്. ‘നിനക്ക് ശരി ആണോ, എങ്കിൽ നീ ചെയ്യൂ’ എന്നാണ് എപ്പോഴും പറയുക. ‌ഈയടുത്ത് തായ്‌ലൻഡിൽ ഫാമിലി ട്രിപ് പോയപ്പോൾ ഞാൻ ബീച്ചിൽ ബിക്കിനിയാണ് ധരിച്ചത്. എന്റെ അമ്മയും അമ്മൂമ്മയും എല്ലാവരും ഉണ്ടായിരുന്നു. വണ്ണം വച്ച സമയത്ത് വാണിങ് തന്നു. ‘സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങൾ ഇടണമെങ്കിൽ വണ്ണം കുറയ്ക്കണം.’ എനിക്ക് ഇട്ടാൽ ഇണങ്ങുന്ന ഡ്രസ്സുകളാണ് ഞാൻ ധരിക്കുക. എനിക്കില്ലാത്ത കുഴപ്പം പിന്നെ ആർക്കാണ്?

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ: ബേസിൽ പൗലോ