വയലാറിന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലാണ് ശ്രീകുമാരൻ ത മ്പി. അവിടേക്കാണു ഭക്തന്റെ മനസ്സോടെ ഞാൻ കടന്നുവരുന്നത്.’ തിരുവനന്തപുരത്തു ശ്രീകുമാരൻ തമ്പിയുടെ വീടിനു മുന്നിലെത്തിയപ്പോൾ വയലാർ ശരത്ചന്ദ്രവർമ പറഞ്ഞു. അച്ഛന്റെ പേരിലുള്ള അവാർഡ് ഗുരുതുല്യനായ ശ്രീകുമാരൻ തമ്പിക്കു കിട്ടിയപ്പോൾ അദ്ദേഹത്തെ കാണാനെത്തിയതാണു ശരത്.
‘ഒരുപാടു നാളായുള്ള ആഗ്രഹമായിരുന്നു തമ്പിച്ചേട്ടനെ വീട്ടിലെത്തി കാണണമെന്നത്. ഇപ്പോഴൊരു കാരണവുമായി.’ പിതൃതുല്യനായ കവിയുടെ പാദങ്ങളിൽ ശരത്തിന്റെ സാഷ്ടാംഗപ്രണാമം. പിടിച്ചെഴുന്നേൽപ്പിച്ചു ശ്രീകുമാരൻ തമ്പി ശരത്തിനെ ആലിംഗനം ചെയ്തു.
‘രാഘവപ്പറമ്പിൽ ഞാൻ ഒരുപാടു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും എ ന്റെ വീട്ടിലേക്കു ശരത് വരുന്നത് ആദ്യമായാണ്. ഞാനിന്നു സാക്ഷാൽ വ യലാറിന്റെ സാന്നിധ്യം അറിയുന്നുണ്ട്.’ ശ്രീകുമാർ തമ്പി സംഭാഷണത്തിനു തുടക്കമിട്ടു. സിനിമയും വ്യക്തിജീവിതവും കഴിഞ്ഞ കാലവും.. മനോഹരമായൊരു ഗാനം പോലെയായിരുന്നു അത്.
ശരത്: തിരുവനന്തപുരത്ത് ആയുർവേദ കോളജിനടുത്ത് ‘സ്വിസ്’ എന്ന പേരിൽ ഒരു ഹോട്ടലുണ്ടായിരുന്നു. അവിടെ ആഹാരം കഴിക്കാൻ വന്നപ്പോഴാണു ഞാൻ തമ്പിച്ചേട്ടനെ ആദ്യമായി കാണുന്നത്. ഞാനന്നു മാർ ഇവാനിയോസിൽ പഠിക്കുന്നു. തമ്പിച്ചേട്ടനാണ് അന്ന് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. ഓർമയുണ്ടോ?
തമ്പി: ഓർമകളെല്ലാം അതേ പോലെ കൂടെയുണ്ട്. വയലാറിന്റെ കാലത്തുപാട്ടെഴുതാൻ പറ്റി എന്നതിലല്ല അദ്ദേഹത്തെ കാണാനും സംസാരിക്കാനും പറ്റി എന്നതു തന്നെ ഭാഗ്യമായി കാണുന്ന ആളാണു ഞാൻ.
മലയാള ഭാഷ തൻ മാദകഭംഗി
ശരത്: തമ്പിച്ചേട്ടന്റെ ആദ്യത്തെ കവിതാസമാഹാരത്തിന് അച്ഛൻ അ വതാരിക എഴുതിയ കാര്യം ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ?
തമ്പി: ഹരിപ്പാട്ട് സമ്മേളനസ്ഥലത്തു വച്ചാണു ഞാൻ വയലാറിനെ ആദ്യമായി കാണുന്നത്. സുഹൃത്തു ചേർത്തല ഭാസ്കരൻ നായരുടെ സഹായത്തോടെ അദ്ദേഹത്തെ പരിചയപ്പെട്ടു. പിന്നീടാണു ഭാസ്കരൻ നായരേയും കൂട്ടി ഞാൻ രാഘവപ്പറമ്പിൽ ചെല്ലുന്നത്.
സ്വന്തം അനുജനോടെന്ന പോലെയാണ് അദ്ദേഹം എന്നോടു പെരുമാറിയത്. അമ്മയെ പരിചയപ്പെടുത്തി തന്നു. എന്റെ കവിതകൾ ഒന്നൊന്നായി വായിച്ചു. വായനയ്ക്കിടയിൽ എന്നെ നോക്കും. അർഥമുള്ള നോട്ടം. തിരികെപ്പോകാൻ നേരം ഊണു കഴിപ്പിക്കാനും അദ്ദേഹം മറന്നില്ല. പുളിശ്ശേരിയും മോരുമൊക്കെയുണ്ടായിരുന്നു. മോരിൽ കാന്താരിമുളക് ഉടച്ചുകഴിക്കാൻ പറഞ്ഞു. നല്ല സ്വാദായിരുന്നു അതിന്.
ശരത് : ചെറുപ്പത്തിൽ അച്ഛനെക്കാളും തമ്പിച്ചേട്ടനായിരുന്നു എന്നെ സ്വാധീനിച്ചത്. തമ്പിച്ചേട്ടന്റെ തലമുടി അന്നേ പ്രസിദ്ധമാണ്. അതുകണ്ടു ഞാനും മുടി വളർത്താൻ തുടങ്ങി.
‘നീ ശ്രീകുമാരൻ തമ്പിയാവാൻ പോകുകയാണോ’ എന്നൊക്കെ വീട്ടിൽ ചോദിച്ചു. ഞാൻ കുട്ടിയായിരുന്ന സമയത്തു ഞങ്ങളുടെ വീട്ടിലൊരു കത്തു വന്നു. അച്ഛനെ ശരിപ്പെടുത്തിക്കളയും എന്നൊക്കെയുള്ള ഒരു ഭീഷണക്കത്ത്. അമ്മമാരൊക്കെ പേടിച്ചു.
അച്ഛൻ പക്ഷേ, വളരെ നിസ്സാരമായാണു പ്രതികരിച്ചത്. കത്ത് ശ്രീകുമാരൻ തമ്പി പറഞ്ഞ് ആരോ അയച്ചതാണെന്നു ചിലർ അച്ഛനോടു പറഞ്ഞു. അച്ഛൻ ചിരി ച്ചതേയുള്ളു.
മല്ലിക പൂവിൻ മധുരഗന്ധം
തമ്പി: ഒരു ചിരിയിലോ ഒരു നോട്ടത്തിലോ വാചാലമായി സംസാരിക്കാൻ വയലാറിനു കഴിഞ്ഞിരുന്നു.
ശരത്: അമ്മയും അതു പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛന്റെ പാട്ടുകൾ ഹൃദയത്തിലേക്ക് എടുക്കുന്നതിനു മുൻപ് എ നിക്കു തമ്പിച്ചേട്ടന്റെ പാട്ടുകൾ ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട്. ആ പാട്ടുകളിലെ വിഷാദമാണ് എന്നെ ആകർഷിച്ചത്. എനിക്കൊരു നാടൻ പ്രേമമുണ്ടായിരുന്നു. അതു പൊളിഞ്ഞ സമയത്ത് തമ്പിച്ചേട്ടന്റെ പാട്ടുകൾ എനിക്ക് ഔഷധം പോലെയായിരുന്നു.‘സ്വർഗമെന്ന കാനനത്തിൽ സ്വർണമുഖീ നദിക്കരയിൽ......’ എന്ന പാട്ട് എത്ര പ്രാവശ്യം കേട്ടിരുന്നു എന്നതിനു കണക്കില്ല.
തമ്പി: ചന്ദ്രകാന്തത്തിലെ പാട്ടാണ് അത്.
ശരത്: അച്ഛനും തമ്പിച്ചേട്ടനും തമ്മിലും ഇണക്കവും പിണക്കവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അതൊക്കെ ഇപ്പോ ൾ ഓർക്കാറുണ്ടോ?
തമ്പി:ശാശ്വതമായ പിണക്കമോ ദേഷ്യമോ ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഒരു സംഭവം പറയാം. ഒരു രാത്രി വയലാർ എന്നെ വിളിച്ചു. അതികഠിനമായ ഭാഷയിൽ എന്നെ ചീത്ത വിളിച്ചു. ഞാൻ അതൊക്കെ കേട്ടു നിന്നു. അവസാനം ഞാൻ പറഞ്ഞു; ‘ചേട്ടൻ മദ്യപിച്ചുകൊണ്ടാണു സംസാരിക്കുന്നത്.’ എന്തായിരുന്നു അതിനുള്ള പ്രകോപനമെന്ന് എനിക്കു മനസ്സിലായില്ല. അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. എന്റെ കുടുംബത്തിനും വലിയ വിഷമമായി.
പിറ്റേന്ന് പുലർച്ചെ എനിക്കൊരു ഫോൺകോൾ. വയലാറാണ്. ‘ഞാൻ ഇന്നലെ രാത്രി നിന്നോടു പരുഷമായി എ ന്തൊക്കെയോ സംസാരിച്ചു. ക്ഷമിക്ക്. രാവിലെ ഞാനും ഭാരതിയും അങ്ങോട്ടു വരും. ഉച്ചയ്ക്കുള്ള ഭക്ഷണം തയാറാക്കണം.’ ഞാനും രാജിയും മക്കളും ചേർന്ന് അദ്ദേഹത്തെ ഒരു പരിഭവവും കൂടാതെ സ്വീകരിച്ചു.
ഉച്ചയൂണിന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാന്താരിമുളക് കരുതാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം.
സുഖമൊരു ബിന്ദു
ശരത്: േചട്ടന് അച്ഛനോട് എന്നെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?
തമ്പി: കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം ശരത്തിനോടു പറയേണ്ടതില്ലല്ലോ? എന്നെ ആദ്യമായി ചിറ്റപ്പാ എന്നു വിളിക്കുന്നതു ശരത്തിന്റെ സഹോദരി യമുനയാണ്. സിന്ധുവും ഇന്ദുലേഖയും എന്നെ അങ്ങനെ തന്നെയാണു വിളിച്ചിരുന്നത്. ശരത് മാത്രമേ തമ്പിച്ചേട്ടാ എന്നു വിളിക്കാറുള്ളു.
വയലാറിനോടും പി.ഭാസ്കരനോടും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതു പക്ഷേ, ദേഷ്യത്തിന്റെ തലത്തിലേക്കു മാറിയിട്ടില്ല. മാറാൻ ഞങ്ങൾ സമ്മതിച്ചിട്ടില്ല. മദ്യപാനത്തിന്റെ കാര്യത്തിൽ ചിലപ്പോൾ ഞാൻ ദേഷ്യപ്പെടും. അപ്പോൾ അദ്ദേഹം പറയും. ‘എടാ നിനക്കു മദ്യപാനത്തിന്റെ സുഖം അറിയാത്തതുകൊണ്ടാണ്. അതറിഞ്ഞു തുടങ്ങിയാൽ നിന്റെ അഭിപ്രായവും മാറും.
ശരത്: േചട്ടൻ ആ സുഖം അറിയാത്തത് വളരെ നന്നായി. അതൊരു ചതിക്കുഴിയാണു ചേട്ടാ...
തമ്പി: എന്റെ അച്ഛൻ നന്നായി മദ്യപിക്കുമായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അച്ഛൻ വീട്ടിൽ വരും. അച്ഛൻ വന്നുപോയാൽ അമ്മ ഗർഭിണിയാവും. എനിക്കു താഴെ നാല് അനുജന്മാർ തുടരെത്തുടരെ മരിച്ചിട്ടുണ്ട്. രാത്രി എന്നെ കെട്ടിപ്പിടിച്ചു കിടന്ന് അമ്മ തേങ്ങും. ഒരിക്കൽ ഞാൻ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മുഖത്ത് മഴ പെയ്തു.
നോക്കുമ്പോൾ മഴയല്ല അമ്മയുടെ കണ്ണുനീരാണ്. അ ന്ന് അമ്മ പറഞ്ഞു; ‘ഇന്ന് അമ്മ കരയുന്നതുപോലെ നീ കാരണം ഒരു സ്ത്രീക്കും കരയേണ്ടി വരരുത്.’
അച്ഛന്റെ മദ്യപാനമായിരുന്നു അമ്മയുടെ ദുഃഖമെന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതത്തിൽ ഒരു തുള്ളി പോലും മദ്യപിക്കില്ലെന്ന് അന്നെടുത്ത ശപഥമാണ്. ഈ എൺപത്തിമൂന്നാം വയസ്സിലും അതു പാലിക്കുന്നുണ്ട്.
ഹൃദയം കൊണ്ടെഴുതുന്ന കവിത
ശരത്: വയലാർ എന്നെങ്കിലും തമ്പിച്ചേട്ടന്റെ വഴിമുടക്കി എന്നു തോന്നിയിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ മകനെ നിലയിൽ ഞാൻ മാപ്പു ചോദിക്കുന്നു.
തമ്പി: ഗംഗോത്രിയിൽ നിന്നു ഗംഗ ഉത്ഭവിക്കുന്നത് ചെറിയൊരു അരുവിയായിട്ടാണ്. പിന്നീടത് ഒരു മഹാപ്രവാഹമായി മാറുന്നു. എല്ലാം തുടങ്ങുന്നതു ചെറുതിൽ നിന്നാണ്. ശരത്തിന് അറിയാമോ എന്നറിഞ്ഞുകൂടാ. ഗാനരചയിതാവ് എന്നനിലയിൽ പി. ഭാസ്കരൻ അറിയപ്പെട്ടതിനുശേഷമാണു വയലാർ സിനിമയിലേക്കു വരുന്നത്. കൂടപ്പിറപ്പ്, ചതുരംഗം എന്നീ രണ്ടു സിനിമകളിൽ മനോഹരമായ ഗാനങ്ങൾ എഴുതിയിട്ടും ഒരു പാട്ടെഴുത്തുകാരൻ എന്ന നിലയിൽ വയലാർ അംഗീകരിക്കപ്പെട്ടതു പിന്നെയും കുറേക്കാലം കൂടി കഴിഞ്ഞിട്ടാണ്.
പിന്നീട് വയലാർ ഗംഗ പോലെ ഒഴുകിയില്ലേ? യേശുദാസിന്റെ കാര്യമെടുക്കുക. ഒരുദിവസം കൊണ്ടല്ലല്ലോ നമ്മൾ അദ്ദേഹത്തെ ഗാനഗന്ധർവൻ എന്നു വിളിച്ചത്.
ആദ്യത്തെ ഒന്നുരണ്ടു സിനിമകളിൽ യേശുദാസിനെപ്പോലും മലയാളികൾ ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഒരു നാദഗംഗയായി േയശുദാസ് ഒഴുകിയത്.
ശരത്: ഒരുപാടു നാളായി തമ്പിച്ചേട്ടനോടു ചോദിക്കണമെന്നു വിചാരിക്കുന്നു; അച്ഛന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടോ?
തമ്പി: ദുരൂഹത ഇല്ല എന്ന് എനിക്കു തറപ്പിച്ചു പറയാൻ പ റ്റില്ല. അദ്ദേഹത്തിന്റെ അവസാനസമയത്തു മറ്റു പലരോടൊപ്പം ഞാനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. പക്ഷേ, ഐസി യൂണിറ്റിൽ എന്താണു നടന്നതെന്നു നമുക്ക് അറിയില്ലല്ലോ?
എന്റെ മകൻ ആത്മഹത്യ ചെയ്തു എന്നു ഞാൻ ഇന്നും വിശ്വസിക്കുന്നില്ല, പക്ഷേ, നമ്മളൊക്കെ നിസ്സഹായരാണ്. ശരത്തിന് അന്നു പതിനഞ്ചു വയസ്സ്. എന്തു ചെയ്യാൻ ക ഴിയും? എന്റെ മകന്റെ മരണത്തിൽ എനിക്ക് എന്തു ചെയ്യാൻ കഴിഞ്ഞു? വയലാറിന്റേതു ന്യായമായ മരണമല്ലെന്ന് അന്നേ തോന്നിയിരുന്നു.
ശരത്: ഒരു ടെലിവിഷൻ അവതാരകൻ എന്നോടു ചോദിച്ചു. വയലാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ ഒരു മകൻ എന്ന നിലയിൽ എന്തുകൊണ്ട് അത് അന്വേഷിച്ചില്ല എന്ന്. ഞാൻ പറഞ്ഞു; ‘വയലാർ രാമവർമ അന്തരിച്ചു എ ന്നു കേൾക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാതെ വയലാർ കൊല്ലപ്പെട്ടു എന്നു കേൾക്കുന്നതല്ല.’ എന്ന്.
തമ്പി: അങ്ങനെ കേൾക്കാൻ ശരത്തിനെന്നല്ല മലയാളം സംസാരിക്കുന്ന ആർക്കും ഇഷ്ടമാകില്ല.
തുടക്കവും ഒടുക്കവും സത്യങ്ങൾ
ശരത്: തമ്പിച്ചേട്ടനു വയലാറിനേക്കാൾ ഇഷ്ടം ഭാസ്കര ൻ മാഷിനെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. ശരിയാണോ?
തമ്പി: അഭിനയം, സംവിധാനം, നിർമാണം, അങ്ങനെ ഒന്നിലധികം മേഖലകളിൽ ഭാസ്കരൻ മാഷുമായി കൂടുതൽ ജോ ലി ചെയ്യാൻ കഴിഞ്ഞു. അദ്ദേഹമെനിക്കു ഗുരുതുല്യനായിരുന്നു.
അദ്ദേഹം സംവിധാനം ചെയ്ത ഏഴു സിനിമകൾക്കു ഞാൻ തിരക്കഥ എഴുതി. ഭാസ്ക്കരൻ മാഷിന്റെ ഗാനരചനയുടെ ഇരുപത്തിയഞ്ചാം വാർഷികം ഞാൻ മുൻകയ്യെടുത്താണു മദ്രാസിൽ സംഘടിപ്പിച്ചത്. ആ പരിപാടിയിലെ മുഖ്യാതിഥി വയലാർ ആയിരുന്നു. അന്നു സ്റ്റിൽ ഫൊേട്ടാഗ്രഫർ രമാമണി എടുത്ത ഞങ്ങൾ മൂന്നുപേരുടെയും ഫോട്ടോയാണു പിൽക്കാലത്തു പ്രശസ്തമായത്. മദ്രാസിൽ ഒ രു വീട് വച്ചപ്പോൾ ഞാൻ തന്നെ അതു ഡിസൈൻ ചെയ്യണമെന്നു മാഷിനു നിർബന്ധമുണ്ടായിരുന്നു. ഭാസ്കരൻ മാഷിനെക്കുറിച്ചു ഞാൻ എഴുതിയിട്ടുണ്ട്; ‘ആകുലതകളുടെ അലമാലകളിൽ ഇളകിമറിഞ്ഞ എന്റെ മനസ്സിന് അഭയം നൽകിയ സാന്ത്വനസംഗീതം’ എന്ന്.
തിരുവോണപ്പുലരി തൻ
ശരത്: മലയാളസിനിമയിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ചേട്ടനെപ്പോലെ അനുഭവമുള്ള ഒരാളും ഇല്ല. പക്ഷേ, സിനിമാലോകം ചേട്ടനോട് എത്രമാത്രം നീതി കാണിച്ചു എന്നെനിക്ക് സംശയമുണ്ട്?
തമ്പി: സിനിമാലോകം മാത്രമല്ല സാഹിത്യലോകവും. ഒരു സംഭവം പറയാം. എന്റെ തിരുവോണം എന്ന ഒരു സിനിമയി ൽ മാത്രമാണു കമലഹാസൻ അഭിനയിച്ചിട്ടുള്ളത്. എന്നിട്ടും എനിക്കു വയലാർ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം വിളിച്ചു. ഫെയ്സ്ബുക്കിൽ എഴുതി. ഞാൻ കൂടി താരങ്ങളാക്കിയ മലയാളത്തിലെ ഒരാളുപോലും എന്നെ വിളിച്ചില്ല. അതിൽ ഖേദമൊന്നുമില്ല. കാരണം വയലാർ അവാർഡിന്റെ വിലയെന്തെന്നു കമലഹാസന് അറിയുന്നതുപോലെ മറ്റുള്ളവർക്ക് അറിയണമെന്നില്ലല്ലോ?
ശരത്: രാത്രിയുടെ നിശബ്ദ യാമങ്ങളിലാണ് അച്ഛൻ എ ഴുതിയിരുന്നത്. രാത്രി രണ്ടര മൂന്നു മണിയോടെ എണീറ്റിരുന്ന് എഴുതാൻ തുടങ്ങും. മീനുകൾ പോലും ഉറങ്ങുന്ന സമയം എന്നാണ് അച്ഛൻ പറയാറുള്ളത്. ഞാനും അ ങ്ങനെയാണ്. മറ്റുള്ളവരെല്ലാം ഉറങ്ങുന്നതുകൊണ്ടു ൈദവത്തിന്റെ നോട്ടം േനരിട്ടു നമുക്കു കിട്ടും. തമ്പിച്ചേട്ടനും രാവി ലെയാണോ എഴുത്ത്?
തമ്പി:കോവിഡ് ബാധിച്ചതിനുശേഷം എന്നെ വാർധക്യം അലട്ടുന്നുണ്ട്. പഴയ ഊർജമില്ല. ഞാൻ കൂടുതൽ സമയവും എഴുത്ത് ഇവിടെയിരുന്നാണ്. ഈ സ്വീകരണമുറിയി ൽ. ഇവിടെ എനിക്കു ചുറ്റും ഒത്തിരിപ്പേരുണ്ടല്ലോ? അവരുടെ അനുഗ്രഹം ഉണ്ടാകും എഴുതുമ്പോൾ.
ശരത്: മലയാള സിനിമയും സാഹിത്യവും ഇവിടെയുണ്ട്.
തമ്പി: ഭാഷയും സംഗീതവും അറിയാത്തവർ സംഗീതസംവിധായകരായി മാറിയതോടെയാണു സിനിമയിൽ ഗാനങ്ങളുടെ അപചയം തുടങ്ങിയത്.
മ്യൂസിക് ഇട്ടു ഹിറ്റാക്കാം അതുകൊണ്ടു നല്ല വരികൾ വേണ്ട എന്നാണ് അവരുടെ മനസ്സിൽ. പിന്നെ, പഴയ ഈണങ്ങളുടെ മോഷണവും. ഇന്നു മുൻനിരയിലുള്ള പല സംഗീതസംവിധായകരും യാതൊരു കുറ്റബോധവും ഇല്ലാതെ മോഷ്ടിച്ചിട്ടുണ്ട്.
ശരത്: ഒരു സിനിമാഗാനം വാക്കും ഈണവും കൊണ്ടാണു ശ്രദ്ധിക്കപ്പെടുന്നത്. അതായിരുന്നു പണ്ടുള്ള പാട്ടുകളുടെ ഗുണം. പിന്നീട് സംഗീതസംവിധായകനായി മുൻതൂക്കം. ഇപ്പോഴതു ദൃശ്യങ്ങൾക്കാണ്. ഗാനരചയിതാവിനെ സമൂഹം തിരിച്ചറിയുന്നുകൂടെയില്ല. ഇപ്പോഴത്തെ പ്രവണത തമ്പിച്ചേട്ടന് അറിയാമോ? ഒരുകഥാസന്ദർഭം നാലഞ്ചുപേർക്കു കൊടുക്കുന്നു. അവരെക്കൊണ്ട് എഴുതിപ്പിക്കുന്നു. ഒടുവിൽ അവർക്കു വേണ്ട ഒരു പാട്ട് തിരഞ്ഞെടുക്കുന്നു.
തമ്പി: അത് എഴുതുന്നവനെ അപമാനിക്കുന്നതിനു തുല്യമാണ്. ആത്മാഭിമാനമുള്ളവർ ആ പരിപാടിക്ക് നിൽക്കില്ല
പലരും എന്നോടു ചോദിച്ചു. പത്മശ്രീ അവാർഡ് ഇതുവരെ കിട്ടിയില്ലല്ലോ? ഞാൻ പറഞ്ഞത് പി. ഭാസ്കരനും, വയലാറിനും ദേവരാജനും എം.എസ്. വിശ്വനാഥനും ദക്ഷിണാമൂ ർത്തിക്കും കിട്ടാത്ത പത്മശ്രീ കിട്ടാൻ എനിക്ക് എന്ത് അർഹത? സിനിമാഗാനങ്ങൾക്ക് എന്തോ കുറവുള്ളതുപോെല പലരും സംസാരിക്കാറുണ്ട്.
എഴുത്തച്ഛനും പൂന്താനവും കുഞ്ചൻ നമ്പ്യാരും ശ്രീനാരായണഗുരുവും കുമാരനാശാനും എഴുതിയ വരികളല്ലാതെ അൻപതു വർഷം മുൻപുള്ള ഏതെങ്കിലും കവിത ആരെങ്കിലും പാടുന്നുണ്ടോ?
എന്റെ ജീവിതത്തിൽ ഒരു ആഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അത് ഇപ്പോഴും സാധിച്ചിട്ടില്ല. വയലാറിന്റെ ‘ആയിരം പാദസരങ്ങൾ പോലെ...’ ഭാസ്കരൻ മാഷിന്റെ ‘താമസമെന്തേ വരുവാൻ’ പോലെ മനോഹരമായ ഒരു പാട്ടെഴുതണം.
വയസ്സ് എൺപത്തിമൂന്നായി. ഇനി അധികകാലമൊന്നും ഇല്ല. മടങ്ങണം. അതിന് ഒട്ടും മടിയുമില്ല. വയലാറിന്റെ േപരിലുള്ള ഈ അവാർഡിനുവേണ്ടിയാണ് ഇത്രയും കാലം ജീവിച്ചിരുന്നതു തന്നെ എന്നു തോന്നുന്നു.
ശരത്: തമ്പിച്ചേട്ടൻ അങ്ങനെയൊന്നും പറയേണ്ട. സംഗീതപ്രേമികളുടെ പ്രാർഥനയുണ്ട് കൂടെ. അങ്ങനെ മടങ്ങാനൊന്നും അവർ സമ്മതിക്കില്ല.
ശ്രീകുമാരൻ തമ്പി തന്റെ സഹയാത്രികന്റെ മകനെ ആ ലിംഗനം ചെയ്തു യാത്രയാക്കി. യാത്ര പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. അതു കണ്ടു മേഘപാളികളിലിരുന്നു വയലാർ പുഞ്ചിരിക്കുന്നുണ്ടാവണം.
വയലാര്‍ മൂളിനടന്ന പാട്ട്
ശരത്: വീട്ടിൽ വരുമ്പോൾ അച്ഛൻ മൂളിനടക്കുന്ന ഒരു പാട്ടുണ്ടായിരുന്നു.
‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരം പേർ വരും. കരയുമ്പോൾ
കൂടെ കരയാൻ നിൻനിഴൽ മാത്രം വരും...’
ഞാൻ കരുതിയത് അത് അച്ഛന്റെ വരികളാണ് എന്നായിരുന്നു. മുതിർന്നപ്പോഴാണു മനസ്സിലായത് അത് തമ്പിച്ചേട്ടന്റെ പാട്ടാണെന്ന്.
തമ്പി: കടൽ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ പാട്ടാണത്. എം.ബി. ശ്രീനിവാസനായിരുന്നു സംഗീതം. എന്റെ പാട്ട് വയലാർ മൂളിനടന്നിരുന്നു എ ന്ന് ഈ നിമിഷം വരെ അറിയില്ലായിരുന്നു.
വയലാറും ദേവരാജനും
ശരത്: ‘നമ്മൾ തമ്മിൽ കൂടുതൽ പാട്ടുകൾ ചെയ്യുന്നത് കുട്ടന് ഇഷ്ടമല്ല’ എന്ന് ദേവരാജൻ മാസ്റ്റർ തമ്പിച്ചേട്ടനോടു പറഞ്ഞിട്ടുണ്ടല്ലോ? അത് അച്ഛന് അറിയാമായിരുന്നോ?
തമ്പി: ദേവരാജൻ മാസ്റ്റർ അങ്ങനെ പറഞ്ഞതു വയലാർ അറിഞ്ഞിരിക്കാൻ വഴിയില്ല. മാത്രമല്ല എ ന്നെയൊരു എതിരാളിയായി വയലാർ കരുതാനും വഴിയില്ല. പിന്നാലെ വരുന്ന ഒരാളായേ അദ്ദേഹം കരുതിയിട്ടുണ്ടാകൂ.
ദേവരാജൻ മാസ്റ്റർ അങ്ങനെ പറഞ്ഞത് വയലാർ എന്ന കവിയോടു ദേവരാജൻ എന്ന സംഗീതസംവിധായകൻ പുലർത്തിയിരുന്ന ആത്മാർഥതയുടെ കൂടുതൽ കൊണ്ടായിരുന്നു. വയലാറിനുവേണ്ടി ആരോടും വഴക്കിടാനും പിണങ്ങാനും ദേവ രാജൻ മാസ്റ്റർക്കു മടിയുണ്ടായിരുന്നില്ല. അത്രയ്ക്കും ദൃഢമായിരുന്നു അവർ തമ്മിലുള്ള ബന്ധം.
വി.ആർ. ജ്യോതിഷ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ