Thursday 01 August 2019 05:38 PM IST

‘എനിക്ക് പറ്റില്ലെന്ന് ആളുകൾ കരുതുന്ന കാര്യങ്ങൾ ചെയ്തു കാണിക്കണം’; ശ്വേതാ മേനോനോട് മനസ്സ് തുറന്ന് ഗിന്നസ് പക്രു!

Lakshmi Premkumar

Sub Editor

swetha-ajayan1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ചാടി ചാടി നടക്കുന്ന ഒരു കുട്ടിക്കുരങ്ങ്’ അതായിരുന്നു ഞാൻ ജീവിതത്തിൽ കെട്ടിയ ആദ്യത്തെ ഫാൻസിഡ്രസ്സ്. അന്ന് സ്കൂളും സബ് ജില്ലയും താണ്ടി ജില്ലാതലത്തിൽ വരെ ഫസ്റ്റടിച്ച വേഷമാണത്. പക്ഷേ, അത് അവിടം കൊണ്ട് അവസാനിച്ചില്ല. ഇന്ന് ഇതാ, യാദ്യച്ഛികമെന്നോണം ‘ഫാൻസിഡ്രസ്സ്’ എന്ന സിനി മയുടെ നിർമാതാവുമായിരിക്കുന്നു. മലയാളികളുടെ കണ്ണിലുണ്ണി ഗിന്നസ് പക്രു പറഞ്ഞു തുടങ്ങി.

അരികിൽ ‘ഫാൻസിഡ്രസ്സി’ലെ നായിക ശ്വേതാ മേനോൻ വിടർന്ന കണ്ണുകളോടെ. ഇപ്പോൾ ചിരിക്കാനുള്ള ഒരു തീപ്പൊരി പക്രു ചേട്ടൻ പൊട്ടിക്കുമെന്ന ഭാവത്തിൽ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുഹൃത്തുക്കളും മന:സാക്ഷി സൂക്ഷിപ്പുകാരുമാണ്  ഈ ‘കുഞ്ഞു’ നടനും പ്രിയ നടിയും. ഇരുവരും  ‘വനിത’യ്ക്ക് വേണ്ടി മനസ്സു തുറന്നപ്പോൾ വിരി‍ഞ്ഞ ചിരി മുഹൂർത്തങ്ങളും... ചെറിയ വലിയ വർത്തമാനങ്ങളും.

കുരങ്ങനും മരവും

പക്രു: എന്റെ ഫാൻസിഡ്രസ്സ് കഥ കേട്ടല്ലോ. ശ്വേതയ്ക്ക് ഒാർമയുണ്ടോ, ആദ്യം സ്റ്റേജിൽ അവതരിപ്പിച്ച വേഷമേതാണെന്ന്..

ശ്വേത: പിന്നേ... അന്നു ഞാൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഒരു മരമായിട്ടാണ് ആദ്യമായി സ്‌റ്റേജിൽ കയറുന്നത്. ദേഹത്ത് തടിയുടെ ചിത്രമൊക്കെ വച്ചുകെട്ടി തലയിൽ നിറയെ പച്ചയില വട്ടത്തിൽ കുത്തി നിറച്ച് കണ്ടാൽ ബ്രോക്ക്‌ലി ലുക്ക്. പക്ഷേ, മരമാണെന്നാണ് സങ്കൽപം. അച്ഛനും അമ്മയും പറഞ്ഞു, സ്റ്റേജിൽ കയറിയാൽ തല നല്ലപോലെ ആട്ടണം. ‘ഓഹ്, യെസ്! നോ പ്രോബ്ലം.’ അങ്ങനെ ഞാൻ സ്‌റ്റേജിൽ കയറിയപ്പോൾ തൊട്ട്  ഇറങ്ങുന്നതുവരെ ഫുൾ തലയാട്ടൽ. പിന്നെ, കുറെ സ്‌റ്റേജിൽ ഞാൻ മരമായിരുന്നുട്ടോ. കുട്ടികളുടെ കൂട്ടത്തിൽ ഏറ്റവും പൊക്കം എനിക്കായിരുന്നു. അതുകൊണ്ടായിരിക്കണം.

പക്രു : അതുകൊള്ളാലോ, ഈ ഫാൻസി ഡ്രസ്സിന്റെ കാര്യത്തിലും നമ്മൾ തമ്മിലുള്ള ഒരു ബന്ധം ശ്വേത ശ്രദ്ധിച്ചോ? ശ്വേത മരം. ഞാൻ കുരങ്ങൻ. കുരങ്ങന് മരമില്ലാതെ ജീവിക്കാൻ പറ്റുമോ? ഇല്ലല്ലോ...

ശ്വേത : (ചിരിക്കാൻ കിട്ടിയ ചാൻസ് ഒട്ടും മിസ്സാക്കാതെ പൊട്ടിച്ചിരി) എങ്ങനെയാ ചേട്ടാ ഇങ്ങനെ ഓരോ കാര്യം കണ്ടു പിടിക്കാൻ കഴിയുന്നേ. ശരിക്കും ഈ കോമഡി പറയുന്നവരെ സമ്മതിച്ചേ പറ്റൂ.

സൗന്ദര്യത്തിന്റെ രഹസ്യം

പക്രു : ശ്വേതയിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഒരു ക്വാളിറ്റി അതാണ്. എപ്പോഴും ചിരിച്ചോണ്ടിരിക്കും. ചിലപ്പോൾ നമ്മൾ തമാശ പറഞ്ഞ് തീർത്തിട്ടുണ്ടാകില്ല. അതിനു മുൻപേ ശ്വേത ചിരിച്ചു തുടങ്ങും. തമാശ പറഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അത് ശരിക്കും  ക്ലിക്കാകുന്നത്. അന്നേരം വേറെയും ചിരി. ആ ചിരി കുറച്ചു കൂടി ഉറക്കെയായിരിക്കും. ശരിക്കും ശ്വേതയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഈ ചിരിയല്ലേ ?

ശ്വേത : ഞാൻ ചെറുപ്പം തൊട്ടേ അങ്ങനെയാ ചേട്ടാ, നിസാര കാര്യത്തിന് ചിരി വരും. അതുപോലെ തന്നെ വിഷമവും വരും. എപ്പോഴും പൊസിറ്റിവായി മനസ്സ് നിലനിർത്താൻ സഹായിക്കുന്ന മാജിക്കാണ് ചിരി.

എന്തിന് മടിക്കണം?

 പക്രു : ഞാൻ ഈ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ ശ്വേത ഓക്കെ പറഞ്ഞു. അതെന്താ ഒരു ദിവസം പോലും ആലോചിക്കാൻ ചോദിക്കാതിരുന്നത് ?

ശ്വേത : പക്രു ചേട്ടൻ ഒരു സിനിമയുടെ കാര്യം പറഞ്ഞു വരുമ്പോൾ പിന്നെ, അതിൽ ഞാൻ കൂടുതൽ ചിന്തിക്കേണ്ട കാര്യം പോലുമില്ല. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. പിന്നെ, അവിടെ ഞാൻ എ ന്റെ നായകൻ ആരാ? പ്രതിനായകൻ ആരാ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ലല്ലോ. എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു അതുതന്നെ ധാരാളം.

പക്രു : പലപ്പോഴും മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുള്ള കാര്യമാണ്, നായകൻ ആരാണെന്ന് നോക്കിയിട്ടേ പെൺകുട്ടികൾ നായികയാകാൻ സമ്മതിക്കൂ. ഇപ്പോൾ എന്റെ നായികയാണെന്ന് പറഞ്ഞാൽ മിക്ക പെൺകുട്ടികളും സമ്മതിക്കില്ല. എന്നിട്ട് മാറിയിരുന്നിട്ട് വിലപിക്കും. അയ്യോ... ഞങ്ങൾക്ക് അഭിനയിക്കാനുള്ള ചാൻസ് ലഭിക്കുന്നില്ലേയെന്ന്. അപ്പോഴാണ് ശ്വേതയെ പോലൊരു നടി കണ്ണുമടച്ച് ‘യെസ്’ പറയുന്നത്.

ശ്വേത : ഫാൻസി ഡ്രസ്സിൽ കലാഭവൻ ഷാജോണാണ് എന്റെ നായകൻ. ഞാൻ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്റേതായ കുറച്ചു ഡിമാൻസ് ഉണ്ട്. അതെന്റെ വളരെ പഴ്സനലായിട്ടുള്ള കാര്യങ്ങളാണ്. അതെല്ലാം പക്രു ചേട്ടൻ ഓക്കെ പറഞ്ഞു. പിന്നെ, ഞാനെന്തിന് യെസ് പറയാതിരിക്കണം? ചേട്ട ൻ നിർമാതാവാകുന്ന ആദ്യ സിനിമ, എങ്ങനെയുണ്ടായിരുന്നു ആ എക്സ്പീരിയൻസ് ?

swetha-ajayan3

അഭിനയം ഈസിയല്ലേ...

പക്രു : എന്റെ പൊന്നേ, അഭിനയം തന്നെയാണ് ഏറ്റവും എളുപ്പമുള്ള പണി. ഇതിപ്പോൾ അഭിനയത്തോടൊപ്പം ബാക്കി കാര്യങ്ങളൊക്കെ നോക്കണ്ടേ. ശരിക്കും നിർമാണ രംഗത്തേക്ക് ഇറങ്ങുമ്പോഴാണ് നമുക്കു മനസ്സിലാകുന്നതു സിനിമ എ ന്തൊരു വലിയ കടലാണെന്ന്.

ഒരു കാര്യം തീർന്നല്ലോ എന്ന് ആശ്വസിക്കുമ്പോൾ അടു ത്തത് തുടങ്ങും. പണം മുടക്കുമ്പോഴല്ലേ നമുക്കതിന്റെ സംഘ ർഷം മനസ്സിലാകുന്നത്. പക്ഷേ, എന്നെ സംബന്ധിച്ച് എന്റെ കുറച്ചു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പണമിടപാടുകളെല്ലാം നോക്കിയിരുന്നത് അവരായിരുന്നു. എല്ലാവരും ബിസിനസുകാരാണ്. പിന്നെ, എനിക്ക് അഭിനയിക്കുകയും വേണമായിരുന്നല്ലോ. കൂടുതൽ ടെൻഷനടിപ്പിക്കണ്ട എന്നും കരുതിക്കാണും. എന്നാലും എന്റെ വലിയ ആഗ്രഹങ്ങളാണ് ശ്വേതാ, ഞാനിതിലൂടെയെല്ലാം നേടുന്നത്. എനിക്ക് പറ്റില്ലെന്ന് ആളുകൾ കരുതുന്ന കാര്യങ്ങൾ ചെയ്തു കാണിക്കണം.

ങ്ങള് മാസ്സാണ്...

ശ്വേത : ഞാൻ സത്യം പറയട്ടെ, പക്രു ചേട്ടനെ പരിചയപ്പെടുന്നതു വരെ എന്റെയുള്ളിൽ നിങ്ങളെപോലെയുള്ള ആളുകളെ കുറിച്ച് ഉണ്ടായിരുന്നത് വേറൊരു ധാരണയായിരുന്നു. സമൂഹത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന വൈബ് അങ്ങനെയാണ്. നിങ്ങൾക്ക് എന്തൊക്കെയോ കുറവുകളുണ്ട്. സാധാരണ ആളുകളെ പോലെയല്ല എന്നൊക്കെയായിരുന്നു കരുതിയിരുന്നത്. പക്ഷേ, നിങ്ങൾ ഒരാളെ പരിചയപ്പെട്ടതും എന്റെ കൺസപ്റ്റ് മാറി മറിഞ്ഞു. ‘സച്ച് എ ബ്യൂട്ടിഫുൾ സോൾ.’ ഓർമയുണ്ടോ, നമ്മൾ ആദ്യം പരിചയപ്പെട്ടത് ഒരു അമേരിക്കൻ ട്രിപ്പിന് പോകുമ്പോഴാണ്.

പക്രു: അന്നെനിക്കൊപ്പം ഭാര്യ ഗായത്രിയും ഉണ്ടായിരുന്നു. ഞങ്ങൾ കരുതി ശ്വേതയൊക്കെ വലിയ ആളുകളല്ലേ, നമ്മളോ ടൊക്കെ മിണ്ടുവോ എന്ന്. പക്ഷേ, എന്നെ അമ്പരപ്പിച്ചു കൊണ്ട് ശ്വേത വന്ന് സംസാരിച്ചു. തിരികെ പോയപ്പോൾ ഗായത്രി പറഞ്ഞു. ‘നമ്മൾ കരുതുന്നപോലെയൊന്നുമല്ല ആളുകൾ. എത്ര നല്ല പെരുമാറ്റമാണ് ശ്വേതയുടേതെ’ന്ന്.

തലകുനിച്ച് നിൽക്ക്

പക്രു : 174 സെന്റിമീറ്ററല്ലേ ശ്വേതയുടെ പൊക്കം,  പൊക്കത്തിന്റെ പേരിൽ എപ്പോഴെങ്കിലും മാറ്റി നിർത്തിയിട്ടുണ്ടോ ?

ശ്വേത : ഇഷ്ടം പോലെ. പൊക്കമുള്ളതിന്റെ പേരിൽ ഒട്ടേറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ‘തല കുനിച്ചു നിക്ക്, എന്തിനാ ഇങ്ങനെ തലയുയർത്തി നിൽക്കുന്നേ, അതുകൊണ്ടല്ലേ പൊക്കം തോന്നുന്നേ’ എന്നൊക്കെ എത്രയോ  വട്ടം പലരും പറഞ്ഞിരിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ, പൊക്കമുള്ളതു കൊണ്ട് കുമ്പിട്ടു നിൽക്കാൻ ആവശ്യപ്പെടുന്നതിലെ ഔചിത്യം.

പക്രു : അപ്പോള്‍ പൊക്കം കൂടിയാലും പ്രശ്നമാണല്ലേ... എനിക്ക് പൊക്കമില്ലായ്മയുടെ പേരിൽ ചിരിയും വിഷമവും ഉണ്ടായ സന്ദർഭമുണ്ട്. ഒരിക്കൽ വിദേശ ട്രിപ്പിൽ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ പോയി.

അവിടെയാണെങ്കിൽ ഇഷ്ടം പോലെ റൈഡുകളാണ്. പറഞ്ഞിട്ടെന്താ കാര്യം, ഒരു റൈഡിൽ പോലും കയറ്റാൻ അവര് സമ്മതിക്കില്ല. നാലു വയസ്സിൽ താഴെയുള്ളവരെ കയറ്റാൻ പാടില്ലെന്ന്. എനിക്ക് കളിക്കാൻ വട്ടത്തിൽ കറങ്ങുന്ന കുതിരയും, ഇലക്ട്രിക് കാറും. അതുപോലെ തന്നെയാണ് ചില ഗ്രൂപ്പ് സെൽഫി എടുക്കുമ്പോൾ ആരെങ്കിലും  നമ്മളെ പൊക്കിയെടുത്താൽ മാത്രമല്ലേ കാര്യമുള്ളൂ.

swetha-ajayan2

അന്നത്തെ പ്രസവം

പക്രു: എനിക്കറിയാവുന്ന ശ്വേത മറ്റൊരാളാണ്. പക്ഷേ,  ഒരുപാടു പേർക്ക് ശ്വേതയെ കുറിച്ച് തെറ്റിധാരണയാണ്.

ശ്വേത: പ്രധാന കാരണം ഞാൻ ‘കളിമണ്ണിൽ’ അഭിനയിച്ചതാകണം. ആ സിനിമയിലെ ലൈവ് പ്രസവമുണ്ടാക്കിയ പുകിലിന്റെ അലയൊലികൾ ഇപ്പോഴും കേൾക്കാം. പക്ഷേ, ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ, ശ്വേത എന്താ അങ്ങനെ ചെയ്തെ’ എന്നൊന്നും ചോദിച്ചിട്ടേയില്ല. മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം. പക്ഷേ, എന്റെ ലൈഫിൽ എടുത്ത ബെസ്റ്റ് തീരുമാനങ്ങളിൽ ഒന്നാണത്. ഭർത്താവിന്റെ പൂർണ സപ്പോർട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓർമയുണ്ട്, എന്റെ കുഞ്ഞു പുറത്തേക്കു വന്നത് ചിത്രീകരിച്ച ശേഷം ബ്ലസ്സി സാർ കരയുകയായിരുന്നു. എന്റെ ഭർത്താവിനേയും അതു വല്ലാതെ ഇമോഷനലാക്കി. ‘കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭർത്താവിനും  ബന്ധുക്കൾക്കും കൂടെ കയറാമെന്ന രീതി വന്നതെന്നു തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത സൗഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓർക്കാൻ ഞാൻ അവൾക്കു നൽകുന്ന സ്നേഹ സമ്മാനം.

പക്രു: ഒരു കുഞ്ഞിന് ജന്മം നൽകുമ്പോഴുണ്ടാകുന്ന വേദന. ആ സമയത്ത് ചുറ്റും ക്യാമറയുണ്ട്, ഡയറക്ടറുണ്ട് എല്ലാം മറന്ന് പോകില്ലേ?

തീർച്ചയായും, ആദ്യമൊക്കെ നമ്മൾ കോൺഷ്യസായിരിക്കും. പക്ഷേ, അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചുറ്റുമുള്ളതൊന്നും കേൾക്കുകയും കാണുകയുമില്ല. എത്ര വേദന സഹിച്ചാണെങ്കിലും കുഞ്ഞിനെ ഒന്നും പറ്റാതെ പുറത്തെടുക്കുക എന്നു മാത്രമെ ഏതൊരമ്മയും കരുതൂ. ആ സിനിമയിലും അതുതന്നെയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഒരമ്മ എടുക്കുന്ന വേദന. അത് എല്ലാവരെയും അറിയിക്കുക. പക്ഷേ, ഹൃദയമില്ലാത്തവർ അതിനെ പല രീതിയിൽ വ്യാഖ്യാനിച്ചു.

ഏറ്റവും സന്തോഷിച്ച നിമിഷം

പക്രു: സത്യം പറഞ്ഞാൽ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്. പക്ഷേ, പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമെ അവൾ ഞങ്ങളോടൊപ്പമുണ്ടായിരുന്നുള്ളൂ. അവളുടെ ജനനവും അവളുടെ മരണവുമാണ് ജീവിതത്തിൽ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത  സന്ദർഭങ്ങൾ. രണ്ടാമത്തെ മകൾ ദീപ്ത കീർത്തിയെ കാണുമ്പോൾ എല്ലാവരും പറയും ആദ്യത്തെ മോൾ പുനർജനിച്ചതാണെന്ന്. അത് അങ്ങനെ തന്നെയിരിക്കട്ടെയെന്ന് ഞാനും കരുതി.

swetha-uni .indd

നിമിഷകവി സബൈന

പക്രു: ശ്വേത തിരക്കുള്ള ഒരമ്മയല്ലേ, മകളുടെ കാര്യമൊക്കെ ആരാണ് നോക്കുന്നത്. ?

ശ്വേത: എത്ര തിരക്കുണ്ടെങ്കിലും അവളുടെ കാര്യം കഴിഞ്ഞിട്ടേ വേറെയെന്തുമുള്ളൂ. ഒന്നുകിൽ ഞാൻ അതല്ലങ്കിൽ ശ്രീ അവളുടെ കൂടെ തന്നെയുണ്ടാകും. ഞങ്ങളുടെ രണ്ടു പേരുടെയും അവസ്ഥ അറിഞ്ഞാകണം നല്ലപോലെ അഡ്ജസ്റ്റ് ചെയ്യാൻ സബൈന ഇപ്പോഴേ പഠിച്ചു. പുള്ളിക്കാരി ഒരു നിമിഷ കവിയാണ്. സെക്കൻഡുകൾ കൊണ്ട് കവിതയൊക്കെ സ്വന്തമായി ഉണ്ടാക്കി ഈണമിട്ട് ചൊല്ലും. പിന്നെ, അവൾ വന്നതോടെ ഞാനും ഒരുപാട് മാറി. എനിക്ക് ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഉണരുന്നതൊക്കെ ഭയങ്കര ദേഷ്യമായിരുന്നു. ഇപ്പോൾ രാത്രി ഉറക്കത്തിൽ  അവളെന്റെ മുഖത്തുവരെ ചവിട്ടും. പക്ഷേ, ഞാനല്ലാതെ മറ്റാര് ക്ഷമിക്കാനാ. ഇനി ദീപ്തയെക്കുറിച്ച് പറയൂ...

ദീപ്ത കീർത്തി വലിയ പുള്ളിയാ...

പക്രു: ഹൊ! അവളിപ്പോൾ വലിയ പുള്ളിയാ. ഒരുപ്രായം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ പെട്ടെന്നങ്ങ് വലുതാകും. അവരിലെ കുട്ടിത്തമൊക്കെ പെട്ടന്ന് മാറിപോകും. ഞാനെല്ലാവരോടും പറയും ചെറുപ്പത്തിൽ കുഞ്ഞുങ്ങളെ ആവോളം സ്നേഹിച്ചോളാൻ. സ്വൽപം കഴിഞ്ഞാൽ അവരുടെ കുട്ടിക്കാലം നമുക്ക് തിരിച്ചു പിടിക്കാൻ കഴിയില്ല.

പണ്ടൊക്കെ അവള്‍ എൽകെജിയിലേക്കൊക്കെ പോകാൻ ഒരുങ്ങിയിറങ്ങുമ്പോൾ എന്നോട് പറയും ‘‘നല്ല സുഖമല്ലേ, സ്കൂളിലൊന്നും പോകാതെ ഇങ്ങനെ ഇരിക്കാമല്ലോ’’. അന്നവൾ കരുതിയത് ഞാനും അവളെപ്പോലെയൊരു കുട്ടി. അവൾ സ്കൂളിൽ പോകുന്നു, ഞാൻ വീട്ടിൽ ഇരിക്കുന്ന മടിയൻ. പ ക്ഷേ, ഇപ്പോ അവൾക്ക് കാര്യങ്ങളെല്ലാം അറിയാം. എന്റെ സ്വരം കനപ്പെട്ടാൽ കുറച്ചു പേടിയൊക്കെയുണ്ട്.

പക്ഷേ, അമ്മയാണ് വീട്ടിൽ സ്ട്രിക്ട്. മോൾക്ക് എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിൽ ആദ്യം അവളുടെ അമ്മേടെ പുറകെ കുറെ ചോദിച്ചു നടക്കും. അവൾ സമ്മതിക്കാതാകുമ്പോൾ നേരെ എന്നെ വിളിക്കും. പിന്നെ ചോദ്യോം ഉത്തരോം ഒന്നുമില്ല. ‘‘അച്ഛാ, ഇങ്ങനെയൊരു സാധനമുണ്ട്. അതങ്ങ് മേടിച്ചേക്ക്’’. നമ്മൾ ഇതൊന്നുമറിയാതെ വാങ്ങികൊണ്ടു വരുമ്പോഴായിരിക്കും അറിയുന്നത് അവളുടെ അമ്മ വേണ്ടെന്നു പറഞ്ഞ ഐറ്റമാണത്. പിന്നത്തെ പുകിൽ പറയണ്ടല്ലോ.

വഴക്കില്ലാത്ത ഭാര്യ

ശ്വേത: പക്രു ചേട്ടൻ ഭാര്യയോട് വഴക്കുണ്ടാക്കുമോ?

പക്രു: വഴക്കു കൂടാനുള്ള അവസരം അവൾ ഒരുക്കാറില്ല. എനിക്ക് പണ്ടു മുതലേ വീട്ടിൽ ലഭിക്കുന്ന ഒരു ബഹുമാനമുണ്ട്. അത് അതിലും കൂടുതലായി ഭാര്യയും തരാറുണ്ട്. ഞങ്ങളുടെ വിവാഹം തന്നെ വ്യത്യസ്തമായിരുന്നു. എനിക്ക് കല്യാണം നോക്കി തുടങ്ങിയ കാലത്ത് അമ്മ, അമ്മയുടെ ഒരു സുഹൃത്തിനോട് ചുമ്മാ പറഞ്ഞു. എവിടേലും നല്ല പെണ്ണുണ്ടേൽ പറയണെെമന്ന്. ആ ചേച്ചി ഗായത്രിയുടെ വീട്ടിൽ ചെന്നപ്പോൾ സംസാരത്തിനിടയിൽ ചുമ്മാ പറഞ്ഞു, ‘അവിടത്തെ കൊച്ചന് കല്യാണം നോക്കുന്നുണ്ട്.’ സംസാരത്തിനിടയിൽ ഗായത്രി പറഞ്ഞു ‘വേണേൽ ഞാൻ കെട്ടിക്കോളാ’മെന്ന്. ചുമ്മാ പറഞ്ഞ വാക്കാണ് ഞങ്ങളുടെ വിവാഹത്തിലെത്തിച്ചത്. പതിമൂന്നു കൊല്ലമാകുന്നു. പിന്നെ, ജീവിതമാകുമ്പോള്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമൊക്കെയുണ്ടാകും. പക്ഷേ, അതൊന്നും വഴക്കുകളിലേക്ക് എത്താറില്ല. മൂഡ് സ്വിങ് ഇല്ലാത്ത മനുഷ്യരില്ലല്ലോ, ശ്വേതയ്ക്കുമില്ലേ മൂഡ്സ്വിങ് ?

ശ്വേത: എനിക്ക് നല്ലപോലെയുണ്ട്. അതിനിരയാവുക ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുകയും ചെയ്യും. പണ്ട് അത് അച്ഛനായിരുന്നെങ്കിൽ ഇന്നത് ശ്രീയായി. അത്രേയുള്ളൂ വ്യത്യാസം. പക്രു ചേട്ടന് അമ്മയാണ് എല്ലാമെല്ലാം എന്നു കേട്ടിട്ടുണ്ട്..

അമ്മയെന്ന നെടുംതൂൺ

swetha-ajayan4

പക്രു : അമ്മയങ്ങനെ നെടുംതൂണായി നിന്നതു കൊണ്ടല്ലേ നമ്മളിന്ന് ഇവിടെയിരിക്കുന്നെ. പക്ഷേ, ഇപ്പോഴും എന്റെ അമ്മയുടെ സ്വകാര്യ ദു:ഖം ഞാനൊരു ഗവൺമെന്റ് ജോലിക്കാരനായില്ലല്ലോ എന്നോർത്താകും. ഈ പ്രായത്തിലും എന്നോട് പറയും. ‘‘ നീയിങ്ങനെ നടന്നോ, ഒരു ഗവൺമെന്റ് ജോലിയില്ലാതെ.’’ എന്ന്. ഒരിക്കൽ അമ്മയുടെ നിർബന്ധപ്രകാരം ഞാൻ ടെസ്റ്റ് എഴുതി. ഇന്റർവ്യൂന് ഞാനും അമ്മയും കൂടെയാണ് പോകുന്നത്. കേറാൻ നേരം ഞാൻ പറഞ്ഞു, ‘ഞാൻ ഒറ്റയ്ക്ക് കേറിക്കോളാം, എനിക്ക് എല്ലാം ഒറ്റക്ക് ചെയ്യാൻ പ്രാപ്തിയുണ്ടെന്ന് ഇന്റർവ്യൂ ബോർഡിന് മനസ്സിലായാലേ ജോലി കിട്ടൂ.’’ പാവം അമ്മ വിശ്വസിച്ചു. ഇന്റർവ്യൂ മുറിയിൽ കയറിയപ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി.

ഒരു സാറ് ചോദിച്ചു. ‘‘തനിക്ക് സിനിമയൊക്കെയായിട്ട് ജീവിച്ചാൽ പോരേടോ. എന്തിനാ ഈ ജോലി? ’’ ഞാൻ പറഞ്ഞു ‘എന്റെ പൊന്നു സാറേ എന്റേം ആഗ്രഹം അതു തന്നെയാ. പക്ഷേ, അമ്മ സമ്മതിക്കണ്ടേ? സാറ് ദയവു ചെയ്ത് ഈ ഇന്റർവ്യൂവിൽ ഞാൻ തോറ്റു പോയെന്ന് അമ്മയോട് പറയണം.’ അങ്ങനെ ആ നാടകം ശുഭകരമായി അവസാനിച്ചു.

ശ്വേത: ഇതുവരെയും അമ്മ അറിഞ്ഞില്ലേ സത്യകഥ.

പക്രു: പിന്നേം രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ തന്നെ പറഞ്ഞു. ഇപ്പോൾ അമ്മ ശകാരം ഒന്നു മാറ്റി പിടിച്ചു, ‘‘കിട്ടിയ നല്ലൊരു ജോലിയും കളഞ്ഞിട്ട് നടക്കുവാ... നീയിങ്ങനെ നടന്നോ ’’എന്നാക്കി.

ശ്വേതയുടെ ചിരി അവിടെയാകെ മുഴങ്ങി. തമാശ കത്തിയ ശേഷം ഒരിക്കൽ കൂടി ശ്വേത ചിരിക്കുന്നത് കാത്ത് കള്ളച്ചിരിയോടെ ഗിന്നസ് പക്രുവും.

Tags:
  • Celebrity Interview
  • Movies